ഗ്രൂപ്പ് ബ്ലോഗുകള്‍

>> 6.5.08

സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം ബ്ലോഗര്‍മാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്യുന്ന ഒരു പൊതുബ്ലോഗാണ്‌ ഗ്രൂപ്പ്‌ ബ്ലോഗ്‌. ഇതില്‍ ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ അംഗങ്ങളായി ഉണ്ടാവും. ഇങ്ങനെയുള്ള അനേകം ബ്ലോഗുകള്‍ നിലവിലുണ്ട്‌. ഈ ബ്ലോഗില്‍ അംഗങ്ങളായിരിക്കുന്ന എല്ലാവര്‍ക്കും ഇതില്‍ പോസ്റ്റുകള്‍ പബ്ലിഷ്‌ ചെയ്യുവാന്‍ സാധിക്കും. ഒന്നുരണ്ട്‌ ഉദാഹരങ്ങള്‍ പറയാം.

മഷിത്തണ്ട്‌: കുട്ടികള്‍ക്കായുള്ള ഒരു ബ്ലോഗ്‌. ഇതില്‍ കുട്ടികളാരും മെമ്പര്‍മാരായി ഇല്ല എങ്കിലും, കുട്ടികള്‍ക്കായുള്ള കഥയും, കവിതയും, കളികളും, കടംകഥകളും ഈ ബ്ലോഗില്‍ നിറയെ കാണാം.ഈ ബ്ലോഗിലെ അംഗങ്ങളുടെ സംഭാവനയാണവ.

വനിതാ ലോകം: ബ്ലോഗില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന കുറേ വനിതാ എഴുത്തുകാരുടെ ഗ്രൂപ്പ്‌ ബ്ലോഗാണിത്‌.


ഫോട്ടോക്ലബ്‌: ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ള കുറേപ്പേര്‍ ചേര്‍ന്ന് ആരംഭിച്ച ഒരു ബ്ലോഗ്.

ബൂലോക കാരുണ്യം : ബ്ലോഗ് വഴി പരിചയപ്പെട്ട ഒരു കൂട്ടം ആളുകൾ ചേർന്നു നടത്തുന്ന ഒരു ചാരിറ്റി ഗ്രൂപ്പ്.


നിങ്ങള്‍ക്കും ഒരു ഗ്രൂപ്പ് ബ്ലോഗ്:

ഇതുപോലെ നിങ്ങള്‍ ആരംഭിച്ചിട്ടുള്ള ഒരു ബ്ലോഗിലേക്ക്‌ മറ്റാരെയെങ്കിലും അംഗങ്ങളാക്കി ചേര്‍ക്കുവാനോ, നിങ്ങള്‍ക്ക്‌ മറ്റൊരാളുടെ ബ്ലോഗില്‍ അദ്ദേഹത്തിന്റെ സമ്മതത്തോടെ അംഗമായി ചേരുവാനോ എന്തൊക്കെ സെറ്റിംഗുകള്‍ ചെയ്യണം എന്നതാണ്‌ ഈ അദ്ധ്യായത്തില്‍ വിവരിക്കുന്നത്‌. 

ബ്ലോഗ് സെറ്റിംഗുകൾ ക്രമീകരിച്ചിരിക്കുന്നത് ഡാഷ്‌ബോർഡിലെ "More Options" മെനുവിലാണ് എന്ന  അടിസ്ഥാന ബ്ലോഗ് സെറ്റിംഗുകൾ എന്ന അദ്ധ്യായത്തിൽ വായിച്ചല്ലോ.



ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഡൗൺ ആരോയിൽ ക്ലിക്ക് ചെയ്താൽ  ഓപ്‌ഷനുകൾ എന്ന മെനു ലഭിക്കും. അതിൽ നിന്ന് ഏറ്റവും താഴെയായി കാണുന്ന Settings എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.  അപ്പോൾ  ബ്ലോഗ് സെറ്റിംഗ്‌സ് പേജിൽ എത്തും. പേജിന്റെ ഇടതുവശത്തായി   ഓപ്‌ഷനുകളിലെ ലിസ്റ്റുകളും, അതിൽ ഏറ്റവും അവസാനമായി സെറ്റിംഗുകളുടെ ഉപവിഭാഗങ്ങളും കാണാം.  ബ്ലോഗ് സെറ്റിംഗുകൾ ആറ് ഉപവിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. അതിലെ Basic settings എന്ന പേജിലാണ് ഗ്രൂപ് ബ്ലോഗുകൾക്കുള്ള ക്രമീകരണങ്ങൾ ഉള്ളത്.



ഒരു ഗ്രൂപ്പ് ബ്ലോഗില്‍ രണ്ടു വിധത്തിലുള്ള അഗംങ്ങള്‍ ഉണ്ടാവും.

1. Admin
2.  Author

Admin അഥവാ അഡ്മിനിസ്ട്രേറ്ററാണ്‌ ബ്ലോഗിന്റെ ഉടമ. ബ്ലോഗ്‌ സെറ്റിംഗുകള്‍, ടെമ്പ്ലേറ്റുകള്‍ തുടങ്ങിയവ മാറ്റുവാനും, ആ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും എഡിറ്റുചെയ്യുവാനും പബ്ലിഷ്‌ ചെയ്യുവാനും വേണമെങ്കില്‍ ഡിലീറ്റ് ചെയ്യുവാനും അഡ്മിനിസ്ട്രേറ്റര്‍ക്ക് സാധിക്കും. ബ്ലോഗ്‌ അഡ്മിനിസ്ട്രേറ്റര്‍ക്ക്, തനിക്കു തുല്യമായ അവകാശങ്ങളുള്ള സഹ-അഡ്മിനിസ്ട്രേറ്റര്‍മാരെ അംഗങ്ങളായി ചേര്‍ക്കാവുന്നതാണ്‌.

ഇത്തരം അവകാശങ്ങള്‍ ഇല്ലാത്തവര്‍ സാധാരണ Author - എഴുത്തുകാർ ആയിരിക്കും. അവര്‍ക്ക്‌ പോസ്റ്റുകള്‍ പബ്ലിഷ്‌ ചെയ്യുവാനും, അവരുടെ പോസ്റ്റുകള്‍ മാത്രം എഡിറ്റു ചെയ്യുവാനുമുള്ള സ്വാതന്ത്ര്യം മാത്രമേയുള്ളൂ. മറ്റുള്ളവർ എഴുതിയ പോസ്റ്റുകൾ എഡിറ്റ് ചെയ്യുവാൻ ഇവർക്ക് സാധ്യമല്ല.


നമ്മുടെ ബ്ലോഗിന്റെ author (എഴുത്തുകാരൻ) ഉം അഡ്‌മിനിസ്ട്രേറ്ററും (നടത്തിപ്പുകാരൻ) സാധാരണഗതിയിൽ നമ്മൾ തന്നെയാണ്. അതുകൊണ്ട് നമ്മുടെ പേര്, നമ്മുടെ ഇ-മെയിൽ ഐഡി, അഡ്‌മിനിസ്ട്രേഷൻ സ്റ്റാറ്റസ് എന്നിവമാത്രമേ ഇവിടെ കാണാകയുള്ളൂ. ഇതിനു പകരം നിങ്ങൾക്ക് ഒരു ഒന്നിലധികം ആളുകൾക്ക് ഒരുമിച്ചു കൈകാര്യം ചെയ്യാനാവുന്ന ഗ്രൂപ്പ് ബ്ലോഗുകൾ തുടങ്ങണം എന്നുണ്ടെങ്കിൽ താഴെപ്പറയുന്ന മാറ്റങ്ങൾ വരുത്തുക. 

