ടെമ്പ്ലേറ്റുകൾ ഇനി സ്വന്തമായി ഡിസൈൻ ചെയ്യാം
>> 27.3.10
ബ്ലോഗർ ഉപയോക്താക്കൾക്ക് ഒരു സന്തോഷവാർത്തയുമാണ് ഗൂഗിൾ ഇന്നലെ എത്തിയത്. നിങ്ങളുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റുകൾ ഇനി നിങ്ങൾക്ക് സ്വന്തമായി ഡിസൈൻ ചെയ്യാം ! HTML Code കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യമുള്ളവർക്ക് മാത്രം സാധ്യമാവുന്ന ഒന്നായിരുന്നു ബ്ലോഗ് ടെമ്പ്ലേറ്റിന്റെ ഡിസൈനിംഗ് ഇത്രയും നാൾ. നിങ്ങളുടെ ബ്ലോഗിൽ ഒരു സൈഡ് ബാർ കൂട്ടിച്ചേർക്കണോ, അതോ ബ്ലോഗിന്റെ ബോഡിയുടെ വീതി കുറച്ചൂ കൂടി കൂട്ടണോ, അല്ലെങ്കിൽ ബാക്ക്ഗ്രണ്ടിൽ ഒരു ചിത്രം കൂട്ടിച്ചേർക്കണോ. ഒന്നിനും ഒരു പ്രയാസവുമില്ല. സാധാരണക്കാർക്കും ഇതൊക്കെ നിഷ്പ്രയാസം ചെയ്യാവുന്ന രീതിയിലാണ് ബ്ലോഗർ ടെമ്പ്ലേറ്റ് ഡിസൈനിംഗ് ഗൂഗിൾ അവതരിപ്പിക്കുന്നത്.
ഇത്രയും നാൾ ഉയർന്നുകേട്ടിരുന്ന മറ്റൊരു ഒരു പരാതിയായിരുന്നു ബ്ലോഗറിലെ ഡിഫോൾട്ട് ടെമ്പ്ലേറ്റുകൾക്ക് ഭംഗിയില്ല എന്നത്. അതിനാൽ ബ്ലോഗിന്റെ സൌന്ദര്യം അന്വേഷിച്ച് നടന്നവർ പുറമേ നിന്ന് ലഭ്യമായ ടെമ്പ്ലേറ്റുകൾ ബ്ലോഗുകളിൽ ഉപയോഗിച്ചു പോരുന്നു. ഇനി അതിന്റെ ആവശ്യവുമില്ല. മനോഹരമായ ടെമ്പ്ലേറ്റുകളിലേക്ക് നിങ്ങളുടെ ബ്ലോഗിനെ നിങ്ങൾക്ക് മാറ്റിയെടുക്കാം, മിനിറ്റുകൾക്കുള്ളിൽ!
ബ്ലോഗിലെ പുതിയ സൌകര്യങ്ങൾ മിക്കതും ആദ്യം കൂട്ടിച്ചേർക്കുന്നത് ഡ്രാഫ്റ്റ് ബ്ലോഗറിൽ ആണ്. ഡ്രാഫ്റ്റ് ബ്ലോഗർ എന്നത് നമ്മൾ ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ബ്ലോഗർ ഡാഷ്ബോർഡിന്റെ ഒരു അഡ്വാൻസ്ഡ് പതിപ്പ് ആണെന്നേയുള്ളു. വലിയ വ്യത്യാസങ്ങൾ ഇല്ല. അവിടേക്ക് പോകുവാൻ ഉള്ള യു.ആർ.എൽ http:draft.blogger.com എന്നാണ്. ഡ്രാഫ്റ്റ് ബ്ലോഗറീന്റെ ടെമ്പ്ലേറ്റ് തുറന്നുവരും. ആദ്യമായാണ് നിങ്ങൾ ഈ സൈറ്റ് തുറക്കുന്നതെങ്കിൽ ഇനിമുതൽ അങ്ങോട്ട് നിങ്ങൾ എപ്പോൾ ബ്ലോഗർ തുറന്നാലും ഡാഷ്ബോർഡ് ഡ്രാഫ്റ്റ് ബ്ലോഗറിലേത് കാണിച്ചുതന്നാൽ മതിയോ എന്നൊരു ചോദ്യം കാണാം. ആവശ്യമെങ്കിൽ ഇവിടെ ടിക് ചെയ്യുക. ഇല്ലെങ്കിൽ ടിക് ചെയ്യേണ്ട ആവശ്യമേയില്ല.
ഡ്രാഫ്റ്റ് ഡാഷ്ബോർഡിന് ഇപ്പോൾ നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഡാഷ്ബോർഡുമായി വ്യത്യാസമൊന്നുമില്ല എന്നു ശ്രദ്ധിക്കുമല്ലോ. ഇനി നിങ്ങളുടെ ബ്ലോഗിന്റെ Layout എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലേഔട്ട് പേജിൽ മുകളിലുള്ള ഓപ്ഷനുകളിൽ ഒരെണ്ണം പുതിയതായി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നതു ശ്രദ്ധിക്കുക. Template Designer എന്നാണ് ഈ ലിങ്കിന്റെ പേര്.
ടെമ്പേറ്റ് ഡിസൈനർ ടാബിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ പുതിയ ഡിസൈനർ പേജിന്റെ വർണ്ണലോകത്തേക്ക് എത്താം. താഴെക്കൊടുത്തിരിക്കുന്ന ചിത്രം ഒന്നു ക്ലിക്ക് ചെയ്ത് വലുതാക്കി കണ്ടുനോക്കൂ. അതിലെ വെവ്വേറെയായി അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങൾ ഒരോന്നും എന്താണെന്ന് പറയാം.
ഇടതുവശത്ത് നാല് ഓപ്ഷനുകളാണുള്ളത്. Templates, Background, Layout, Advanced ഇവയാണ് ഡിസൈൻ പേജിന്റെ മുഖ്യഭാഗങ്ങൾ. ഇവയിൽ ഏതാണോ സെലക്റ്റ് ചെയ്തിരിക്കുന്നത് അതിന്റെ ലഭ്യമായ ടൂളുകളും ഓപ്ഷനുകളുമാണ് വലതുവശത്തെ ചുവപ്പുനിറത്തിൽ മാർക്ക് ചെയ്തിരിക്കുന്ന ഭാഗത്ത് കാണുന്നത്. വലതുവശത്ത് ഓപ്ഷനുകളിൽ ഏതാണോ ഇപ്പോൾ തത്സമയം (live) ഡിസൈനിൽ നിങ്ങൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത് അതാണ് Live on blog എന്ന പച്ചനിറത്തിൽ മാർക്ക് ചെയ്തിരിക്കുന്ന ഭാഗത്തുള്ളത്. ഇവയുടെയെല്ലാം ലൈവ് പ്രിവ്യൂ ആണ് താഴെ ഫുൾ സ്ക്രീനിൽ കണ്ടുകൊണ്ടിരിക്കുന്നത്. മാറ്റങ്ങൾ എല്ലാം വരുത്തിക്കഴിഞ്ഞാൽ വലതുമുകളിൽ ഉള്ള Apply to blog ബട്ടണിൽ അമർത്തി മാറ്റങ്ങൾ സേവ് ചെയ്യാം.
ഇനി ഡിസൈനിംഗിന്റെ ഓരോ പടിയും നോക്കാം. നിലവിൽ ഈ ഡിസൈൻ പേജ് ധാരാളം ബ്ലോഗർ ഉപയോക്താക്കൾ പരീക്ഷിക്കുന്നുണ്ടാവും എന്നതിനാൽ പേജ് ലോഡാകുന്നതിനും മാറ്റങ്ങൾ ദൃശ്യമാകുന്നതിനും അല്പം കാലതാമസം നേരിടുന്നുണ്ട്. ഇത് ക്രമേണ പരിഹൃതമാകും.
1. Templates:
ആദ്യമായി ടെമ്പ്ലേറ്റ്സ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇത് ഡിഫോൾട്ടായി ക്ലിക്ക് ചെയിട്ടുണ്ടാവും. ഇവിടെ നാലു വിധത്തിലുള്ള അടിസ്ഥാന ടെമ്പ്ലേറ്റ് ഡിസൈൻ ആണുള്ളത്. Simple, Picture Window, Awesome Inc., Watermark ഇവയാണ് ടെമ്പ്ലേറ്റ് ഡിസൈനിംഗിന്റെ ബേസിക് മോഡലുകളായി നിലവിലുള്ളത്. ഇവയിൽ പിക്സ്ചർ വിന്റോ എന്ന ഡിസൈനിനു മൂന്നു വ്യത്യസ്ത വേരിയേഷനുകളും ബാക്കി മൂന്നിനും നന്നാലു വ്യത്യസ്ത വേരിയേഷനും ഉൾപ്പടെ ആകെ 15 ബേസിക് ഡിസൈനുകൾ ഇപ്പോൽ ലഭ്യമാണ്. ഭാവിയിൽ കൂടുതൽ ഡിസൈനുകൾ ലഭ്യമായേക്കും. മനോഹരമാണ് ഈ ഡിസൈനുകൾ ഓരോന്നും. അവയുടെയെല്ലാം സ്ക്രീൻ ഷോട്ടുകൾ ഇവിടെ നൽകുന്നില്ല. നിങ്ങൾ തന്നെ പരീക്ഷിക്കുക. ഓരോന്നിലും ഒരൊറ്റ മൌസ് ക്ലിക്ക് ചെയ്താൽ മാത്രം മതി, നിങ്ങളുടെ ഇപ്പോഴുള്ള ബ്ലോഗ് ഈ പുതിയ ഡിസൈനിൽ എങ്ങനെ കാണാം എന്ന് ലൈവ് പ്രിവ്യൂവിൽ കാണാവുന്നതാണ്.
Background:
ടെമ്പ്ലേറ്റ് സെലക്റ്റ് ചെയ്തുകഴിഞ്ഞാൽ അടുത്തതായി ബാക്ക്ഗ്രൌണ്ട് കളറുകൾ സെലക്റ്റ് ചെയ്യാം.ഇവിടെ ബ്ലോഗിന്റെ ബാക്ക്ഗ്രൌണ്ട് , ഫോണ്ടുകൾ, ലിങ്കുകൾ, തീയതികൾ, തലക്കെട്ടുകൾ തുടങ്ങി വർണ്ണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മാറുന്നത്. ഒരുകാര്യം കൂടി പറയട്ടെ, പിക്ചർ വിന്റോ എന്ന ടെമ്പ്ലേറ്റാണു നിങ്ങൾ ആദ്യപടിയിൽ സെലക്റ്റ് ചെയ്യുന്നതെങ്കിൽ ബ്ലോഗിന്റെ ബാക്ക്ഗ്രൌണ്ട് കളറുകൾ മാറുന്നില്ല, ഫോണ്ടുകളുടെയും ലിങ്കുകളുടെയും കളറുകൾ മാത്രമേ മാറുകയുള്ളൂ
ഇവിടെ Main colour theme എന്ന പേരിൽ ഒരു സെറ്റ് കളറുകളും സജഷൻസ് എന്നപേരിൽ മറ്റ് 12 കളർ തീമുകളും കാണാം. ഇഷ്ടമുള്ളവ മാറ്റിമാറ്റി പരീക്ഷിക്കുക.
ഇടതുവശത്തായി മറ്റൊരു ചെറിയ ചതുരം കാണുന്നുണ്ടല്ലോ. അതിന്റെ പേര് Background image എന്നാണ്. അതിൽ ക്ലിക്ക് ചെയ്താൽ ബായ്ക്ക്ഗ്രൌണ്ട് ചിത്രങ്ങളുടെ ഒരു കൂമ്പാരം തന്നെ ലഭിക്കും! 19 വിഭാഗങ്ങളിലായി നൂറിലേറെ ചിത്രങ്ങൾ! ഇഷ്ടമുള്ള ഒന്നിലേക്ക് ക്ലിക്ക് ചെയ്യുക. ഉടൻ തന്നെ ആ ചിത്രം നിങ്ങളുടെ ബ്ലോഗിന്റെ ബാക്ക്ഗ്രൌണ്ട് ആയി മാറുന്നത് ലൈവ് പ്രിവ്യൂവിൽ കണ്ട് ആനന്ദിക്കാം!
പലർക്കും ഇതൊരു കൺഫ്യൂഷൻ ആയേക്കും എന്നുറപ്പാണ്. കാരണം എല്ലാം മനോഹരമായ ചിത്രങ്ങൾ തന്നെ. ഇത്രയും ചെയ്തുകഴിഞ്ഞാൽ ബ്ലോഗിന്റെ ലേഔട്ട് ശരിയാക്കാം.
Layout:
ഇവിടെയാണ് ബ്ലോഗിന് എത്ര സൈഡ് ബാറുകൾ വേണം, അവയുടെ വീതി എത്രവേണം ഇതൊക്കെ തീരുമാനിക്കപ്പെടുന്നത്. മൂന്ന് ഓപ്ഷനുകൾ ഉണ്ട് ബോഡി ലേ ഔട്ട്, ഫുട്ടർ ലേ ഔട്ട്, അഡ്ജസ്റ്റ് വിഡ്ത്.
ബോഡി ലേ ഔട്ടിൽ എട്ടുവിധത്തിലുള്ള ലേഔട്ടുകളിൽ ഒരെണ്ണം സ്വീകരിക്കാം. ഇവയിൽ ഓരോന്നിലും സൈഡ് ബാറുകളുടെ എണ്ണവും, അവയുടെ പൊസിഷനും (ഇടത്, വലത്ത്, ഫുട്ടറിൽ) ആണു നമ്മൾ സെറ്റ് ചെയ്യേണ്ടത്. ഈ ലേഔട്ടുകളിൽ നാം സെലക്റ്റ് ചെയ്യുന്നതിന്റെ രൂപരേഖ നമ്മുടെ ബ്ലോഗിലെ ഗാഡ്ജറ്റുകൾ ഉൾപ്പടെ ലൈവ് പ്രിവ്യൂവിൽ കാണാം. ഇവിടെ മറ്റൊരു കാര്യം വായനക്കാർക്ക് അറിയാമെന്നു കരുതുന്നു. നമ്മുടെ ബ്ലോഗിൽ നിലവിലുള്ള ഒരു ഗാഡ്ജറ്റ് ഏതു സൈഡ്ബാറിൽ ആണ് ഇപ്പോഴുള്ളതെങ്കിലും അതിനെ (ലേഔട്ട് പേജിൽ) മൌസ് ഉപയോഗിച്ച് പുതിയ ഒരു സൈഡ് ബാറിലേക്ക് ഡ്രാഗ് ഡ്രോപ്പ് ചെയ്യാവുന്നതാണ്.
നിങ്ങൾക്ക് ഇഷ്ടമുള്ള ലേഔട്ട് സ്വീകരിച്ചു കഴിഞ്ഞാൽ അടുത്തതായി ഫുട്ടറിന്റെ (ബ്ലോഗിന്റെ ഏറ്റവും താഴെയുള്ള ബാർ) ലേ ഔട്ട് മാറ്റാം. ഇവിടെ മൂന്ന് ഓപ്ഷനുണ്ട്. ഒരു ഫുട്ടർ ബാർ, രണ്ട് ഫുട്ടർ ബാർ, മൂന്ന് ഫുട്ടർ ബാർ എന്നിങ്ങനെ. ഇഷ്ടമുള്ളത് സെലക്റ്റ് ചെയ്യുക.
മൂന്നാമത്തെ ഓപ്ഷൻ അഡ്ജസ്റ്റ് വിഡ്ത് ആണ്. തൊട്ടുമുമ്പ് നമ്മൾ സെലക്റ്റ് ചെയ്ത ലേഔട്ടുകളിൽ ഓരോ ബാറിന്റെയും വീതി നിർണ്ണയിക്കാനുള്ള സംവിധാനമാണിത്.
ഇവിടെ മൊത്തം ബ്ലോഗിന്റെ വീതി കൂട്ടാനുള്ള ഒരു സ്ലൈഡ് ബാർ (Entire blog), ഇടതു സൈഡ് ബാർ, വലതു സൈഡ് ബാർ എന്നിവയുടെ വീതി കൂട്ടാനുള്ള സ്ലൈഡറുകൾ എന്നിവകാണാം. ബ്ലോഗിന്റെ വീതി പരമാവധി 1000 പിക്സൽ വരെയേ കൂട്ടുവാൻ സാധിക്കൂ. സൈഡ് ബാറുകളുടെ വീതി 100 പിക്സൽ മുതൽ 500 പിക്സൽ വരെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ലൈവ് പ്രിവ്യൂവിൽ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുക. (ചിലപ്പോൾ നിങ്ങളുടെ ബ്ലോഗിന്റെ നിലവിലുള്ള ഹെഡ്ഡർ ഇമേജോ, നിലവിലുള്ള വിഡ്ജറ്റ് ബാനറുകളൊ വീതി കുറച്ചാൽ സൈഡ് ബാറിന്റെ വെളിയിലേക്ക് പോയേക്കാം. അങ്ങനെ പോകുന്നുവെങ്കിൽ പിന്നീട് ആ ചിത്രങ്ങളുടെ വീതി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്ത് ബ്ലോഗിൽ കയറ്റിയാൽ മതിയാകും).
Advanced:
അവസാനത്തെ ഓപ്ഷൻ അഡ്വാൻസ്ഡ് ആണ്. ഇത് നമ്മൾ ഇതുവരെ ചെയ്തുകൊണ്ടിരുന്ന ഫോണ്ട് ആന്റ് കളർ എന്ന ലേ ഔട്ട് സെറ്റിംഗിന്റെ അല്പം കൂടി അനായാസമായ ഒരു നിയന്ത്രണ സംവിധാനമാണ്. ബ്ലോഗിന്റെ വിവിധ ഭാഗങ്ങളിലെ കളറുകൾ - ഫോണ്ടുകൾ, തലക്കെട്ടുകൾ, ലിങ്കുകൾ - വെവ്വേറെ സെറ്റ് ചെയ്യാം.
നല്ല സെറ്റിംഗ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഫോണ്ടുകളുടെ വലിപ്പവും മറ്റും പിക്സൽ കണക്കിനു മാറ്റാം. ബോൾഡ് ചെയ്യാം, ഇറ്റാലിക് ആക്കാം, കളറുകൾ ഡിഫോൾട്ട് പാലറ്റിൽ നിന്നോ, അല്ലെങ്കിൽ നിങ്ങൾക്ക് തന്നെ “മിക്സ്” ചെയ്തോ ഉണ്ടാക്കാം !! വളരെ നല്ല സംവിധാനങ്ങൾ..
ഇത്രയും മാറ്റങ്ങൾ ചെയ്തുകഴിഞ്ഞിട്ട് Add to blog ബട്ടൺ അമർത്താൻ മറക്കരുതേ...!!
ഇത്രയും മാറ്റങ്ങളാണ് ബ്ലോഗ് ടെമ്പ്ലേറ്റ് ഡിസൈനിൽ ഉള്ളത്. ഒരു ദിവസം മുഴുവനും ഇരുന്നു പരീക്ഷിച്ചു നോക്കാനാവുന്നത്ര ഓപ്ഷനുകൾ ഓരോന്നിലും ഉണ്ട്. ഇനി വരുന്ന ദിവസങ്ങളിൽ മലയാളം ബ്ലോഗ് ലോകത്ത് പുതിയ പുതിയ ടെമ്പേറ്റുകളുടെ ഒരു വിപ്ലവം തന്നെ ഞാൻ പ്രതീക്ഷിക്കുന്നു.! Happy blogging !!!!
===========
കുറിപ്പ്:
===========
ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ ചില സുഹൃത്തുക്കൾ പറഞ്ഞത്, ബ്ലോഗർ ടെമ്പ്ലേറ്റുകൾ അല്ലാതെ തേഡ് പാർട്ടി ടെമ്പ്ലേറ്റുകൾ നിലവിൽ ഉപയോഗിക്കുന്ന ബ്ലോഗുകളിൽ മേൽപ്പറഞ്ഞ രീതിയിൽ ടെമ്പ്ലേറ്റ് ഡിസൈൻ ചെയ്യാൻ സാധിക്കുന്നില്ല എന്നാണ്. ആദ്യാക്ഷരിയിൽ പക്ഷേ തേഡ് പാർട്ടി ടെമ്പ്ലേറ്റാണ് നിലവിലുള്ളതെങ്കിലും പ്രശ്നമൊന്നും കണ്ടില്ല. ഇനി അഥവാ നിങ്ങളുടെ ബ്ലോഗിൽ ഈ പ്രശ്നം കാണുന്നുണ്ടെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യാം.
1. ലേഔട്ട് പേജിൽ നിന്ന് Pick new template എന്ന ലിങ്ക് സെലക്റ്റ് ചെയ്ത് ബ്ലോഗറിന്റെ തന്നെ ഡിഫോൾട്ട് ടെമ്പ്ലേറ്റ് ഒരെണ്ണം സെലക്റ്റ് ചെയ്യുക.
2. അപ്പോൾ നിങ്ങളുടെ ബ്ലോഗിൽ നിലവിലുള്ള ഗാഡ്ജറ്റുകളെ സൂക്ഷിക്കണമോ എന്നൊരു ചോദ്യം വരും. Do you want to keep or delete these gadgets? ടെമ്പ്ലേറ്റ് മാറ്റുമ്പോൾ നിലവിലുള്ള ചില ഗാഡ്ജറ്റുകളെ ഡിലീറ്റ് ചെയ്യണോ അതോ പുതിയതിലേക്കും അവയെ സൂക്ഷിക്കണോ എന്നാണു ചോദ്യം. എന്തു സംശയം? നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കിയ ഗാഡ്ജറ്റുകൾ സൂക്ഷിക്കുകതന്നെ വേണം! അപ്പോൾ Keep എന്നു ക്ലിക്ക് ചെയ്ത് പുതിയ റ്റെമ്പ്ലേറ്റ് സേവ് ചെയ്യാം..
സ്ക്രീന്‍ ഷോട്ട് നോക്കൂ.
3. ഇനി ഈ പോസ്റ്റിൽ പറഞ്ഞ ടെമ്പ്ലേറ്റ് പരിഷ്കരണം തീർച്ചയായും പ്രവർത്തിക്കും.
27 അഭിപ്രായങ്ങള്‍:
Thank you.
thanks a lot..
thank u appu! shall try and come back.
sasneham
maithreyi
another help pls appu.....offtopic...i'm unable to read certian blogs.eg.that of vashalan...firstly it displays with google working in background like feedburner, wiky etc etc....but without even completing 4 lines google says done and the screen becomes total blank.u can c header and comments, but even post comment option is not visible.any suggestion?
similarly i can c 2 blogs of pyary, but it shows page can't b displayed for her passions and dreams blog....
നന്ദി ഒത്തിരി നന്ദി!
മൈത്രേയി കാണുവാൻ ശ്രമിച്ച് പരാജയപ്പെടുന്ന ബ്ലോഗുകളുടെ ലിങ്കുകൾ ഒന്നു തരൂ. ഗൂഗിൾ ക്രോം ബ്രൌസർ മാത്രമാണോ ഈ ബ്ലോഗുകൾ തുറക്കുവാനായി ഉപയോഗിച്ചത്? മോസില്ലയോ, ഇന്റർനെറ്റ് എക്സ്‌പ്ലോററോ ഉപയോഗിച്ചു നോക്കിയോ.
oh, so quick a reply.thank u.i'm giving below the profiles
1.http://www.blogger.com/profile/08952052722455656871-Pyari.
i can read the 1st and 2nd blogs but 3rd (dreams and passions) ...pg can't b displayed msg only.
2.http://www.blogger.com/profile/15008467190657743470-vashalan.
as i hv already mentioned.....same for all his blogs.
i had cleared temp files, history etc etc but of no use. my suspicions r
1.mine is IE 6. i had tried to dnload many times, then msg can't b displayed......may b i hv to change to IE8, but hw is a real prob.mozilla i ddnt try.
2. vashalan's is thru feedburner/ wiki mappia or smthing like that.
Thanks for sharing the information...so fast!!
ദാ ഗൂഗിളിന്റെ നോട്ടിഫിക്കേഷന്‍ വന്നതേയുള്ളൂ അപ്പോഴേക്കും അതൊരു പോസ്റ്റായോ?
കുറച്ചു നാളായി ബ്ലോഗ് ഒന്നു കസ്റ്റമൈസ് ചെയ്യണമെന്നു വിചാരിച്ചിട്ട്. ഇതു വായിച്ച് ഓടിച്ചെന്ന് നോക്കിയപ്പോള്‍ തേര്‍ഡ് പാര്‍ട്ടി ടെമ്പ്ലേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള എന്റെ ബ്ലോഗില്‍ ഈ വിദ്യ നടക്കുന്നില്ല. ഒരുപക്ഷേ ബ്ലോഗറിന്റെ ടെമ്പ്ലൈറ്റില്‍ മാത്രമേ ഇതു ശരിയാവുകയുള്ളൂ??മറ്റെന്തെങ്കിലും വിദ്യയുണ്ടോ?
@ maithreyi - മേല്‍പറഞ്ഞ ലിങ്കുകളെല്ലാം ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍,ഗൂഗിള്‍ ക്രോം, മോസില്ല ഇതിലെല്ലാം ഓപ്പണ്‍ ആകുന്നുണ്ടല്ലോ,മൈത്രേയിയുടെ കമ്പൂട്ടറില്‍ ഈയടുത്ത ദിവസങ്ങളില്‍ എന്തെങ്കിലും സെറ്റിങ്സ് മാറ്റിയിരുന്നോ? ഇല്ലെങ്കില്‍ ആ സൈറ്റുകള്‍ അണ്‍സബ്സ്ക്രൈബ് ചെയ്തിട്ട് വീണ്ടും സബ്സ്ക്രൈബ് ചെയ്തു നോക്കൂ.
പോസ്റ്റ് വായിച്ച് അഭിപ്രായങ്ങൾ പറഞ്ഞ എല്ലാവർക്കും നന്ദി.
മൈത്രേയി തന്ന ലിങ്കുകളിലെ ബ്ലോഗുകൾ എല്ലാം വായിക്കാം. പ്രശാന്തിനെ കമന്റിലെ കാര്യങ്ങൾ ചെയ്യൂ.. മോസില്ല ഫയർഫോക്സ്, ഇന്റർനെറ്റ് എക്സ്പ്ലോറർ 8 ഇവ ഡൌൺലോഡ് ചെയ്യാൻ അത്ര താമസമൊന്നുമില്ല. മറ്റൊരു കാര്യം കൂടി ചെയ്യാവുന്നതാണ്. ഈ ബ്ലോഗിൽ മാനുവലായി ബ്രൌസർ ഫോണ്ട് സെറ്റിംഗ് ചെയ്യുന്ന ഒരു അദ്ധ്യായം ഉണ്ടല്ലോ. അതിൽ പറഞ്ഞിരിക്കുന്നതുപോലെ ഗൂഗിൾ ക്രോം ഒന്നു കസ്റ്റമൈസ് ചെയ്യൂ.
പ്രതീക്ഷിക്കുകയായിരുന്നു ഈ പുതിയ സൌകര്യങ്ങൾ. ബ്ലോഗുകൾ ഇനി കൂടുതൽ മനോഹരമായികാണാം. മിക്കവരും ഇതിന്റെ പരീക്ഷണം ആരംഭിച്ച് കഴിഞ്ഞിരിക്കും. ഈയുള്ളവനും വെറുതെ ഇരിക്കില്ല ഇനി കുറച്ചു ദിവസം. വിവരത്തിനു ബ്ലോഗ്ഗറിൽ നിന്നും മെയിൽ വന്നിരുന്നു. ആദ്യാക്ഷരിയിൽ വന്ന് നോക്കിയിട്ട് പരീക്ഷണം തുടങ്ങാമെന്നു കരുതി. വന്നപ്പോൾ അതാ കിടക്കുന്നു ഇതു സംബന്ധിച്ച പുതിയ പോസ്റ്റ്! നന്ദി!
thanks-
Done it
another wonderful article.thank you
അപ്പു മാഷ്,
എന്റെ തട്ടത്തുമല നാട്ടുവർത്തമാനം എന്ന ബ്ലോഗിൽ ഞാൻ ഇത് പരീക്ഷിച്ചു. സമയമുണ്ടെങ്കിൽ ഒന്നു വന്നു നോക്കി വല്ല പോരാക്കുറവും ഉണ്ടെങ്കിൽ പറഞ്ഞുതരണം.
കൊച്ചുസാറണ്ണൻ, ഞാൻ താങ്കളുടെ ബ്ലോഗ് നോക്കി. ടെമ്പ്ലേറ്റ് എഡിറ്ററിൽ ചെയ്ത കാര്യങ്ങളെല്ലാം നന്നായിട്ടുണ്ട്. പക്ഷേ അതോടൊപ്പം താങ്കളുടെ ബ്ലോഗിന്റെ തലക്കെട്ടു ചിത്രവും, അതിന്റെ വീതിയും, അതിന്റെ നിറവും ഒട്ടും ചേരുന്നില്ല എന്നും അറിയിക്കട്ടെ. തലക്കെട്ട് ഒന്നു പുതിക്കിയാൽ എല്ലാം ഓകേ!!
നന്ദി! തീർച്ചയായും ആ തലക്കെട്ട് ഉചിതമല്ലെന്ന് പറഞ്ഞത് ശരിയാണെന്നാണെന്റെയും വിശ്വാസം. ഫോട്ടോഷോപ്പിൽ അല്പജ്ഞാനം വച്ച് നിർമ്മിച്ച തലേക്കെട്ടാണ്. അത് എപ്പോഴെങ്കിലും മാറ്റാൻതന്നെയാണ് ആഗ്രഹം!
അപ്പുവേ,
1.മൈത്രയിയില്‍ ഞാന്‍ പുതിയ ടെംപ്ലേറ്റ് ശ്രമിച്ചു. പഴയതിലേക്കു തന്നെ പോകാം എന്നു കരുതുന്നു. ഇപ്പോള്‍ ആദ്യം ബാക്ഗ്രൗണ്ടു കളര്‍ (flesh) വന്നിട്ട് പിന്നെ അടുത്ത ബാക്ഗ്രൗണ്ട് കളര്‍ വരുന്നതൊക്കെ വായനക്കാരുടെ സമയം കളയലാണല്ലോ. രണ്ടാമത് ഹെഡര്‍ അത്ര പിടിച്ചുമില്ല. പഴയതില്‍(black) പേരിനു ചുറ്റും രണ്ടു rectangle borders ഉണ്ടായിരുന്നു.അതായിരുന്നു ഭംഗി.
2.@APPU AND PRASANTH-Thank u.ഫോണ്ട് പ്രശ്‌നമൊന്നുമല്ല.പിന്നെ IE 8 ഡൗണ്‍ലോഡാന്‍ പറ്റാത്തതുകൊണ്ടാണ്. സിസ്റ്റം സമ്മതിക്കുന്നില്ല. pg can't b displayed എന്ന ഒരേ പല്ലവി. ഇപ്പോള്‍ മോസില്ല ഡൗണ്‍ലോടിയപ്പോള്‍ വഷളനെ വായിക്കാം. പ്യാരിയുടെ ഒരു ബ്ലോഗ്(dreams and passions) ഇപ്പോള്‍ റീഡര്‍ വഴിയാണു വായിക്കുന്നത്. പക്ഷേ അപ്പോള്‍ എങ്ങനെ കമന്റും എന്നറിയുന്നില്ല.ഗവേഷിക്കാന്‍ സമയം കുറവ്.
മൈത്രേയീ, റീഡർ വഴിവായിക്കുമ്പോൾ കമന്റ് എഴുതാൻ സാധിക്കില്ല. പുതിയ ടെമ്പ്ലേറ്റുകൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിൽ എനിക്ക് എതിരഭിപ്രായമില്ല താനും :-)
ഞാനൊന്നു നോക്കട്ടെ...
നന്ദി..
പുതിയ വിവരങ്ങള്‍ക്ക്..
കൊള്ളാം.....ഞാന്‍ കൊറേ നേരം മല്‍പിടുത്തം നടത്തി. അവസാനം, ബാക്ക അപ്പ് റീ സ്റ്റോര്‍ ചെയ്തു രക്ഷപെട്ടു.
താങ്ക്സ്. ഒന്നും കൂടെ പയറ്റി നോക്കണം.
എന്റെ ബ്ലൊഗില്‍ ഇക്കഴിഞ്ഞ ദിവസം വരെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുമായിരുന്നു.ഇപ്പോള്‍ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. എന്താണ് കാരണമെന്ന് മനസ്സിലാവുന്നില്ല
http://minibijukumar.blogspot.com/
ബിജുകുമാറിന്റെ പോസ്റ്റിലെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള പ്രശ്നം മാറി എന്നാണ് അവിടെ നോക്കിയപ്പോൾ മനസ്സിലാകുന്നത്.
kollaam
നിങ്ങള്‍ പറഞ്ഞ പോലെ സ്വന്തമായി ടെമ്പ്ലേറ്റ് ഉണ്ടാക്കി. വളരെ നന്ദി
http://ishaqkunnakkavu.blogspot.com/
i added feedjit how u explained,but there is some problem wth its width,i can't adjust..i tried many ways..can u help me..plzz
അലീന ഫീഡ്‌ജിറ്റിന്റെ കോഡ് മാത്രം ആഡ് ചെയ്യൂ. അതിനു ചുറ്റമുള്ള ഫ്രെയിം ഉപയോഗിച്ചിട്ടുണ്ടൊ? കണ്ടിട്ട് അങ്ങനെ തോന്നുന്നു?
ബ്ലോഗില്‍ ഒരു പോസ്റ്റ് ന്റെ മാത്രം ബാഗ്രൌണ്ട് ചേഞ്ച് ചെയ്യാനുള്ള ട്രിക്ക് എന്താണെന്ന് പറയാമോ
പോസ്റ്റില്‍ മഴ,ഇല പൊഴിയുന്നത് ഇവ ബാഗ്രൌണ്ട് ആക്കുന്നത് എങ്ങനെ?
ഒരു പോസ്റ്റിന്റെ മാത്രം ബാക്ക് ഗ്രൗണ്ട് മാറ്റാൻ കഴിയില്ല.
മഞ്ഞുപൊഴിയുന്ന എഫക്റ്റ് ബ്ലോഗിൽ ചേർക്കേണ്ട എച്.ടി.എം. എൽ കോഡുകളാണ്. ഉദാഹരണായി ഈ സൈറ്റ് ഒന്നു നോക്കൂ http://www.spiceupyourblog.com/2010/11/falling-christmas-objects-blogger-snow.html
Post a Comment