എഴുത്തു രീതികൾ - ഇൻസ്ക്രിപ്റ്റും ട്രാൻസ്‌ലിറ്ററേഷനും

>> 2.1.12

ഇന്റര്‍നെറ്റ്‌ വെബ് പേജുകളിലായാലും, അല്ലാതെ ഒരു ഡോക്കുമെന്റ് തയ്യാറാക്കാനായാലും  മലയാളത്തില്‍ എഴുതുവാന്‍ തുടങ്ങുന്നവര്‍ക്കു സഹായകമായി നിരവധി എഴുത്ത് രീതികള്‍ (input methods) ഇന്ന് നിലവിലുണ്ട്.  ഇ-മെയില്‍ ആയാലും, ബ്ലോഗ്‌ ആയാലും, ഓര്‍ക്കുട്ട്, ഫേസ്ബുക്ക് തുടങ്ങിയ കമ്മ്യൂണിറ്റി സൈറ്റുകള്‍ ആയാലും മലയാളത്തില്‍ എഴുതുന്നതിനു ഇവയില്‍ ഇതു രീതിയും നമുക്ക് സ്വീകരിക്കാം. എഴുതുന്ന രീതി ഏതായാലും, കിട്ടുന്ന ഔട്പുട്ട് യുണിക്കോഡ് മലയാളത്തില്‍ ആവണം എന്ന് മാത്രം. എങ്കില്‍ മാത്രമേ നിങ്ങള്‍ എഴുതുന്ന ടെക്സ്റ്റ്‌ പബ്ലിഷ് ചെയ്യാനും, അത് മറൊരു കമ്പ്യൂട്ടറില്‍ ഒരാള്‍ തുറന്നു നോക്കുമ്പോള്‍ നിങ്ങള്‍ എഴുതിയ രീതിയില്‍ തന്നെ കാണുവാനും സാധിക്കുകയുള്ളൂ.   അതേസമയം ഡെക്സ്‌ടോപ് പബ്ലിഷിംഗിനു വളരെ പ്രചാരത്തിലുള്ള ISM രീതിയിലുള്ള  ടൈപ്പ് റൈറ്റിംഗിൽ മലയാളം യൂണിക്കോഡ് ഫോണ്ടൂകളല്ല ഉപയോഗിക്കുന്നത്. അതുകൊണ്ട്തന്നെ ISM  രീതിയിൽ ടൈപ്പു ചെയ്തുണ്ടാക്കിയ ടെക്സ്റ്റുകൾ ബ്ലോഗുകളിലോ മെയിലുകളിലോ നേരിട്ട് ഉപയോഗിക്കാൻ പറ്റില്ല.  ഈ ടെക്സ്റ്റുകൾ എഴുതുന്നയാളുടെ കമ്പ്യൂട്ടറിൽ കൃത്യമായി ഡിസ്‌പ്ലേ  ചെയ്യുന്നുണ്ടാവാം, എന്നിരുന്നാലും മറ്റൊരു കമ്പ്യൂട്ടറിൽ അവ തുറന്നുവായിക്കുമ്പോൾ ആ ടെക്സ്റ്റുകൾ അതേപടീ വായിക്കാൻ സാധിക്കുന്നതിനു നിങ്ങൾ ഉപയോഗിച്ച ISM ഫോണ്ടൂകൾ ആ സിസ്റ്റത്തിലും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ വെറും ചതുരങ്ങളോ അർത്ഥമില്ലാത്ത   ചിഹ്നങ്ങളോ ആയിരിക്കും, വായിക്കുന്നയാൾ കാണുന്നത്. യൂണിക്കോഡ് ഫോണ്ടുകൾ  എല്ലാ കമ്പ്യൂട്ടറുകളിലും  വിന്റോസിന്റെ ഭാഗമായി തന്നെ ഉള്ളതിനാലും, അവയുടെ കോഡിംഗ് രീതി ഒന്നുതന്നെ ആയതിനാലും യൂണിക്കോഡ് ഫോണ്ടുകൾ ഉപയോഗിച്ചെഴുതുന്ന ടെസ്ക്റ്റുകൾ എല്ലാ കമ്പ്യൂട്ടറുകളിലും ഒരേ രീതിയിൽ തന്നെ പ്രദർശിപ്പിക്കപ്പെടുന്നു.  ഇതാണ് ഐ.എസ്.എം ഫോണ്ടുകളും യൂണിക്കോഡ് ഫോണ്ടൂകളും തമ്മിൽ ഉപയോഗത്തിലുള്ള പ്രധാന വ്യത്യാസം. 

നിങ്ങൾ ISM രീതിയിൽ ടൈപ്പു ചെയ്യാൻ നിലവിൽ പഠിച്ചിട്ടുള്ള ആളാണെന്നിരിക്കട്ടെ. വിഷമിക്കേണ്ട. ഐ. എസ്.എം രീതിയിൽ എഴുതിയിട്ടുള്ള  മലയാളം ടെക്സ്റ്റുകളെ വളരെ എളുപ്പത്തിൽ യൂണിക്കോഡിലേക്ക് കൺവേർട്ട് ചെയ്യാനുള്ള സംവിധാനമുണ്ട്. www.akshrangal.com  ഈ സൗകര്യം നൽകുന്ന ഒരു സൈറ്റാണ്. 

ഇനി നമുക്ക് ബോഗ് എഴുത്തിലേക്ക് വരാം. മലയാളത്തിൽ ടൈപ്പു ചെയ്യാനായി ഇന്ന് സർവ്വസാധാരണമായി ഉപയോഗിക്കുന്ന രണ്ടു രീതികളാണ് ട്രാൻസ്‌ലിറ്ററേഷനും ഇൻ‌സ്ക്രിപ്റ്റ് കീബോർഡുകളും.  ഇവ തമ്മിലുള്ള വ്യത്യാസമെന്തെന്ന് അറിയാത്തവർക്കായി ചുരുക്കത്തിൽ വിശദമാക്കാം. 

ഇംഗ്ലീഷ് ലിപികൾ ഉപയോഗിച്ച് ഒരു മലയാളം വാക്കെഴുതി (മഗ്ലീഷ്) അതിന്റെ തത്തുല്യമായ ശബ്ദാനുകരണം മലയാളത്തിൽ കിട്ടുന്നതിനെയാണ് ട്രാൻസ്‌ലിറ്ററേഷൻ എന്നു വിളിക്കുന്നത്. ഉദാഹരണം  kakka = കാക്ക,  poochcha = പൂച്ച. ശബ്ദങ്ങൾക്കനുസരിച്ച് അക്ഷരങ്ങളില്ലാത്ത ഇംഗീഷ് ഭാഷയിലെ അക്ഷരങ്ങൾ ഉപയോഗിച്ച് ഒരു മലയാളം വാക്ക് എഴുതുമ്പോൾ കണക്കിലധികം കീസ്ട്രോക്കുകൾ വേണ്ടിവരുന്നു എന്നതാണ് ട്രാൻസ്‌ലിറ്ററേഷൻ രീതിയെപ്പറ്റിയുള്ള ഒരു ആക്ഷേപം. എന്നാൽ കീബോർഡിൽ നോക്കാതെ മിനിറ്റിൽ നാൽ‌പ്പതും അൻ‌പതും വാക്കുകൾ ഇംഗ്ലീഷിൽ ടൈപ്പു ചെയ്യാൻ കഴിയുന്ന ഒരാളുടെ തലച്ചോറിനെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ടേയല്ല എന്നതാണു വാസ്തവം! മനസിൽ ഉദ്ദേശിക്കുന്ന മലയാളം വാക്കുകൾ വിരൽത്തുമ്പിലേക്ക് ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ താനേ ഒഴുകിവന്നുകൊള്ളും!  ആദ്യാക്ഷരിയിലെഎല്ലാ അദ്ധ്യായങ്ങളും ഞാൻ ഈ രീതിയിലാണ് എഴുതിയിട്ടുള്ളത്. പക്ഷേ, കീബോർഡിൽ നോക്കി ഓരോ അക്ഷരങ്ങളും ഒന്നൊന്നായി  കുത്തി കുത്തി എഴുതുന്നവർക്ക് ഈ രീതി വളരെയധികം ജോലിഭാരം വരുത്തിവയ്ക്കും എന്നതിൽ സംശയമില്ല. 


ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ പ്രവർത്തിക്കുന്ന എഴുതാനുള്ള മെതേഡുകളാണ് ഗൂഗിൾ ഇൻഡിക് ട്രാൻസ്‌ലിറ്ററേഷൻ, മൈക്രോസോഫ്റ്റിന്റെ ഇൻഡിക്  ലാങ്വേജ് ടൂൾ, കീമാജിക്, കീമാൻ, വരമൊഴി മുതലായവ.  ഇവയിൽ ഗൂഗിൾ ഇൻഡിക് ട്രാൻസ്‌ലിറ്ററേഷനും മൈക്രോസോഫ്റ്റ് ഇൻഡിക് ലാങ്വേജ് ടൂളും, ഓൺ ലൈൻ ആയും ഓഫ് ലൈൻ ആയും പ്രവർത്തിപ്പിക്കാം. കീമാജിക്കും, കീമാനും, വരമൊഴിയുമെല്ലാം ഓഫ് ലൈൻ സോഫ്റ്റ് വെയറുകളാണ്. നേരിട്ട് ഏതു ഫീൽഡിലും എഴുതാൻ ഇവയെ ഉപയോഗിക്കാം.
ഇൻ‌സ്ക്രിപ്റ്റ് രീതിയിൽ മലയാളത്തിലെ ഓരോ അക്ഷരത്തിനും ഇംഗ്ലീഷ് കീബോർഡിലെ ഓരോ കീകൾ നിശ്ചയിച്ചിരിക്കുന്നു. അതുകൊണ്ട് ഒരു മലയാളം വാക്ക് എഴുതാൻ ആവശ്യമായി വരുന്ന കീസ്ട്രോക്കുകളുടെ എണ്ണം ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിമ്പോൾ വേണ്ടിവരുന്നതിനേക്കാൾ നന്നേ കുറവാണ്. ഇങ്ങനെ മലയാളത്തിലെ ഓരോ അക്ഷരങ്ങളും ഓർത്തിരിക്കുവാൻ ബുദ്ധിമുട്ടല്ലേ എന്നു ചിന്തിക്കുന്ന വായനക്കാരുണ്ടാവാം. സത്യത്തിൽ ഇവിടെയും മനുഷ്യമസ്തിഷ്കത്തിന്റെ അസാധാരണമായ ചില കഴിവുകളാണ് സഹായത്തിനെത്തുന്നത്. കുറച്ചു പ്രാക്റ്റീസിനുശേഷം ഓരോ മലയാള അക്ഷരത്തിനും വേണ്ട കീകൾ ഏതൊക്കെയെന്ന് തലച്ചോറും വിരലുകളും കൂടി ഒന്നായി പ്രവർത്തിച്ച് മനസ്സിലാക്കിക്കൊള്ളും. ചുരുക്കത്തിൽ ഏതുരീതിയിൽ എഴുതിയാലും പ്രത്യേകിച്ച് വിശേഷമോ ദോഷമോ ഇല്ല - ഓരോരുത്തരുടെയും സൌകര്യം പോലെ ആ രീതി തിരഞ്ഞെടുക്കാം എന്നു സാരം.   
കീമാജിക്കിനു ഇൻസ്ക്രിപ്റ്റ് രീതിയിൽ എഴുതാനുള്ള കീബോർഡും  ഉണ്ട്. 


കീമാന്‍ / കീമാജിക് /  വരമൊഴി രീതിയില്‍ ഓരോ അക്ഷരങ്ങളെയാണ്‌ മൊഴി മാറ്റുന്നത്. തന്മൂലം, ഈ രീതിയില്‍ കൃത്യമായ കീ സ്ട്രോക്കുകള്‍ ഉപയോഗിച്ച് തെറ്റില്ലാതെ എഴുതാം എന്ന മെച്ചമുണ്ട്. അതേസമയം കൃത്യമായ കീ സ്ട്രോക്കുകള്‍ അറിയില്ലെങ്കിലും, എഴുതിയിരിക്കുന്ന വാക്ക് ഏതാണെന്ന് ഊഹിച്ചു എഴുതുന്നു എന്ന മെച്ചമാണ് ഗൂഗിള്‍ transliteration രീതിക്കുള്ളത്. ഉദാഹരണത്തിനു ka എന്നു ടൈപ്പ് ചെയ്യുമ്പോൾ ക എന്നും  koo ടൈപ്പു ചെയ്യുമ്പോൾ കൂ എന്നു ഔട്ട്പുട്ട് കിട്ടുന്നു. എന്നാൽ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷനിലും  മൈക്രോസോഫ്റ്റിന്റെ ട്രാൻസ്‌ലിറ്ററേഷൻ മെതേഡിലും ഒരു വാക്കിനെ മുഴുവനായി ടൈപ്പു ചെയ്ത് സ്പേസ് ബാർ അമർത്തുമ്പോൾ അതിനു തുല്യമായ മലയാള വാക്ക് ലഭിക്കുകയാണൂ ചെയ്യുന്നത്.  ഉദാഹരണം avan+space = അവൻ. 

on-line വിഭാഗത്തില്‍ ഗൂഗിളിന്റെ ട്രാന്‍സ്ലിറ്ററേഷന്‍ സോഫ്റ്റ്വെയര്‍ ആയ Google  Indic Transliteration ആണ് ഏറെ പ്രചാരത്തിലുള്ളത്. ഗൂഗിളിന്റെ മിക്കവാറും എല്ലാ സര്‍വീസുകളിലും (ബ്ലോഗ്‌, ഓര്‍ക്കുട്ട്, ജി-മെയില്‍ മുതലായവ) ഇപ്പോള്‍ ഇത് അതാതു സര്‍വീസിനുള്ളില്‍ തന്നെ ലഭ്യമാണ്. കൂടാതെ മോസില്ല, എപിക് തുടങ്ങിയ ബ്രൌസറുകളില്‍  add-on കളായും,  Google Transliteration off line (desktop version)  വെര്‍ഷന്‍ ആയും ഇതു ലഭിക്കും. Google Transliteration എന്ന  അധ്യായത്തില്‍ ഇതിനെപ്പറ്റി വിശദമായി  വായിക്കാം. 

മറ്റു ചിലകാര്യങ്ങൾ കൂടി:

ഇംഗ്ലീഷ് ഭാഷയിൽ നമ്മൾ ഉപയോഗിക്കുന്ന എഴുത്തുരീതികൾ പോലെ കുറ്റമറ്റ സോഫ്റ്റ് വെയറുകളല്ല മലയാളം എഴുത്തിനായി നിലവിലുള്ളത്.  നിലവിലുള്ള ഇംഗ്ലീഷ് കീബോർഡുകളെ മലയാളത്തിനനുസരിച്ച് മാറ്റുകയും,  ഇംഗ്ലീഷ് ഫോണിക്സിൽ നിന്ന് തീർത്തും വ്യത്യസ്ഥമായ മലയാള ശബ്ദങ്ങളെ  "മെരുക്കി"യെടുത്ത് കമ്പ്യൂട്ടർ സ്ക്രീനിൽ ഡിസ്പ്ലേചെയ്യിക്കുകയും ചെയ്യുക എന്നത് അത്ര നിസ്സാരമായ കാര്യവുമല്ല.  മലയാള ഭാഷാ സ്നേഹികളായ കമ്പ്യൂട്ടർ വിദഗ്ദ്ധർ കഴിഞ്ഞ കുറേ വർഷങ്ങളായി അവരവരുടെ പരിധിയിൽ നിന്നുകൊണ്ട് വികസിപ്പിച്ചെടുത്ത കാര്യങ്ങളാണ്  ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷനും,  മൈക്രോസോഫ്റ്റ് ട്രാൻസ്‌ലിറ്ററേഷനും ഒഴികെയുള്ള ഇൻപുട്ട് രീതികൾ. അതുകൊണ്ട് തന്നെ അവയ്ക്ക് പോരായ്മകൾ ഇപ്പോഴും ഉണ്ട്. ചില്ലക്ഷരങ്ങൾ, ചില കൂട്ടക്ഷരങ്ങൾ എന്നിവ ചില  ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ അത്ര കൃത്യമായി കാണണം എന്നില്ല. 

നിങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ വിന്റോസ് വേർഷൻ (അല്ലെങ്കിൽ മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഏതോ അത്) അതിനനുസരിച്ച് ഈ മലയാളം എഴുത്ത് സോഫ്റ്റ് വെയറുകൾ പ്രതികരിക്കുന്ന രീതി വ്യത്യസ്തമായേക്കാം. ചില   അക്ഷരങ്ങൾ ശരിയായി ലഭിച്ചു എന്നു തന്നെ വരില്ല. ഉദാഹരണത്തിനു വിന്റോസ് 7, വിസ്റ്റ തുടങ്ങിയവയിൽ കീമാൻ, വരമൊഴി, കീമാജിക് തുടങ്ങിയവ ശരിയായി പ്രവർത്തിക്കണം എന്നില്ല. അതിൽ തന്നെ 32 bit, 64 bit എന്നിങ്ങനെ വേർഷൻ മാറുന്നതിനനുസരിച്ചും ബുദ്ധിമുട്ടുകൾ കണ്ടേക്കാം.  ഇങ്ങനെ വളരെ അഡ്വാൻസായ വിന്റോസ് വേർഷനുകളിൽ മലയാളം എഴുതാൻ ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ നിങ്ങൾക്ക് അനുയോജ്യമായ മലയാളം എഴുത്തു രീതി മൈക്രോസോഫ്റ്റിന്റെ തന്നെ പ്രോഡക്റ്റ് ആയ Indic Language Input Toolആണ്.   കീമാജിക്കിന്റെ പ്രശ്ണങ്ങളും ഇതിനോടകം ഏറെക്കുറേ പരിഹരിച്ചിട്ടുണ്ട്. 

6 അഭിപ്രായങ്ങള്‍:

  1. Cv Thankappan 21 July 2012 at 22:52  

    വളരെ സന്തോഷവും നന്ദിയും ഉണ്ട്
    മാഷെ.
    ആശംസകള്‍

  2. charithra 10 August 2012 at 14:53  

    സൂപ്പര്സോഫ്റ്റ് തൂലിക കീമാനും, വരമൊഴിയും പോലെ മലയാളം ടൈപ്പിംഗിന് ഉപയോഗിക്കാവുന്ന സോഫ്റ്റ്വെയറല്ലേ?

  3. jose 23 February 2015 at 07:44  

    ടാബില്‍ വളരെ ഭംഗിയായി എഴുതി പെയിസ്റ്റ് ചെയ്യുക സാദ്ധ്യമാകുന്നു...ടസ്ക്ടോപ്പില്‍ നേരിട്ട് മലയാളം എഴുതേണ്ടരീതി ഒന്ന് വിശദമാക്കാമോ?

  4. BEAUTIFUL MIND 11 January 2016 at 11:06  

    വളരെ സുന്ദരവും ലളിതവുമായ ഭാഷയിൽ എല്ലാം വിശദീകരിച്ചു തരുന്ന അപ്പുവിനു എന്റെ എല്ലാ വിധ ആശംസകളും നേരുന്നു....എം മനോജ്‌

  5. Unknown 26 February 2016 at 10:26  

    notepad il മലയാളം എഴുതുമ്പോള്‍ കുഴപ്പമില്ല .പക്ഷെ വെബ്‌,fb അന്നിവയില്‍ എഴുതുമ്പോള്‍ ചില്ലക്ഷരങ്ങള്‍ ശരിയായി വരുന്നില്ല.ചന്ദ്രകല കൂടിയാണ് വരുന്നത് ex: ൽ = ള്‍ .please help me

  6. Appu Adyakshari 28 February 2016 at 09:01  

    വെബ് ബ്രൗസർ ഫോണ്ട് സെറ്റിംഗ് ഒന്നു നോക്ക്കൂ. കാർത്തിക അല്ലെങ്കിൽ അഞ്ജലി ഓൾഡ് ലിപി സെറ്റ് ചെയ്യൂ.

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP