അദ്ധ്യായം 21: ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡുകള്‍
>> 30.4.08
ട്രാന്‍സ്‌ലിറ്റെറേഷന്‍ രീതിയില്‍ ഇംഗ്ലീഷ് ലിപികളിലാണല്ലോ നാം മലയാളം വാക്കുകള്‍ എഴുതുന്നത്. ഈ രീതി പഠിക്കുവാന്‍ വളരെ എളുപ്പമാണെങ്കിലും ഒരു പോരായ്മ ഇതിനുണ്ട്. ഉദാഹരണത്തിന് ചക്കപ്പഴം എന്നവാക്ക് അഞ്ച് മലയാള അക്ഷരങ്ങള്‍ - ച, ക്ക, പ്പ, ഴ, അം. ഇത്രയും - ചേര്‍ന്നുണ്ടായതാണ്. മലയാള ലിപികളില്‍ ഒരു കീബോര്‍ഡ് ലഭ്യമായിരുന്നെങ്കില്‍ അഞ്ചു കട്ടകള്‍ അമര്‍ത്തിയാല്‍ ഈ വാക്ക് ഉണ്ടായേനേ. ഇതിനു പകരം ട്രാന്‍സ്‌ലിറ്റെറേഷന്‍ രീതിയില്‍ എത്ര കട്ടകളാണ നാം അമര്‍ത്തുന്നത് എന്നു നോക്കൂ. chakkappazham 12 കീകള്‍!
ഇതിനൊരു പോവഴിയുണ്ടോ? മലയാളത്തിന്‍ തന്നെ ഒരു കീബോര്‍ഡ് ലേ ഔട്ട് ഉണ്ടാക്കാന്‍ പറ്റുമോ? ഇതിന്റെയൊക്കെ ഉത്തരമാണ് മലയാളം ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡുകള്‍. ഇവിടെ ഷിഫ്റ്റ്, ആള്‍ട്ട്, കീ കളുടെ സഹായത്തോടെ മലയാളത്തിലെ എല്ലാ അക്ഷരങ്ങളേയും നിലവിലുള്ള കീബോര്‍ഡില്‍ തന്നെ നിര്‍വചിച്ചിരിക്കുന്നു.
കേള്‍ക്കുമ്പോള്‍ വളരെ ദുഷ്കരമാണെന്നു തോന്നാം, ഇത്രയും കീകള്‍ ഓര്‍ത്തുവയ്ക്കുക എന്നത്. പക്ഷേ പരിശ്രമികള്‍ക്ക് അത്ര പ്രയാസവുമല്ല എന്നതാണ് അനുഭവം. മനുഷ്യ മസ്തിഷ്കം എന്ന അത്ഭുതത്തിന് ഇത്രയും കാര്യങ്ങള്‍ വിരലുകളുമായി ബന്ധിപ്പിച്ച് ഓര്‍ത്തുവയ്ക്കുന്നതിന് അല്പം പരിശ്രമവും പരിശീലനവും മാത്രമതി - നാം കീബോര്‍ഡില്‍ നോക്കാതെ മിനിറ്റില്‍ 60 വാക്കുകള്‍ ടൈപ്പുചെയ്യുന്നതുപോലെ, ഒരു സംഗീതജ്ഞന് എല്ലാ സ്വരസ്ഥാനങ്ങളും ഒരു മ്യൂസിക്കല്‍ കീബോര്‍ഡില്‍ കൈതൊട്ടാലുടന്‍ കൈകളിലേക്കെത്തുന്നതുപോലെ, സൈക്കിള്‍ ബാലന്‍സുപോലെ സിമ്പിളായ ഒരു മെക്കാനിസം. ഇതിനെപ്പറ്റി വളരെ വിശദമായി പത്രപ്രവര്‍ത്തകനായ സെബിന്‍ ഏബ്രഹാം ജേക്കബ് ഇളംതിണ്ണ എന്ന തന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. ആ ലേഖനം അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇവിടെ കൊടുക്കുന്നു.“മലയാള അക്ഷരങ്ങള്‍ എഴുതിപ്പഠിക്കേണ്ടത് മലയാള അക്ഷരമാല ഉപയോഗിച്ചുതന്നെയല്ലേ? നാളെ ഒരുപക്ഷെ പേപ്പറും പേനയും ഉപയോഗിച്ചുള്ള എഴുത്ത് ഏതാണ്ട് പൂര്‍ണ്ണമായും തന്നെ കമ്പ്യൂട്ടര്‍ എയ്‌ഡഡ് ആയ എഴുത്തിലേക്ക് വഴിമാറിയേക്കാം. അങ്ങനെ വരുമ്പോള്‍ മലയാള അക്ഷരങ്ങള്‍ എഴുതാന്‍ ഇംഗ്ലീഷ് വര്‍ണ്ണമാല ഉപയോഗിക്കുന്നത് ദൂരവ്യാപകമായ ദോഷം ചെയ്യില്ലേ? മലയാളം മലയാളത്തിലെഴുതാന്‍
കഴിയില്ലെങ്കില്‍ പിന്നെയെന്തിനാണ് ഇങ്ങനെയൊരു അക്ഷരക്കൂട്ടം എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റപ്പെടുത്താന്‍ പറ്റുമോ? “
മലയാളം മലയാളത്തിലെഴുതാന്‍
സെബിന്‍ ഏബ്രഹാം ജേക്കബ്
മുയല്‍ക്കൊമ്പ് (Disclaimer):ചര്‍ച്ച ചെയ്താല്‍ തീരാത്ത ഒരു വിഷയമാണ് ഇക്കുറി. മുമ്പ് ഇതേവിഷയത്തില്‍ ഭൂലോകത്തും ബൂലോഗത്തും ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിട്ടുള്ളതാണ്. താത്പര്യമുള്ളവര്‍ക്ക് പഴയ പിന്മൊഴിക്കൂട്ടത്തിന്റെ സൂക്ഷിപ്പുപുരയില്‍ (archive) തപ്പി വിഷയം പൊടിതട്ടി എടുക്കാവുന്നതാണ്. ഇവിടെ ഞാന്‍ പിടിച്ച മുയലിന്റെ കൊമ്പാണ് പ്രദര്‍ശിപ്പിക്കുന്നത്. നിങ്ങള്‍ പിടിച്ച മുയലിന് കൊമ്പില്ലെങ്കില്‍ ഞാന്‍ നിസ്സഹായനാണ്.
ഇന്റര്‍നെറ്റില്‍ മലയാള ഭാഷയെ സാര്‍വ്വത്രികമാക്കുന്നതില്‍ വരമൊഴി എന്ന സോഫ്റ്റ്‌വെയര്‍ വഹിച്ച പങ്ക് സമാനതകള്‍ക്കപ്പുറത്താണ്. താരതമ്യേന പുതിയ ഭാഷയായിട്ടുകൂടി ഭാഷാമൌലികവാദം തൊട്ടുതീണ്ടിയിട്ടില്ലാത്ത ജനതയുടെ വായ്‌മൊഴിയെന്ന നിലയില്‍ മലയാളം അതിന്റെ ദ്രാവിഡവേരുകളറുത്തെറിഞ്ഞ് സ്വാഭാവികവും ശ്രവണസുഖദായിയുമായ സന്ധിനിയമങ്ങളുപേക്ഷിച്ച് ഇംഗ്ലീഷുമായി ചേര്‍ന്ന് ഒരു സങ്കരസ്വഭാവത്തിലേക്ക് കൂടുമാറിയിരുന്നു. ഇംഗ്ലീഷിന്റെയും മലയാളത്തിന്റെയും വാക്യഘടന ‘ഉള്‍ട്ടാ’ ആയിരിക്കുമ്പോഴും മലയാളികള്‍ സംസാരിക്കുന്ന ഓരോ വാചകത്തിലും മലയാള വാക്കുകളേക്കാള്‍ സമൃദ്ധമായി ആംഗലവാണി നിറയാന്‍ തുടങ്ങി. അങ്ങനെയുള്ള സമൂഹത്തിലേക്ക് കമ്പ്യൂട്ടറില്‍ മലയാളമെഴുതാനുള്ള സംവിധാനം അവതരിപ്പിക്കുമ്പോള്‍ അത് മംഗ്ലീഷ് രീതിതന്നെ ആവേണ്ടിയിരുന്നു. അല്ലാത്തപക്ഷം ഇന്നിപ്പോള്‍ കാണുന്ന ജനകീയത മലയാള മുദ്രണ സംവിധാനത്തെ തിരിഞ്ഞുനോക്കില്ലായിരുന്നു.ഇത്രയും പറഞ്ഞത് ‘വരമൊഴി’ മലയാളഭാഷയ്ക്ക് ചെയ്ത മഹത്തായ സേവനത്തെ വിലമതിക്കുന്നതുകൊണ്ടാണ്. വരമൊഴിക്കൊപ്പം തന്നെ ‘ഇളമൊഴി’, ടാവുല്‍സോഫ്റ്റ് കീമാന്‍, മൊഴി കീമാപ്പ്, തുടങ്ങിയ പില്‍ക്കാല സംവിധാനങ്ങളും ഇതേ കര്‍മ്മമനുഷ്ഠിച്ചു.
കമ്പ്യൂട്ടറുപയോഗിച്ചുള്ള മലയാളമെഴുത്തിന്റെ ചരിത്രത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്നുള്ളവര്‍ക്ക് ഇതേ ബ്ലോഗിലെ മലയാളം ജീവിക്കുന്നത് എന്ന പോസ്റ്റിന് വിശ്വപ്രഭയും സിബുവും മറ്റുമെഴുതിയ മറുമൊഴികള്‍ വായിക്കാം. ശോണിമയുടെ ബ്ലോഗില്‍ ഇതുസംബന്ധിച്ചു നടന്ന ചര്‍ച്ചയും പരിശോധിക്കാം.എന്നാല്‍ എന്റെ വിഷയം വേറെയാണ്. മലയാളമെഴുതാന്‍ എത്രനാള്‍ നമ്മള്‍ ഗോസായിയുടെ വര്‍ണ്ണമാല ഉപയോഗിക്കണം? മലയാളത്തിന് ഒരക്ഷരമാല നിലവിലുണ്ടല്ലോ. എന്തുകൊണ്ട് ബൈലിങ്വല്‍ കീബോര്‍ഡുകളില്‍ അതുപയോഗിച്ചുകൂടാ? ക എന്ന് തെളിയാന്‍ ‘ക’ എന്ന കട്ട ഞെക്കുന്നതിന് പകരം നാമെന്തിന് ka എന്ന് ടൈപ്പുചെയ്ത് ക എന്ന് ഉപകരണസഹായത്തോടെ ട്രാന്‍സ്ലിറ്ററേറ്റ് ചെയ്യണം? കാ എന്നെഴുതാന്‍ ക എഴുതി ദീര്‍ഘമിടുന്നതിന് പകരം എന്തിന് വെറുതെ kaa എന്നോ kA എന്നോ എഴുതണം?പറയുന്നതുപോലെ ലളിതമല്ല, കാര്യങ്ങള്‍. ബിലാത്തി മലയാളം പൂര്‍ണ്ണമായും ഉപേക്ഷിച്ച് രക്തശുദ്ധി വരുത്തണം എന്ന നിയോനാസി നിര്‍ബന്ധമല്ല, ഞാന്‍ മുന്നോട്ടുവയ്ക്കുന്നത്. പഴയമട്ടില്‍ മംഗ്ലീഷ് എഴുതി ശീലിച്ചവര്‍ക്ക് പെട്ടെന്നൊരു സുപ്രഭാതത്തില്‍ അതുമാറ്റാന്‍ പ്രയാസമായിരിക്കും. അവരതെല്ലാം ഉപേക്ഷിച്ചിട്ട് മറ്റേതെങ്കിലും സങ്കേതം സ്വീകരിക്കണമെന്ന് പറയാന്‍ ഞാനാളല്ല. എങ്കിലും dwandhayudham, thiruththikkoDukkuka, karyangngaL, aLamuttiyaal, allalillaathe, praznam uLLa vaaKKukaL എന്നിങ്ങനെയൊക്കെ എഴുതേണ്ടിവരുമ്പോള്‍ എത്ര കീ സ്‌ട്രോക്കുകളാണ് വെറുതെ പാഴാക്കുന്നത് ?
ഇതേവാക്കുകള്‍ നേരിട്ട് മലയാളത്തില്‍ തന്നെ എഴുതാന്‍ സാധിച്ചാലോ? എത്ര എളുപ്പമാകും കാര്യങ്ങള്‍? കൂട്ടക്ഷരങ്ങള്‍ ഒറ്റ കീ സ്ട്രോക്കില്‍ തന്നെ വാര്‍ന്നുവീണെങ്കില്‍ എത്ര രസമായിരുന്നു.ഹേ, എന്താണ് മിസ്റ്റര്‍ നിങ്ങളീ പറയുന്നത് ? 53 അക്ഷരങ്ങള്‍ മാത്രമുള്ള ഇംഗ്ലീഷ് ആല്‍ഫബെറ്റ് കീബോര്‍ഡില്‍ ഉള്‍ക്കൊള്ളിക്കുന്നതുപോലെ അനായാസമായി ഓരോ അക്ഷരത്തിനും ഓരോ കട്ടകള്‍ നല്‍കി മലയാളമെഴുതാനൊക്കുമോ? ന്യായമായ ചോദ്യം. എന്നാല്‍ ഷിഫ്റ്റ്, ആള്‍ട്ട് തുടങ്ങിയ കണ്‍ട്രോള്‍ കീകളുടെ സഹായത്തോടെ സുഖമമായി ഇത് ചെയ്യാനാകുമെന്നതാണ് വാസ്തവം. അങ്ങനെ ചെയ്തിട്ടുമുണ്ട്.
പെട്ടെന്നൊരുദിവസം വെളിപാടുമായി വരുന്നതിന്റെ സാംഗത്യമെന്തെന്ന് ചോദ്യമുയരാം. ആദര്‍ശിന്റെ ബ്ലോഗില്‍ യൂണിക്കോഡിനെപ്പറ്റി വന്ന പോസ്റ്റില്‍ കണ്ട ഒരു കമന്റാണ്, ഇക്കാര്യങ്ങള്‍ കുറിച്ചിടേണ്ടതാണ് എന്ന തോന്നലുണ്ടാക്കിയത്. അതില്‍ ബിനു പരവൂര്‍ ഇങ്ങനെ ചോദിക്കുന്നു:ഈ യൂണികോഡ് ഉപയോഗിച്ച് മങ്ഗ്ലീഷില്‍ മാത്രമേ ടൈപ്പ് ചെയ്യാന്‍ പറ്റുകയുള്ളോ? ഇവിടെ മലയാളം typewriting പഠിച്ചവര്‍ക്ക് യാതൊന്നും അതിലൂടെ നടത്താന്‍ കഴിയില്ലല്ലോ... മങ്ഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ വേഗത്തില്‍ മലയാളം typewriting ലൂടെ ടൈപ്പ് ചെയ്യാന്‍ കഴിയും. ഇങ്ങനെ മലയാളം typewriting keyboard ലൂടെ യുണികോഡ് ഉപയോഗപ്പെടുത്തി ടൈപ്പ് ചെയ്യാന്‍ കഴിയുന്ന ഏതെങ്കിലും software ഉള്ളതായി അറിവുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ ലിങ്ക് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..
ഈ ചോദ്യം വരാന്‍ തന്നെ കാരണം, മംഗ്ലീഷ് ഉപയോഗിച്ച് മലയാളം എഴുതുന്ന രീതിക്ക് മലയാളം യൂണിക്കോഡ് മുദ്രണ സംവിധാനത്തിന്റെ പ്രചാരകര്‍ നല്‍കിയ അമിതപ്രാധാന്യം മൂലം മറ്റ് സങ്കേതങ്ങള്‍ നിലവിലുണ്ട് എന്ന ധാരണ തന്നെ നഷ്ടപ്പെട്ടതാണ്. ഉദാഹരണത്തിന് പുതുതായി ബ്ലോഗുചെയ്യാന്‍ തുടങ്ങുന്നവര്‍ക്കുള്ള വിക്കിയ സഹായത്താളില്‍ എങ്ങനെ മലയാളമെഴുതാം എന്ന് വിശദീകരിച്ചിരിക്കുന്നതു നോക്കൂ.ഇത് സമയമെടുത്ത് ശ്രദ്ധയോടെ അവിടെ എഴുതിയിട്ടയാളെ തീര്‍ച്ചയായും ബഹുമാനിക്കണം. കാരണം, അങ്ങനെ ചെയ്യാന്‍ ആരും അയാള്‍ക്ക് ശമ്പളം കൊടുക്കുന്നില്ല. നേരത്തെ പറഞ്ഞതുപോലെ ഇത്രയധികം പേര്‍ ഇന്ന് കണിപ്പൊരി മലയാളം ഉപയോഗിക്കുന്നതിന് നന്ദി പറയേണ്ടത് ഇവരെയൊക്കെ തന്നെയാണ്. തന്നെയുമല്ല, ഇതു വരമൊഴിയെ പരിചയപ്പെടുത്താനുദ്ദേശിച്ചുള്ള പേജാണ്. എന്നിരുന്നാലും മലയാളമെഴുതാന്‍ മറ്റുമാര്‍ഗ്ഗങ്ങളുമുണ്ട് എന്ന് മനസ്സിലാക്കാന്‍ ഇതുകൊണ്ട് കഴിയില്ല എന്നൊരു ന്യൂനത ഇതിന് തീര്‍ച്ചയായും ഉണ്ട്.
വിക്കിയില്‍ ഇത് നേരാംവണ്ണം ലോഗിന്‍ ചെയ്ത ശേഷം ആര്‍ക്കും തിരുത്താവുന്ന വിവരമാണ് എന്ന വസ്തുത നിലനില്‍ക്കുന്നു. എന്നാല്‍ നാളിതുവരെയായിട്ടും ഈ വാചകമടിക്കുന്ന ഞാനുള്‍പ്പടെ ആരും അതിനു് മുതിര്‍ന്നിട്ടില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് എഴുതേണ്ടിവന്നതും.(ഈ ലേഖനം പ്രസിദ്ധീകരിച്ച സമയത്തുള്ള വിക്കിയ സഹായത്താളാണ് ഇവിടെ പരാമര്‍ശിച്ചിരുന്നത്. പ്രസ്തുത താളില്‍ പിന്നീട് ആവശ്യമായ തിരുത്തലുകള്‍ നടത്തിയിട്ടുണ്ടു് : ലേഖകന്‍ )
ഇനി പരാമര്‍ശിതമായ സംശയത്തിലേക്കു് പോകാം. മലയാളം ടൈപ്പ് റൈറ്റിംഗ് പഠിച്ചവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന കീബോര്‍ഡ് നിലവിലുണ്ടോ എന്നതാണാ ചോദ്യം. ഇതിന് ഏതുകമ്പനിയുടെ മെഷീന്‍ ഉപയോഗിച്ചാണ് മലയാളം ടൈപ്പ് ചെയ്യാന്‍ പഠിച്ചത് എന്ന മറുചോദ്യം വരും. മലയാളത്തിന് മാനകമായ ഒരു ടൈപ്പ്‌റൈറ്റിംഗ് കീബോര്‍ഡ് ഇല്ലായിരുന്നു. റെമിങ്ടണ്‍, വെരിറ്റൈപ്പര്‍ എന്നീ കമ്പനികളിറക്കിയ വ്യത്യസ്തമായ കീബോര്‍ഡുകളാണ് പ്രചാരത്തില്‍ മുമ്പിലുണ്ടായിരുന്നത്. മറ്റ് കീബോര്‍ഡുകളും ഉണ്ടായിരുന്നെങ്കിലും ഇത്രത്തോളം ഉപയോഗത്തിലിരുന്നിട്ടില്ല. എന്നാല്‍ അതുപയോഗിക്കുമ്പോള്‍ റ്റ എന്നെഴുതുന്നത് റ്‌റ എന്നാവും. കപ്പപ്പുഴുക്കു് എന്നെഴുതേണ്ടിടത്ത് കപ്‌പപ്‌പുഴുക്‌കു് എന്നാവും പ്രിന്റ് ചെയ്യുക. അക്ഷരാര്‍ത്ഥത്തില്‍ അസംബന്ധമലയാളം!
ഇതിനൊരറുതി വന്നത് കമ്പ്യൂട്ടറുകളുടെ വരവോടെയാണ്. പത്രമോഫീസുകളില്‍ ആദ്യം ഫോട്ടോ കമ്പോസിംഗ് മെഷീന്‍ വന്നു. തൊട്ടുപിറകെ ഡി.ടി.പി.യും ഓഫ്‌സെറ്റ് അച്ചടിയും വന്നു. ഇന്ത്യയിലെ പ്രധാനഭാഷകള്‍ക്കെല്ലാം പൊതുവായുപയോഗിക്കാവുന്ന ലിപിവിന്യാസം സി-ഡാക് വികസിപ്പിച്ചെടുത്തു. ദേവനാഗരിയാണ് ഇതിന് അടിസ്ഥാനമായി ഉപയോഗിച്ചത്. പുരാതനമായ ബ്രഹ്മി സ്ക്രിപ്റ്റില്‍ നിന്ന് വികസിച്ചുവന്നവയാണ് ഭാരതത്തിലെ ൨൨ അംഗീകൃത ഭാഷകളിലുപയോഗിക്കുന്ന ൧൦ തരം സ്ക്രിപ്റ്റുകള്‍. അതുകൊണ്ടുതന്നെ ഇന്‍ഡിക് ഭാഷകള്‍ക്കെല്ലാം ഇന്‍സ്ക്രിപ്റ്റ് എന്ന ഈ രീതി പൊതുവായി ഉപയോഗിക്കാനാവുന്നതായിരുന്നു.മലയാളമടക്കം എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഇന്‍സ്ക്രിപ്റ്റ് രീതി അനുസരിച്ച് ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന വേറെയും യൂട്ടിലിറ്റി സോഫ്റ്റ്‌വെയറുകള്‍ വികസിച്ചുവന്നു. പല കമ്പനികളും തങ്ങളുടെ സ്വന്തം ലിപിവിന്യാസമടങ്ങുന്ന കീബോര്‍ഡുകളോടൊപ്പം ഇന്‍സ്ക്രിപ്റ്റ് അധിഷ്ഠിത കീബോര്‍ഡുകളും നല്‍കി.
ഇതിന് ഏറ്റവും നല്ല ഉദാഹരണം സൂപ്പര്‍സോഫ്റ്റ് തൂലികയാവും. റെമിങ്ടണ്‍, വെരിറ്റൈപ്പര്‍, ഫണറ്റിക്‍, സ്ക്രിപ്റ്റ്, വെരിറ്റൈപ്പര്‍ ഫണറ്റിക്‍ എന്നിങ്ങനെ അഞ്ചുതരം കീബോര്‍ഡ് ലേഔട്ടുകളുപയോഗിച്ച് ടൈപ്പ് ചെയ്യാനുള്ള സൌകര്യം തൂലിക ഉപഭോക്താക്കള്‍ക്ക് നല്‍കി. തൂലികയുടെ ഫണറ്റിക്‍ കീബോര്‍ഡ് സി-ഡാകിന്റെ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിനോട് ഏറെക്കുറെ സമാനമാണ്. മൂന്നോ നാലോ അക്ഷരസ്ഥാനങ്ങള്‍ മാത്രമേ വ്യത്യാസമുള്ളൂ. വെരിറ്റൈപ്പര്‍ ഫണറ്റിക്‍ ആവട്ടെ, സൂപ്പര്‍സോഫ്റ്റിന്റെ പ്രൊപ്രൈറ്ററി കീബോര്‍ഡ് ആണ്. വെരിറ്റൈപ്പറിന്റെയും ഇന്‍സ്ക്രിപ്റ്റിന്റെയും സങ്കരമായ ഈ കീബോര്‍ഡ് ഉപയോഗിച്ചാല്‍ വലിയ വേഗത ലഭിക്കുമെന്ന് അത് ശീലിച്ചവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെ അപേക്ഷിച്ച് ഇന്‍സ്ക്രിപ്റ്റ് ശീലിക്കുന്നതിന്റെ മെച്ചം, ഫോണ്ട് ഉള്ള പക്ഷം മറ്റ് ഇന്ത്യന്‍ ഭാഷകളിലും ടൈപ്പ് ചെയ്യാനാവും എന്നതുതന്നെ. അതായത് തമിഴടിക്കാനും തെലുങ്കടിക്കാനും ഹിന്ദിയടിക്കാനും ബംഗാളിയടിക്കാനുമൊന്നും വേറെവേറെ കീബോര്‍ഡുകള്‍ പഠിക്കേണ്ടതില്ലെന്നര്‍ത്ഥം. തന്നെയുല്ല, പലയിടങ്ങളില്‍ കമ്പ്യൂട്ടറുപയോഗിക്കയും അവിടങ്ങളിലൊക്കെ പല സോഫ്റ്റ്‌വെയര്‍ വെന്‍ഡര്‍മാര്‍ വികസിപ്പിച്ച വേറെ വേറെ സങ്കേതങ്ങളുപയോഗിച്ച് മലയാളം / മറ്റ് ഇന്ത്യന്‍ ഭാഷകള്‍ ടൈപ്പ് ചെയ്യേണ്ടിവരികയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും പൊതുവായി നല്‍കുന്ന ഒരു കീബോര്‍ഡ് ലേഔട്ട് എന്ന നിലയില്‍ ഇന്‍സ്ക്രിപ്റ്റിന് മേല്‍ക്കൈയുണ്ടാവുക സ്വാഭാവികം.
എന്നാല്‍ ഇന്‍സ്ക്രിപ്റ്റിനും പരിമിതികളുണ്ടായിരുന്നു. മറ്റ് ഇന്ത്യന്‍ ഭാഷകള്‍ക്കില്ലാത്ത ചില കൂട്ടിച്ചേര്‍പ്പുകള്‍ മലയാളത്തിനുണ്ട്. മീത്തല്‍, ചന്ദ്രക്കല, ചില്ല്, സംവൃതോകാരം, ചിലചില കൂട്ടക്ഷരങ്ങള്‍ തുടങ്ങിയവ മലയാളത്തിന്റെ പ്രത്യേകതകളാണ്. സംസ്കൃതശ്ലോകങ്ങള്‍ മലയാളത്തിലെഴുതുമ്പോള്‍ പ്രശ്ലേഷം പോലുള്ള ചിഹ്നങ്ങളും ഉപയോഗിക്കേണ്ടതായി വരുന്നു. അതുകൂടി മുന്നില്‍കണ്ട് അവയ്ക്കുകൂടി സ്ഥാനംകല്‍പ്പിച്ചുകൊണ്ടുള്ള വിപുലീകൃത ലിപിവിന്യാസം ലഭ്യമാക്കാന്‍ പക്ഷെ സി-ഡാക് കൂട്ടാക്കിയില്ല. ഭാഷാപോഷണത്തിന് പകരം ഈ സര്‍ക്കാര്‍ സ്ഥാപനം വാണിജ്യ പ്രോജക്‌ടുകളിലേയ്ക്ക് ശ്രദ്ധ തിരിച്ചു. വേറെ നിവൃത്തിയില്ലാത്തതിനാല്‍ പത്രമോഫീസുകളിലെ പേനയുന്തുകാരും സ്വകാര്യ ഡിടിപി സ്ഥാപനങ്ങളിലെ ജോലിക്കാരും മാത്രം ഇന്‍സ്ക്രിപ്റ്റ് പഠിച്ച് മലയാളമെഴുതാന്‍ തുടങ്ങി.ISCII (Indian script code for information interchange) / ASCII (American Standard code for information interchange) അടിസ്ഥാനമാക്കിയുള്ള ഫോണ്ടുകള്‍ കോംപ്ലക്സ് സ്ക്രിപ്റ്റുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഫോണ്ട് ഹൈജാക്കിംഗ് നടത്തിയിരുന്നിടത്ത് യൂണിക്കോഡ് വന്നപ്പോള്‍ എല്ലാ ഭാഷകളിലെയും മുഴുവന്‍ അക്ഷരങ്ങള്‍ക്കും ശരിയായ ഇരിപ്പിടം കിട്ടി. ഇതിന്റെ പ്രധാനപ്പെട്ട ഗുണം, മുമ്പ് ഒരു ഫോണ്ടിലെഴുതുന്നത് അതേ ഫോണ്ടില്ലാത്ത കമ്പ്യൂട്ടറില്‍ വായിക്കാന്‍ പറ്റാഞ്ഞ സാഹചര്യം മാറിയിട്ട് എതെങ്കിലും ഒരു യൂണിക്കോഡ് ഫോണ്ടു് സിസ്റ്റത്തില്‍ ഉള്ളപക്ഷം അതുവായിക്കാനാവുന്ന അവസ്ഥ വന്നു എന്നതാണ്. കൂടാതെ പ്രാദേശിക ഭാഷയില്‍ തിരച്ചില്‍ (search) സൌകര്യവും നിലവില്‍ വന്നു.ഇതോടുകൂടി കണിപ്പൊരി (computer) ഉപയോഗിക്കുന്നവര്‍ക്ക് ഇതിനോടകം വ്യാപകമായ ഇണയത്തിന്റെ (internet) സഹായത്തോടെ പ്രാദേശിക ഭാഷയില്‍ തന്നെ കൊച്ചുവര്‍ത്തമാനം പറയാമെന്നും (chatting) മിന്നഞ്ചയക്കാമെന്നും (e-mail) വന്നു. (ഇതൊക്കെയും തമിഴ് വാക്കുക്കളാണേ) ഇതൊക്കെ ചെയ്യുന്നതിന് ഫോണ്ടുകളും യൂട്ടിലിറ്റി സോഫ്റ്റ്‌വെയറുകളും ആവശ്യമായി വന്നു. പലര്‍ ചേര്‍ന്ന് അവയൊക്കെ വികസിപ്പിച്ചു.
അപ്പോഴത്തെ പ്രധാന പ്രശ്നം ഇന്‍സ്ക്രിപ്റ്റ് വശമില്ലാത്തവര്‍ക്ക് എങ്ങനെ മലയാളം ടൈപ്പ് ചെയ്യാനാവും എന്നതായിരുന്നു. അതിനുള്ള ഉത്തരം കൂടിയായിരുന്നു വരമൊഴിയും അനുബന്ധ സോഫ്റ്റ്‌വെയറുകളും.ലോജിക്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റലിജന്റ് കീബോര്‍ഡിന്റെ ആദ്യപഥികനായിരുന്നു വരമൊഴിയെന്ന് വിശേഷിപ്പിക്കാം. ഗൂഗിളിന്റെ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍ സ്കീമില്‍ വരമൊഴിയേക്കാള്‍ അനായാസമായി ഇന്ന് ഇംഗ്ലീഷ് ആല്‍ഫബെറ്റ് ഉപയോഗിച്ച് മലയാളമെഴുതാമെന്ന് വന്നിട്ടുണ്ട്. പഠിക്കാന്‍ വളരെ എളുപ്പമാണെന്നുള്ളത് ഇതിന്റെ പ്രയോജനപരത വര്‍ദ്ധിപ്പിക്കുന്നു. ചുരുക്കത്തില്‍ സൌകര്യപ്രദമായ ഒരു രീതി, വളരെ ബുദ്ധിമുട്ടൊന്നുംകൂടാതെ സ്വായത്തമാക്കാനാവുന്ന ഒരു കുറുക്കുവിദ്യ, അതാണ് വരമൊഴിയെ ഇത്രമേല്‍ ജനകീയമാക്കിയത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ചോദ്യം പിന്നെയും വരുന്നു. മലയാള അക്ഷരങ്ങള്‍ എഴുതിപ്പഠിക്കേണ്ടത് മലയാള അക്ഷരമാല ഉപയോഗിച്ചുതന്നെയല്ലേ? നാളെ ഒരുപക്ഷെ പേപ്പറും പേനയും ഉപയോഗിച്ചുള്ള എഴുത്ത് ഏതാണ്ട് പൂര്‍ണ്ണമായും തന്നെ കമ്പ്യൂട്ടര്‍ എയ്‌ഡഡ് ആയ എഴുത്തിലേക്ക് വഴിമാറിയേക്കാം. (ഞാന്‍ തന്നെ പെട്ടെന്ന് എന്തെങ്കിലും കുറിച്ചെടുക്കേണ്ടിവരുമ്പോള്‍ മാത്രമാണ് പേനയും പേപ്പറും ഉപയോഗിക്കുന്നത്. അല്ലാതുള്ള എഴുത്തെല്ലാം ഇംഗ്ലീഷായാലും മലയാളമായാലും കമ്പ്യൂട്ടറില്‍ തന്നെ. റഫ് വര്‍ക്‍ പോലും പേപ്പറില്‍ ചെയ്യാറില്ല.) അങ്ങനെ വരുമ്പോള്‍ മലയാള അക്ഷരങ്ങള്‍ എഴുതാന്‍ ഇംഗ്ലീഷ് വര്‍ണ്ണമാല ഉപയോഗിക്കുന്നത് ദൂരവ്യാപകമായ ദോഷം ചെയ്യില്ലേ? മലയാളം മലയാളത്തിലെഴുതാന്‍ കഴിയില്ലെങ്കില്‍ പിന്നെയെന്തിനാണ് ഇങ്ങനെയൊരു അക്ഷരക്കൂട്ടം എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റപ്പെടുത്താന്‍ പറ്റുമോ? എങ്കില്‍ പിന്നെ നേരിട്ട് ഇംഗ്ലീഷ് തന്നെ ഉപയോഗിച്ചാല്‍ പോരെ?ഈ ചോദ്യങ്ങള്‍ ഞാന്‍ പലരോടും ചോദിച്ചു. പല മറുപടികള്‍ കിട്ടി. താത്കാലികമായ പ്രായോഗികതയില്‍ മാത്രം ഊന്നിക്കൊണ്ടുള്ള മറുവാദങ്ങളായിരുന്നു ഉത്തരമായി ലഭിച്ചത്. മലപ്പുറത്ത് അക്ഷയ പദ്ധതിയുടെ ഭാഗമായി വൃദ്ധരെ കമ്പ്യൂട്ടിംഗ് പഠിപ്പിച്ചപ്പോള്‍ അവരെ ആദ്യം ഇന്‍സ്ക്രിപ്റ്റ് രീതി ശീലിപ്പിക്കാന്‍ ശ്രമിച്ചതായും, അയ്യോ, ഇതൊന്നും പറ്റില്ലേ എന്നു പറഞ്ഞ് അവര്‍ ഒഴിഞ്ഞപ്പോള്‍ വരമൊഴി പരിശീലിപ്പിച്ചതായും, അവരത് പെട്ടെന്ന് പഠിച്ചെടുത്തതായുമായിരുന്നു ഒരു ഉദാഹരണം. മറ്റൊന്ന് കനവിലെ കൂട്ടുകാരെ മലയാളം ടൈപ്പ് ചെയ്യാന്‍ പഠിപ്പിച്ച അനുഭവകഥയായിരുന്നു. ഇവിടെയൊക്കെ തുടക്കത്തിലുള്ള എളുപ്പം മാത്രമായിരുന്നു, മാനദണ്ഡം.
ഇതുപറയുമ്പോള്‍ ഇത്രകൂടി പറയേണ്ടിവരും. ഇംഗ്ലീഷ് ആല്‍ഫബെറ്റ് പഠിക്കാന്‍ താരതമ്യേന എളുപ്പമാണ്. A മുതല്‍ Z വരെയുള്ള ലെറ്റേഴ്‌സ് ഒരു തെറ്റും വരുത്താതെ പുഷ്പംപോലെ നാമെഴുതും. എന്നാല്‍ മലയാളം അക്ഷരമാല പൂര്‍ണ്ണമായും എഴുതാന്‍ അറിയാത്ത എത്രയോ മലയാളികള്‍ കാണും. സംശയം തീര്‍ക്കാന്‍ ഇതുവായിക്കുന്ന ഓരോരുത്തര്‍ക്കും ഒരു പേപ്പറും പേനയുമെടുത്ത് അതൊന്ന് എഴുതിനോക്കാവുന്നതാണ്. 98% പേരും പരാജയപ്പെടാനാണ് സാധ്യത. (ഞാനുള്‍പ്പടെ!) എന്നുവച്ച് നമ്മള്‍ പള്ളിക്കൂടങ്ങളില്‍ മലയാള അക്ഷരങ്ങള്‍ പഠിപ്പിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തി പകരം ഇംഗ്ലീഷ് വര്‍ണ്ണമാല മാത്രമേ പഠിപ്പിക്കുന്നുള്ളോ?കാലങ്ങളായി ഇംഗ്ലീഷ് കീബോര്‍ഡുമായി പരിചയമുള്ള ഒരു കമ്പ്യൂട്ടര്‍ ഉപഭോക്താവിന് qwerty layout അനായാസമാകും. ഓരോ ലെറ്ററും ഏതേതൊക്കെ സ്ഥാനങ്ങളിലാണെന്ന് വിരലുകള്‍ക്ക് നല്ല തിട്ടമാകും. അതായത്, നാഢീവ്യൂഹം വഴി തലച്ചോര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിരലങ്ങനെ ഒഴുകിനടക്കും. ആദ്യമായി ഇത് കൈയില്‍ കിട്ടിയപ്പോള്‍ പക്ഷെ അത്രയെളുപ്പമായിരുന്നോ? അല്ല. അപ്പോള്‍ ഇടത്തെ ചൂണ്ടുവിരല്‍ Fലും വലത്തെ ചൂണ്ടൂവിരല്‍ Jയിലും ഇടത്തെ ചെറുവിരല്‍ Aയിലും വലത്തെ ചെറുവിരല്‍ semicolon –ലും വച്ച് കുറഞ്ഞത് ഒരാഴ്ചയെങ്കിലും മെനക്കെട്ടിട്ടാവണമല്ലോ ഈ സ്ഥാനങ്ങള്‍ മനസ്സിലാക്കിയെടുത്തത്. (ഞാന്‍ ടൈപ്പ് റൈറ്റിംഗ് പഠിച്ചിട്ടില്ല. പക്ഷെ ബ്രെയിലി ഉപയോഗിക്കുന്നവര്‍ക്കായി എല്ലാ കീബോര്‍ഡിലും F, J എന്നീ അക്ഷരങ്ങളില്‍ ഒരു തടിപ്പുണ്ടെന്നും ഇവിടെയാണ് ചൂണ്ടുവിരലുകള്‍ വിശ്രമിക്കേണ്ടതെന്നും ഉള്ള അടിസ്ഥാന വിവരം എനിക്കുണ്ടായിരുന്നു. അതു് പൊതുധാരണയാണു് എന്ന വിചാരത്തിലാണു് ഇതെഴുതുന്നതു്.)
ഇംഗ്ലീഷ് അക്ഷരസ്ഥാനങ്ങള്‍ സ്വായത്തമാക്കിയതുപോലെ അല്‍പ്പം മെനക്കെട്ടാല്‍ സ്വായത്തമാക്കാവുന്നതേയുള്ളൂ, ഇന്‍സ്ക്രിപ്റ്റ് രീതിയിലുള്ള മലയാള അക്ഷരസ്ഥാനങ്ങളും. ഇങ്ങനെ ഒരാഴ്ച കഷ്ടപ്പെടാനുള്ള മടിയാണ്, ഈ രീതി പഠിക്കുന്നതില്‍ നിന്ന് നമ്മളെ അകറ്റി നിര്‍ത്തുന്നത്. ഇന്‍സ്ക്രിപ്റ്റില്‍ അക്ഷരവിന്യാസത്തിന് ഒരു സീക്വന്‍സ് ഉണ്ട്. വിരലുകള്‍ മുകളിലേക്കും താഴേക്കും ചലിപ്പിച്ച് വളരെ പെട്ടെന്ന് ഈ സീക്വന്‍സ് മനസ്സിലാക്കിയെടുക്കാനാവും. തീര്‍ത്തും ലളിതമായ ഒരു താളാത്മക വിന്യാസമാണത്. കീബോര്‍ഡ് ലേഔട്ടിന്റെ ചിത്രം നോക്കി സംശയമുള്ള സ്ഥാനങ്ങള്‍ എവിടെയാണെന്ന് ഉറപ്പിക്കാമെങ്കിലും, കുറേക്കൂടി നല്ല മാര്‍ഗ്ഗം, Trial & Error –ലൂടെ ഈ സ്ഥാനങ്ങള്‍ കണ്ടെത്തുന്നതാവും. കാരണം, നമ്മുടെ കമ്പ്യൂട്ടറിനൊപ്പമുള്ള കീബോര്‍ഡില്‍ മലയാള അക്ഷരങ്ങള്‍ എഴുതിയിട്ടില്ല. അവിടെ എഴുതിഒട്ടിക്കാന്‍ പോയാല്‍ കീബോര്‍ഡ് വൃത്തികേടാകും. അതിന്റെ ആവശ്യവുമില്ല.പുതുതായി മലയാളമെഴുതാന്‍ പഠിക്കുന്ന ഒരാളെ സംബന്ധിച്ച് മംഗ്ലീഷ് കീബോര്‍ഡ് പഠിക്കുന്നതിലും നന്ന് ഇന്‍സ്ക്രിപ്റ്റ് ശീലിക്കുകയാണെന്ന് ഞാന്‍ പറയും.
ഇത് പറയുന്നത് പലതരം കീബോര്‍ഡുകള്‍ ഉപയോഗിച്ച് പരിക്ഷിച്ചയാളെന്ന നിലയിലാണ്. ഞാന്‍ മംഗ്ലീഷിലും ഇന്‍സ്ക്രിപ്റ്റിലും മിന്‍സ്ക്രിപ്റ്റിലും മറ്റുപല ലേഔട്ടുകളിലും മലയാളം എഴുതിയിട്ടുണ്ട്. ആസ്കി ഫോണ്ടുകള്‍ മാത്രം ലഭ്യമായിരുന്ന കാലത്തും ജോലിയുടെ ഭാഗമായി എനിക്ക് മലയാളം കീബോര്‍ഡുകള്‍ ഉപയോഗിക്കേണ്ടിയിരുന്നു. കുറെക്കാലം സെറിഫെഡില്‍ പബ്ലിക് റിലേഷന്‍സ് ജോലി നോക്കിയ സമയത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ മാത്രമുള്ള തോംസണ്‍സ് എന്ന ഒരു കമ്പനിയുടെ സോഫ്റ്റ്‌വെയറായിരുന്നു ഉപയോഗിച്ചിരുന്നത്. യൂസ്‌ലെസ് എന്ന് എനിക്കതിനെ വിളിക്കാന്‍ തോന്നിയിട്ടുണ്ട്. അതിനു മുമ്പ് സി-ഡാകിന്റെ കീബോര്‍ഡ് ഉപയോഗിച്ചിട്ടുണ്ട്. പിന്നീട് തൂലിക ഉപയോഗിച്ചിട്ടുണ്ടു്. അതിനും ശേഷം വരമൊഴി ഉപയോഗിച്ചിട്ടുണ്ട്. ഒടുവില്‍ മിന്‍സ്ക്രിപ്റ്റും ഉപയോഗിച്ചിട്ടുണ്ട്. ഓരോ തവണയും ഓരോപുതിയ കീബോര്‍ഡ് ഉപയോഗിച്ച് തുടങ്ങുമ്പോള്‍ പെട്ടെന്ന് ഒരു കണ്‍ഫ്യൂഷനൊക്കെ ഉണ്ടാകും. രണ്ടോ മൂന്നോ ദിവസംകൊണ്ട് അതൊക്കെ മാറി പുതിയ ലിപിവിന്യാസവുമായി പൊരുത്തപ്പെടും.
ഇന്‍സ്ക്രിപ്റ്റിന് ചില പോരായ്മകളുണ്ടെന്ന് ഞാന്‍ മുമ്പ് പറഞ്ഞല്ലോ. ഇന്‍സ്ക്രിപ്റ്റ് ബേസില്‍ ആ പോരായ്മകള്‍ ഒരുപരിധിവരെ പരിഹരിച്ചുകൊണ്ട് ഇറങ്ങിയ കീബോര്‍ഡാണ് മിന്‍സ്ക്രിപ്റ്റ്. ടാവുല്‍സോഫ്റ്റ് കീമാന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഏതു സിസ്റ്റത്തിലും രചന അക്ഷരവേദിയുടെ മിന്‍സ്ക്രിപ്റ്റ് കൂടി ഇന്‍സ്റ്റാള്‍ ചെയ്യാം. അപ്പോള്‍ പിന്നെ ഏതു പ്രോഗ്രാമിലും നേരിട്ട് മലയാളം ടൈപ്പ് ചെയ്യാം. സംവൃതോകാരത്തിനും* ല്‍, ള്‍, ര്‍, ണ്‍ എന്നീ ചില്ലുകള്‍ക്കും ക്ക, ങ്ങ, ത്ത തുടങ്ങിയ ചില കൂട്ടക്ഷരങ്ങള്‍ക്കും കൃത്യമായ സ്ഥാനങ്ങള്‍ മിന്‍സ്ക്രിപ്റ്റില്‍ നല്‍കിയിട്ടുണ്ട്. ഇന്‍സ്ക്രിപ്റ്റില്‍ നിന്ന് വിഭിന്നമായി ചില അക്ഷരങ്ങള്‍ സ്ഥാനം മാറ്റിയിട്ടിട്ടുണ്ട്. എന്നാല്‍ പ്രോഗ്രാമിനൊപ്പം നല്ല ഡോക്യൂമെന്റേഷന്‍ ലഭിക്കാത്തത് മിന്‍സ്ക്രിപ്റ്റിന്റെ അകാലചരമത്തിന് ഇടയാക്കിയെന്ന് വേണം അനുമാനിക്കാന്‍. ഉദാഹരണത്തിന് ക്‍ എന്ന ചില്ലിന്റെ സ്ഥാനം, zwj, zwnj, non joiner ചന്ദ്രക്കല തുടങ്ങിയവ മിന്‍സ്ക്രിപ്റ്റില്‍ എവിടെയാണ് മാപ്പ് ചെയ്തിരിക്കുന്നതെന്ന് ഏറെക്കാലം അതുപയോഗിച്ചിട്ടും, എനിക്ക് മനസ്സിലാക്കി എടുക്കാനായില്ല. ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാല്‍, അതുപയോഗിക്കുന്നവരെ കണ്ടുകിട്ടാന്‍ തന്നെ പ്രയാസം. (*സംവൃതോകാരം ഇപ്പോള്‍ ആരും അത്രയ്ക്കങ്ങ് ഉപയോഗിക്കുന്നില്ല എന്നത് വേറെ കാര്യം. എന്നിരിക്കലും, മിക്ക വാക്കുകളും ചന്ദ്രക്കലയിട്ട് നിര്‍ത്തുമ്പോള്‍ കിട്ടുന്ന ഉച്ചാരണം ചില്ലിന്റെ സ്വഭാവമുള്ളതാവും. സ്വാഭാവിക മലയാള ഉച്ചാരണം സംവൃതോകാരം ഉപയോഗിക്കുമ്പോഴാണ് എഴുത്തില്‍ പ്രകടമാകുക. കുടിപ്പള്ളിക്കൂടത്തില്‍ മലയാളമെഴുതാന്‍ പഠിച്ചവര്‍ക്കെങ്കിലും ഇത് മനസ്സിലാവുമല്ലോ. ഉച്ചരിക്കുന്നതുപോലെ എഴുതുന്ന ഭാഷയാണല്ലോ, മലയാളം)
പിന്നീട് ഞാനുപയോഗിച്ചത് സി-ഡിറ്റ് സൌജന്യമായി വിതരണം ചെയ്യുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറായ നിളയും കാവേരിയുമാണ്. ഇന്‍സ്ക്രിപ്റ്റ് ലേഔട്ടാണ് ഇവയ്ക്ക് രണ്ടിനുമെന്നാലും അക്ഷരസ്ഥാനങ്ങളില്‍ ചില വ്യത്യാസങ്ങള്‍ രണ്ടും തമ്മിലുണ്ട്. മലയാള അക്കങ്ങള്‍ ഇതുപയോഗിച്ച് ടൈപ്പ് ചെയ്യുക എന്നത് വ്യാമോഹം മാത്രമാണ്. നിള ഒരു ടെക്സ്റ്റ് എഡിറ്റിങ് യൂട്ടിലിറ്റിയാണ്. മറ്റ് പ്രോഗ്രാമുകളില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ നിളകൊണ്ട് കഴിയുകയില്ല. ധാരാളം ബഗ്ഗുകള്‍ ഉണ്ടുതാനും. നോണ്‍ ജോയിനറിന്റെ ഉപയോഗവും രണ്ടിലും കാര്യക്ഷമല്ലെന്നാണ് അനുഭവം. കാവേരിയാകട്ടെ സ്റ്റാന്‍ഡ് എലോണ്‍ ആയി അവര്‍ തരില്ല. ഒരു ഡൌണ്‍ലോഡ് ലിങ്ക് ക്ലിക്ക് കേരള സൈറ്റില്‍ ഉണ്ടെങ്കിലും മര്യാദക്കൊരു സര്‍വ്വര്‍ സൌകര്യം പോലും അവര്‍ ഒരുക്കിയിട്ടില്ല. തന്നെയുമല്ല, മലയാളം ഓപ്പണ്‍ ഓഫീസ് ഇതിനൊപ്പം ബണ്ടില്‍ഡ് ആയി വരും. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ നാമം പറഞ്ഞ് കുറേപ്പേര്‍ക്ക് ജോലി ഉണ്ടാക്കാനുള്ള എക്സ്ക്യൂസ് എന്ന് ഇവരെപ്പറ്റി ഒരിക്കല്‍ കൈപ്പള്ളി പറഞ്ഞത് എത്ര ശരി!
ഇതാ ഞാനിപ്പോള്‍ ഈ പോസ്റ്റെഴുതാന്‍ ഉപയോഗിക്കുന്നത് ആള്‍ട്ട് മോഡിഫയര്‍ ഉപയോഗിച്ച് ഇന്‍സ്ക്രിപ്റ്റിനെ വിപുലപ്പെടുത്തിയ കീബോര്‍ഡാണ്. രണ്ടുദിവസമേ ആയുള്ളൂ ഞാനിത് ഉപയോഗിച്ചുതുടങ്ങിയിട്ട്. ഇതേ വരെ ഉപയോഗിച്ചിരുന്ന സകല കീബോര്‍ഡുകളെയും അപേക്ഷിച്ച്, ഇതിന് ഒട്ടേറെ മെച്ചങ്ങള്‍ എനിക്ക് അനുഭവപ്പെടുന്നു. എന്നാല്‍ വേഗതയില്‍ കുറവു വന്നിട്ടുണ്ട്. അത് കൂട്ടക്ഷരങ്ങള്‍ക്ക് നല്‍കിയ സ്ഥാനങ്ങള്‍ പുതുതായി മനസ്സിലാക്കിക്കൊണ്ടിരിക്കുന്നതിനാലാണ്. ഒരാഴ്ചയ്ക്കകം ഇതില്‍ നല്ല വേഗത കൈവരിക്കാനാവുമെന്ന് എനിക്ക് വിശ്വാസമുണ്ട്.നേരത്തെ ഞാനുപയോഗിച്ചുകൊണ്ടിരുന്ന മറ്റൊരു കീബോര്‍ഡില്‍ ഈ സൌകര്യം ഉണ്ടായിരുന്നുവെങ്കിലും, അക്ഷരങ്ങള്‍ വേറെ സ്ഥാനത്തായിരുന്നു. തന്നെയുമല്ല, ആ കീബോര്‍ഡ് നല്‍കിയ സോഫ്റ്റ്‌വെയറിന് ഇപ്പോഴും ആസ്കി സപ്പോര്‍ട്ടേയുള്ളൂ. യൂണിക്കോഡ് സപ്പോര്‍ട്ടുമായി വന്ന സോഫ്റ്റ്‌വെയറുകളിലൊന്നും, ഇടയ്ക്ക് ലിങ്ക് കീ അടിക്കാതെ എല്ലാ കൂട്ടക്ഷരങ്ങളും ലഭിക്കുന്നില്ലല്ലോ എന്ന സങ്കടവുമായി ഇരിക്കുമ്പോഴാണ് യാദൃശ്ചികമായി ആദര്‍ശിന്റെ ബ്ലോഗില്‍ മേല്‍പ്രസ്താവിച്ച ചോദ്യം കാണുന്നതും, തുടര്‍ന്ന് റാല്‍മിനോവിന്റെ ബ്ലോഗില്‍ നിന്ന് ഈ കീബോര്‍ഡ് ലഭിക്കുന്നതും. (മുകളില്‍ ചേര്‍ത്ത ഹൈപ്പര്‍ലിങ്കില്‍ ക്ലിക്ക് ചെയ്ത് റാല്‍മിനോവിന്റെ പോസ്റ്റ് വായിച്ച്, കീബോര്‍ഡ് ലേഔട്ടിന്റെ ചിത്രം കണ്ട് ഇഷ്ടമാകുന്ന പക്ഷം അതേ പോസ്റ്റിന്റെ അടിയില്‍ കീബോര്‍ഡ് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് നല്‍കിയിട്ടുണ്ട്. കമ്പ്യൂട്ടറില്‍ അത്ര പരിജ്ഞാനമില്ലാത്തവര്‍ക്ക് അത് ആക്ടിവേറ്റ് ചെയ്യാന്‍ പ്രയാസമുണ്ടാവാതെ ഇരിക്കുന്നതിലേക്കായി ഞാന്‍ കമന്റിലൂടെ ആവശ്യപ്പെട്ട പ്രകാരം, ആ പ്രക്രിയ റാല്‍മിനോവ് മറുപടി കമന്റായി ചേര്‍ത്തിട്ടുമുണ്ട്. പകര്‍പ്പവകാശം ലംഘിക്കാതെ ഇരിക്കാനാണ് ഞാന്‍ അവയുടെ ചിത്രവും ഡൌണ്‍ലോഡ് ലിങ്കും ഇവിടെ നല്‍കാത്തത്.)
എനിക്കിപ്പോള്‍ പ്ര, സ്ര, ശ്ര, ബ്ബ, ങ്ങ, ഗ്ഗ, ദ്ദ, ജ്ജ, ബ്ല, ന്മ, ക്ര, ൡ, ത്സ, ത്ഭ, ഗ്ല, ഗ്ന, ദ്ധ, ജ്ഞ, ഞ്ഞ, ച്ഛ, ണ്ട, ഌ, ത്മ, ഹ്ന, മ്പ, റ്റ, ങ്ക, സ്ഥ, ച്ച, ട്ട, ശ്ച, ഹ്മ, പ്പ, ക്ക, ത്ത, ന്ധ, ഞ്ജ, ണ്ണ, ന്ത, ള്ള, ശ്ശ, ഞ്ച, മ്മ, ന്ന, വ്വ, ല്ല, സ്സ, ക്ഷ, ൠ എന്നീ കൂട്ടക്ഷരങ്ങളും, ള്‍, ണ്‍, ല്‍, ര്‍, ക്‍ എന്നീ ചില്ലുകളും മലയാള, ഇംഗ്ലീഷ് അക്കങ്ങളും, അത്യാവശ്യം ഉപയോഗിക്കേണ്ട ചിഹ്നങ്ങളും ഒറ്റ കോമ്പിനേഷന്‍ കീ സ്ട്രോക്കില്‍ തന്നെ ടൈപ്പ് ചെയ്യാനാവുന്നുണ്ട്. കോമ്പിനേഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഷിഫ്റ്റോ, വലതുവശത്തുള്ള ആള്‍ട്ടോ, ഇതുരണ്ടുംകൂടിയോ അമര്‍ത്തിപ്പിടിച്ചുകൊണ്ട് അക്ഷരമടിക്കുന്നതിനെയാണ്. ഇനി അതുകൂടാതെ തന്നെ, ക ചന്ദ്രക്കല ക എന്ന രീതിയിലും ക്ക അഥവാ മറ്റുകൂട്ടക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാനാവും. അതായത്, എല്ലാ കോമ്പിനേഷനുകളും പഠിച്ചുവച്ചില്ലെങ്കില്‍ പോലും ഇനി മറന്നുപോയാല്‍ കൂടി, അടിസ്ഥാന അക്ഷരസ്ഥാനങ്ങള്‍ മനസ്സിലാക്കിയിരുന്നാല്‍ കൂട്ടക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ പ്രയാസമുണ്ടാവില്ല. നോണ്‍ ജോയിനിങ് ചന്ദ്രക്കല, ZWJ, ZWNJ എന്നീ ക്യാരക്ടറുകളും ഉള്ളതിനാല്‍ വാക്കുകള്‍ക്കിടയില്‍ അക്ഷരങ്ങള്‍ വേറിട്ടുനില്‍ക്കേണ്ടിടത്ത് വേറിട്ട് നിര്‍ത്താനും അല്ലാത്തിടത്ത് കൂട്ടിച്ചേര്‍ക്കാനും വളരെയെളുപ്പം.ഡോക്യുമെന്റേഷന്‍ വലുതായിട്ടില്ലെങ്കിലും അത് പ്രശ്നമാകാത്ത തരത്തില്‍ കീബോര്‍ഡ് ലേഔട്ടിന്റെ ചിത്രങ്ങള്‍ റാല്‍മിനോവ് പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. മിന്‍സ്ക്രിപ്റ്റിനെ അപേക്ഷിച്ച് സംവൃതോകാരം വേണമെന്നുള്ളവര്‍ക്ക് ു് എന്ന് രണ്ടുകീയായി അടിക്കണമെന്ന കുറവ് മാത്രമേ എനിക്ക് ഇതില്‍ കണ്ടെത്താനായുള്ളൂ. സംശയങ്ങളുള്ളപക്ഷം എന്റെ പരിമിതമായ അറിവ് വച്ച് പറഞ്ഞുതരാന്‍ കഴിയുന്ന കാര്യങ്ങള്‍ പറഞ്ഞുതരുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ.
ടെക്‍നിക്കല്‍ ചോദ്യങ്ങള്‍ക്ക് എനിക്കുത്തരമില്ല എന്ന് ആദ്യമേ വ്യക്തമാക്കട്ടെ. കാരണം, ടെക്‍നോളജിയല്ല എന്റെ രംഗം.വരമൊഴി സ്വതന്ത്രമായി നില്‍ക്കുന്ന പ്രോഗ്രാമാണ്. അതുപയോഗിച്ച് മറ്റു പ്രോഗ്രാമുകളില്‍ മലയാളമെഴുതാനാവില്ല. അവിടെ വച്ച് മംഗ്ലീഷിലെഴുതി മലയാളത്തിലേക്ക് മൊഴിമാറ്റിയ ശേഷം ബ്ലോഗറിലോ, ടെക്സ്റ്റ് എഡിറ്ററുകളിലോ പേസ്റ്റ് ചെയ്യുകയാണല്ലോ അതിന്റെ രീതി. അതൊഴിവാക്കാനും അതാത് പ്രോഗ്രാമുകള്‍ക്കകത്ത് നിന്നുതന്നെ മലയാളം ടൈപ്പ് ചെയ്യാനുമാണ് കീമാനും കീമാപ്പുമൊക്കെ പലരും ഉപയോഗിക്കുന്നത്. എന്നാല്‍ ആള്‍ട്ട് ഉപയോഗിച്ച് വിപുലപ്പെടുത്തിയ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിക്കുന്നപക്ഷം വിന്‍ഡോസിനൊപ്പം വരുന്ന സൌകര്യം ഉപയോഗിച്ച് പുതിയ കീബോര്‍ഡ് തെരഞ്ഞെടുത്ത് യൂണിക്കോഡ് സപ്പോര്‍ട്ട് നല്‍കുന്ന ഏതു പ്രോഗ്രാമിലും നേരിട്ട് മലയാളം മലയാളത്തില്‍ തന്നെ ടൈപ്പ് ചെയ്യാന്‍ സാധിക്കും.അല്‍പ്പമൊന്നു മനസ്സിരുത്തി ആലോചിച്ച ശേഷം ആവശ്യമുള്ളവര്‍ക്ക് ഇതിലേക്ക് മാറാവുന്നതാണ്.
ഇതിനെ മതംമാറ്റം പോലെ വികാരഭരിതമായി കാണുകയൊന്നും വേണ്ട. കൂടുതല്‍ മെച്ചപ്പെട്ട ടെക്‍നോളജി ഉപയോഗിക്കുന്നു എന്ന് ധരിച്ചാല്‍ മതി. നമുക്ക് വേണ്ടത് താത്കാലികമായ കുറുക്കുവിദ്യയാണോ അതോ long runല്‍ ഗുണം ചെയ്യുന്ന കൂടുതല്‍ വേഗത ലഭിക്കുന്ന, കീ സ്ട്രോക്കുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുകിട്ടുന്ന വിദ്യയാണോ എന്നാലോചിക്കുക. കുട്ടികളെയെങ്കിലും മലയാളം മലയാളത്തില്‍ തന്നെ എഴുതാന്‍ പ്രേരിപ്പിക്കുക.
============================
കുറിപ്പ്:
ഇന്‍സ്‌ക്രിപ്റ്റ് രീതിയും സപ്പോര്‍ട്ട് ചെയ്ത് പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ഇവിടെ.
6 അഭിപ്രായങ്ങള്‍:
ഇത്രയൊക്കെ വായിച്ചിട്ട് , അഭിപ്രായം പറയാതെ പോയാല്‍ അത് പാതകമാകില്ലേ?
അഭിനന്ദനങ്ങള്‍.. നല്ല ചിന്തകള്‍ക്ക്..
You can now type in malayalam itself.typeit 4.66 version.now i'm using that.
മലയാളമെഴുതാന്‍ ഇന്‍സ്ക്രിപ്റ്റ്
ഹലൊ, സെബിന്‍ ഏബ്രഹാം ജേക്കബ് ചേട്ടാ,
ഞാന്‍ ഇപ്പോള്‍ ഇന്‍സ്ക്രിപ്റ്റ് ഉപയോഗിച്ചാണ് എഴുതുന്നത്. ഈ 'മിന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്' എവിടെ നിന്നു download ചെയ്യാന്‍ കിട്ടും? അതിനുള്ള link കൊടുക്കുമോ?
OK. I got it, Thanks God.
link
http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sidharthan/Minscript_Installation
Post a Comment