>Permissions എന്ന ഫീൽഡിനു താഴെയുള്ള Add author എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ മറ്റൊരു ടൈപ്പിംഗ് ബോക്സ് തുറക്കും. അവിടെ നിങ്ങൾക്ക് ആരെയാണോ എഴുത്തുകാരനായി ചേർക്കേണ്ടത് അവരുടെ ജി-മെയിൽ അഡ്രസ് ടൈപ്പു ചെയ്ത് ചേർക്കുക . (ജി-മെയിൽ ഐഡി യുള്ളവരെ മാത്രമേ ബ്ലോഗറിൽ എഴുത്തുകാരനായി / എഴുത്തുകാരിയായി ചേർക്കാനാവൂ). നിങ്ങളുടെ മെയിൽ കോണ്ടാക്റ്റ് ലിസ്റ്റിൽ നിന്ന് ആളുകളെ നേരിട്ട് ചേർക്കണം എന്നുണ്ടെങ്കിൽ Choose from Contacts എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ മറ്റൊരു വിന്റോയിൽ നിങ്ങളുടെ ജി.മെയിൽ കോണ്ടാക്റ്റ് ലിസ്റ്റ് തുറന്നുവരും. അവിടെനിന്ന് ആളുകളുടെ മെയിൽ ഐഡി തെരഞ്ഞെടുക്കാം. ഐഡികൾ ചേർത്തുകഴിഞ്ഞാൽ Invite Authors എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.


ഇപ്പോൾ നിങ്ങൾ എഴുത്തുകാരായി invite ചെയ്തവർക്ക് ഒരു മെയിൽ നോട്ടിഫിക്കേഷൻ കിട്ടും. അവർക്ക് ഈ ബ്ലോഗിൽ ചേരാൻ താല്പര്യമുണ്ടെങ്കിൽ അവരുടെ സ്വന്തം മെയിൽ ഐഡിയും ലോഗിൻ പാസ്‌വേഡും ഉപയോഗിച്ച് അവർക്ക് ലോഗിൻ ചെയ്യാം. അതോടെ അവരും നിങ്ങളുടെ ബ്ലോഗിലെ ഒരു എഴുത്തുകാരനായി തീർന്നു. അങ്ങനെ എഴുത്തുകാരനായി നിങ്ങളുടെ ബ്ലോഗിൽ ചേർന്നവരുടെ പേരുകൾ നിങ്ങളുടെ പേരിനു താഴെയായി Blog Authors എന്ന ലിസ്റ്റിൽ കാണാം. പേരിനു വലതുവശത്തായി അവരുടെ സ്റ്റാറ്റസും (അഡ്‌‌മിൻ ആണോ അതോ ഓതർ ആണോ) എന്നും കാണാം. 


ബൂലോകകാരുണ്യം ഗ്രൂപ്പ് ബ്ലോഗിലെ അഡ്‌മിൻ / ഓതർ ക്രമീകരണങ്ങൾ നോക്കൂ.

അഡ്മിൻ സ്റ്റാറ്റസ് ഉള്ള ഒരു മെംബർക്ക് ഓതർ സ്റ്റാറ്റസിലുള്ള മറ്റൊരാൾക്ക് അഡ്‌മിൻ പദവി നൽകാം. അതിനായി അവരുടെ സ്റ്റാറ്റസിനു നേരെയുള്ള Down arrow  ക്ലിക്ക് ചെയ്യുക. ലിസ്റ്റിൽ നിന്ന് വേണ്ട സ്റ്റാറ്റസ് കൊടുക്കുക. ഒരാളെ ഈ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കണം എന്നുണ്ടെങ്കിൽ ആ പേരിനു നേരെയുള്ള X  മാർക്കിൽ ക്ലിക്ക് ചെയ്താൽ മതിയാകും. 


ഗ്രൂപ്പ് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുവാന്‍:

ഒരു ഗ്രൂപ്പ് ബ്ലോഗിലെ മെംബര്‍ക്ക് പോസ്റ്റ് ചെയ്യുവാന്‍ ഇനി അഡ്മിനിസ്ട്രേറ്ററുടെ അനുവാദം വേണ്ട. നമ്മുടെ സ്വന്തം ബ്ലോഗില്‍ പോസ്റ്റുകള്‍ ചെയ്യുന്ന അതേ രീതിയില്‍ ചെയ്യാം. നമ്മുടെ ഡാഷ്‌ബോർഡിൽ നമ്മൾ മെംബർ ആയിരിക്കുന്ന ഗ്രൂപ്പ് ബ്ലോഗുകളും കാണാൻ സാധിക്കും. അവിടെനിന്ന് നേരിട്ട് പോസ്റ്റുകൾ ചേർക്കം.  എന്നാല്‍, ഡാഷ്‌ബോര്‍ഡില്‍ നമ്മുടെ പോസ്റ്റുകള്‍ മാത്രമേ എഡിറ്റുചെയ്യുവാന്‍ സാധിക്കയുള്ളൂ - മറ്റു മെംബര്‍മാരുടെ പോസ്റ്റുകള്‍ എഡിറ്റ് ചെയ്യാൻ പറ്റില്ല. ( ഗ്രൂപ്പ് ബ്ലോഗിലെ അഡ്‌മിൻ പദവി ഉണ്ടെങ്കിൽ സാധിക്കും)  



11 അഭിപ്രായങ്ങള്‍:

  1. അപ്പു | Appu 9 June 2008 at 06:58  

    ഗ്രൂപ്പ് ബ്ലോഗുകളെപ്പറ്റി ഒരു അദ്ധ്യായം.

  2. മൈലാഞ്ചി 14 May 2010 at 14:03  

    മാഷേ.. അല്പം മുന്‍പ് മറ്റൊരു സംശയം വേറെ ഒരു പോസ്റ്റില്‍ ഇട്ടതേയുള്ളൂ..

    ഇവിടത്തെ സംശയം.. ഞങ്ങളുടെ ഒരു സംഘടനയുണ്ട്..അതിന്റെ ബ്ലോഗ് തുടങ്ങാനുള്ള ചുമതല എനിക്കാണ് തന്നിരിക്കുന്നത്.. മാഷുടെ ഈ പോസ്റ്റ് ഓടിച്ചു വായിച്ചതില്‍ നിന്നും എനിക്ക് മനസിലായത് എന്റെ ഐഡിയില്‍ നിന്നും ക്രിയേറ്റ് ചെയ്യാവുന്ന ഗ്രൂപ് ബ്ലോഗിനെക്കുറിച്ചാണ്.. അങ്ങനെ മതി അല്ലേ? അല്ല, എന്താന്നുവച്ചാല്‍, സംഘടനാകാര്യങ്ങള്‍ പറയുന്നതായോണ്ട് മറ്റുള്ളവര്‍ക്ക് അതൊരു ബുദ്ധിമുട്ടാവുമോ ആവോ? കൂടെ എഴുതുന്നവര്‍ക്കേ, എന്റെ ബ്ലോഗില്‍ വന്ന് എഴുതുന്നു എന്ന് തോന്നില്ലായിരിക്കും അല്ലേ? അതു പിന്നെ ആലോചിക്കാം.. ഇപ്പൊ തോന്നുന്ന സംശയം എന്താന്നുവച്ചാല്‍, ഞാന്‍ എന്റെ ഐഡി അല്ലാതെ മറ്റൊരു ഐഡി ഉണ്ടാക്കി അതില്‍ ബ്ലോഗ്ഗ് ക്രിയേറ്റ് ചെയ്താലും എന്റെ ഡാഷ്ബോര്‍ഡില്‍ ഇങ്ങനെ തന്നെ ആണൊ കാണുക? വേറെ ഐഡി ഉണ്ടാക്കുന്നതുകൊണ്ട് വല്ല ലാഭവും ഉണ്ടൊ എന്നര്‍ഥം...

    എന്റെ ഐഡിയില്‍ നിന്ന് ബ്ലോഗ് ഉണ്ടാക്കി അതില്‍ വേറെ ഒന്നു രണ്ടാളെ അഡ്മിന്‍ മാരായി ചേര്‍ത്താല്‍ അത് എന്റെ ഐഡിയുടെ പ്രൈവസിയെ ബാധിക്കുമോ? (നിധി ഉള്ള ഐഡിയാണേ..അടിച്ചുമാറ്റിയാലോ?)

  3. Appu Adyakshari 14 May 2010 at 16:31  

    ഹേനയുടെ സംശയം മനസ്സിലായി. നമുക്ക് ഒരേ ഐ.ഡി യിൽ എത്രബ്ലോഗുകൾ ഉണ്ടാക്കാമെങ്കിലും, അതിൽ ഓരോന്നിന്റെയും പെർമിഷനുകൾ തമ്മിൽ പരസ്പരം ബന്ധമൊന്നുമില്ല. പെർമിഷനുകളിൽ ആണ് നാം പ്രൈവസി സെറ്റിംഗുകളും മറ്റുള്ളവർക്കുള്ള പെർമിഷനുകളും ഒക്കെ സെറ്റ് ചെയ്യുന്നത്. ഉദാഹരണത്തിന് ഒരു ഹേനയുടെ ഇതേ ഐഡിയിൽ മറ്റൊരു ബ്ലോഗ് ഉണ്ടാക്കി അത് ഹേനയ്ക്ക് മാത്രം കാണുന്ന രീതിയിൽ സെറ്റ് ചെയ്യാം (ONLY AUTHORS CAN READ). അതല്ലാതെ എല്ലാവർക്കും വായിക്കാവുന്ന രീതിയിൽ സെറ്റ് ചെയ്യാം (anybody can read)ഇതാണു നമ്മളെല്ലാം ഇപ്പോൾ ചെയ്തിരിക്കുന്ന സെറ്റിംഗ്.

    ഗ്രൂപ്പ് ബ്ലോഗ് എന്നുപറയുന്നതും ഇതുപോലെ ഒരു ബ്ലോഗാണ്. അതിൽ മറ്റു ചിലരെ അംഗങ്ങൾ ആക്കി ഇൻ‌വിറ്റേഷൻ കൊടുക്കാം (AS AUTHORS) അവർ invitation സ്വീകരിക്കുന്നത് അവരുടെ ജി.മെയിൽ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ചാണ്. അവർക്ക് ഹേന അഡ്മിൻ പ്രിവിലേജ് പിന്നീട് കൊടുത്താൽ മാത്രമേ ഈ ബ്ലോഗിന്റെ സെറ്റിംഗുകൾ അവർക്ക് അഡ്ജസ്റ്റ് ചെയ്യാൻ പോലും ആവുകയുള്ളൂ‍. അഡ്മിൻ അല്ലാതെ വെറും ഓതർ ആണെങ്കിൽ അവർക്ക് അതിൽ പോസ്റ്റുകൾ എഴുതാം. അവരവരുടെ പോസ്റ്റുകൾ എഡിറ്റ് ചെയ്യാം. അത്രയേ സാധിക്കൂ. എന്നാൽ അഡ്മിൻ പവർ കൊടുത്തുകഴിഞ്ഞാൽ ഹേനയ്ക്ക് ആ ബ്ലോഗ് (ശ്രദ്ധിക്കുക - ആ ഗ്രൂപ് ബ്ലോഗ് മാത്രം) സെറ്റിംഗ്, ലേ ഔട്ട് എന്നിവ അഡ്ജസ്റ്റ് ചെയ്യാനും ആ ബ്ലോഗിൽ മറ്റുള്ളവർ പോസ്റ്റ് ചെയ്ത പോസ്റ്റുകൾ എഡിറ്റ് ചെയ്യാനും ഒക്കെ സാധിക്കും. മാത്രവുമല്ല, ഒരു അഡ്മിനു മറ്റൊരു അഡ്മിനെ അഡ്മിൻ അല്ലാതാക്കാനോ ഡിലിറ്റ് ചെയ്യാനോ സാധിക്കും. അതായത് ഹേന ഉണ്ടാക്കിയ ഈ പുതിയ ബ്ലോഗിൽ നിന്ന് ഹേനയെ മറ്റൊരു അഡ്മിൻ ഡിലീറ്റ് ചെയ്താൽ മൈലാഞ്ചി പിന്നെ ആ ബ്ലോഗിൽ മെംബർ അല്ല.. :-) ഇത്രയുമൊക്കെയേഉള്ളൂ ഗ്രൂപ്പ് ബ്ലോഗുകളെപ്പറ്റി മനസ്സിലാക്കാൻ..

    ഇനി ചോദ്യത്തിന്റെ ഉത്തരം ഒറ്റവരിയിൽ പറഞ്ഞാൽ, ഹേനയുടെ ഇതെ ഐ.ഡിയിൽ മറ്റൊരു ഗ്രൂപ്പ് ബ്ലോഗ് ഉണ്ടെങ്കിൽ അതിൽ ഒരംഗത്തിനും ഹേനയുടെ മൈലാഞ്ചി ബ്ലോഗോ, കർണ്ണാടകവിശേഷമോ, ആദിത്യകിരണമോ എഡിറ്റ് ചെയ്യാനോ, തുറക്കാനോ ഒന്നും സാധിക്കില്ല. അവർ കാണുന്നത് അവരുടെ ഐ.ഡിയിലെ ഡാഷ്ബോർഡിൽ ഈ ഗ്രൂപ്പ് ബ്ലോഗും കൂടി മാത്രം... അല്ലാതെ ഹേനയുടെ ഐ.ഡിയിലെ ഡാഷ്ബോർഡ് അല്ല അവർ കാണുന്നത്.

  4. മൈലാഞ്ചി 14 May 2010 at 21:26  

    മാഷേ.. വിശദമായ മറുപടിക്ക് വളരെ നന്ദി... പുതിയ ബ്ലോഗ് ഉടന്‍ തുടങ്ങും ട്ടോ..

  5. . 15 May 2010 at 15:10  

    മാഷേ..?
    എന്‍റെ ബ്ലോഗിന്‍റെ ലോഗിന്‍ ഐഡി മാറ്റണമെന്നു തോന്നി...
    ആദ്യക്ഷരിയില്‍ പറഞ്ഞതനുസരിച്ച് പുതിയ ഐഡി നല്‍കി ആഡ് ചെയ്യുമ്പോള്‍ അതിനു അഡ്മിൻ അതോറിറ്റി കൊടുക്കാന്‍ പറ്റുന്നില്ല...
    അങ്ങനെ കൊടത്താലല്ലേ എനിക്ക് ആദ്യ ഐഡിയില്‍ നിന്നും ബ്ലോഗ്‌ മാറ്റാന്‍ കഴിയൂ..?
    പെര്‍മിഷന്‍സ് പേജില്‍, പേരിനൊപ്പമുള്ള Grant Admin എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക എന്ന് ആദ്യാക്ഷരിയില്‍ വായിച്ചെങ്കിലും പെര്‍മിഷന്‍സ് പേജില്‍ അങ്ങനെ ഒരു ഒപ്ഷന്‍ ഉള്ളതായി കാണുന്നില്ലല്ലോ...?
    ഞാന്‍ എന്ത് ചെയ്യണം...ദയവു ചെയ്തു പറഞ്ഞു തരുമോ..?

  6. Appu Adyakshari 15 May 2010 at 17:03  

    കാമുകൻ (തൽക്കാലം നിരാശ ഞാൻ മാറ്റിവയ്ക്കുന്നു :-)

    പുതിയ ഐഡി നൽകിയെന്നു പറയുന്നതല്ലാതെ, അത് ആദ്യാക്ഷരിയിൽ പറഞ്ഞ പ്രകാരമാണെന്നു തോന്നുന്നില്ല. കാരണം പുതിയ ഇൻ‌വിറ്റേഷൻ അയച്ച ഐ.ഡിയിൽ ഇൻ‌വിറ്റേഷൻ അക്സപ്റ്റ് ചെയ്തതായിട്ടോ, ആ ഐ.ഡിയിലെ ആൾ ഈ ബ്ലോഗിൽ അംഗമായിട്ടുണ്ടെന്നോ താങ്കളുടെ പ്രൊഫൈൽ പേജിൽ ഈ ബ്ലോഗിനോടൊപ്പമുള്ള വിവരങ്ങളിൽ ഇല്ല. പുതിയ ഐ.ഡിയിലേക്ക് ഇൻ‌വിറ്റേഷൻ അയച്ച് ആ ഐ.ഡിയിൽ അത് സ്വീകരിച്ചു കഴിഞ്ഞാൽ മാത്രമേ അഡ്മിൻ പവർ കൊടുക്കാനാവൂ.. ഈ അദ്ധ്യായത്തിൽ പറയുന്ന മെതേഡ് അതുപോലെ തന്നെ ചെയ്യൂ.. എന്നാൽ മാത്രമേ ലോഗിൻ ഐ.ഡി മാറ്റാനാവൂ.

  7. നിരാശകാമുകന്‍ 15 May 2010 at 20:10  

    മാഷേ,നന്ദി..നന്ദി..നന്ദി
    ഇന്‍വിറ്റെഷന്‍ അയക്കുന്നതിന്‍റെ കൂടെ തന്നെ അഡ്മിന്‍ പവര്‍ കൊടുക്കണമെന്നാണ് കരുതിയത്‌...
    അത് സ്വീകരിച്ചതിനു ശേഷം അഡ്മിന്‍ പവര്‍ കൊടുത്തപ്പോള്‍ എന്‍റെ പ്രശ്നവും തീര്‍ന്നു...
    പിന്നെ ആദ്യാക്ഷരി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ബ്ലോഗ്‌ തുടങ്ങില്ലായിരുന്നു കേട്ടോ...
    ഉടനെ വേറെ ഒരെണ്ണം കൂടി തുടങ്ങുന്നുണ്ട്..
    ഒത്തിരി നന്ദി...ആദ്യാക്ഷരിക്കും മാഷിനും..

  8. partha 3 April 2011 at 21:25  

    ഗ്രൂപ്പ്‌ ബ്ലോഗില്‍ permissions സെറ്റിങ്ങില്‍ മാറ്റം വരുത്തിയ ശേഷം അതു സേവ് ചെയ്യാന്‍ ഒന്നും ചെയ്യണ്ടേ? എന്തെന്നാല്‍ സേവ് ചെയ്യാന്‍ ഒരു ബട്ടണോ മറ്റോ കാണുന്നില്ലല്ലോ. താനേ സേവ് ആയിക്കൊള്ളുമോ?

  9. Prasanna Raghavan 21 July 2011 at 17:49  

    അപ്പു,
    ഞങ്ങള്‍ നമ്മുടെ നാടിനെ ഒന്നു ബോധവല്‍ക്കരിക്കാനും, അതുപോലെ കുടുംബ പ്രശ്നങ്ങളില്‍ അകപ്പെടുന്നവര്‍ക്കും , യുവതീ യുവാക്കള്‍ക്കും ഒക്കെയായി ഒരു കൈ സഹായം കൊടുക്കുന്നതിലേക്ക് ശ്രമിക്കുന്നതിനുമായി ഒരു ബ്ലോഗു തുടങ്ങാന്‍ ഉദ്ദേശിക്കുന്നു. അതില്‍ പലരും ഉള്‍പെടുന്നതിനാല്‍ ഒരു കൂട്ട ബ്ലോഗ ആയാല്‍ നന്നായിരിക്കെമെന്നു തോന്നുന്നു.

    അങ്ങനെയല്ലേ നല്ലത്?

    അപ്പുവിന്റെ വിലയേറിയ സഹായം തേടുന്നു. വേറെന്തെങ്കിലും ബെറ്റര്‍ ആയ മാര്‍ഗമുണ്ടെങ്കിലും നിര്‍ദേശിക്കുക.

  10. Appu Adyakshari 24 July 2011 at 07:12  

    പ്രസന്നച്ചേച്ചീ, ഒരു ഗ്രൂപ്പിൽ പല അഡ്‌മിൻ / ഓതേഴ്സ് ഉള്ളവർ ചേർന്ന ഒരു ഗ്രൂപ്പാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഗ്രൂപ്പ് ബ്ലോഗ് ആണ് നല്ലത്. അങ്ങനെ ഒരു ഗ്രൂപ്പ് ബ്ലോഗ് തുടങ്ങി അതിന്റെ പേരിൽ ഒരു ഫെയ്സ്ബുക്ക് പേജ് (ഫെയ്സ്ബുക്ക് അക്കൗണ്ടല്ല, പേജ്) തുടങ്ങി അതിലേക്ക് ഈ ബ്ലോഗ് ലിങ്ക് ചെയ്യുക കൂടി ചെയ്താൽ കൂടുതൽ ആളുകളിലേക്ക് അത് എത്തിക്കാം

  11. അഷ്‌റഫ്‌ മാനു 27 October 2011 at 03:15  

    മാഷെ മാഷ് ബല്ലാത്ത ഒരു സംഭവം തന്നെ ടോ
    എന്‍റെ മനസ്സില്‍ തോന്നിയ സംസയങ്ങളൊക്കെ ഓരോ ഇബിലിസുകള് ചോയിച്ചുന്ന്..
    ബല്ലാത്ത കഷ്ടം തന്നെ ..ഈ പൂതെന്‍ കുട്ടി ഇഞ്ഞി ഒന്നും ചോയിചിനില്ല

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP