മലയാളം - ബ്ലോഗിംഗിനപ്പുറത്തേക്ക്

>> 27.9.08

മലയാളം കമ്പ്യൂട്ടിംഗിന്റെ ഒരു ഉപയോഗമായ ബ്ലോഗിംഗ് ആണ് ഈ ബ്ലോഗില്‍ നാം പ്രധാനമായും ഇതുവരെ ചര്‍ച്ചചെയ്തത്. എന്നാല്‍ ബ്ലോഗ് എഴുതാനായി മാത്രം നമ്മുടെ ഭാഷ കം‌പ്യൂട്ടറില്‍ കൈകാര്യം ചെയ്യുവാന്‍ പഠിക്കുന്നതിനേക്കാള്‍ കുറച്ചുകൂടി അഭികാമ്യമല്ലേ, കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലും ആ ഭാഷയുടെ മറ്റ് ഉപയോഗങ്ങള്‍ കൂടി കണ്ടെത്തുക എന്നത്?

ബ്ലോഗില്‍ നിങ്ങള്‍ എഴുതുന്ന കുറിപ്പുകളും, ലേഖനങ്ങളും, കവിതകളും, തമാശകളും എല്ലാം നിങ്ങളുടെ സ്വന്തമായ ഒരു വെബ് പേജില്‍ പ്രസിദ്ധീകരിക്കപ്പെട്ടു, അത് കുറേ ആളുകള്‍ വായിച്ചു, അതിനുശേഷം അത് ആര്‍ക്കൈവ്സില്‍ സേവ് ചെയ്യപ്പെട്ടു - ഒരു ബ്ലോഗിന്റെ ഉപയോഗം അവിടെ അവസാനിക്കുന്നു. ഇതില്‍നിന്ന് ഒരു പടി കടന്ന്, കം‌പ്യൂട്ടറില്‍ മലയാളഭാഷ കൈകാര്യം നിങ്ങള്‍ ആര്‍ജ്ജിച്ച കഴിവ് നമ്മുടെ സമൂഹത്തിനും, ഭാവിതലമുറയ്ക്കും പ്രയോജനകരമായ രീതിയില്‍ ഉപയോഗിക്കാനാവുന്ന മറ്റൊരു സംവിധാനം ഉണ്ടെങ്കിലോ? അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് വിക്കിമീഡിയ ഫൌണ്ടേഷന്റെ മലയാളം വിക്കി പദ്ധതികള്‍. അവയെപ്പറ്റിയാണ് ഈ അദ്ധ്യായത്തില്‍ വിശദീകരിക്കുന്നത്.

നിങ്ങള്‍ വളരെ തിരക്കേറിയ ഒരു വ്യക്തിയാവാം. ഇത്രയും വായിച്ചുകഴിഞ്ഞപ്പോഴേക്കും ഈ പേജ് നിങ്ങള്‍ അടയ്ക്കുവാന്‍ തിരുമാനിക്കുന്നുവെങ്കില്‍, അതിനു മുമ്പായി താഴെപ്പറയുന്ന കാര്യങ്ങള്‍കൂടി വായിക്കുവാനായി നിങ്ങളുടെ വിലയേറിയ സമയത്തില്‍നിന്ന് ഒരല്പം മാറ്റിവയ്ക്കുവാന്‍ അപേക്ഷ.


1. എന്താണ് വിക്കിപീഡിയ?

അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരു സ്വതന്ത്ര ഓണ്‍‌ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. അനേകം എഴുത്തുകാരുടെ അറിവും പ്രയത്നവും വിക്കിപീഡിയയിലെ ഓരോ ലേഖനത്തിനു പിന്നിലുണ്ട്. ഏറ്റവും വലിയ വിക്കിപീഡിയ ഇംഗ്ലീഷിലാണ്. ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നിലവില്‍ 25 ലക്ഷത്തിലധികം ലേഖനങ്ങള്‍ ഉണ്ട്. മലയാളം വിക്കിപീഡിയ വികസിച്ചുവരുന്നതെയുള്ളൂ. 8000 ത്തോളം ലേഖനങ്ങളാണു നിലവില്‍ മലയാളം വിക്കിപീഡിയയിലുള്ളത്.2. പുസ്തകരൂപത്തിലുള്ള വിജ്ഞാനകോശങ്ങളെ അപേക്ഷിച്ച് വിക്കിപീഡിയയ്ക്കുള്ള പ്രത്യേകതകള്‍ എന്തൊക്കെയാണ്?


മറ്റു വിശ്വവിജ്ഞാനകോശങ്ങളെ അപേക്ഷിച്ച് ഓണ്‍ലൈന്‍ വിക്കിപീഡിയയ്ക്കുള്ള സവിശേഷത, അതിലെ വിവരങ്ങള്‍ ആധികാരികമായി പറയുവാനാവുന്ന ആര്‍ക്കും, ഏതുവായനക്കാരനും, എപ്പോള്‍ വേണമെങ്കിലും എഡിറ്റുചെയ്യാം എന്നതാണ്. ഇന്റര്‍നെറ്റ് വെബ് പേജുകളുടെയെല്ലാം പ്രത്യേകതയായ കണ്ണികള്‍ (ലിങ്കുകള്‍) ഇവയിലും ഉണ്ട്. ഇതിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് വളരെവേഗം മറ്റൊരു പേജിലേക്കോ റെഫറെന്‍സിലേക്കോ പോകുവാനും സാധിക്കും. ഇതുകൂടാതെ മള്‍ട്ടിമീഡിയയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ലേഖനങ്ങളോടൊപ്പം ചിത്രങ്ങള്‍, ആനിമേഷനുകള്‍, ശബ്ദരേഖകള്‍, വീഡിയോകള്‍, തുടങ്ങിയവ ഉള്‍പ്പെടുത്തുവാനും ഒരു വിക്കിപീഡിയ ലേഖനത്തില്‍ സാധ്യമാണ് - ഇത് ഒരു പുസ്തകത്തില്‍ സാധ്യമല്ല. വളരെ അഡ്വാന്‍സ്‌ഡ് ആയ സേര്‍ച്ച് സൌകര്യമാണ് വിക്കിപീഡിയയില്‍ ഉള്ളത്. ചുരുക്കത്തില്‍ ഇന്റര്‍നെറ്റിന്റെ വരവോടെ, വലിയൊരു ലൈബ്രറിയും, അതുവഴി അറിവിന്റെ അക്ഷയഖനിയുമാണ് നമ്മുടെ കമ്പ്യൂട്ടര്‍ സ്ക്രീനിലൂടെ നമ്മുടെ മുമ്പില്‍ തുറന്നുകിട്ടിയിരിക്കുന്നത്.


3. ആരാണ് വിക്കിപീഡിയ എഴുതുന്നത്?


അറിവു പന്കുവെക്കാനുള്ള മനസ്സും, ആ അറിവ് ലളിതമായ ഭാഷയില്‍ എഴുതുവാന്‍ കഴിവുള്ള ആര്‍ക്കും വിക്കിപീഡിയയില്‍ എഴുതാം. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകന്‍, സാധാരണക്കാര്‍, ബുദ്ധിജീവികള്‍, സാങ്കേതിക വിദഗ്ദ്ധര്‍, വായനയിലൂടെയും, സ്വന്തം പ്രവര്‍ത്തിമേഖലയിലൂടെയും അറിവുകള്‍ ആര്‍ജ്ജിച്ചവര്‍ തുടങ്ങി ആര്‍ക്കും എന്തിനെപ്പറ്റിയും ഒരു ലേഖനം വിക്കിപീഡിയയില്‍ എഴുതാം.


4. വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ എഴുതുന്നതുകൊണ്ട് എനിക്കെന്തുപ്രയോജനം ലഭിക്കും?

സര്‍വ്വസാധാരണമായ ഒരു ചോദ്യമാണ് ഇത്. വിക്കിപീഡിയയില്‍ എഴുതുന്നതു വഴി പണമോ പ്രശസ്തിയോ ലഭിക്കുകയില്ല. നമുക്കോരോരുത്തര്‍ക്കും ഇന്ന് ലഭിച്ചിരിക്കുന്ന അറിവുകള്‍ പലരില്‍നിന്ന് , പലസ്ഥലങ്ങളില്‍നിന്ന്, പലപ്പോഴായി പകര്‍ന്നുകിട്ടിയിട്ടുള്ളതാണ്. അത് മറ്റുള്ളവര്‍ക്കുകൂടി പ്രയോജനമാകുന്ന രീതിയില്‍ പകര്‍ന്നുനല്‍കാന്‍, സൂക്ഷിച്ചുവയ്ക്കുവാന്‍ ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ നമുക്കോരോരുത്തര്‍ക്കും കടമയുണ്ട്. ഇതാണ് വിക്കിപീഡിയയില്‍ ഭാഗഭാക്കാവുന്നതുവഴി നമുക്ക് ചെയ്യുവാന്‍ സാധിക്കുന്നത്. സൌജന്യമായി വിജ്ഞാനം പകര്‍ന്നുനല്‍കുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിമാത്രമാണ് ഇത്തരം ഒരു പൊതുസേവനത്തിലൂടെ ലഭിക്കുക. ഓര്‍ക്കുക, ഇതുപോലെ പല സുമനസുകള്‍ വിചാരിച്ചതിന്റെ ഫലമാണ് നാമിന്ന് ആര്‍ജ്ജിച്ചിരിക്കുന്ന അറിവുകളൊക്കെയും.

5. കൊടുക്കും‌തോറും വര്‍ദ്ധിക്കുന്ന ധനം:

കൊടുക്കും‌തോറും വര്‍ദ്ധിക്കുന്ന ഒരേഒരു ധനമേയുള്ളൂ ലോകത്ത്, അത് വിദ്യാധനമാണ്. അറിവു പകര്‍ന്നു നല്‍കുക. അതിലൂടെ തീര്‍ച്ചയായും നമ്മുടെ അറിവ് കുറഞ്ഞുപോവുകയല്ല, മറിച്ച് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. വിക്കിപീഡിയപോലുള്ള സംരഭങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നതിലൂടെ നമ്മുടെ അറിവ് വര്‍ദ്ധിക്കുകയും ആ അറിവ് വിക്കിപീഡിയ്ക്കു പുറത്തുള്ളവരേക്കാള്‍ ഏറ്റവും പുതുതായി ഇരിക്കുകയും ചെയൂന്ന പ്രതിഭാസമാണു ലേഖനം എഴുതന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം എന്നു പരിചയസമ്പന്നരായ എഴുത്തുകാരെല്ലാവരും സമ്മതിക്കും. കാരണം നാം ഒരു ലേഖനം എഴുതുമ്പോള്‍ അതിന്റെ ആധികാരികത് ഉറപ്പാക്കാനായി സ്വയം അത് ആദ്യം പഠിക്കും എന്നതു തന്നെ!


6. വിക്കിപീഡിയയില്‍ ഒരു ലേഖനം എഴുതുന്നതിന് ആ വിഷയത്തില്‍ നല്ല അറിവുണ്ടാവേണ്ടേ? അതില്ലാത്തവര്‍ എന്തുചെയ്യും?


വിക്കിപീഡിയയില്‍ നിന്ന് ആളുകളെ അകറ്റി നിര്‍ത്തുന്ന ഒരു പ്രധാന തെറ്റിദ്ധാരണയാണ് ഇത്. വിക്കിപീഡിയയില്‍ ഒരു ലേഖനം എഴുതുവാന്‍ നിങ്ങള്‍ക്ക് ആ വിഷയത്തില്‍ അഗാധപാണ്ഡിത്യം ഉണ്ടാവേണ്ടതില്ല. വിക്കിപീഡിയയിലെ ഒരു ലേഖനവും ഒരാള്‍ മാത്രം എഴുതിതീര്‍ത്തതുമല്ല. പല മേഖലയിലുള്ളവര്‍, പലരാജ്യങ്ങളില്‍ താമസിക്കുന്നവര്‍, ഇന്റര്‍നെറ്റ് എന്ന മാധ്യമത്തിലൂടെ കൂട്ടായി എഴുതിതീര്‍ത്തവയാണ് ഇതിലെ ഓരോ ലേഖനങ്ങളും.


7. പലതുള്ളി.... പെരുവെള്ളം....


തിരുവനന്തപുരത്തെ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി ഇലക്ട്രിക് ബള്‍ബ് എന്ന ഒരു ലേഖനം വിക്കിപീഡിയയില്‍ എഴുതുവാന്‍ തുടങ്ങുന്നു എന്നു സങ്കല്പിക്കൂ. അവന്റെ അറിവിന്റെ പരിധിയില്‍നിന്നുകൊണ്ട് ഇലക്ട്രിക് ബള്‍ബ് എന്താണ് ചെയ്യുന്നതെന്നതിന്റെ ഒരു അടിസ്ഥാന വിവരണം മാത്രം ഒരു പാരഗ്രാഫില്‍ എഴുതുകയാണ് അവന്‍ ചെയ്തത്. കുറേ ദിവസം കഴിഞ്ഞ് മദ്രാസില്‍ നിന്നും ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആ ലേഖനം അല്പം കൂടി വിപുലപ്പെടുത്തി ബള്‍ബിന്റെ പ്രവര്‍ത്തന തത്വങ്ങളും, അതിന്റെ രേഖാ ചിത്രങ്ങളും അതേ ലേഖനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു എന്നിരിക്കട്ടെ.

തുടര്‍ന്ന് അമേരിക്കയില്‍ ജോലി ചെയ്യുന്ന മലയാളിയായ ഒരു ഇലക്ട്രിക് എഞ്ചിനീയര്‍ ഈ ലേഖനം കാണാനിടയാവുകയും, പലവിധ ബള്‍ബുകളെ കുറിച്ച് കുറച്ചുകൂടി ആധികാരികമായതും, സാങ്കേതിക വിജ്ഞാനം പകരുന്നതുമായ മറ്റുകാര്യങ്ങള്‍കൂടി ആ ലേഖനത്തില്‍ ചേര്‍ക്കുന്നു എന്നും വിചാരിക്കുക. ഇങ്ങനെ അവസാനം ഇലക്ട്രിക് ബള്‍ബിനെപ്പറ്റിയുള്ള ആ ലേഖനം വിജ്ഞാനപ്രദമായ ഒരു നല്ല ലേഖനമായി മാറുന്നു. പലതുള്ളി പെരുവെള്ളം! ഇതുതന്നെയാണ് വിക്കിപീഡിയയിലേ ഓരോ ലേഖനത്തിനു പിന്നിലും ഉള്ള തത്വം. ഇതില്‍ ഭാഗഭാക്കാവാന്‍ നിങ്ങള്‍ക്കും സാധിക്കില്ലേ?


8. വിക്കിപീഡിയ ലേഖനങ്ങളുടെ പ്രത്യേകതകള്‍

വിക്കിപീഡിയയിലെ ഒരു ലേഖനത്തിനും കൃത്യമായൊരു രചയിതാവില്ല. ഒരു ലേഖനത്തിനു പിന്നില്‍ നിരവധി പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവും. അവരുടെ കാഴ്ചപാടുകളും വ്യത്യസ്തമാവും. അതുകൊണ്ടുതന്നെ, എല്ലാവര്‍ക്കും ഒരു പോലെ യോജിക്കാനാവുന്ന ഒരു മധ്യമാ‍ര്‍ഗത്തിനേ വിക്കിയിലെ ലേഖനങ്ങളില്‍ നിലനില്‍പ്പുണ്ടാവൂ. അതായത്‌ വിക്കി വളരെ സ്വാഭാവികമായി തന്നെ നിഷ്പക്ഷത ഉറപ്പാക്കുന്നു.


കാശ്മീര്‍, സിന്ധൂനദീതടസംസ്കാരം, ഇസ്രായേല്‍-പാലസ്തീന്‍ എന്നിങ്ങനെയുള്ള കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളില്‍ പോലും ഏറ്റവും നിഷ്പക്ഷമായ സമീപനത്തിന് പേരുകേട്ടതാണ് വിക്കിപീഡിയ. വിക്കിപീഡിയയിലെ വിവരണം മാത്രമേ ഏതു പ്രശ്നത്തിന്റേയും എല്ലാ വശങ്ങളും ഒരുപോലെ വിവരിക്കുന്നുള്ളൂ എന്നു വിശ്വസിക്കുന്നവരിപ്പോള്‍ ഏറി വരികയാണ്. ഇങ്ങനെ അനേകം പേരുടെ കൂട്ടയ്മയില്‍ നിന്നാണ് ഓരോ ലേഖനങ്ങളുടേയും ആധികാരികത ഉറപ്പാക്കപ്പെടുന്നത്‌.


എല്ലാ ലേഖകരും, എല്ലാ വിവരസ്രോതസ്സുകളും വസ്തുതകളോട് പക്ഷപാതിത്വം ഉള്ളവരായിരിക്കും അതുകൊണ്ടുതന്നെ വലിയൊരു ലേഖകസംഘം തങ്ങളുടെ കാഴ്ചപ്പാടുകള്‍ സ്രോതസ്സുകളുടെ പിന്‍ബലത്തോടെ ഒരു ലേഖനത്തില്‍ അവതരിപ്പിക്കുമ്പോള്‍ ലേഖനത്തിന് സ്വതന്ത്രമായ ഒരു നിഷ്പക്ഷത ലഭിക്കേണ്ടതാണ്. ഇത്തരത്തില്‍ ചേരുന്നതും ചേരാത്തതുമായ വിവിധ കാഴ്ചപ്പാടുകളെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനെ സന്തുലിതമായ കാഴ്ചപ്പാട് എന്നാണ് വിക്കിപീഡിയ സ്വയം വിളിക്കുന്നത്.


ഇനി ഒരാള്‍ക്ക് തന്റെ കാഴ്ചപ്പാട് വിക്കിപീഡിയയില്‍ ഇല്ല എന്നു തോന്നിയന്നിരിക്കട്ടെ, അയാള്‍ക്ക് അത് സ്വന്തം സ്രോതസ്സിന്റെ പിന്‍ബലത്തോടെ വിക്കിപീഡിയയില്‍ ചേര്‍ക്കാവുന്നതാണ്. ചിലര്‍ക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ മറ്റു ചിലര്‍ക്ക് ചീത്തയായി അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് വിവരങ്ങളെ വസ്തുതകളാക്കി ചേര്‍ക്കാനാണ് വിക്കിപീഡിയ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് ജോര്‍ജ്ജ്. ഡബ്ല്യു. ബുഷ്. നല്ലവനാണോ ചീത്തയാണോ എന്ന് വിക്കിപീഡിയയില്‍ നിന്ന് അറിയാന്‍ കഴിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ജനനം മുതലുള്ള എല്ലാ പ്രധാന കാര്യങ്ങളും വിക്കിപീഡിയയില്‍ ഉണ്ടാവും. നിരൂപണങ്ങള്‍ വിക്കിപീഡിയയില്‍ ഉണ്ടാവില്ലന്നര്‍ത്ഥം.


9. വിക്കിപീഡിയയില്‍ എന്തൊക്കെ എഴുതാം?

ഒരു റെഫറന്‍സ് എന്ന രീതിയില്‍ നിലവിലോ ഭാവിയിലോ വായനക്കാര്‍ക്ക് ഉപകാരമാവുന്ന എന്തും നിങ്ങള്‍ക്ക് വിക്കിപീഡിയയില്‍ ഉള്‍പ്പെടുത്താം. ഈ നിര്‍വചനത്തില്‍ പെടാത്ത ലേഖനങ്ങള്‍ സ്വീകാര്യമാവണമെന്നില്ല. വിക്കിപീഡിയയില്‍ എഴുതുന്നതെല്ലാം പെര്‍ഫക്റ്റാവണം എന്ന വാശി ആര്‍ക്കും വേണ്ട; പുറകേ വരുന്നവര്‍ തിരുത്തിക്കോളും അല്ലെങ്കില്‍ കൂട്ടിച്ചേര്‍ത്തോളും എന്ന അവബോധം വിക്കിയില്‍ എഴുതുന്ന സാധാരണഉപയോക്താക്കള്‍ക്ക് വിക്കിപീഡിയയിലെഴുതാന്‍ വലിയൊരാത്മവിശ്വാസം നല്‍കുന്നുണ്ട്‌.


ഒരു പ്രൈമറി സ്ക്കൂള്‍ ടീചര്‍ക്ക് അവരുടെ സ്കൂളിനെ പറ്റിയെഴുതാം, പ്രൈമറി വിദ്യാ‍ഭ്യാസത്തിന്റെ വിവിധഘട്ടങ്ങളെ പറ്റിയെഴുതാം. ഒരു ബാങ്ക്‌ ജീവനക്കാരന് ബാങ്കിങ് മേഖലയെ കുറിച്ചും സ്വന്തം ബാങ്കിന്റെ ചരിത്രവും എഴുതാം. ഒരു ഡിഗ്രിവിദ്യാര്‍ഥിക്ക് അവന്‍ പഠിക്കുന്ന വിഷയത്തിലെ ചില വാക്കുകള്‍ എന്താണെന്ന്‌ നിര്‍വചിക്കാന്‍ സാധിക്കും. പാര്‍ട്ടിപ്രവര്‍ത്തകന് നേതാക്കന്മാരുടെ ജീവിതരേഖ കുറിച്ചിടാം. ഒരു കര്‍ഷകന് കൃഷിയെപറ്റിയുള്ള അനേകം നാട്ടറിവുകള്‍ പങ്കുവയ്ക്കാം. അങ്ങനെ അങ്ങനെ അനേകം ചെറുതുള്ളികള്‍ ചേര്‍ന്നൊരു പെരുമഴയാവുകയാണ് വിക്കിപീഡിയ!

10. വിക്കിപീഡിയയില്‍ കഥയും കവിതയും ചേര്‍ക്കാമോ?

നല്ലൊരു ചോദ്യമാണിത്. വിക്കിപീഡിയ എന്നാല്‍ വിജ്ഞാനപ്രദമായ ലേഖനങ്ങളുടെ സമാഹാരം മാത്രമാണ് എന്നതു സത്യം; അവിടെ കഥയും കവിതയും ചേര്‍ക്കാനാവില്ല. എന്നാല്‍ വിക്കിപീഡിയയുടെ സഹോദരസംരഭങ്ങളായ വിക്കി സോഴ്സ് അതിനുള്ള സൌകര്യം ഒരുക്കുന്നു. നിങ്ങളുടെ സ്വന്തം കൃതികളല്ല, കഴിഞ്ഞകാലത്തിലെ അമൂല്യഗ്രന്ഥങ്ങള്‍ ശേഖരിക്കുന്ന വിക്കിയാണ് വിക്കിഗ്രന്ഥശാല (http://ml.wikisource.org). പകര്‍പ്പവകാശ പരിധിയില്‍ വരാത്ത പ്രാചീന കൃതികള്‍ (ഉദാ: ബൈബിള്‍, ഖുറാന്‍, വേദങ്ങള്‍, മുതലായവ), പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ കൃതികള്‍ (ഉദാ: കേരളപാണിനീയം, ആശാന്‍ കവിതകള്‍), പകര്‍പ്പവകാശത്തിന്റെ അവകാശി പൊതുസഞ്ചയത്തിലാക്കിയ കൃതികള്‍ എന്നിങ്ങനെ മൂന്നു തരം കൃതികളാണു വിക്കി ഗ്രന്ഥശാലയില്‍ ചേര്‍ക്കാവുന്നത്.

വിക്കിപാഠശാല:

പാഠപുസ്തകങ്ങള്‍, മത്സരപ്പരീക്ഷാ സഹായികള്‍, വിനോദയാത്രാ സഹായികള്‍, പഠനസഹായികള്‍ എന്നിവ ചേര്ക്കുന്ന വിക്കിയാണു വിക്കി പാഠശാല. (http://ml.wikibooks.org/)


11. ബ്ലോഗെഴുത്തിനെ എങ്ങനെ വിക്കിപീഡിയയുമായി ബന്ധിപ്പിക്കാം?

നിങ്ങള്‍ വികിപീഡിയയില്‍ പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്ന ഒരു ലേഖനം ഏകദേശം പൂര്‍ണ്ണമായിത്തന്നെ നിങ്ങളുടെ ബ്ലോഗില്‍ ഒരു ലേഖനമായി പ്രസിദ്ധീകരിക്കാം. ബ്ലോഗിലെ വായനക്കാര്‍ക്ക് നല്ലൊരു ആര്‍ട്ടിക്കിള്‍ കാണുവാനും കമന്റുകള്‍ രേഖപ്പെടുത്തുവാനും സാധിക്കും. അതിനുശേഷം, നിങ്ങള്‍ക്ക് വിക്കിപീഡിയയില്‍ അതേ ലേഖനം കോപ്പി / പേസ്റ്റ് ആയി ചേര്‍ക്കുകയും ആവാം.

സാഹിത്യത്തില്‍ അഭിരുചിയുള്ളവര്‍ക്ക് സാഹിത്യവുമായും ഭാഷയുമായും ബന്ധമുള്ള ലേഖനങ്ങള്‍ എഴുതാം, വിക്കി സോഴ്സില്‍ ഗ്രന്ഥങ്ങള്‍ ചേര്‍ക്കുനതില്‍ സഹകരിക്കാം, വിക്കിഷ്ണറിയില്‍ പദങ്ങള്‍ ചേര്‍ക്കാം, സാങ്കേതിക വിദദ്ധര്‍ക്ക് സാങ്കേതിക കാര്യങ്ങള്‍ എഴുതാം, ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ളവര്‍ക്ക് വിക്കി കോമണ്‍സ് എന്ന ഫോട്ടോഗാലറിയിലേക്ക് ചിത്രങ്ങള്‍ സംഭാവനചെയ്യാം, ചരിത്രകുതുകികള്‍ക്ക് ചരിത്ര ലേഖനങ്ങള്‍ എഴുതാം, വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അവരുടെ പഠനമേഖലയിലെ വിഷയങ്ങള്‍ ലേഖനങ്ങളായി അവതരിപ്പിക്കാം. ഇങ്ങനെ മേഖലകള്‍ക്ക് വിക്കിയില്‍ യാതൊര്‍ പരിധിയുമില്ല - നിങ്ങളുടെ മനസ്സാണ് കാര്യം!


12.വിക്കിപീഡിയ എന്തൊക്കെയാണ് /എന്തൊക്കെയല്ല ?

വിക്കിപീഡിയ ഒരു ഓണ്‍‌ലൈന്‍ വിജ്ഞാനകോശമാണ്. ഉയര്‍ന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന, പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഒരു ഓണ്‍ലൈന്‍ സമൂഹമാണ് വിക്കീപീഡിയയുടെ ശക്തി. അതുകൊണ്ടൊക്കെ തന്നെ വിക്കിപീഡിയ ചിലമേഖലകളെ പ്രതിനിധാനം ചെയ്യുന്നില്ല.

 • വിക്കിപീഡിയ പുസ്തകരൂപത്തിലുള്ള വിജ്ഞാനകോശമല്ല. അതു കൊണ്ടു തന്നെ പുസ്തകരൂപത്തിലുള്ള വിജ്ഞാനകോശം പോലെ ഇതിനു എഡിഷനുകള്‍ ഇല്ല.

 • ഓണ്‍ലൈന്‍ വിജ്ഞാനകോശം ആയതുകൊണ്ട് തന്നെ വിക്കിപീഡിയയില്‍ വിഷയങ്ങളുടെ എണ്ണത്തില്‍ ഒരിക്കലും അവസാനം ഉണ്ടാവാന്‍ സാധ്യതയില്ല.

 • ഒരു ലേഖനത്തിന്റെ വലിപ്പം വളരെയധികം ആവുകയാണെങ്കില്‍ ആ ലേഖനം വിഷയാധിഷ്ഠിതമായി വിഭജിക്കേണ്ടിവരും. ഒരു ലേഖനം കാരണങ്ങളില്ലാതെ വിഭജിക്കാമെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കേണ്ടതില്ല.

 • വിവരങ്ങളാണ് എന്നതുകൊണ്ടുമാത്രം വിക്കിപീഡിയ ചില കാര്യങ്ങള്‍പ്രസിദ്ധീകരിക്കില്ല. 100% ശരിയായ കാര്യങ്ങള്‍ എന്നതിലുപരി വിജ്ഞാനകോശസ്വഭാവമുള്ള കാര്യങ്ങളാണ് വിക്കിപീഡിയക്കനുയോജ്യം.
 • വിക്കിപീഡിയ ലേഖനങ്ങള്‍ അപൂര്‍വ്വമായി ചിലവിഭാഗം വായനക്കാര്‍ക്ക് ആക്ഷേപകരമോ വ്രണപ്പെടുത്തുന്നതോ ആയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനിടയുണ്ട്
 • വിക്കിപീഡിയ ആര്‍ക്കുവേണമെങ്കിലും തിരുത്തുവാന്‍ പാകത്തില്‍ സ്വതന്ത്രമായതുകൊണ്ട് ഒരു ലേഖനത്തിന്റെയും ഉള്ളടക്കത്തെ കുറിച്ച് ഉറപ്പു പറയാന് വിക്കിപീഡിയക്കാവില്ല. എങ്കിലും, ഇംഗ്ലീഷ് വിക്കിപീഡിയയില്‍ അനേക ലേഖനങ്ങള്‍ യതൊരു വിമര്‍ശനങ്ങള്‍ക്കും പഴുതില്ലാത്ത വിധം ആധികാരികങ്ങളായി മാറിയിട്ടുണ്ട്. അത്തരം ലേഖനങ്ങളില്‍ തുടര്‍ന്നുള്ള എഡിറ്റിംഗ് അനുവദിക്കുന്നതല്ല.

 • വിക്കിപീഡിയയിലെ വിവരങ്ങള്‍ GNU ഫ്രീ ഡോക്യുമെന്റേഷന്‍ അനുമതി അനുസരിച്ച് എവിടേയും സ്വതന്ത്രമായി ഉപയോഗിക്കാം. വിവരങ്ങള്‍ ആര്‍ക്കും സ്വന്തമല്ല എന്ന ആശയത്തിലാണ് വിക്കിപീഡിയ പടുത്തുയര്‍ത്തിയിരിക്കുന്നതു തന്നെ.

നമ്മുടെ മാതൃഭാഷയുടെ വളര്‍ച്ചക്കായി, ഒരു ചെറിയ സംഭാവന നല്‍കുവാന്‍ നിങ്ങള്‍ക്കും സാധിക്കില്ലേ? അതിനായി വിക്കിപീഡിയയില്‍ ഒരു ലേഖനം എഴുതുവാന്‍, അല്ലെങ്കില്‍ നിലവിലുള്ള ഒരു ലേഖനം എഡിറ്റു ചെയ്യുവാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടോ? എങ്കില്‍ ഇവിടെ ക്ലിക്കു ചെയ്യൂ.


മലയാളം വിക്കിപീഡിയയുടെ സജീവ പ്രവര്‍ത്തകരില്‍ ഒരാളായ ഷിജു അലക്സിന്റെ ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഈ അദ്ധ്യായം തയ്യാറാക്കുന്നതില്‍ എന്നെ വളരെ സഹായിച്ചിട്ടുണ്ട്.

14 അഭിപ്രായങ്ങള്‍:

 1. siva // ശിവ 27 September 2008 at 17:02  

  എനിക്ക് തികച്ചും ഉപകാരം ആകും...നന്ദി...

 2. Luttu 27 September 2008 at 17:41  

  ഷിബു എന്തുകൊണ്ടും അത്യാവശ്യമായ ഒരു ലേഖനമാണിത്‌.അറിവ്‌ വളര്‍ത്തുകയും പങ്കുവെക്കുകയും ചെയ്യട്ടെ ബൂലോകത്തുള്ളവര്‍

 3. ഗോപക്‌ യു ആര്‍ 27 September 2008 at 19:39  

  good post..thank u..

 4. കണ്ണൂരാന്‍ - KANNURAN 27 September 2008 at 20:29  

  വിക്കി സംരംഭങ്ങളിലേക്ക് കൂടുതല്‍ ആളുകളെ ഇനിയും ആകര്‍ഷിക്കേണ്ടിയിരിക്കുന്നു. തികച്ചും സമയോചിതമായ ലേഖനം.

 5. chithrakaran ചിത്രകാരന്‍ 27 September 2008 at 21:19  

  വളരെ നന്നായിരിക്കുന്നു. നമ്മുടെ വിദ്യാര്‍ഥിസമൂഹത്തെ വിക്കിപ്പീ‍ഡിയയിലേക്ക് ആകര്‍ഷിക്കേണ്ടിയിരിക്കുന്നു.

 6. യാരിദ്‌|~|Yarid 27 September 2008 at 22:34  

  അപ്പു മാഷെ, നന്നായിരിക്കുന്നു. കൂടൂതല്‍ പേരെ വിക്കിയിലേക്ക് ആകര്‍ഷിക്കാന്‍ ഇതു കൊണ്ട് കഴിയട്ടെ..:)

 7. smitha adharsh 27 September 2008 at 23:03  

  അതെ..വളരെ ഉപകാരപ്രദമായ പോസ്റ്റ്...
  ഒന്നു-രണ്ടു വിഷയത്തെപ്പറ്റി ഞാന്‍ എഴുതിയിരുന്നു.."ആരോഗ്യ ശാസ്ത്രം" എല്ലാം ഇപ്പോഴും ശുഷ്കമായി കിടക്കുന്നു എന്ന ഖേദകരമായ സത്യം ഞാന്‍ പറയട്ടെ...ഇത്രയും വിദ്യാ സമ്പന്നരായ ആളുകള്‍,പണലാഭം ഒന്നും ഇല്ല എന്ന കാരണത്താല്‍ ഈ ഓണ്‍ലൈന്‍ വിജ്ഞാനകോശത്തെ ഇപ്പോഴും അകറ്റി നിര്‍ത്തിയിരിക്കുന്നു.

 8. kichu / കിച്ചു 27 September 2008 at 23:03  

  ഷിബു..

  സമയോചിതമായ ഒരു നല്ല പോസ്റ്റ്, ആശംസകള്‍.

  തുടരുമല്ലോ അല്ലെ??

 9. ശ്രീവല്ലഭന്‍. 28 September 2008 at 01:59  

  നല്ല ലേഖനം. നന്ദി.

 10. Anoop Narayanan 28 September 2008 at 19:15  

  10. വിക്കിപീഡിയയില്‍ കഥയും കവിതയും ചേര്‍ക്കാമോ?

  പത്താമത്തെ ഈ ചോദ്യത്തിനുള്ള ഉത്തരം ലളിതമായി പറഞ്ഞാല്‍ പറ്റില്ല എന്നതാണ്‍്. ആദ്യമേ പറയട്ടെ വിക്കിമീഡിയയിലെ ഒരു സംരഭങ്ങളിലും നിങ്ങളുടെ കഥയും കവിതയും പ്രസിദ്ധീകരിക്കാനാവില്ല.

 11. സാജന്‍| SAJAN 29 September 2008 at 15:12  

  അപ്പു,
  ഈ ബ്ലോഗ് കണ്ടു, ഇതിലെ ഓരോ പോസ്റ്റും വിലമതിക്കാനാവാത്ത പ്രയത്നത്തിന്റെ ഫലമാണ് റെഫറന്‍സ് ആയി സൂക്ഷിച്ചു വെയ്ക്കാന്‍ കഴിയുന്ന ചുരുക്കം ബ്ലോഗുകളില്‍ ഒന്നാണിത്,
  താങ്കളെ കുറിച്ച് അഭിമാനം തോന്നുന്നു അപ്പു, കണ്‍ഗ്രാറ്റ്സ്!

 12. orkid 4 June 2012 at 19:04  

  ഞാന്‍ ആദിയമായ് എഴുതുന്ന കമന്റാന്ന് .ആദിയമായി നന്ദി പറയട്ടെ!നിങ്ങളുടെ ബ്ലോഗ്‌ എല്ലാ ദിവസവും നോക്കുന്നുണ്ട്. വളരെ ഉപകaരപ്രതമാന്‍നു നിങ്ങളുടെ ബ്ലോഗ്‌ എന്ന്‍ പറയേണ്ടതില്ലല്ലോ!. അപ്പുസാറിനു അഭിനങന ങ്ങള്‍

 13. Appu Adyakshari 4 June 2012 at 19:30  

  Orkid, നന്ദി.

 14. M.MANOJ KUMAR 13 January 2016 at 13:39  

  പുതിയ അറിവ് ആയിരുന്നു.നന്ദി.വളരെ നന്ദി.

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP