നല്ല പെരുമാറ്റച്ചട്ടങ്ങള്‍ !
>> 15.6.08
ബ്ലോഗില്‍ പെരുമാറ്റച്ചട്ടങ്ങളോ !
ഹേയ് അങ്ങനെ എഴുതിവച്ച പെരുമാറ്റച്ചട്ടങ്ങള്‍ ഒന്നും ബ്ലോഗിനുവേണ്ടി ആരും തയ്യാറാക്കിയിട്ടില്ല. എങ്കിലും നല്ലതെന്ന് എനിക്കു തോന്നിയിട്ടുള്ള ചില ശീലങ്ങള്‍ ഇവിടെ എഴുതാം.
1. ഒരാളുടെ ബ്ലോഗ് എന്നത് അദ്ദേഹത്തിന്റെ / അവരുടെ സ്വകാര്യ സ്വത്താണ് എന്ന കാര്യം ഓര്‍ക്കുക; ഒരു ഇ-മെയില്‍ ഐ.ഡി പോലെ. അവിടെ എന്തെഴുതും എന്തുപ്രസിദ്ധീകരിക്കും എന്ന കാര്യത്തില്‍ പൂര്‍ണ്ണ സ്വാന്തന്ത്ര്യം അവര്‍ക്കു തന്നെ. പക്ഷേ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങള്‍ ഗൂഗിളിന്റെ ഉള്ളടക്ക നയങ്ങള്‍ക്കനുസൃതമായിരിക്കണം എന്നു മാത്രം.
2. മറ്റൊരു ബ്ലോഗില്‍ കമന്റു ചെയ്യുമ്പോള്‍ മാന്യമായും, സഭ്യമായും അതു ചെയ്യുക. നിങ്ങളുടെ അഭിപ്രായം എതിരാണെങ്കില്‍ പോലും അതു മാന്യമായി പറയുക. അനോനിമസ് എന്ന കമന്റ് ഓപ്‌ഷന്‍ ശരിയായ രീതിയില്‍ മാത്രം വിനിയോഗിക്കുക. അതിന്റെ ദുരുപയോഗം പാടില്ല.
3. ഒരു കാരണവശാലും മറ്റൊരു ബ്ലോഗിലെ കമന്റു സെക്ഷനില്‍ ചെന്നിട്ട്, “ഞാനൊരു പോസ്റ്റിട്ടു, ലിങ്ക് ഇതാ, ഒന്നു നോക്കണേ” എന്ന രീതിയില്‍ കമന്റുകള്‍ എഴുതിവയ്ക്കരുത്. അത് വിപരീത ഫലമാവും ഉണ്ടാക്കുക.
4. കമന്റുകളില്‍ നിങ്ങള്‍ തമാശയായി എഴുതിയ ഒരു കാര്യം, മറ്റൊരാള്‍ വായിക്കുമ്പോള്‍ തമാശയാണോ സീരിയസാണോ എന്നു സംശയം തോന്നത്തക്ക രീതിയില്‍ ആയിപ്പോയേക്കാം. അതിനാല്‍, തമാശകളുടെ കൂടെ ഒരു സ്മൈലി :-) ഇടാന്‍ മറക്കേണ്ട!
5. ഒരു പോസ്റ്റ് പബ്ലിഷ് ചെയ്തതിനുശേഷം വേഴാമ്പലിനെപ്പോലെ കമന്റിനായി കാത്തിരിക്കാതിരിക്കുക. നല്ല പോസ്റ്റുകള്‍ക്ക് വായനക്കാര്‍ സ്വതവേ ഉണ്ടായിക്കൊള്ളും, എല്ലാവരും കമന്റ് ഇട്ടില്ലെങ്കില്‍കൂടി.
6.അവരവരുടെ സമയവും സൌകര്യവും പോലെ ബ്ലോഗിലെ നല്ലൊരു വായനക്കാരന്‍ / വായനക്കാരിയായിമാറൂ. തിരിച്ചുള്ള റെസ്പോണ്‍സും അതേപോലെ ലഭിക്കും. ഇതിനെ “പരസ്പര സഹായ സമിതി” എന്നുകണക്കാക്കേണ്ടതില്ല. ഒരു വായനാ ഗ്രൂപ്പ് എന്നുമാത്രം കരുതിയാൽ മതി.
7. അഭിനന്ദനങ്ങള്‍ പറയേണ്ടിടത്ത് അതു പറയാതെ പോകരുത്. പ്രോത്സാഹനം എല്ലാവര്‍ക്കും നല്ലതായി ഭവിക്കുമല്ലോ. വായിച്ച പോസ്റ്റുകളില്‍ കമന്റൊന്നും എഴുതാനില്ലെങ്കില്‍കൂടി, വെറുതെ ഒരു സ്മൈലി :-) ഇട്ടോളൂ, നിങ്ങള്‍ ആ വഴി വന്നു എന്ന് അതിനെ ഉടമ അറിയട്ടെ. പുതിയതായി എഴുതിത്തുടങ്ങുന്നവര്‍ക്ക് അതും ആശ്വാസംതന്നെ! മലയാളം ബ്ലോഗിംഗിൽ കമന്റ് എഴുതുന്നത് “പുറം ചൊറിയൽ” ആണെന്ന് ഒരു പൊതുധാരണയുണ്ട്. അതായത്, പരസ്പരം പോസ്റ്റുകൾ വായിച്ച് ഒരു ഗ്രൂപ്പ് ആളുകൾ കമന്റുകൾ ഇടുന്നു. ഇതിൽ ശരിയും തെറ്റും ഉണ്ട്. കാരണം മലയാളം ബ്ലോഗ് രംഗം ലക്ഷക്കണക്കിനു ആളുകൾ നിറഞ്ഞിരിക്കുന്ന ഒരു വേദിയൊന്നുമല്ല. ഇവിടെ ബ്ലോഗ് എഴുതുന്നവർതന്നെയാണ് മറ്റു ബ്ലോഗുകളുടെ വായനക്കാരും. “ഞാൻ ഒരിടത്തു കമന്റിട്ടാൽ അവൻ വന്ന് എനിക്കും കമന്റിടും / ഇടണം” എന്ന മുൻവിധിയോടെ കമന്റുകൾ എഴുതാതിരിക്കുന്നതാണു നല്ലത്.
8. ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യുവാനായി മാത്രം എന്തെങ്കിലും എഴുതാതെ, ഓരോ പോസ്റ്റും ഗൌരവമായി കണ്ട് ചെയ്യുക. എന്തെങ്കിലും കുത്തിക്കുറിച്ച് തുടക്കത്തില്‍ ഒരു തെറ്റായ ഇമേജ് ഉണ്ടാക്കരുത്. വായനക്കാര്‍ കുറയും.
9. ബ്ലോഗില്‍ സ്ഥിരമായി കണ്ടുവരുന്ന മേഖലകള്‍ നിങ്ങള്‍ക്കും യോജിക്കണമെന്നില്ല. കൂടുതല്‍ വായനക്കാരുള്ള പോസ്റ്റുകളുടെ “ട്രെന്റ്റ്റ്” നിങ്ങളും പിന്തുടരാന്‍ ഒരുങ്ങരുത്. അവരവരുടെ അഭിരുചിക്കനുസരിച്ച് പുതിയ മേഖലകള്‍ കണ്ടെത്തൂ.
10. ബ്ലോഗെഴുത്തിനെ പത്രം, മാഗസിനുകള്‍ മുതലയായവയിലെ എഴുത്തുമായി താരതമ്യപ്പെടുത്തി ചിന്തിക്കാതിരിക്കുക. അവയുടെ സര്‍ക്കുലേഷനും, ബ്ലോഗിലെ സന്ദര്‍ശകരുടെ എണ്ണവും തമ്മില്‍ ഒരു താരതമ്യവുമില്ല. രണ്ടിന്റേയൂം പ്രസക്തിപോലും രണ്ടാണ്. ഇത്തരം ചിന്തകളില്‍നിന്നാണ് ‘എനിക്കു വായനക്കാര്‍ കുറവാണ്’ എന്ന പരാതി ഉണ്ടാകുന്നത്. ബ്ലോഗ് എന്നത് അതിന്റെ ഉടമയുടെ ഡയറിമാത്രം.
11. തര്‍ക്കങ്ങളുണ്ടാകാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ എഴുതുന്നവര്‍ അതിനെതിരായി വരുന്ന കമന്റുകളെ നേരിടുവാന്‍ (മാന്യമായ രീതിയില്‍) സന്നദ്ധതയുള്ളവരും ആയിരിക്കണം. എതിര്‍ത്താരും ഒന്നും പറയരുത് എന്ന് നിര്‍ബന്ധമുള്ളവര്‍ കമന്റ് ചെയ്യുവാനുള്ള ഓപ്‌ഷന്‍ “വേണ്ട” എന്നു സെറ്റ് ചെയ്യുക.
12.പാല്‍പ്പായസത്തിലെ കല്ലുകടി പോലെയാണ് നല്ല എഴുത്തിനിടയിലുണ്ടാവുന്ന അക്ഷരത്തെറ്റുകള്‍. പബ്ലിഷ് ചെയ്യുന്നതിനു മുമ്പ് ഓരോ പോസ്റ്റും വായിച്ച് അക്ഷരത്തെറ്റുകള്‍ ഇല്ലാതാക്കുക. അതുപോലെ, അക്ഷരങ്ങളുടെവലിപ്പം, വരികള്‍ തമ്മിലുള്ള അകലം, പേജ് ബാക്‍ഗ്രൌണ്ട് കളര്‍,അക്ഷരങ്ങളുടെ നിറം തുടങ്ങിയവയും വായനയെ ബാധിക്കുന്ന കാര്യങ്ങള്‍ തന്നെ.
13. നെറ്റില്‍ ഫ്രീയായി ലഭിക്കുന്ന ഒരുപാട് വിഡ്ജറ്റുകള്‍ ബ്ലോഗില്‍ ചേര്‍ക്കാതിരിക്കുക. അത് ബ്ലോഗിന്റെ ഭംഗി നശിപ്പിക്കുകയേഉള്ളൂ. കൂടാതെ ബ്ലോഗ് ലോഡായി വരുന്നതിനും താമസം നേരിട്ടേക്കാം.
14. നീണ്ടവായനക്കുള്ള പോസ്റ്റുകള്‍ എഴുതുന്നവര്‍, പരമാവധി എഡിറ്റിംഗ് സ്വയം നടത്തുക. കാച്ചിക്കുറുക്കുക എന്നു പറയില്ലേ, അതുതന്നെ! മിക്ക വായനക്കാരും ഓഫീസിലും മറ്റും ഇരിക്കുമ്പോള്‍ ടൈം പാസിനായി വായിക്കുന്നവരാണ്. ഇവര്‍ക്കാവശ്യം ഗുളിക പോസ്റ്റുകള്‍ തന്നെ. പക്ഷേ സീരിയസായി എഴുതുന്നവര്‍ വായനക്കാരെ കിട്ടാനായി പോസ്റ്റിന്റെ നീളം വല്ലാതെ കുറയ്ക്കുന്നതിനോട് / അല്ലെങ്കില്‍ കാര്യങ്ങള്‍ വ്യക്തമല്ലാതെ എഴുതുന്നതിനോട് എനിക്കു വ്യക്തിപരമായി യോജിപ്പില്ല.
15. ചിലപ്പോള്‍ നിങ്ങള്‍ മറ്റൊരു ബ്ലോഗില്‍ ചേര്‍ത്ത കമന്റ് ഒരു ചോദ്യമാവാം. അല്ലെങ്കില്‍ അവിടെ കമന്റുകളില്‍ പിന്നീട് എന്തു ചര്‍ച്ച നടന്നു എന്നറിയുവാന്‍ നിങ്ങള്‍ക്ക് താത്പര്യം ഉണ്ടാവാം. അപ്പോള്‍ കമന്റ് ഫോളോ അപ് ഓപ്‌ഷന്‍ ഉപയോഗിക്കാം.
16. നിങ്ങളുടെ ബ്ലോഗില്‍ കമന്റ് സെറ്റിംഗ്സ് ഒന്നു നോക്കൂ. അവിടെ വേഡ് വേരിഫിക്കേഷന് എനേബിള്‍ ആണോ? അതായത് കമന്റ് എഴുതി അത് പബ്ലിഷ് ചെയ്യുന്നതിനു മുമ്പ് ബ്ലോഗര്‍ കാണീക്കുന്ന ഒരു വിചിത്രവാക്ക് എഴുതിച്ചേര്‍ക്കുവാന്‍ ആവശ്യപ്പെടുന്നുണ്ടോ? സ്പാം കമന്റുകള്‍ ഒഴിവാക്കാനാണ് ഈ ഓപ്ഷന്‍. നിങ്ങളുടെ ബ്ലോഗില്‍ സ്പാം ശല്യം ഇല്ലെങ്കില്‍ വെറുതെ ഈ ഓപ്ഷന്‍ ഓണ്‍ ചെയ്യരുത്. കമന്റിടാന്‍ വരുന്നവര്‍ക്ക് ഒരു ജോലി അധികം ചെയ്യേണ്ടി വരും. മാത്രവുമല്ല വേഡ് വേരിഫിക്കേഷനു നല്‍കിയിരിക്കുന്ന അക്ഷരങ്ങള്‍ അതേപടീ എഴുതിയില്ലെങ്കില്‍ വീണ്ടും വീണ്ടും വാക്കുകള്‍ നല്‍കിക്കൊണ്ടേയിരിക്കും.
17. ബ്ലോഗില്‍ നിങ്ങള്‍ക്ക് ഒരു അനോനിമസ് പേരു സ്വീകരിക്കാം എന്നതു ശരിതന്നെ. പക്ഷേ ഈ സൌകര്യം ഉപയോഗിച്ച് എന്തും ഏതും വിളിച്ചു പറയാം എന്നു വിചാരിക്കരുത്. കാരണം ഇന്റര്‍നെറ്റില്‍ നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും ട്രെയ്സബിള്‍ (Traceable) ആണ് - അതായത് അതിന്റെ ഉറവിടം വേണമെങ്കില്‍ കണ്ടുപിടിക്കുവാന്‍ ഓരോ രാജ്യത്തെയും സൈബര്‍ സെല്ലിന് സാധിക്കും - നിയമപരമായി തന്നെ അത്തരം കാര്യങ്ങൾ സൈബർ സെല്ലിനു കൈമാറുവാൻ ഗൂഗിൾ പ്രതിജ്ഞാബദ്ധവുമാണ് (നയങ്ങൾ നിയമങ്ങൾ എന്ന അദ്ധ്യായം വായിച്ചു നോക്കൂ). അതിനാല്‍, ബ്ലോഗെഴുത്ത് യാതൊരു വിധമായ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദിയായോ, സമൂഹത്തിനു വിനാശകരമായ ചിന്താഗതികള്‍ പ്രചരിപ്പിക്കുന്നതിനായോ ഉപയോഗിക്കാതിരിക്കുക. അനോനിമിറ്റി എന്നത് എഴുതിയ ആളുടെ പ്രൈവസി സൂക്ഷിക്കുവനായി ഗൂഗിള്‍ ചെയ്യുന്ന ഒരു സൌകര്യം മാത്രമാണ്. എന്തും ഏതും ബ്ലോഗില്‍ എഴുതുവാനുള്ള ലൈസന്‍സല്ല അത്.
18. വളരെ വിചിത്രവും എന്നാല്‍ ഓര്‍ത്തിരിക്കാന്‍ എളുപ്പവുമായ തൂലികാനാമങ്ങളും പലര്‍ക്കും ഉണ്ട്. പക്ഷേ തുലികാ നാമങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഒന്നോർക്കുക; രജിസ്ട്രേഷന്റെ സമയത്ത് നാം തനിച്ചിരുന്നാവും രജിസ്ട്രേഷൻ ചെയ്യുന്നത്. അപ്പോൾ (ഉദാഹരണത്തിനു) “നട്ടപ്പിരാന്തൻ” എന്നൊരു തൂലികാ നാമം എഴുതിവയ്ക്കുന്നു എന്നുകരുതുക. കുറേ നാൾ കഴിഞ്ഞ് ബ്ലോഗ് വഴി പലരെ പരിചയപ്പെട്ടുകഴിയുമ്പോൾ എപ്പോഴെങ്കിലും പരസ്പരം കാണേണ്ട സാഹചര്യം ഉണ്ടായേക്കാം. പലപ്പോഴും ബ്ലോഗ് എന്തെന്നുപോലും അറിയാൻ വയ്യാത്ത ആളുകളോടൊപ്പം. അപ്പോൾ തൂലികാനാമത്തിൽ നമ്മുടെ നേരേ വരുന്ന സംബോധനകൾ എങ്ങനെയിരിക്കും എന്ന് രജിസ്ട്രേഷന്റെ സമയത്തു തന്നെ “ഉറക്കെവിളിച്ചു” നോക്കുക! ഒരു ബസ്റ്റാന്റിൽ നിന്നുകൊണ്ട് മൊബൈൽഫോണിൽകൂടി “ഹലോ അപ്പൂ, ഞാൻ നട്ടപ്പിരാന്തനാ” എന്നു അദ്ദേഹത്തിനു പറയേണ്ടിവന്നാൽ ചുറ്റുപാടും നിൽക്കുന്ന പൊതുജനം എന്തുധരിക്കും! മറ്റുചില തൂലികാ നാമങ്ങളെ ഇതേ സാഹചര്യത്തിൽ സങ്കൽപ്പിച്ചു നോക്കൂ (ഉദാ. അഹങ്കാരി, തെമ്മാടി, ഗുണ്ടാ) അതുകൊണ്ട് തൂലികാ നാമങ്ങൾ സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കുക !
18. നമ്മള്‍ ഒരു പുതിയ സ്ഥലത്ത് വീടുവച്ചോ, വാടകയ്ക്കോ താമസിക്കുവാന്‍ തുടങ്ങുന്നു എന്നിരിക്കട്ടെ. അടുത്തുള്ളവരെയൊക്കെ നമ്മള്‍ തന്നെ പോയി പരിചയപ്പെടേണ്ടതായി വരും. അതുപോലെയാണ് ബ്ലോഗിലും. നിങ്ങള്‍ ബ്ലോഗ് തുടങ്ങിയിട്ട് മറ്റുള്ളവര്‍ അറിഞ്ഞ് വരട്ടെ എന്നു കരുതീ ഇരിക്കാതെ ‘ഒന്നിറങ്ങി നടക്കൂ’! മറ്റുബ്ലോഗുകളിലെ പോസ്റ്റുകൾ വായിക്കുകയും കമന്റുകളിടുകയും ചെയ്യൂ. അങ്ങനെ പത്തുപേരറിയട്ടെ ഇങ്ങനെ പുതിയതായി ഒരു ബ്ലോഗര്‍ വന്നിട്ടുണ്ടെന്ന്. സ്വാഭാവികമായും തിരികെ നിങ്ങളുടെ ബ്ലോഗിലേക്കും സന്ദര്‍ശകര്‍ ഇന്നല്ലെങ്കില്‍ നാളെ എത്തീക്കൊള്ളും.യഥാർത്ഥത്തിൽ കമന്റുകളാണ് ഒരു പോസ്റ്റിനെ കൂടുതൽ മനോഹരമാക്കുന്നത്. വെറുതെ “കൊള്ളാം” എന്നു മാത്രം എഴുതാതെ അർത്ഥവത്തായ അഭിപ്രായങ്ങൾ സത്യസന്ധമായി എഴുതൂ. പുതിയ പോസ്റ്റുകൾ എവിടെ കിട്ടും എന്നു സംശയമുള്ളവർ ചിന്ത ആഗ്രിഗേറ്റർ പോലുള്ള ആഗ്രിഗേറ്ററുകൾ സന്ദർശിക്കൂ (ലിങ്ക് ഇടതുവശത്തെ സൈഡ് ബാറിൽ).
19. നിങ്ങളുടെ ബ്ലോഗിലേക്ക് വായനക്കാരെത്തുന്നത് ആഗ്രിഗേറ്ററുകളില്‍ കൂടി മാത്രമല്ല എന്നറിയാമല്ലോ. മറുമൊഴികള്‍ എന്ന കമന്റ് ആഗ്രിഗേറ്റര്‍ വഴിയും, മറ്റു പോസ്റ്റുകളില്‍ നിങ്ങള്‍ ഇടുന്ന കമന്റുകളില്‍ നിന്ന് നിങ്ങളുടെ ബ്ലോഗര്‍ പ്രൊഫൈല്‍ തിരഞ്ഞ് വായനക്കാര്‍ എത്തിക്കൊള്ളും. അതുപോലെ നിങ്ങൾ ചെയ്യേണ്ടത്, മറുമൊഴികൾ പതിവായി സന്ദർശിക്കുക, അതിലെ കമന്റുകൾ നോക്കി നിങ്ങൾ വായിക്കേണ്ട പോസ്റ്റുകൾ തീരുമാനിക്കുക, അവ വായിച്ച് കമന്റുകൾ രേഖപ്പെടുത്തുക.
20. മറ്റൊരു പ്രധാനകാര്യം, നിങ്ങളുടെ പോസ്റ്റുകളിൽ വായനക്കാരെഴുതുന്ന കമന്റുകൾക്ക് മറുപടി എഴുതുക എന്നതാണ്. ഒന്നും എഴുതാനില്ലെങ്കിൽ കമന്റുകൾ എഴുതിയവർക്ക് ഒറ്റവാക്കിൽ നന്ദിയെങ്കിലും എഴുതാം. അങ്ങനെ വരുമ്പോൾ നിങ്ങൾ കമന്റുകൾ ഇഷ്ടപ്പെടുന്നുവെന്നും, ഓരോ കമന്റും നിങ്ങൾ വിലമതിക്കുന്നുവെന്നും എഴുതിയവരോട് പറയുകയാണ് ചെയ്യുന്നത്.
23 അഭിപ്രായങ്ങള്‍:
വളരെ ഉപകാരപ്രദമാണു ഇത്തരം അറിവുകള്‍..
അഭിനന്ദനങ്ങള്‍..
തീര്‍ച്ചയായും ഇത്തരം പെരുമാറ്റച്ചട്ടങ്ങള്‍ നല്ലതു തന്നെ. അറിവ് പകര്‍ന്നു തരുന്നതില്‍ അതിയായ സന്തോഷം തോന്നുന്നു. അഭിനന്ദനങ്ങള്‍.
"നിങ്ങളുടെ വെബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിനു പുറമേ, ഫോട്ടോ, ജന്‍മദിനം, സ്ഥലം, എന്നിവ പോലുള്ള അധിക പ്രൊഫൈല്‍ വിവരങ്ങളും നിങ്ങള്‍ നലകണം, കൂടാതെ നിങ്ങളുടെ പ്രൊഫൈല്‍ ഏത് സമയത്തും ഞങ്ങളുടെ പ്രൊഫൈല്‍ അഡ്മിനിസ്ട്രേഷന്‍ പേജില്‍ എഡിറ്റ് ചെയ്യാവുന്നതാണ്."
ഇത് ബ്ലോഗര്‍ സ്വകാര്യതാ അറിയിപ്പ് എന്നതിലുള്ളതാണ്.
എല്ലാ പോസ്റ്റുകളും പ്രയോജനപ്രദമാണ്
ഇനിയും ഇതുപോലുള്ളാവ പ്രതീക്ഷിക്കുന്നു
NALLAPOSTINGS
NALLAPOSTINGS
വളരെ ഉപകാരപ്രദമായ കാര്യങ്ങള്‍.
തുടക്കക്കാര്‍ക്ക് വളരെ ഉപകാരം ആകുന്ന ഒരു ലേഘനം നന്ദി
ഇതാ എന്റെ വക ഒരു സ്മൈലി
:-)
വളരെ സഹായകരമായ ലേഖനം.
നന്ദി.
തികച്ചും ഉപകാരപ്രദമായ പോസ്റ്റ്
>>ഒരു പോസ്റ്റ് പബ്ലിഷ് ചെയ്തതിനുശേഷം വേഴാമ്പലിനെപ്പോലെ കമന്റിനായി കാത്തിരിക്കാതിരിക്കുക>>>
തീര്‍ച്ചയായും, എനിക്കു വായനക്കാരില്ലാഞ്ഞിട്ടു പോലും പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യുന്നതില്‍ ഒരു മനസ്താപമില്ല :)
it is very helpful , congrats
-:)
kochu kochu karyngalku pinnile valiya karyangal!!!
thangal oru vythyasthmaya reethiyil sameepichirickunu...
:)
all the best...
Valare nalla arivukal puthiya bloggersinu tharunna thankalude uddyamathinu thanks.
congratulations!
:-)
ഇവിടെ ഞാനും വന്നു!
കമന്റുകളില്‍ നിങ്ങള്‍ തമാശയായി എഴുതിയ ഒരു കാര്യം, മറ്റൊരാള്‍ വായിക്കുമ്പോള്‍ തമാശയാണോ സീരിയസാണോ എന്നു സംശയം തോന്നത്തക്ക രീതിയില്‍ ആയിപ്പോയേക്കാം. അതിനാല്‍, തമാശകളുടെ കൂടെ ഒരു സ്മൈലി :-) ഇടാന്‍ മറക്കേണ്ട!
വളരെ നല്ല ഉപദേശം
നേരത്തെ കിട്ടിയിരുന്നെങ്കില്‍ ധാരാളം തെറ്റിദ്ധാരണ ഒഴിവാക്കാമായിരുന്നു
very usefuk thanks appu
ബൂലോകവാസികൾക്ക് താങ്കൾ പകർന്നുതരുന്ന അറിവുകൾക്ക് ഒത്തിരി ഒത്തിരി നന്ദികൾ.
വളരെ ഉപകാരപ്രദം ...
ഒരു പാട് ഉപകാരപ്രദമായി. അറിയാത്ത പല കാര്യങ്ങളും പഠിക്കാന്‍ സാധിച്ചു.നന്ദി
വളരെ നന്ദി
Post a Comment