ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ

>> 4.1.12


മലയാളം എഴുത്തു രീതി 3 - ഗൂഗിള്‍ ട്രാന്‍സ്‌ലിറ്റെറേഷന്‍

മൂന്നാ‍മതായി നമ്മള്‍ പരിചയപ്പെടുന്ന ട്രാന്‍സ്‌ലിറ്റെറേഷന്‍ സോഫ്റ്റ്വെയറാണ് ഗൂഗിൾ ട്രാന്‍സ്‌ലിറ്റെറേഷന്‍ സോഫ്റ്റ്വെയര്‍. ഇതുപയോഗിച്ച് അനവധി ഭാഷകളിൽ ട്രാന്‍സ്‌ലിറ്റെറേഷന്‍ ചെയ്യാം. മലയാളം ഉൾപ്പടെ ഇന്ത്യയിലെ പ്രമുഖ ഭാഷകളും അതിൽ ഉൾപ്പെടുന്നു. ഓണ്‍ലൈനില്‍ മാത്രമേ ഈ പ്രോഗ്രാം പ്രവര്‍ത്തിക്കൂ (ഇതിന്റെ ഓഫ് ലൈൻ ഇൻപുട്ട് മെതേഡും നിലവിലുണ്ട്. അതേപ്പറ്റി ഇവിടെ പഠിക്കാം).  

ഇതേ സാങ്കേതിക വിദ്യ ഈയിടെ ജി.മെയിൽ, ബ്ലോഗർ, Orkut എന്നിവയിൽ ഗൂഗിൾ ബിൽറ്റ്-ഇൻ ആയി ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഇവ ഉപയോഗിക്കുമ്പോൾ മലയാളത്തിൽ എഴുതുന്നതിനായി മറ്റൊരു സോഫ്റ്റ്വെയർ ഉപയോഗിക്കണമെന്നില്ല. ഇതു കൂടാതെ ഫയർ ഫോക്സ് മോസില്ല്ല വെബ് ബ്രൌസറിൽ ചേർക്കുവാനുള്ള ഒരു ആഡ്-ഓൺ ആ‍യിട്ടും,   ഇൻഡിക് ട്രാൻസ്‌ലിറ്ററേഷൻ ലഭ്യമാണ്.

ഗൂഗിൾ ഇൻഡിക് ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിച്ച് മലയാളത്തിൽ ടൈപ്പു ചെയ്യ്താൽ മാത്രം മതിയെങ്കിൽ അതിനായി ഒരു എഡിറ്റ് പേജ് ഓൺ‌ലൈനിൽ ലഭ്യമാണ്. ഇതിന്റെ ലിങ്ക് ഇവിടെ . ഇവിടെ ടൈപ്പ് ചെയ്തതിനു ശേഷം ആ ടെക്സ്റ്റിനെ നമുക്ക് കോപ്പിചെയ്തെടുക്കാവുന്നതാണ്. ഇതേ പേജിൽ തന്നെ തമിഴ്, ഹിന്ദി, കന്നട തുടങ്ങീയ ഭാഷകളിലും ടൈപ്പ് ചെയ്യാം.

നിങ്ങള്‍ ഒരു നെറ്റ് കഫേയില്‍നിന്ന് ഇന്റര്‍നെറ്റ് പേജുകള്‍ നോക്കുമ്പോഴോ, അല്ലെങ്കില്‍ മുകളില്‍പ്പറഞ്ഞ സോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുമ്പോഴോ ഒക്കെ ഈ ഓണ്‍ലൈന്‍ വെബ് പേജ് വളരെ പ്രയോജനകരമാണ്.പേജ് തുറന്നാലുടൻ, അതിന്റെ ഇടതേ അറ്റത്തുള്ള ലിസ്റ്റിൽ നിന്ന് മലയാളം സെലക്റ്റ് ചെയ്തിട്ടുവേണം ടൈപ്പ് ചെയ്തു തുടങ്ങുവാൻ.

