ഒരു ബ്ലോഗിലെ പോസ്റ്റുകള്‍ മറ്റൊന്നിലേക്ക് മാറ്റുവാന്‍
>> 11.2.09
എപ്പോഴെങ്കിലും, നിങ്ങള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്ത് കുറേ കമന്റുകളും ലഭിച്ച ഒരു പോസ്റ്റിനെ മറ്റൊരു ബ്ലോഗിലേക്ക് മാറ്റി പബ്ലിഷ് ചെയ്യേണ്ടതായി വന്നിട്ടുണ്ടോ?
ബ്ലോഗെഴുത്തുകാരില്‍ പലരും ഈ രംഗത്തേക്ക് കടന്നുവരുമ്പോള്‍ സാധാരണ ചെയ്യാറുള്ളത്, ഒരു ബ്ലോഗ് തുടങ്ങിയിട്ട് അതില്‍ തന്നെ അനുഭവങ്ങള്‍, ഓര്‍മ്മകള്‍, അഭിപ്രായങ്ങള്‍, കഥകള്‍, കവിതകള്‍ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പോസ്റ്റുകള്‍ അവരവരുടെ കഴിവനുസരിച്ച് പോസ്റ്റ് ചെയ്യുക എന്നതാണ്. കുറേനാള്‍ കഴിയുമ്പോഴാണ് വ്യത്യസ്ത വിഷയങ്ങളുള്ളവയെ വെവ്വേറേ ബ്ലോഗുകളിലേക്ക് മാറ്റിയാലോ എന്നാലോചിക്കുന്നത്. അങ്ങനെ ചെയ്യുവാനായി പുതിയൊരു ബ്ലോഗു തുടങ്ങി, അതിലേക്ക് പുതിയൊരു പോസ്റ്റായി പഴയ ബ്ലോഗിലെ പോസ്റ്റിനെ കോപ്പി / പേയ്സ്റ്റ് ചെയ്യുമ്പോള്‍ കമന്റുകളെല്ലാം നഷ്ടപ്പെടും. അതിനാല്‍ പലരും നിലവിലുള്ള കമന്റുകളും, പുതിയ ബ്ലോഗിലേക്ക് മാറ്റിയ പോസ്റ്റുകളുടെ അടിയിലേക്ക് കോപ്പി / പേസ്റ്റ് ചെയ്തു. ഇത് കാണുവാന്‍ രസമില്ലാത്ത ഒരു പബ്ലിക്കേഷനായിരിക്കും എന്നു പറയേണ്ടതില്ലല്ലോ.
വേറേ ചിലരുടെ ബ്ലോഗുകള്‍ തന്നെ പ്രശ്നക്കാരാണ്. തുടക്കത്തിലിട്ട പോസ്റ്റുകളൊന്നും ആഗ്രിഗേറ്ററുകളില്‍ വന്നിട്ടുണ്ടാവില്ല. ഒരു പ്രതിവിധികളും ഫലിക്കാതെ വരുമ്പോള്‍ മറ്റൊരു ബ്ലോഗ് തുടങ്ങുന്നു. ആദ്യത്തെതില്‍ പബ്ലിഷ് ചെയ്തു പോയ പോസ്റ്റുകളും അവയിലെ കമന്റുകളും പഴയതില്‍ കിടന്നുപോകുന്നു. പുതിയ ബ്ലോഗിലേക്ക് എങ്ങനെയാണ് അവയെ മാറ്റുന്നതെന്ന് അറിയില്ല.
ഈ പ്രശ്നങ്ങള്‍ക്കെല്ലാം ഒറ്റയടിക്ക് പരിഹാരം കാണുകയാണ് ഗൂഗിള്‍ ഈ അടുത്തയിടെ ബ്ലോഗറില്‍ കൊണ്ടുവന്ന ഒരു സൌകര്യത്തിലൂടെ - ഇംപോര്‍ട്ട്, എക്സ്പോര്‍ട്ട് ബ്ലോഗ്. നിങ്ങളുടെ ബ്ലോഗിനെ ഒന്നായി നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്യാം, ഒരു ബ്ലോഗിലെ പബ്ലിഷ് ചെയ്ത പോസ്റ്റുകളെ അവയുടെ കമന്റുകള്‍ ഉള്‍പ്പടെ മറ്റൊരു ബ്ലോഗിലേക്ക് മാറ്റാം, നിങ്ങളുടെ ബ്ലോഗിന് ഒരു ‘ബാക്കപ്‘ ഉണ്ടാക്കിവയ്ക്കുകയുമാവാം. ഇതൊക്കെ ചെയ്യുന്നതെങ്ങനെ എന്നാണ് ഈ അദ്ധ്യായത്തില്‍ വിശദീകരിക്കുന്നത്.
Import & Export Blog:
ഇതിനുള്ള സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നത് ബ്ലോഗ് സെറ്റിംഗ്സുകളിലെ ബേസിക് (Basic) എന്ന ടാബിലാണ്. നിങ്ങളുടെ ബ്ലോഗില്‍ ലോഗിന്‍ ചെയ്തതിനു ശേഷം ഡാഷ്‌ബോര്‍ഡില്‍ നിന്ന് സെറ്റിംഗ്സ് എന്ന ടാബിലേക്ക് പോവുക. അവിടെ ബ്ലോഗ് ടൂള്‍സ് എന്ന പേരില്‍, ഏറ്റവും മുകളിലായി മൂന്നു ടൂളുകള്‍ കാണാം. ഇംപോര്‍ട്ട് ബ്ലോഗ്, എക്സ്‌പോര്‍ട്ട് ബ്ലോഗ്, ഡിലീറ്റ് ബ്ലോഗ് (ബ്ലോഗിന്റെ ഭാഷ മലയാളം എന്നു സെറ്റ് ചെയ്തിരീക്കുന്നവര്‍ക്കായി ഗൂഗിള്‍ വിചിത്രമായ ഒരു തര്‍ജ്ജമയാണ് ഈ ബട്ടണുകള്‍ക്ക് നല്‍കിയിരിക്കുന്നത് - ബ്ലോഗ് കയറ്റുക, ബ്ലോഗ് ഇറക്കുക, ബ്ലോഗ് ഇല്ലാതാക്കുക - എന്നിങ്ങനെ!)
മുകളിലെ ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന ഭാഗങ്ങള്‍ ശ്രദ്ധിക്കൂ. ആദ്യമായി എക്സ്‌പോര്‍ട്ട് ബ്ലോഗ് എന്ന ടൂളിനെ പരിചയപ്പെടാം. ബ്ലോഗറില്‍ നിന്നും നിങ്ങളുടെ ബ്ലോഗിനെ എക്സ്പോര്‍ട്ട് (കയറ്റുമതി - മറ്റൊരു സ്ഥലത്തേക്ക് മാറ്റുക) ചെയ്യുകയാണ് ഈ ടൂള്‍ ഉപയോഗിച്ച് ചെയ്യുന്നത്. പേടിക്കേണ്ട, എക്സ്‌പോര്‍ട്ട് ചെയ്തതുകൊണ്ട് ബ്ലോഗറില്‍ നിന്ന് നിങ്ങളുടെ ബ്ലോഗ് ഡിലീറ്റ് ചെയ്യപ്പെടുകയുമൊന്നുമില്ല. ആ ബ്ലോഗിനെ ഒരു ഗുളിക രൂപത്തിലാക്കി നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുവാനുള്ള ഒരു ഫയലാക്കി തരുന്നുവെന്നേയുള്ളൂ.
1. Export - നിങ്ങളുടെ ബ്ലോഗിനെ സേവ് ചെയ്യാം:
എക്സ്‌പോര്‍ട്ട് ബ്ലോഗ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെക്കാണുന്നതുപോലെ ഒരു മെസേജ് ബോക്സ് പ്രത്യക്ഷമാകും. അതിലെ Download blog എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ താഴെക്കാണുന്നതുപോലെ ഒരു ഡയലോഗ് ബോക്സ് പ്രത്യക്ഷമാകും.അതിലെ “സേവ്” ബട്ടണില്‍ ക്ലിക്ക് ചെയ്യൂ.
ഡൌണ്‍ ലോഡ് ചെയ്യുവാന്‍ പോകുന്ന ബ്ലോഗ് ഫയലിന്റെ പേര് blog-02-10-2009.xml എന്ന രീതിയില്‍ ആയിരിക്കും.ഈ ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഏതു ഡയറക്ടറിയില്‍ സേവ് ചെയ്യണം എന്ന് ചോദിക്കുന്ന ഒരു ചോദ്യമാണ് അടുത്തത്. അതില്‍ സേവ് ചെയ്യേണ്ട ഫോള്‍ഡര്‍ പറഞ്ഞുകൊടുക്കുക. നിങ്ങളുടെ ബ്ലോഗിന്റെ അതെ പേരില്‍തന്നെയുള്ള ഒരു പുതിയ ഫോള്‍ഡര്‍ ഉണ്ടാക്കി അതിലേക്ക് സേവ് ചെയ്യുന്നതാവും ഏറ്റവും ഉത്തമം.
ഇപ്പോള്‍ നിങ്ങളുടെ ബ്ലോഗ്, നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യപ്പെട്ടുകഴിഞ്ഞൂ. ഇതുവരെയുള്ള എല്ലാ പോസ്റ്റുകളും, അവയുടെ കമന്റുകളും എല്ലാം അതേപടി ആ ഫയലില്‍ ഉണ്ടാവും. ഇടയ്ക്കൊക്കെ ഇപ്രകാരം ബ്ലോഗ് ഡൌണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് നല്ലതാണെന്നു തോന്നുന്നു. രചനകള്‍ നഷ്ടപ്പെട്ടുപോകും എന്ന ഭയം വേണ്ടല്ലോ. പുതിയ ഒരു ഫയല്‍ ഡൌണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പഴയ ഫയല്‍ ഡിലീറ്റ് ചെയ്തുകളയുകയുമാവാം. ഇങ്ങനെ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന ഫയല്‍ എത്രവലിപ്പമുള്ളതാവും എന്ന് ചിന്തിക്കുന്നവര്‍ക്കായി ഒരു ഉദാഹരണം പറയാം. ആദ്യാക്ഷരി നിലവിലുള്ള രീതിയില്‍ ഡൌണ്‍ലോഡ് ചെയ്തപ്പോള്‍ ഏകദേശം 2.5 മെഗാബൈറ്റ് സൈസുള്ള ഒരു ഫയലാണ് കിട്ടിയത്.
2. Import - ഒരു ബ്ലോഗിലെ പോസ്റ്റുകള്‍ മറ്റൊന്നിലേക്ക്:
നിങ്ങള്‍ക്ക് രണ്ട് ബ്ലോഗുകള്‍ ഉണ്ടെന്നും, ഒന്നിലെ ഏതെങ്കിലും പോസ്റ്റ് മറ്റൊന്നിലേക്ക് മാറ്റണം എന്നിരിക്കട്ടെ. ഉദാഹരണത്തിനായി ഇവിടെ എന്റെ “ഊഞ്ഞാല്‍“ എന്ന ബ്ലോഗിലെ കുട്ടിക്കവിതകളെ “മഷിത്തണ്ട്” എന്ന ബ്ലോഗിലേക്ക് മാറ്റുന്നതെങ്ങനെയെന്നാണ് ഉദാഹരണത്തിലൂടെ കാണിക്കുന്നത്.
ഒരു കാര്യം ഇവിടെ പറയട്ടെ. “ഊഞ്ഞാലിലെ” ചില പ്രത്യേക പോസ്റ്റുകളെ മാത്രം “മഷിത്തണ്ടിലേക്ക്” ഇമ്പോര്‍ട്ട് ചെയ്യുവാനാവില്ല. പകരം ഊഞ്ഞാലിലെ എല്ലാ പോസ്റ്റുകളേയും മഷിത്തണ്ടിലേക്ക് മാറ്റിയിട്ട്, അവിടെ വേണ്ടുന്നവ മാത്രം പബ്ലിഷ് ആക്കുകയും, അല്ലാത്തവയെ ഡിലീറ്റ് ചെയ്യുകയുമാണ് ചെയ്യേണ്ടത്. മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടത്, “ഊഞ്ഞാലിലെ“ പോസ്റ്റുകളെ മുഴുവന്‍ “മഷിത്തണ്ടി“ലേക്ക് മാറ്റി എന്നുകരുതി ഊഞ്ഞാലില്‍ നിന്ന് ആ പോസ്റ്റുകള്‍ സ്വയം ഡിലീറ്റ് ചെയ്യപ്പെടുകയില്ല; ഊഞ്ഞാലില്‍ നമുക്ക് വേണ്ടാത്ത (അതായത് മഷിത്തണ്ടിലേക്ക് മാറ്റിയ) പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്താല്‍ മാത്രമേ അവിടെനിന്ന് അത് പോവുകയുള്ളൂ. അല്ലെങ്കില്‍ രണ്ടു ബ്ലോഗിലും ഈ പോസ്റ്റുകളും അവയുടെ കമന്റുകളും ഉണ്ടാവും. ഉദാഹരണം തുടര്‍ന്ന് വായിക്കുന്നതിനു മുമ്പ് താഴെക്കൊടുത്തിരിക്കുന്ന വസ്തുതകള്‍ ഒന്നുകൂടി മനസ്സില്‍ ഉറപ്പിക്കുക.
ഒറിജിനല്‍ ബ്ലോഗ് - ഊഞ്ഞാല്‍
ഇതിലെ പോസ്റ്റുകള്‍ മാറ്റുന്നത് - മഷിത്തണ്ടിലേക്ക്
ആദ്യപടി, ബ്ലോഗറില്‍ ലോഗിന്‍ ചെയ്യുക എന്നതാണ്. എന്നിട്ട് ഡാഷ്ബോര്‍ഡില്‍ എത്തുക. അവിടെ നിങ്ങളുടെ എല്ലാ ബ്ലോഗുകളും കാണാമല്ലോ? ഇനി നിങ്ങള്‍ക്ക് ഏതു ബ്ലോഗിലെ പോസ്റ്റാണോ മാറ്റേണ്ടത് (ഇവിടെ ഊഞ്ഞാല്‍) അതിന്റെ നേരെയുള്ള Settings - ക്രമീകരണങ്ങള്‍ എന്ന ബട്ടണ്‍ അമര്‍ത്തുക. അവിടെ Basic - അടിസ്ഥാനം എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. അവിടെ ബ്ലോഗ് ടൂള്‍സ് എന്ന ആദ്യത്തെ ഓപ്ഷന്‍ കണ്ടല്ലോ (ഈ പോസ്റ്റിലെ ആദ്യ ചിത്രം). അതില്‍ നിന്നും Export blog എന്ന ടൂള്‍ സെലക്റ്റ് ചെയ്യുക. അപ്പോള്‍ ഈ അദ്ധ്യായത്തിന്റെ തുടക്കത്തില്‍ വിവരിച്ച, Export blog - ബ്ലോഗിനെ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്യുവാനുള്ള ഓപ്ഷന്‍ കിട്ടും. മുകളില്‍ വിവരിച്ചതുപോലെ ആ ബ്ലോഗിനെ നിങ്ങളുടെ കമ്പ്യൂട്ടറിലെ സൌകര്യപ്രദമായ ഒരു ഡയറക്ടറിയില്‍ സേവ് ചെയ്യുക.
അടുത്തതായി ചെയ്യേണ്ടത്, വീണ്ടും ഡാഷ്‌ബോര്‍ഡില്‍ എത്തുക. നിങ്ങള്‍ക്ക് ഏതു ബ്ലോഗിലേക്കാണോ പോസ്റ്റുകള്‍ മാറ്റേണ്ടത് (ഇവിടെ മഷിത്തണ്ട്) അതിനു നേരെയുള്ള സെറ്റിംഗ്സ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അവിടെ, ബേസിക് ടാബില്‍ ക്ലിക്ക് ചെയ്യുക (ക്ലിക്ക് ചെയ്തില്ലെങ്കിലും സാരമില്ല, കാരണം ബേസിക് ടാബാണ് ആദ്യം കാണുന്ന ടാബ്). ബ്ലോഗ് ടൂളുകളില്‍ ആദ്യത്തെ ടൂളായ Import blog ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെക്കാണുന്നതുപോലെ ഒരു സ്ക്രീന്‍ ലഭിക്കും.
അവിടെ Browse എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ ഏതു ഡറക്റ്ററിയിലാണോ ഊഞ്ഞാലിലെ (നിങ്ങള്‍ക്ക് മാറ്റേണ്ട ബ്ലോഗിലെ) പോസ്റ്റുകള്‍ സേവ് ചെയ്തിരിക്കുന്നത്, അതിലേക്ക് പോയി, ആദ്യം നാം എക്സ്‌പോര്‍ട്ട് ചെയ്തു വച്ച ഫയല്‍ സെലക്റ്റ് ചെയ്യൂ. രണ്ടാമതായി ഒരു വേഡ് വേരിഫിക്കേഷനാണ്. നിങ്ങള്‍ക്ക് ലഭിക്കുന്ന വാക്ക് അതേപടി തെറ്റുകൂടാതെ അതിനു താഴെയുള്ള ചതുരത്തില്‍ എഴുതുക. അതിനു താഴെ മറ്റൊരു ഓപ്ഷനാണ്. നിങ്ങള്‍ ഇപ്പോള്‍ ഇംപോര്‍ട്ട് ചെയ്യുന്ന ബ്ലോഗ് ഫയലിലെ പോസ്റ്റുകള്‍ ഓട്ടോമാറ്റിക്കായി പബ്ലിഷ് ചെയ്യട്ടയോ എന്നാണു ചോദ്യം. എല്ലാ പോസ്റ്റുകളും, അവ ഒറിജിനല്‍ പബ്ലിഷ് ചെയ്ത തീയതിയോടുകൂടി പബ്ലിഷ് ആകുവാന്‍ സമ്മതമെങ്കില്‍ ഈ ചോദ്യത്തിനു നേരെയുള്ള ചെറിയ കള്ളിയില്‍ ടിക് ചെയ്യുക. ഇനി അതല്ല, ആ പോസ്റ്റുകള്‍ ഇമ്പോര്‍ട്ട് ചെയ്ത് മഷിത്തണ്ടിന്റെ (നിങ്ങള്‍ ഏതു ബ്ലോഗിലേക്കാണോ മാറ്റുന്നത് അതിന്റെ) പോസുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രം മതിയെങ്കില്‍ ഈ കള്ളി ടിക്ക് ചെയ്യാതെ വിടുക. നിങ്ങള്‍ക്ക് പിന്നീട് സൌകര്യം പോലെ ആ പോസ്റ്റുകളെ ഒന്നൊന്നായി പബ്ലിഷ് ആക്കാവുന്നതാണ്.
ഈ ഉദാഹരണത്തില്‍ ഞാന്‍ മേല്‍പറഞ്ഞ കള്ളി ടിക് ചെയ്തിട്ടില്ല. മാനുവലായി ഊഞ്ഞാല്‍ കവിതകളെ മഷിത്തണ്ടില്‍ പബ്ലിഷ് ചെയ്യാം എന്നാണ് എന്റെ ഉദ്ദേശം. ഇനി, Import blog എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. താഴെക്കാണുന്നതുപോലെ ഒരു മെസേജ് ലഭിക്കും
ഇമ്പോര്‍ട്ട് ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആ ബ്ലോഗിന്റെ (ഇവിടെ മഷിത്തണ്ട്) ഡാഷ്ബോര്‍ഡിലുള്ള Edit post എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പോസ്റ്റുകളുടെ ലിസ്റ്റിലേക്ക് പോകാം. അവിടെ ഇമ്പോര്‍ട്ട് ചെയ്യപ്പെട്ട ഊഞ്ഞാലിലെ ബ്ലോഗ് പോസ്റ്റുകള്‍ അവയുടെ തീയതിയുടെ ക്രമത്തില്‍, മഷിത്തണ്ടില്‍ ഉണ്ടായിരുന്ന പോസ്റ്റുകളോടൊപ്പം കാണാം. കൂടെ Imported എന്നൊരു അറിയിപ്പും ഉണ്ടാവും. ചിത്രം നോക്കൂ.
ഇനി, ഇവിടെ നിങ്ങള്‍ പ്രസിദ്ധീകരിക്കുവാനാഗ്രഹിക്കുന്ന പോസ്റ്റുകളുടെ ഏറ്റവും ഇടത്തേ അറ്റത്തുകാണുന്ന സെലക്റ്റ് ചെയ്യാനുള്ള ചെറിയ കള്ളിയില്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം Publish selected എന്ന ബട്ടണില്‍ അമര്‍ത്താവുന്നതാണ്. ഈ ബ്ലോഗിലേക്ക് ആവശ്യമില്ലാത്ത ഇമ്പോര്‍ട്ടുചെയ്യപ്പെട്ട പോസ്റ്റുകളെ ഇതുപോലെ സെലക്റ്റ് ചെയ്തതിനുശേഷം ഡിലീറ്റ് ചെയ്യാവുന്നതുമാണ്.
ഊഞ്ഞാലിലെ ഒരു കവിതയെ മഷിത്തണ്ടിലേക്ക് മാറ്റി പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നതുനോക്കൂ. പോസ്റ്റ് മാത്രമല്ല, ആദ്യം അതോടൊപ്പമുണ്ടായിരുന്ന കമന്റുകളും പുതിയ സ്ഥാനത്തേക്ക് പുനഃപ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നതായി കാണാം. (താഴെയുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ പുനഃപ്രസിദ്ധീകരിക്കപ്പെട്ട പോസ്റ്റ് കാണാം)
കുറിപ്പ് : പുതിയ സ്ഥാനത്തേക്ക് മാറ്റിയ പോസ്റ്റുകളെവേണമെങ്കീല്‍ എഡിറ്റ് ചെയ്യാം. പബ്ലിഷിംഗ് തീയതി മാറ്റുകയും ആവാം.
3. ഒരു ബ്ലോഗിന്റെ തനിപ്പകര്‍പ്പ് ഉണ്ടാക്കുന്ന വിധം:
ഇത് ആവശ്യമെങ്കില്‍ മാത്രം ചെയ്യേണ്ട ഒരു കാര്യമാണ്. നിലവിലുള്ള ഒരു ബ്ലോഗിനെ അതേപടിയുള്ള മറ്റൊരു ബ്ലോഗ് ഒരു ബായ്ക്കപ് പോലെ ഉണ്ടാക്കി സൂക്ഷിക്കുവാന്‍. ഇതിനായി ആദ്യം ചെയ്യേണ്ടത്, ഡാഷ്ബോര്‍ഡിലെ Create a blog എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുകയാണ്. അപ്പോള്‍ പുതിയ ഒരു ബ്ലോഗ് തുടങ്ങുന്നതിനുള്ള സ്ക്രീന്‍ ലഭിക്കും. മൂന്നുകാര്യങ്ങളേ ചെയ്യുവാനുള്ളു - പുതിയ ബ്ലോഗിന്റെ പേര്, അതിന്റെ യു.ആര്‍.എല്‍, ഒരു വേഡ് വേരിഫിക്കേഷന്‍ - ഇത്രയും ചെയ്തുകഴിഞ്ഞിട്ട് ഏറ്റവും താഴെയുള്ള Import blog tool എന്ന അഡ്വാന്‍സ്ഡ് ഓപ്ഷന്‍ എടുക്കുക. എന്നിട്ട് മേല്‍പ്പറഞ്ഞതുപോലെ ഏതുബ്ലോഗാണോ ഇമ്പോര്‍ട്ട് ചെയ്യേണ്ടത് അത് ഈ പുതിയതായുണ്ടാക്കിയ ബ്ലോഗിലേക്ക് ഇമ്പോര്‍ട്ട് ചെയ്യാം. ബ്ലോഗറില്‍ ഉള്ള ബ്ലോഗുകള്‍ മാത്രമേ ഇങ്ങനെ ഇമ്പോര്‍ട്ട് ചെയ്യുവാനാകൂ.

4. ഒരു ബ്ലോഗ് ഡിലീറ്റ് ചെയ്യുവാന്‍:
നിങ്ങളുടെ ബ്ലോഗ് ഡിലീറ്റ് ചെയ്യണമെങ്കില്‍, ബ്ലോഗ് ടൂള്‍സിലെ മൂന്നാമത്തെ ഓപ്ഷനായ ഡിലീറ്റ് ബ്ലോഗ് സെലക്റ്റ് ചെയ്താല്‍ മതി. പക്ഷേ ഇങ്ങനെ ചെയ്യുന്നതിനു മുമ്പ് ഒരു കാര്യം ഓര്‍ക്കുക. ഡിലീറ്റ് ചെയ്താലുടന്‍ ആ ബ്ലോഗിന്റെ അഡ്രസ് ആര്‍ക്കും ലഭിക്കാവുന്നതായി മാറും. അതിനാല്‍ നിങ്ങള്‍ ഈ പഴയ ബ്ലോഗില്‍ നിന്നും പൂതിയ ഒന്നിലേക്ക് കൂടുമാറുകയാണെങ്കില്‍, പഴയതിലെ എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്തിട്ട്, ഒരു പുതിയ പോസ്റ്റ് അവിടെ ഇടുക. അതില്‍ നിങ്ങളുടെ പുതിയ ബ്ലോഗിലേക്കുള്ള ലിങ്ക് കൊടുക്കാവുന്നതാണ്.അങ്ങനെ നിങ്ങളുടെ പഴയ അഡ്രസ് തേടി എത്തുന്ന വായനാക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് പുതിയ അഡ്രസീലേക്ക് അനായാസ്സം എത്തുവാന്‍ സാധിക്കും.
27 അഭിപ്രായങ്ങള്‍:
അപ്പുവേട്ടാ ഈ പ്രശ്നം ഞാൻ അഭിമുഖീകരിച്ചതാണ്. എന്റെ യാത്രാ ബ്ലോഗുകൾ എല്ലാം ഒരുമിച്ചാക്കാൻ. യാത്രാ സംബന്ധിയല്ലാത്ത ബ്ലോഗുകൾ കോപ്പി പേസ്റ്റ് ചെയ്യുകയായിരുന്നു.
വിവരങ്ങള്‍ക്ക് വളരെ നന്ദി. ചിലതൊക്കെ മാറ്റണം എന്നുണ്ട്. :-)
അപ്പൂ കമ്പ്യൂടറില്‍ സേവ് ചെയ്തിട്ട്
സാധാരണം കാണുന്നതുപോലെ അല്ലല്ലൊ കാണുന്നത്, തന്നെയുമല്ല കമന്റുകള്‍ കാണുന്നും ഇല്ല
അതിനെന്തായിരിക്കും കാരണം?
ഇന്ത്യാഹെറിറ്റേജ്, ചോദ്യം ശരിക്ക് മനസ്സിലായില്ല. സാറിന്റെ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്ത ബ്ലോഗ് ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപണ്‍ ചെയ്യുവാന്‍ ശ്രമിച്ചു എന്നാണ് എനിക്കു മനസ്സിലായത്. ഇതാണോ ഉദ്ദേശിച്ചത്? ആണെങ്കില്‍ അത് ശരിയായി കാണുവാന്‍ സാധിക്കാത്തതിനു കാരണം ഇത് ഒരു XML ഫയല്‍ ആയതുകൊണ്ടാണ്. അത് ഒരു വെബ് പേജില്‍ പബ്ലിഷ് ചെയ്തുകഴിഞ്ഞാല്‍ മാത്രമേ നാം കാണുന്ന ബ്ലോഗ് പേജിന്റെ രൂപത്തില്‍ കാണുവാനാകൂ. ബ്ലോഗ് സേവ് ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിച്ചത്, നമ്മുടെ ബ്ലോഗിലെ എല്ലാ കണ്ടന്റിന്റെയും ഒരു കോപ്പി നമ്മുടെ കൈവശം ഉണ്ട്, അത് എപ്പോള്‍ വേണമെങ്കിലും ബ്ലോഗറിലേക്ക് അപ്-ലോഡ് ചെയ്തുകൊടുക്കാം എന്നതാണ്. ഇനി അതല്ല, ബ്ലോഗ് പേജുകള്‍ ബ്ലോഗില്‍ കാണുന്ന രീതിയില്‍ തന്നെ നമ്മുടെ കമ്പ്യൂട്ടറീലേക്ക് സേവ് ചെയ്യണം എന്നുണ്ടെങ്കില്‍ ഓരോ പേജും വെവ്വേറെ സേവ് ചെയ്യേണ്ടിവരും. ബ്രൌസറിലെ ഫയല്‍ മെനുവില്‍ ‘സേവ് ആസ്’ കമാന്റ് ഉണ്ടല്ലോ, അതുപയോഗിച്ച്.
ബ്ലോഗ് സാധാരണ പോലെ കാണാത്തത് പ്രശ്നമല്ല, കാരണം content അതുപോലെ മുഴുവനും ഉണ്ട്. പക്ഷെ കമന്റുകള്‍ ഒന്നും കാണുന്നില്ല
ഹെറിറ്റേജ് മാഷേ, ഇതുശരിയല്ലല്ലോ? ഞാന്‍ എന്റെ കമ്പ്യൂട്ടറില്‍ സേവ് ചെയ്തിരിക്കുന്ന ഊഞ്ഞാല്‍ ബ്ലോഗിന്റെ xml ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open with internet explorer എന്നു ക്ലിക്ക് ചെയ്തു. അപ്പോള്‍ കിട്ടിയ വിന്റോയില്‍ തുടക്കത്തില്‍ ബ്ലോഗിന്റെ സെറ്റിംഗുകളും, അതിനുശേഷം എല്ലാ പോസ്റ്റുകളും (ഫോര്‍മാറ്റിംഗ് ഇല്ലാതെ) അതിനുശേഷം എല്ലാ പോസ്റ്റുകളുടെ കമന്റുകളും ഒന്നിച്ചൂം തീയതി ക്രമത്തില്‍ കാണുന്നുണ്ടല്ലൊ?
അപ്പു, കുറെ ബ്ലോഗുകളുടെ കമന്റുകള്‍ കാണുന്നു, കുറെ എണ്ണത്തിന്റെ - പുതിയവയുടെ - കമന്റുകള്‍ കാണുന്നില്ല
മാഷേ, സാരമില്ല. കാരണം ബ്ലോഗ് എക്സ്പോര്‍ട്ട് എന്ന ഈ ഒരു സൌകര്യത്തിന്റെ പ്രധാന ഉദ്ദേശം നമ്മുടെ ബ്ലോഗിന്റെ ഒരു (സേവ്) കോപ്പി നഷ്ടപ്പെട്ടുപോകാതെ, അഥവാ വല്ലവിധേനയും നമ്മുടെ ബ്ലോഗ് ബ്ലോഗറില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടൂപോവൂകയോ മറ്റോ ചെയ്താല്‍ (അതിനുള്ള സാധ്യത തൂലോം കുറവാണല്ലോ) മറ്റൊരു ബ്ലോഗില്‍ പബ്ലിഷ് ചെയ്യുവാനുതകുന്ന വിധത്തില്‍ നമ്മുടെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുക എന്നതാണല്ലോ. അതല്ലാതെ, ഇപ്രകാരം സൂക്ഷിച്ചുവച്ച ഒരു ഫയലിനെ നമൂടെ കമ്പ്യൂട്ടറില്‍ തുറന്ന് വായിക്കുക എന്നതല്ല അതിന്റെ ഉദ്ദേശം. അതുകൊണ്ട് എന്റെ അഭിപ്രായത്തില്‍ ഫയല്‍ ഡൌണ്‍ലോഡ് ചെയ്തുവയ്ക്കുക എന്നതാണ് പ്രധാനം; അത് നമ്മുടെ കമ്പ്യൂട്ടറില്‍ വായിച്ചു നോക്കുക എന്നതല്ല. എല്ലാ കമന്റും സേവ് ആയോ എന്നറിയണമെങ്കില്‍ മാഷിന് ഒരു ടെസ്റ്റ് ബ്ലോഗ് ഉണ്ടാക്കി അതിനെ പ്രൈവറ്റ് സെറ്റിംഗില്‍(ബ്ലോഗ് ഉടമയ്ക്ക് മാത്രം കാണാവൂന്ന രീതിയില്‍)) ആക്കിയിട്ട് ഈ ഫയല്‍ അവിടെക്ക് ഇമ്പോര്‍ട്ട് ചെയ്തുനോക്കൂ. എല്ലാ കമന്റുകളും ഉണ്ടാവും എന്നു ഞാന്‍ വിശ്വസിക്കുന്നു.
മാഷേ, എല്ലാവരും പറഞ്ഞതു പോലെ കോമടിക്കായി ഞാന്‍ പുതിയ ഒരു ബ്ലോഗു തുടങ്ങി. 'ജോ യുടെ വികൃതികള്‍' കമന്‍റ് അടക്കം എങ്ങിനെ അതിലേക്കു മാറ്റാം എന്ന് വിചാരിച്ചിരിക്കുമ്പോള്‍ ആണ് ഈ പോസ്റ്റ് വന്നത്. നന്നായി. ഞാന്‍ ട്രൈ ചെയ്യാം, അഭിനന്ദനങ്ങള്‍ !!!!!
ഓ .ടോ : പാര്‍ട്ട് 4 വായിച്ചില്ലെന്നു തോന്നുന്നു...
നന്ദി..അപ്പു...
നന്ദി കൂട്ടുകാരാ..
നന്നായി അപ്പുവേട്ടാ... നന്ദി.
അപ്പു മാഷെ,
പുതിയ അറിവിന് ഒരുപാട് നന്ദി.
ithu kalakki....Danx...
ഈ സംഗതികള്‍ wordpress-ല്‍ സാധിക്കുമോ?
വിദൂഷകാ, ഇതിന്റെ ഉത്തരം എനിക്കറീയില്ല, സോറി.
എനിക്ക് വേഡ് പ്രസ് ബ്ലോഗ് ഇല്ല. ഈ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ ബ്ലോഗറിലേക്ക് മാത്രം ഉദേശിച്ചുള്ളതാണ്. ബ്ലോഗറിലെ ഒരു പോസ്റ്റ് വേഡ് പ്രസിലേക്ക് മാറ്റാമോ എന്നും, വേഡ് പ്രസിലെ പോസ്റ്റുകള്‍ പരസ്പരം മാറ്റാമോ എന്നും എനിക്ക് അറീയില്ല. അറിയാവുന്നവര്‍ ആരെങ്കിലും ഇതുവായിക്കുന്നുണ്ടെങ്കില്‍ ഉത്തരം പ്രതീക്ഷിക്കുന്നു.
വേർഡ്പ്രെസ്സിലാണു് ഇതു പണ്ടേ ഉള്ളത്. ബ്ലോഗറിൽ ഈ സൌകര്യം വന്നത് വളരെ വൈകിയാണു്.
വേർഡ്പ്രെസ്സിന്റെ ഹെല്പ് പേജുകളിൽ വിശദമായി വായിക്കാം. ഉദാഹരണം:
ഇവിടെ
വിവരങ്ങള്‍ക്ക് , പുതിയ അറിവിന് ഒരുപാട് നന്ദി.
നന്ദി അപ്പുവേട്ടാ.... കുറെ നാളുകള്‍ മുന്‍പ് ഞാന്‍ തുടങ്ങിയ ബ്ലോഗ് എന്തെല്ലാമോ കാരണങ്ങള്‍ കൊണ്ട് ഡിലീറ്റ് ആയിപ്പോയിരുന്നു. പക്ഷെ അതിനകത്ത് ബാക്കിയായ രണ്ടു പോസ്റ്റുകള്‍ പുതിയ ബ്ലോഗിലേക്ക് മാറ്റാന്‍ എനിക്ക് സാധിച്ചു.
ആദ്യാക്ഷരി ലളിതമായി കാര്യങ്ങള്‍ വിവരിക്കുന്നതിനാല്‍ വളരെ അധികം ഉപകാരപ്രദമാണ്.ഹ്രദയംനിറഞ്ഞ നന്ദി അറിയിക്കുന്നു.
അപ്പൂ,
ഇവിടെയൊരു സംശയം ചോദിച്ചോട്ടേ, ഇങ്ങനെ എക്സ്പോര്‍ട്ട്-ഇമ്പോര്‍ട് നടത്തുന്ന രണ്ടൂ ബ്ലോഗുകളും ഒരേ യൂസര്‍ നാമവും പാസുവേര്‍ഡും ഉള്ളവയായിരിക്കേണ്ട്? അല്ലെങ്ക്ലില്‍ ശരിയാകുമോ?
അങ്ങനെയാവണം എന്നില്ല ചേച്ചീ. വെവ്വേറെ യൂസർ നെയിമിൽ ഉള്ള ബ്ലോഗലേക്കും ഇതു ചെയ്യാം
നന്ദി അപ്പൂ
ഒന്നു പയറ്റി നൊക്കട്ടെ :)
വളരെ ഉപകാരം കേട്ടോ .
ചേട്ടാ വെരി അര്‍ജെന്റ്റ് .........എന്റെ ഒരു ബ്ലോഗിന്റെ അഡ്മിന്‍ വേറൊരാളുടെ പേരിലായി പൊയ് .ഇപ്പോള്‍ അത് അയാളുടെ പേരിലാണ് ഞാന്‍ അറിയാതെ എന്റെ എന്റെ ബ്ലോഗില്‍ നിന്നും അഡ്മിന്‍ എന്നത് ഡിലീറ്റ് ചെയ്തതാണ് ഇനി എന്ത് ചെയ്യണം
ഗിരീഷ് എന്തിനാണ് ഈ ചോദ്യങ്ങൾ ഇതുമായി യാതൊരു ബന്ധവുമില്ലത്ത ചാപ്റ്ററുകളിൽ കൊണ്ടുപോയി ഇടുന്നത് :-) ഗസ്റ്റ് ബുക്കിൽ ഇട്ട ചോദ്യവും അതിന്റെ മറൂപടീയും നോക്കൂ. ഏതു ചാപ്റ്ററിൽ ഒരു വായനക്കാരൻ കമന്റിട്ടാലും എന്റെ മെയിലിൽ അതിന്റെ നോട്ടിഫിക്കേഷൻ കിട്ടും. ഡൊണ്ട് വറി.
ചിത്രങ്ങളോടു കൂടിയ ഒരു ബ്ലോഗ് എക്സ്പോര്‍ട്ട് ചെയ്തു മറ്റൊരു ബ്ലോഗിലേക്ക് മാറ്റിയ ശേഷം ആദ്യ ബ്ലോഗ് ഡിലീറ്റ് ചെയ്യതാല്‍ രണ്ടാമത്തെ ബ്ലോഗിലെ ചിത്രങ്ങളോ കണ്ടന്റോ നഷ്ടപ്പെടുമോ ?
Post a Comment