ഒരു വിക്കിലേഖനം എഴുതാം
>> 27.9.08
http://www.ml.wikipedia.org/ ഇതാണ് മലയാളം വിക്കിപീഡിയയുടെ വെബ് അഡ്രസ്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് മലയാളം വിക്കിപീഡിയയുടെ പ്രധാനതാളില്‍ എത്താം. ഈ സ്ക്രീന്‍ താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തിലേതുപോലെയിരിക്കും.
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ അത് വലുതായി കാണാം. ഈ പേജിന്റെ ഇടതുവശത്തായി മാര്‍ക്ക് ചെയ്തിരിക്കുന്ന കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കൂ.
വിക്കിലേഖനങ്ങള്‍ - ഒരു പരിചയപ്പെടല്‍:
ആദ്യമായി ഒരു വിക്കിലേഖനത്തെ ഒന്നു പരിചയപ്പെടാം.
ഇവിടെ ക്ലിക്ക് ചെയ്ത് മലയാളം വിക്കിപീഡിയ തുറക്കൂ. http://www.ml.wikipedia.org/
ഉദാഹരണത്തിന് കുട്ടിയും കോലും കളിയെപ്പറ്റിയുള്ള ലേഖനം നമുക്ക് തുറക്കണം എന്നിരിക്കട്ടെ. അതിനായി പ്രധാന താളില്‍ ഇടതുവശത്തായി, തിരയുക എന്ന പേരിലുള്ള ചെറിയ ചതുരത്തിനുള്ളില്‍ മലയാളത്തില്‍ കുട്ടിയും കോലും എന്നെഴുതുക. ഒന്നുകില്‍ കീമാന്‍ ഉപയോഗിച്ച് നേരിട്ട് ടൈപ്പുചെയ്യാം. അല്ലെങ്കില്‍ തിരയുക എന്ന കോളത്തില്‍ തന്നെയുള്ള മലയാളത്തിലെഴുതുക എന്ന ലിങ്കിനുനേരെ ഒന്നു ടിക് ചെയ്തിട്ട് നേരെ മംഗ്ലീഷില്‍ എഴുതാവുന്നതാണ്. അതിനുശേഷം പോകൂ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. കുട്ടിയും കോലും എന്ന ലേഖനം തുറക്കപ്പെടും.
ഈ ലിങ്ക് ക്ലിക്ക് ചെയ്താലും ആ ലേഖനം തുറക്കാം
അതിന്റെ ഒരു സ്ക്രീന്‍ ഷോട്ട് താഴെ നല്‍കുന്നു. അതില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കൂ.
ആദ്യ പാരഗ്രാഫ് കുട്ടിയും കോലും എന്നാല്‍ എന്ത് എന്ന നിര്‍വചനമാണ്. എല്ലാ വിക്കി ലേഖനങ്ങളും ആരംഭിക്കുന്നത് ഈ രീതിയിലുള്ള ഒരു നിര്‍വചനത്തോടെ ആയിരിക്കും. പേജിനു മുകളിലായി നാലു ടാഗുകള്‍ കാണാം - ലേഖനം, സംവാദം, മാറ്റിയെഴുതുക, നാള്‍വഴി എന്നിവയാണവ.
അതില്‍ ലേഖനം എന്ന താള്‍ ആണ് നിങ്ങള്‍ ഇപ്പോള്‍ കാണുന്നത്. പലര്‍ ചേര്‍ന്നെഴുതിയ ലേഖനമാണിത് എന്ന് അറിയാമല്ലോ. എന്തൊക്കെ മാറ്റങ്ങളാണ്, എന്തിനു വേണ്ടിയാണ് അവ ഉള്‍പ്പെടുത്തിയത് / അല്ലെങ്കില്‍ ഒഴിവാക്കിയത് എന്ന് ലേഖകന്മാര്‍ എഴുതിവയ്ക്കുന്ന പേജാണ് സംവാദം. ഇതുകൂടാതെ സംശയമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുവാനും ഈ പേജ് ഉപകരിക്കും. ലേഖനം പൂര്‍ണ്ണമായോ, ഭാഗങ്ങളായോ എഡിറ്റുചെയ്യുവനാണ് മാറ്റിയെഴുതുക എന്ന ടാഗ് ഉപയോഗിക്കുന്നത്. ഒരു കാര്യം കൂടി ശ്രദ്ധിക്കൂ. ഓരോ പാരഗ്രാഫിനുമൊപ്പം തിരുത്തിയെഴുതുക എന്നൊരു ലിങ്ക് ഉണ്ട്. ഇതില്‍ ക്ലിക്ക് ചെയ്താലും നിങ്ങള്‍ക്ക് യുക്തമെന്നു തോന്നുന്ന കാര്യങ്ങള്‍ ഈ പേജില്‍ എഡിറ്റുചെയ്യാം.
നിങ്ങള്‍ ഒരു കാര്യം എഡിറ്റു ചെയ്താലും, നിലവിലുണ്ടായിരുന്ന താള്‍ വിക്കിയുടെ സ്റ്റോറേജില്‍ നിന്ന് നഷ്ടമാവുന്നില്ല. അത് ശേഖരിച്ച് വയ്ക്കുന്നുണ്ട്. ഈ ഹിസ്റ്ററിയാണ് നാള്‍വഴി എന്ന ടാഗില്‍ ഉള്ളത്.
കുട്ടിയും കോലും കളിയെപ്പറ്റി ഈ ലേഖനത്തില്‍ പറയാത്ത എന്തെങ്കിലും കാര്യങ്ങള്‍ നിങ്ങള്‍ക്ക് എഴുതുവാനുണ്ടെങ്കില്‍ തിരുത്തുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു എഴുതി ചേര്‍ക്കാവുന്നതാണ്. ഒരു കാര്യം ശ്രദ്ധിക്കുക. എഴുതുമ്പോള്‍ അതിന് ഒരു വിജ്ഞാനകോശ ലേഖനത്തിന്റെ സ്വഭാവം വേണം എന്നുമാത്രം. അതായത് “ബാലനും, രാമനും, ഞാനും കുട്ടികളായിരുന്നപ്പോള്‍ ഓണക്കാലത്ത് അമ്പലപ്പറമ്പില്‍ കുട്ടിയും കോലും കളിച്ചിരുന്നു. എന്തൊരു രസമായിരുന്നു ആ കാലഘട്ടം” എന്നൊരു സ്റ്റേറ്റ്മെന്റ് ഒരു വൈജ്ഞാനിക ലേഖനത്തിനു ചേര്‍ന്നതല്ല. അതല്ലാതെ, ഈ കളിയെപ്പറ്റി പിന്നീടൊരുകാലത്ത് അറിയേണ്ടതായ വസ്തുതകള്‍ ഉണ്ടെങ്കില്‍ അത് ചേര്‍ക്കാവുന്നതാണ്.
പുതിയൊരു ലേഖനം എഴുതാം:
പുതിയ ലേഖനം എഴുതുവാന്‍ തുടങ്ങുന്നതിനുമുമ്പ് ചെയ്യേണ്ട ഒരു കാര്യമുണ്ട്. വിക്കിയില്‍ ഒരു അംഗത്വമെടുക്കുക എന്നതാണത്. വലിയ ചടങ്ങുകളൊന്നുമില്ല. ഒരു യൂസര്‍നെയിം, പാസ്‌വേഡ്, നിങ്ങളുടെ ഇ-മെയില്‍ വിലാസം ഇത്രമാത്രമേ ആവശ്യമുള്ളൂ.
ഇതിനായി പേജിന്റെ വലതു-മുകള്‍ മൂലയിലുള്ള അംഗത്വമെടുക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെക്കാണുന്നപ്രകാരം ഒരു സ്ക്രീന്‍ ലഭിക്കും. അതില്‍ വേണ്ടവിവരങ്ങള്‍ ചേര്‍ക്കുക.
ഒരിക്കല്‍ ഇപ്രകാരം അംഗത്വമെടുത്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നേരെ ലോഗിന്‍ ചെയ്യാവുന്നതാണ്. പ്രധാനതാളില്‍ ഇടതുവശത്തായി ലേഖനം ആരംഭിക്കുക എന്നൊരു ലിങ്കുണ്ട്. അതില്‍ ക്ലിക്ക് ചെയ്താല്‍ താഴെക്കാണുന്നതുപോലെ ഒരു സ്ക്രീന്‍ ലഭിക്കും.
ഇവിടെയെത്തിയാല്‍ ആദ്യമായി ചെയ്യേണ്ടകാര്യം നിങ്ങള്‍ എഴുതുവാന്‍ തുടങ്ങുന്ന ലേഖനം നിലവിലുണ്ടോ എന്നു പരിശോധിക്കുകയാണ്. ഉദാഹരണത്തിനായി നമ്മള്‍ ഇവിടെ വൈദ്യുതിവിളക്കുകള്‍ എന്നൊരു ലേഖനമാണ് എഴുതുവാന്‍ തുടങ്ങുന്നത്. ഓര്‍ക്കുക, വൈദ്യുതിവിളക്കുകളുടെ പര്യായമായ ബള്‍ബുകള്‍, ബള്‍ബ്, തുടങ്ങിയവയും നിലവിലുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. അതിനായി ആ പേജില്‍ തന്നെയുള്ള അക്ഷരസൂചിക ഉപയോഗിച്ച് നിലവിലുള്ള ലേഖനങ്ങളുടെ തലക്കെട്ട് ഒന്നു നോക്കാം.
ഇവിടെ വൈദ്യുതി വിളക്കുകളോ, ബള്‍ബോ ഒന്നും നിലവിലില്ല. അതിനാല്‍, ലേഖനം തുടങ്ങുക എന്ന പേരിലുള്ള ചെറിയ ചതുരത്തിനുള്ളില്‍ വൈദ്യുതിവിളക്കുകള്‍ എന്ന് എഴുതിയിട്ട്, ലേഖനം തുടങ്ങുക എന്ന ലിങ്കില്‍ ഞാന്‍ ക്ലിക്ക് ചെയ്യുന്നു.
ലേഖനം എഴുതുവാനുള്ള ഒരു പേജിലാണ് നമ്മള്‍ എത്തിപ്പെടുന്നത്. അത് താഴെക്കാണുന്ന സ്ക്രീനിലെപ്പോലെയിരിക്കും.
ഇവിടെ നിങ്ങള്‍ക്കെഴുതുവാനുള്ള കാര്യങ്ങള്‍ എഴുതുക. ആദ്യം വൈദ്യുതബള്‍ബ് എന്താണെന്ന നിര്‍വചനത്തില്‍നിന്ന് തുടങ്ങാം. “വൈദ്യുതോര്‍ജ്ജത്തില്‍ നിന്നും പ്രകാശം ഉത്പാദിപ്പിക്കുവാന്‍ കഴിവുള്ള ഉപകരണമാണ് വൈദ്യുതിവിളക്കുകള്‍ അഥവാ വൈദ്യുതി ബള്‍ബുകള്‍. ഇന്‍കാന്റസെന്റ് ബള്‍ബുകള്‍, ഫ്ലൂറസെന്റ് ബള്‍ബുകള്‍, ഹാലോജന്‍ ബള്‍ബുകള്‍, എല്‍.ഇ.ഡി ബള്‍ബുകള്‍ തുടങ്ങി പലവിധത്തിലുള്ള വൈദ്യുതിവിളക്കുകള്‍ ഇന്ന് ലഭ്യമാണ്“
ഇവിടെ ഉദാഹരണമായതുകൊണ്ട് ഞാന്‍ ഇത്രമാത്രമേ എഴുതിയിട്ടുള്ളൂ. കൂടുതല്‍ കാര്യങ്ങള്‍ അറിവുള്ളവര്‍ക്ക് എഴുതിച്ചേര്‍ക്കാവുന്നതാണ്. എഴുതിക്കഴിഞ്ഞ് അതേ പേജിന്റെ അടിയിലുള്ള സേവ് ചെയ്യുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ലേഖനങ്ങള്‍ എഴുതുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട ചിലകാര്യങ്ങള്‍ വിക്കിപീഡിയര്‍ തന്നെ പറയുന്നുണ്ട്. അവ ഇതൊക്കെയാണ്.
വിക്കിപീഡിയയില്‍ എഴുതപ്പെടുന്ന ലേഖനങ്ങളെല്ലാം GNU Free Documentation License പ്രകാരം സ്വതന്ത്രമാണ് (വിശദാംശങ്ങള്‍ കാണുക:Project:പകര്‍പ്പവകാശം). താങ്കള്‍ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിര്‍പ്പുണ്ടെങ്കില്‍ ദയവായി ലേഖനമെഴുതാതിരിക്കുക.
ഈ ലേഖനം താങ്കള്‍ത്തന്നെ എഴുതിയതാണെന്നും അതല്ലെങ്കില്‍ പകര്‍പ്പവകാശ നിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളില്‍നിന്നും പകര്‍ത്തിയതാണെന്നും ഉറപ്പാക്കുക. പകര്‍പ്പവകാശ സംരക്ഷണമുള്ള സൃഷ്ടികള്‍ ഒരു കാരണവശാലും ഇവിടെ പ്രസിദ്ധീകരിക്കരുത്.
വിക്കി ഫോര്‍മാറ്റിംഗ് രീതികള്‍:
എഴുതുമ്പോള്‍ ഉപയോഗിക്കേണ്ട ഫോര്‍മാറ്റിംഗ് രീതികള്‍ അത്യന്തം ലളിതമാണ്. ടൂള്‍ ബാര്‍ എഴുതാനും / എഡിറ്റുചെയ്യുവാനുള്ള പേജില്‍ ലഭ്യവുമാണ്. ചെറിയ തലക്കെട്ടുകളായി തിരിക്കുവാന്‍ == ചിഹനം == വാക്കിന്റെ ഇരു വശത്തുമായി ഉപയോഗിക്കാം. എഡിറ്റിംഗ് വഴികാട്ടി വളരെ വിശദമായി മലയാളത്തില്‍ തന്നെ ഈ പേജില്‍ ലഭ്യമാണ്.
ഇനി അഥവാ നിങ്ങള്‍ക്ക് ഫോര്‍മാറ്റിംഗ് ചെയ്യുവാന്‍ താല്പര്യമില്ലെന്നിരിക്കട്ടെ. സാരമില്ല, ലേഖനം മാത്രം എഴുതിയാല്‍ മതി. സന്നദ്ധസേവകരായ വിക്കിപീഡിയര്‍ ആരെങ്കിലും അതിന്റെ ഫോര്‍മാറ്റിംഗ് നിര്‍വ്വഹിച്ചുകൊള്ളും.
ഒരിക്കല്‍ എഴുതാന്‍ തുടങ്ങിയ ലേഖനത്തില്‍ നിങ്ങള്‍ക്ക് കൂട്ടിച്ചേര്‍ത്തലുകള്‍ വരുത്താം. അതിനായി ലേഖനം തുറന്ന് മാറ്റിയെഴുതുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി.
4 അഭിപ്രായങ്ങള്‍:
useful post..
very informative..
അപ്പൂ..
വിക്കിപീഡിയയില്‍ ചിത്രം ചേര്‍ക്കാന്‍ എന്താ ചെയ്യാ.?
ആദ്യം വിക്കി കോമൺസിലേക്ക് ആ ചിത്രം അപ്‌ലോഡ് ചെയ്യണം. അതിനുശേഷം നമുക്ക് ചിത്രം ചേർക്കേണ്ട സ്ഥലത്തേക്ക് അതിന്റെ കോഡ് ഉപയോഗിച്ച് ചിത്രം ഉൾപ്പെടുത്തുകയാണു വേണ്ടത്.
nalla oru padanam kitti..many thanks.appu...
Post a Comment