മുകളില്‍ പറഞ്ഞ വരമൊഴി, കീമാൻ എന്നീ പ്രോഗ്രാമുകളെ അപേക്ഷിച്ച് ഒരു വ്യത്യാസം ഇതിനുള്ളത് എന്തെന്നാല്‍ ഇവിടെ ഒരു വാക്കിന്റെ ഉച്ചാരണത്തെയാണ് ഗൂഗിള്‍ ട്രാൻസ്‌ലിറ്ററേഷൻ കണക്കിലെടുക്കുക എന്നതാ‍ണ്. വരമൊഴിയിലും കീമാനിലും നമുക്ക് ഓരോ അക്ഷരങ്ങളായിട്ടാണ് മലയാളം ലഭിക്കുക. ഇവിടെ ഒരു മംഗ്ലീഷ് വാക്ക് മൊത്തമായും ടൈപ്പുചെയ്ത് സ്പേസ് ബാര്‍ അമര്‍ത്തുമ്പോൾ അതിന്റെ ഉച്ചാരണത്തിനു അനുസരണമായ ഒരു വാക്കാണ് നിങ്ങള്‍ക്ക് മലയാളത്തിൽ ലഭിക്കുന്നത്.

ഈ രീതികൊണ്ട് ഒരേ സമയം മെച്ചവും ദോഷവും ഉണ്ട്. ചില ഉദാഹരങ്ങള്‍ നോക്കൂ. ഗൂഗിള്‍ transliteration ഒരു വാക്കിനെ മുഴുവനായി കണക്കിലെടുത്താണ് മൊഴി മാറ്റുന്നത് എന്ന് പറഞ്ഞുവല്ലോ. അതുകൊണ്ട് കൃത്യമായ മലയാളം അക്ഷര തെറ്റില്ലാതെ ഇപ്പോഴും ലഭിക്കണം എന്നില്ല. വാക്കിന്റെ സന്ദര്‍ഭം ഗൂഗിള്‍ ഊഹിച്ചെടുക്കുകയാണ് ചെയ്യുന്നത്.

പലപ്പോഴും ചെറിയക്ഷരം ദീര്‍ഘസ്വരങ്ങള്‍ക്ക് രണ്ടക്ഷരം ഇങ്ങനെ കിറുകൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ കൂടി ശരിയായ വാക്ക് ഗൂഗിളില്‍ കിട്ടും. എന്നാല്‍ കീമാന് ഉപയോഗിക്കുമ്പോഴും, വരമൊഴി എഡിറ്റര്‍ ഉപയോഗിക്കുമ്പോഴും, ഓരോ മലയാള അക്ഷരങ്ങള്‍ക്കും വേണ്ടി കൃത്യമായി നിര്‍വ്വചിച്ചിരിക്കുന്ന കീകള്‍ തന്നെ അമര്‍ത്തിയാലേ, അതാത് അക്ഷരങ്ങള്‍ ലഭിക്കുകയുള്ളൂ. നാം എഴുതാന്‍ ഉദ്ദേശിക്കുന്ന വാക്കുതന്നെ കൃത്യമായി എഴുതാന്‍ സാധിക്കുന്നു.  അതിനാല്‍ അക്ഷരത്തെറ്റുകള്‍ ഒട്ടും തന്നെ വരുത്താതെ ടൈപ്പ് ചെയ്യാന്‍ കീമാന്‍ / വരമൊഴി രീതികള്‍ ആണ് നല്ലത്.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇംഗ്ലീഷ് typewriting ,  കീബോര്‍ഡ് നോക്കാതെ അനായാസം ചെയ്യാന്‍ അറിയാവുന്നവര്‍ക്ക് മലയാളം അനായാസം എഴുതുവാന്‍ കൂടുതല്‍ എളുപ്പം കീമാന്‍ വരമൊഴി രീതി ആയിരിക്കും.  നല്ല വേഗതയില്‍ എഴുതുകയും ആവാം. ഇത് അറിയാന്‍ പാടില്ലാത്തവര്‍ക്കും, കീബോര്‍ഡ് നോക്കി മാത്രം ടൈപ് ചെയ്യാന്‍ ശീലമായവര്‍ക്കും ഗൂഗിള്‍ രീതിയാവും അനുയോജ്യം. പക്ഷേ ചിലവാക്കുകളിൽ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ചതിച്ചുകളയും! 


ഗൂഗിള്‍ ട്രാൻസ്‌ലിറ്ററേഷനിൽ  ടൈപ്പ് ചെയ്യുമ്പോള്‍ ചിലപ്പോഴൊക്കെ  നാം ഉദ്ദേശിച്ച വാക്കാവില്ല ഔട്പുട്ട് ആയി കിട്ടുന്നത്. അപ്പോള്‍, മൌസ് എടുത്ത് കിട്ടിയ വാക്കില്‍ ഒരു പ്രാവശ്യം ക്ലിക്കുചെയ്യുക. ആ കീ സ്ട്രോക്കുകള്‍ ഉപയോഗിച്ച് ലഭിക്കാവുന്ന വാക്കുകളുടെ ഒരു ലിസ്റ്റ് ഉടന്‍ ഗൂഗിള്‍ കാണിക്കും. അതില്‍ നിങ്ങള്‍ ഉദ്ദേശിച്ച വാക്കുണ്ടെങ്കില്‍ അവിടെനിന്ന് സെലക്ട് ചെയ്യാം. ഇല്ലെങ്കില്‍ എഡിറ്റ് എന്നു സെലക്റ്റ് ചെയ്ത് ഓരോ അക്ഷരമായി ഗൂഗിളിനെ പഠിപ്പിക്കാം.  ഇങ്ങനെയൊക്കെ ആണെങ്കിലും ഗൂഗിള്‍ ട്രാൻസ്ലിറ്ററേഷൻ ഉപയോഗിച്ച് മലയാളത്തില്‍ കൃത്യമായി എഴുതാനാവാത്ത വാകുകളും ഉണ്ട്. ഉദാഹരണമായി,  "ട്രാൻസ്ലിറ്ററേഷൻ"  എന്ന് എഴുതാന്‍ ശ്രമിച്ചു നോക്കൂ! സാധ്യമല്ല തന്നെ (ഇത് വരമൊഴി ഉപയോഗിച്ച് എഴുതിയതാണ്). ഛരത്ത് എന്ന് ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിച്ച് എഴുതാൻ ശ്രമിച്ചു നോക്കൂ.. നടപ്പില്ല! 

കീമാനുമായി ഉള്ള ഒരു വ്യത്യാസം ഷ, ശ എന്നീ അക്ഷരങ്ങള്‍ക്കാണ്.  കീമാനില്‍ S ശ യും, s  യും ആണ്.  ഗൂഗിള്‍ transliteration ഇല്‍  sh, s എന്നിവ സാന്ദര്‍ഭികമായി വന്നുകൊള്ളും. ഒരുവാക്കിന്റെ തുടക്കത്തില്‍ വരുന്ന ശ എപ്പോഴും sh തന്നെയാണ്. കീമാന്റെ ബാക്കി എല്ലാ കീ സ്ട്രോക്കുകളും ഗൂഗിളിനും അതുപോലെ മനസ്സിലാകും.

Google transliteration ഉപയോഗിച്ച് ടൈപ്പുചെയ്യുന്നതിനിടെ ഇംഗ്ലീഷ് വാക്ക് നിലനിര്‍ത്താന്‍, Ctrl+g ഉപയോഗിക്കാം. വീണ്ടും Ctrl+g അടിച്ചാൽ, ട്രാൻസ്‌ലിറ്ററേഷനിലേക്ക് തിരികെയെത്താം.


4. EPIC Write:

ഈ അടുത്തയിടെ നിലവില്‍ വന്നതും, പ്രധാനമായും ഇന്ത്യന്‍ ഭാഷകളിലെ ഉപഭോക്താക്കളെ ഉദേശിച്ചു നിര്‍മിച്ചിട്ടുള്ളതുമായ ഒരു  അത്യുഗ്രന്‍ വെബ് ബ്രൌസര്‍ ആണ് എപിക്. അത് ഇതുവരെ download ചെയ്തിട്ടില്ലാതാത്തവര്‍ ഇവിടെ നിന്നും അത് ഡൌണ്‍ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. എപിക് ബ്രൌസറില്‍ ഇടതു വശത്തുള്ള ടൂള്‍ ബാര്‍ നോക്കൂ.  ഈ വെബ് ബ്രൌസരില്‍ write എന്നൊരു സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.  അതില്‍ ഗൂഗിള്‍ transliteration രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വേര്‍ഡ് പ്രോസസറും ഉണ്ട്.വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ബ്ലോഗ്‌ പോസ്റ്റുകള്‍ ഉണ്ടാക്കുവാനും, അല്ലെങ്കില്‍ മലയാളത്തില്‍ ഉള്ള പേജുകള്‍ ഉണ്ടാക്കി എടുക്കുവാനും ഈ സംവിധാനം ഉപയോഗിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. എഴുതിയ കാര്യങ്ങള്‍ ഇവിടെ നിന്ന് എങ്ങോട്ട് വേണമെങ്കിലും കോപ്പി പേസ്റ്റ് ചെയ്യാം.  മലയാളത്തില്‍ എഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് ഈ വേര്‍ഡ് പ്രോസസറിന്റെ വലതു മുകളിലായി പ്രത്യക്ഷപ്പെടുന്ന ഭാഷകളുടെ ലിസ്റ്റില്‍ നിന്നും മലയാളം സെലക്ട്‌ ചെയ്തിട്ട്  മംഗ്ലിഷിൽ എഴുതിക്കോളൂ. അനായാസമായി മലയാളം നിങ്ങള്‍ക്ക് വഴങ്ങുന്നത് കാണാം. ഇവിടെയും, എഴുതുന്ന ടെക്സ്റ്റ്‌ സേവ് ചെയ്തു വയ്ക്കുവാനുള്ള സംവിധാനം ഉണ്ട്.അതിനാല്‍ നിങ്ങള്‍ എഴുതുന്ന കാര്യങ്ങള്‍ പലപ്പോഴായി എഴുതുവാനും എഡിറ്റ്‌ ചെയ്യുവാനും സാധിക്കും. പക്ഷെ ഓര്‍ക്കുക, Epic write ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ആണ്. ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കില്ല.

5. Mozilla Firefox Add-on:

മുകളില്‍ വിവരിച്ച അതെ സംവിധാനം (വേര്‍ഡ് പ്രോസസര്‍ ഇല്ല എന്ന് മാത്രം) മോസില്ലയില്‍ ഉപയോഗിക്കുവാനുള്ള ഒരു ആഡ് ഓണ്‍ ലഭ്യമാണ്. ഗൂഗിള്‍ indic transliteration add-on ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.മുകളില്‍ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കാണുന്നതുപോലെ ഒരു സ്ക്രീന്‍ ലഭിക്കും. അവിടെയുള്ള add to firefox എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു പിന്നാലെ വരുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക. അല്ലെങ്കില്‍ മോസില്ലയിലെ Tools menu വിലും  Add-on എന്നൊരു ഓപ്ഷന്‍ ഉണ്ട് . ഇത് തുറന്നിട്ട്‌ google transliteration എന്ന് സേര്‍ച്ച്‌ ചെയ്‌താല്‍ ഇതിനു ആവശ്യമായ add-on ലഭിക്കും. ഒരിക്കല്‍ ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍,  മോസില്ലയില്‍  കമന്റു ബോക്സ്‌, ബ്ലോഗ്‌ പോസ്റ്റ്‌ എഡിറ്റിംഗ് പേജ് തുടങ്ങിയ ഭാഗങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും ഈ സംവിധാനം ഉപയോഗിച്ച് മലയാളം transliteration പ്രാപ്തമാക്കാം. താഴെ കാണുന്ന സ്ക്രീന്‍ ഷോട്ടില്‍ കാണുന്നതുപോലെ ഭാഷകളുടെ ഒരു ലിസ്റ്റ് ലഭിക്കും. അവിടെ നിന്ന് മലയാളം സെലക്റ്റ് ചെയ്തിട്ടു നേരെ ടൈപ്പ് ചെയ്യാം. മലയാളം ആവശ്യമില്ലത്തപ്പോള്‍ മലയാളം എന്ന് ടിക്ക് മാര്‍ക്ക് ചെയ്തിരിക്കുന്നത് മാറ്റുക.
3 അഭിപ്രായങ്ങള്‍:

 1. വീകെ 21 July 2012 at 18:41  

  അപ്പുമാഷെ,
  കുറെ കാലമായി ഇതു വഴി വന്നിട്ട്. ഞാൻ epic വഴിയാണ് ബ്ലോഗ് എഴുത്ത് നടത്താറ്. ഏറ്റവും സുഖമായി എഴുതാവുന്ന സംവിധാനമാണ് epic-ലേത്. എല്ലാ edit-ഗും കഴിച്ച് സുഖമായി പോസ്റ്റ് ചെയ്യാം. അവിടെ പിന്നെ മറ്റൊന്നും ചെയ്യേണ്ടിവരാറില്ല.
  ഇപ്പോൾ ഞാൻ വന്നത് android ഫോണിൽ നമ്മുടെ മലയാളം എങ്ങനെയാണ് സെറ്റ് ചെയ്യുന്നത്. ബ്ലോഗ് വായനയാണ് ഞാൻ ഉദ്ദേശിക്കുന്നത്. അത്യാവശ്യം എഴുത്തും നടത്താൻ കഴിഞ്ഞാൽ വലിയ കാര്യം. അതിനു കഴിയുമോ...? സാധിക്കുമെങ്കിൽ ഒന്നു പറഞ്ഞു തരൂ... നന്ദി.
  എന്റെ ഫോൺ samsung GT-S6102 ആണ്. Android 2.3.6

 2. Appu Adyakshari 21 July 2012 at 20:57  

  വി.കെ.

  ആൻഡ്രോയിഡ് ഫോണിൽ ഉപയോഗിക്കാനുള്ള ഒരു മലയാളം ബ്രൗസർ Jeesmon Jacob ഡെവലപ് ചെയ്തിട്ടുണ്ട്. ഈയിടെയായി ഇമ്മാതിരി ചർച്ചകളെല്ലാം ഗൂഗിൾ പ്ലസിൽ ആണു നടക്കുന്നതു. അതിനാലാവണം ബ്ലോഗർ മാത്രം ഉപയോഗിക്കുന്നവർ ഇതൊന്നും കാണാതെപോകുന്നത്.... ആൻഡ്രോയിഡ സ്റ്റോറിൽ ML-Browser എന്ന് സേർച്ച് ചെയ്യൂ. എന്നിട്ട് അത് ഇൻസ്റ്റാൾ ചെയ്യുക. എന്റെ സാംസങ്ങ് ഫോണിൽ മലയാളം ശരിയായി കിട്ടി.. ഈ ഗൂഗിൾ പ്ലസ് പോസ്റ്റും ഒന്നു നോക്കു. https://plus.google.com/u/0/108028915687666836164/posts/3gvYbhx74Lb

 3. സുജയ 9 February 2014 at 19:32  

  ഉബുണ്ടുവില്‍ എങ്ങനെ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ഉള്‍പ്പെടുത്താം ?പറഞ്ഞു തരുമല്ലോ

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP