ആസ്കി മലയാളപത്രങ്ങള്‍ യൂണീക്കോഡില്‍ വായിക്കാം
>> 30.12.08
യൂണീക്കോഡ് മലയാളം ഫോണ്ടുകള്‍ നിലവില്‍ വന്നിട്ടും ചില മലയാളപത്രങ്ങള്‍
ഇപ്പോഴും പഴയ ASCII ക്യാരക്റ്റര്‍ കോഡ് സിസ്റ്റം തന്നെയാണ് ഉപയോഗിക്കുന്നത്. ഇവ,
ഫയര്‍ഫോക്സിലും, ഗ്നൂ / ലിനക്സിലും മറ്റും തുറക്കുമ്പോള്‍ അക്ഷരങ്ങള്‍ ശരിയായ
രീതിയില്‍ വായിക്കുവാന്‍ സാധിക്കുന്നില്ല എന്നൊരു പരാതി ഉയര്‍ന്നുകേള്‍ക്കാറുണ്ട്.
ചെറിയ ഒരു സെറ്റിംഗിലൂടെ ആസ്കി കോഡുകളില്‍ എഴുതിയിരിക്കുന്ന മലയാളത്തെ എങ്ങനെ യൂണിക്കോഡ് മലയാളത്തിലേക്ക് മാറ്റാം എന്ന് വിശദീകരിക്കുന്നു, സെബിന്‍ തന്റെ ഈ ലേഖനത്തില്‍.
മലയാളപത്രങ്ങള്‍ ഗ്നൂ / ലിനക്സില്‍
സെബിന്‍ ഏബ്രഹാം ജേക്കബ്
മാധ്യമ വിമര്‍ശനവുമായി ബന്ധപ്പെട്ട ഒരു ഗൂഗിള്‍ ഗ്രൂപ്പില്‍ സലില്‍ ജികെ അയച്ച ഒരു മെയില്‍ ആണു് ഈ പോസ്റ്റ് എഴുതുന്നതിലേക്കു് നയിച്ചതു്. വെബ് പേജില്‍ ആസ്കി ഫോണ്ടുകള്‍ ഉപയോഗിക്കുന്ന മലയാള പത്രങ്ങള്‍ ഗ്നൂ ലിനക്സ് സിസ്റ്റങ്ങളില്‍ കാണാന്‍ പ്രയാസമാണു് എന്ന ധ്വനി അവിടെ കണ്ടു. മുമ്പു് ആ നിലയ്ക്കൊരു ചര്‍ച്ച ഗ്രൂപ്പില്‍ നടന്നിരുന്നു എന്നാണു് സലില്‍ എഴുതിയിരിക്കുന്നതു്.
യൂണിക്കോഡിലേക്കു് മാറിയതിനാല്‍ മാതൃഭൂമി, മംഗളം പത്രങ്ങള്‍ കുഴപ്പമില്ലാതെ കാണാന്‍ സാധിക്കുന്നു. എന്നാല്‍ മറ്റുമലയാള പത്രങ്ങള്‍ ഇപ്പോഴും ആസ്കി യുഗത്തിലാണു്. അവയാകട്ടെ, ഗ്നൂ ലിനക്സില്‍ കാണാന്‍ നിര്‍വ്വാഹമില്ല എന്നാണു് പറയാതെ പറയുന്നതു്.
എന്നാല്‍ വെറുതെ പ്രശ്നം അവതരിപ്പിക്കുകയല്ല, സലില്‍ ചെയ്തിരിക്കുന്നതു്. അതു പരിഹരിക്കാനായി മനോരമ, ദേശാഭിമാനി, കേരളകൌമുദി എന്നീ പത്രങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകള്‍ക്കു് ഉപയോഗിക്കുന്ന ഡൈനാമിക്‍ ഫോണ്ടുകളുടെ പകര്‍പ്പുകള്‍ അടങ്ങുന്ന ഒരു ചെറിയ ആര്‍ക്കൈവ് പാക്കേജും സലില്‍ നിര്‍മ്മിച്ചു് നല്‍കിയിരിക്കുന്നു. അതു് എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യണമെന്ന വിവരവും ഒപ്പം നല്‍കിയിട്ടുണ്ടു്. എന്നാല്‍ മാധ്യമത്തിന്റെ ഫോണ്ടു് അക്കൂട്ടത്തിലില്ല.അതുകൊണ്ടുതന്നെ, മാധ്യമം ഓണ്‍ലൈന്‍ എഡിഷന്‍ ഗ്നൂ ലിനക്സ് സിസ്റ്റങ്ങളില്‍ എങ്ങനെ വായിക്കാന്‍ കഴിയുംഎന്നു് സനിലിനു് നിശ്ചയമില്ല.
മേല്‍പ്പറഞ്ഞ പത്രങ്ങളുടെ വെബ്സൈറ്റുകള്‍ അവര്‍ ഉപയോഗിക്കുന്ന അതേ ഫോണ്ടില്‍ കാണണമെന്നു് നിര്‍ബന്ധമുണ്ടെങ്കില്‍ മാത്രമേ ബന്ധപ്പെട്ട ഫോണ്ടുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുള്ളൂ. എന്റെ അഭിപ്രായത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട മാര്‍ഗ്ഗം പത്രത്താളില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകള്‍ ഏതായാലും അവയെ യൂണിക്കോഡിലേക്കു് കണ്‍വേര്‍ട്ട് ചെയ്തു് വായിക്കുന്നതാവും എന്നാണു്. അങ്ങനെ കണ്‍വേര്‍ട്ട് ചെയ്യുന്നപക്ഷം അവ പകര്‍ത്തി അയയ്ക്കുന്നതിനും പിന്നീടു് മെയിലില്‍ നിന്നു് സേര്‍ച്ച് ചെയ്തു് കണ്ടെത്തുന്നതിനും ഒക്കെ സൌകര്യമുണ്ടാവും.
ഇതു് എങ്ങനെ സാധ്യമാകും എന്നു നോക്കാം. (ഉബുണ്ടു 8.10 ആണു് ഞാന്‍ ഉപയോഗിക്കുന്നതു്. ഫെഡോറയിലും ഇതേ വഴി തന്നെ മതിയാകും.)
ഫയര്‍ഫോക്സ്, ഐസ്‌വീസല്‍, ഫ്ലോക്ക് തുടങ്ങിയ ബ്രൌസറുകളില്‍ ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കും. ആദ്യം ഇവിടെ നിന്നു് ഗ്രീസ് മങ്കി ഇന്‍സ്റ്റോള്‍ ചെയ്യുക. ശേഷം ഇവിടെ നിന്നു് പദ്മ ഇന്‍സ്റ്റോള്‍ ചെയ്യുക.പണി പകുതി കഴിഞ്ഞു. ഇവ രണ്ടും ഫയര്‍ഫോക്സ് ആഡ് ഓണുകള്‍ ആയതിനാല്‍ ഫയല്‍ സൈസ് വളരെ കുറവാണു്. അതുകൊണ്ടുതന്നെ ഇന്‍സ്റ്റൊളേഷനു് അധിക സമയമെടുക്കില്ല. ബ്രൌസര്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ മറക്കരുതു്.
മിക്ക മലയാള പത്രങ്ങളുടെയും പേജുകള്‍ പദ്മ ഡീഫോള്‍ട്ടായി തന്നെ യൂണിക്കോഡിലേക്കു് കണ്‍വേര്‍ട്ട് ചെയ്ത് കാണിക്കും. ഉദാഹരണത്തിനു് മലയാള മനോരമയുടെ പേജ് നോക്കാം.
അടുത്തതു് കേരളകൌമുദിയുടെ പേജായാലോ?
ശരി, ഈ രണ്ടു പേജുകളും കണ്ട സ്ഥിതിക്കു് മാധ്യമം ഒന്നു നോക്കാം.
ഹയ്യയ്യോ, സനില്‍ പറഞ്ഞതുപോലെ മാധ്യമം പേജു് കാണാനാവുന്നില്ലല്ലോ? ഇനി എന്തു ചെയ്യും?
പലരും പകച്ചുപോകുന്ന സന്ദര്‍ഭമാണിതു്. ഗ്നൂ ലിനക്സില്‍ മാത്രമല്ല, വിന്‍ഡോസിലും ഫയര്‍ഫോക്സ് ഉപയോക്താക്കള്‍ ഈ പ്രശ്നം നേരിട്ടിട്ടുണ്ടാവും. ഇതിനു് കാരണം പദ്മയില്‍ ഡീഫോള്‍ട്ടായി യൂണിക്കോഡിലേക്കു് കണ്‍വേര്‍ട്ട് ചെയ്യേണ്ട പേജുകളുടെ ലിസ്റ്റില്‍ മാധ്യമത്തിന്റെ പുതിയ യുആര്‍എല്‍ ചേര്‍ത്തിട്ടില്ല എന്നതാണു്. മാധ്യമം പത്രം മുമ്പു് ഉപയോഗിച്ചിരുന്ന യുആര്‍എല്‍ അതേ സമയം പദ്മയില്‍ കണ്‍വേര്‍ഷനായി നല്‍കിയിട്ടുണ്ടു് താനും. അപ്പോള്‍ പിന്നെ ചെയ്യാനുള്ളതു് ഈ യുആര്‍എല്‍ കൂടി അതില്‍ കൂട്ടിച്ചേര്‍ക്കുകയാണു്. അതിനു് എന്താണു് ചെയ്യേണ്ടതു്?
മെനുബാറില്‍ Tools > Add-ons എന്ന ഓപ്ഷന്‍ എടുക്കുക. അപ്പോള്‍ ഇന്‍സ്റ്റോള്‍ ചെയ്ത ആഡ് ഓണുകളുടെ ലിസ്റ്റ് ലഭിക്കും. മൌസ് ഉപയോഗിച്ചു് പദ്മ ഹൈലൈറ്റ് ചെയ്യുക.
ഇപ്പോള് പ്രിഫറന്‍സസ് എന്ന ഒരു ബട്ടണ്‍ ഇടതുവശത്തായി കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ പദ്മ പ്രിഫറന്‍സസ് എന്ന പുതിയൊരു ടാബ് തുറന്നുവരും.
സാധാരണ ഗതിയില്‍ എല്ലാ ഭാഷകളും സെലക്ട് ചെയ്തിരിക്കും. നമുക്കു് മലയാളം സ്ക്രിപ്റ്റ് മാത്രം മതിയെന്നുണ്ടെങ്കില്‍ manual transform settingsല്‍ മലയാളം ഒഴികെയുള്ള സ്ക്രിപ്റ്റുകളുടെ മുമ്പിലുള്ള കള്ളികളിലെ ശരിയടയാളം അവയില്‍ മൌസ് അമര്‍ത്തി എടുത്തുകളയാം. തുടര്‍ന്നു് Apply എന്ന ബട്ടണ്‍ അമര്‍ത്തിയ ശേഷം മുകളില്‍ വലതുവശത്തായുള്ള Update എന്ന ബട്ടണില്‍ ഞെക്കുക. അപ്പോള്‍ auto transform list എന്ന പുതിയ ജാലകം തുറന്നുവരും.
ഇവിടെ മാധ്യമം ദിനപത്രത്തിന്റെ യുആര്‍എല്‍ (www.madhyamam.com) എഴുതിച്ചേര്‍ക്കുക. Add ബട്ടണില്‍ അമര്‍ത്തുക. സ്ക്രിപ്റ്റ് ഡീഫോള്‍ട്ട് കിടന്നാല്‍ മതിയാകും. ഓട്ടോമാറ്റിക്കായി മലയാളം തന്നെ തിരഞ്ഞെടുക്കാനുള്ള ബുദ്ധിയൊക്കെ പദ്മയ്ക്കുണ്ടു്. ഇനി ആ സൈറ്റ് ഒന്നു് എടുത്തുനോക്കുക.
ഗ്നൂ ലിനക്സില്‍ മാത്രമല്ല, വിന്‍ഡോസിലും ഫയര്‍ഫോക്സ് ബ്രൌസര്‍ ഉപയോഗിക്കുന്നവര്‍ക്കു് ഇതേ രീതിയില്‍ ആസ്കി ഫോണ്ട് ഉപയോഗിക്കുന്ന സൈറ്റുകളെ യൂണിക്കോഡിലേക്കു് കണ്‍വേര്‍ട്ട് ചെയ്തു് കാണാനാവും. പ്രക്രിയകളില്‍ യാതൊരു മാറ്റവുമില്ല.
====================
കുറിപ്പ് : ഈ ലേഖനത്തിന്റെ ഒറിജിനല്‍ പോസ്റ്റ് ഇവിടെ. ലേഖകന്റെ അനുവാദത്തോടെ പുനഃപ്രസിദ്ധീകരിച്ചത്.
15 അഭിപ്രായങ്ങള്‍:
വളരെ വളരെ നന്ദി... ഇതേ പ്രശ്‌നം ഞാന്‍ ഏറെക്കാലമായി നേരിടുകയായിരുന്നു. ശരിയായ സൊല്യൂഷന്‍ എന്തെന്നു പിടി കിട്ടിയിരുന്നില്ല. ഇപ്പോള്‍ എന്റെ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചു. ഇനിയും ഉപകാരപ്രദമായ(അതു മാത്രമേ ഇതു വരെ നല്‍കിയിട്ടുള്ളൂവെങ്കില്‍ക്കൂടിയും) ഇത്തരം പോസ്‌റ്റുകള്‍ പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ കൂടി നന്ദി.
ലളിതമായി വിശദീകരിച്ചു നല്‍കിയതിനു, നന്ദി, അഭിനന്ദനങള്‍.
വളരെ വളരെ നന്ദി... ഇതേ പ്രശ്‌നം ഞാന്‍ ഏറെക്കാലമായി നേരിടുകയായിരുന്നു.
കംബ്യുട്ടര്‍ വാങ്ങിയിട്ടു ഇതു അഞ്ചാമത്തെ വര്‍ഷം. എന്തു, എങ്ങനെ തുടങ്ങണം എന്നൊന്നും നിശ്ചയമുണ്ടായിരുന്നില്ല. മലയാളത്തില്‍ ചിലര്‍ എഴുതിക്കണ്ടപ്പോള്‍ ഇതെങ്ങനെ സാധിക്കുന്നു എന്ന അന്വേഷണത്തിലായിരുന്നു. ആരും പരഞ്ഞു തരാനില്ല. ഇന്‍സ്റ്റിറ്റുട്ടില്‍ ചേര്‍ന്നു പഠിക്കാന്‍ വലിയ വൈമനസ്സ്യം! സര്‍ക്കറിന്റെ യുനികൊടു മലയാാളം ഫൊണ്ടു ഡൌണ്‍ ലോഡു ചെയ്തു. എന്നിട്ടും ഇതെങ്ങനെ കൈകാര്യം ചെയ്യും എന്നതിന്നു ഒരു പിടി വള്ളി പോലും കിട്ടിയില്ല. ബ്ഭാഗ്യം; ബ്ലൊഗില്‍ എത്താന്‍ കഴിഞ്ഞപ്പോള്‍ ഓരൊ വാതലും താനെ തുരക്കുന്നതായി അനുഭവപ്പെട്ടു! ബ്ബ്ലൊഗില്‍ വരന്‍ നിര്‍ബദ്ധം ചെലുത്തിയതു ശ്രി പി കെ സുകുമാരന്‍, അഞ്ചരക്കണ്ടി. ഒരുപാടു ടുട്ടോറിയലും നല്‍കി. നന്ദി രേഖപ്പെടുത്തുന്നു!
ഇപ്പൊള്‍ ഇതൊരു വിസ്മയ ലോകം! എന്റെ ഇഴഞ്ഞ മണിക്കൂറുകള്‍ ഇപ്പോള്‍ അതിലൂടെ വള്രെ വേഗം ഒഴുകി ഒഴുകി അനന്തമാം മഹാ വിഹായസ്സില്‍ വിലയം പ്രാപിക്കുന്നു.......!
Lx*
(ലക്ഷ്മണന്‍)
ഫയര്‍ഫോക്സില്‍ പദ്മ ആഡ് ഓണ്‍ ഇപ്പോള്‍ ഇല്ല; അഥവാ അത് പഴയ വേര്‍ഷനുള്ളതാണ് . അതുകൊണ്ടത് ചേര്‍ക്കാനാവുന്നില്ല. പിന്നെ ഡേബിയനില്‍ എന്താണു മാര്‍ഗം?
I am using epiphany web brouser & Iceweasel web bbrouser in Debian
പദ്മ ആഡ് ഓണ്‍ ഫയര്‍ഫോക്സ് 3.1ബി വേര്‍ഷന്‍ വരെ മാത്രമേ നിലവില്‍ കംപാറ്റിബിള്‍ ആയിട്ടുള്ളൂ. ഇത് താമസിയാതെ അപ്ഗ്രേഡ് ചെയ്യും എന്ന് പ്രതീക്ഷിക്കാം.
ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്തപ്പോള്‍ ലിനക്സില്‍ മനോരമ വായിക്കാന്‍ കഴിയുന്നു. നന്ദി.
പക്ഷെ, 2 പേജ് ഉള്ള ലേഘനങ്ങളില്‍ ഒന്നാമത്തെ പേജ് മാത്രമേ വായിക്കാന്‍ പറ്റുന്നുള്ളൂ. ഉദാഹരണത്തിന്
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753134&articleType=women&contentId=5490528&BV_ID=@@@
ഈ ലേഖനത്തില്‍ 3 പേജ് ഉണ്ട്. ആദ്യ പേജ് മാത്രമേ വായിക്കാന്‍ പറ്റുന്നുള്ളൂ. ഇതിനു എന്ത് ചെയ്യണം?
പ്രിയ റേ,
എന്റെ സിസ്റ്റത്തില്‍ (ഒഎസ് : ഉബുണ്ടു) ഈ പ്രശ്നം പുനഃസൃഷ്ടിക്കാനായില്ല. അതുകൊണ്ടുതന്നെ പ്രശ്നമെന്തെന്നു് മനസ്സിലാക്കാന്‍ കഴിഞ്ഞതുമില്ല. പ്രശ്നമുള്ള ടെക്സ്റ്റ് സെലക്ട് ചെയ്ത് മൌസില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ Transform to Unicode എന്ന ഓപ്ഷന്‍ കാണാനാവും. ആ മാര്‍ഗ്ഗം പരീക്ഷിച്ചു നോക്കൂ. ഇനി അതും കഴിയുന്നില്ലെങ്കില്‍ ചെയ്യാവുന്നതു് മനോരമയുടെ ഒറിജിനല്‍ ഫോണ്ടു് (ആസ്കി) നിങ്ങളുടെ ഗ്നൂലിനക്സ് സിസ്റ്റത്തില്ഇന്സ്റ്റോള് ചെയ്യുക എന്നതാണു്. അപ്പോള്‍ ഒറിജിനല്‍ ഫോണ്ടില്‍ തന്നെ ടെക്സ്റ്റ് വായിക്കാനാവും. നേരത്തെ പറഞ്ഞതുപോലെ റൈറ്റ് ക്ലിക്ക് ചെയ്ത് യൂണിക്കോഡിലേക്കു് മാറ്റുകയുമാവാം.
ആസ്കി ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ സൈബര്‍ജാലകത്തിലെ ലിനക്സില്മലയാളപത്രങ്ങള് വായിക്കാന്‍ എന്ന ലേഖനത്തില്‍ വിശദമാക്കിയിട്ടുണ്ടു്.
ലേഖനം ഉപകാരപ്രദമായി എന്നറിയിച്ചതിനു് നന്ദി.
പ്രിയ സത്യാന്വേഷി,
ഫയര്‍ഫോക്സില്‍ പദ്മ ആഡ് ഓണ്‍ ഇപ്പോഴുമുണ്ടു്. പുതിയ വേര്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ ഒരു ഇമെയ്‌ല്‍ അയച്ചാല്‍ .xpi ഫയല്‍ അയച്ചുതരാം. ഇതു് ഫയര്‍ഫോക്സ് ബ്രൌസര്‍ ഉപയോഗിച്ചു് ഓപ്പണ്‍ ചെയ്താല്‍ മതിയാവും.
മാധ്യമം പത്രത്തിന്റെ യുആര്‍എല്‍ മാറിയതുപോലെ ദീപിക പത്രത്തിന്റെയും ഓണ്‍ലൈന്‍ വിലാസം അടുത്തിടെ മാറിയിരുന്നു. അതിനാല്‍ ഫയര്‍ഫോക്സില്‍ ദീപിക വായിക്കണമെന്നുണ്ടെങ്കില്‍ മാധ്യമത്തിന്റെ ട്യൂട്ടോറിയലില്‍ പറഞ്ഞിരിക്കുന്ന അതേ സ്റ്റെപ്പുകള്‍ പിന്തുടര്‍ന്ന ശേഷം www.deepikaglobal.com എന്ന അഡ്രസ് പദ്‌മയുടെ ഓപ്ഷന്‍സില്‍ ചേര്‍ക്കേണ്ടതാണു്.
പ്രീയ സെബിൻ,
ഫയർ ഫോക്സിന്റെ 3.5 വേർഷനു പറ്റിയ പത്മയാണു കൈയ്യിൽ ഉള്ളതെങ്കിൽ എനിക്കും താല്പര്യമുണ്ട്. angkil.consumer@gmail.com
ഫയര്‍ഫോക്സ് 3.5.2 ആണു് ഇതെഴുതുമ്പോള്ലഭ്യമായ ഏറ്റവും പുതിയ വേര്‍ഷന്‍. ഇതില്‍ പ്രവര്‍ത്തിക്കുന്ന പദ്‌മ സ്ക്രിപ്റ്റ് ഇതോടൊപ്പം.
(ആഡ് ഓണിന്റെ പുതിയ വേര്‍ഷനുകള്‍ക്കു് എപ്പോഴും ഇവിടം സന്ദര്‍ശിക്കാം.)
.xpi എന്ന ഫയലാവും നിങ്ങള്‍ക്കു് ലഭിക്കുക. ഇതു് ഫയര്‍ഫോക്സ് ഉപയോഗിച്ചു തുറന്നാലോ ഇതടക്കമുള്ള അഡ്രസ് (ആദ്യം നല്‍കിയിരിക്കുന്ന അഡ്രസ്) ബ്രൌസറില്‍ ഓപ്പണ്‍ ചെയ്താലോ പദ്‌മ ഇന്‍സ്റ്റോള്‍ ആവും.
പ്രീയ സെബിൻ,
വളരെ വളരെ നന്ദി. ഞാൻ പത്മയുടെ പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്തു. മനോരമ വായിക്കാനും പറ്റി. നന്ദി.
Transform to Unicode works. thanks again.
Ray
Post a Comment