പോസ്റ്റ് & കമന്റ് സെറ്റിംഗുകൾ

>> 15.7.12

ബ്ലോഗ് സെറ്റിംഗുകളിൽ രണ്ടാമത്തെ സെറ്റ് ക്രമീകരണങ്ങളാണ് പോസ്റ്റ് & കമന്റ് എന്ന പേജിൽ ഉള്ളത്. ബ്ലോഗിന്റെ ഹോം പേജിൽ  എത്ര പോസ്റ്റുകൾ കാണിക്കണം, ബ്ലോഗ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങളെ വ്യക്തമായും വലുതായും കാണിച്ചുതരുന്ന ലൈറ്റ് ബോക്സ് ഓപ്‌ഷൻ വേണോ വേണ്ടയോ,  കമന്റ് ബോക്സ് പോസ്റ്റിന്റെ തൊട്ടുതാഴെ വേണോ അതോ മറ്റൊരു പേജിൽ കാണിക്കണമോ, നിങ്ങളുടെ ബ്ലോഗിൽ ആർക്കൊക്കെ കമന്റു ചെയ്യാം, കമന്റ് വേരിഫിക്കേഷൻ കോഡ്  ഉൾപ്പെടുത്തണോ, തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ സെറ്റ് ചെയ്യാൻ സാധിക്കുന്നത്. 

ബ്ലോഗ് സെറ്റിംഗുകൾ ക്രമീകരിച്ചിരിക്കുന്നത് ഡാഷ്‌ബോർഡിലെ "More Options" മെനുവിലാണ്.ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഡൗൺ ആരോയിൽ ക്ലിക്ക് ചെയ്താൽ  ഓപ്‌ഷനുകൾ എന്ന മെനു ലഭിക്കും. അതിൽ നിന്ന് ഏറ്റവും താഴെയായി കാണുന്ന Settings എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.  അപ്പോൾ  ബ്ലോഗ് സെറ്റിംഗ്‌സ് പേജിൽ എത്തും. പേജിന്റെ ഇടതുവശത്തായി   ഓപ്‌ഷനുകളിലെ ലിസ്റ്റുകളും, അതിൽ ഏറ്റവും അവസാനമായി സെറ്റിംഗുകളുടെ ഉപവിഭാഗങ്ങളും കാണാം.  ബ്ലോഗ് സെറ്റിംഗുകൾ ആറ് ഉപവിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. അതിൽ രണ്ടാമത്തേതാണ് പോസ്റ്റ് & കമന്റ്സ്

ഈ പേജ് തുറക്കുക. പ്രധാനപ്പെട്ട സെറ്റിംഗുകൾ  നോക്കാം.

പോസ്റ്റ് സെറ്റിംഗുകൾ:

Show at most   _____ posts  : ബ്ലോഗിന്റെ ഹോം പേജിൽ എത്ര പോസ്റ്റുകൾ കാണിക്കണം എന്നാണു ചോദ്യം. 1 എന്നു സെറ്റ് ചെയ്യുന്നതാണ് കൂടുതൽ ഭംഗി. ഇനി അതല്ല ഒന്നിലധികം പോസ്റ്റുകൾ ബ്ലോഗ് തുറക്കുമ്പോൾ തന്നെ കാണണം എന്നുണ്ടെങ്കിൽ ആ നമ്പർ അതിനുള്ള ഫീൽഡിൽ സെറ്റ് ചെയ്യുക.

Show case images with lightbox :  നേരത്തെ പറഞ്ഞതുപോലെ, ബ്ലോഗ് പോസ്റ്റുകളോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽ ക്ലിക്ക് ചെയ്താൽ അവ വലുതായി, വശങ്ങളിൽ ഒരു കറുപ്പു ബോർഡറോടുകൂടി തുറക്കുന്ന സംവിധാനമാണ് ലൈറ്റ് ബോക്സ്. ഫോട്ടോബ്ലോഗുകൾക്കാണ് കൂടുതൽ പ്രയോജനപ്പെടുക. ആദ്യാക്ഷരിയിലെ  സ്ക്രീൻ  ഷോട്ടുകൾ  എല്ലാം ഈ രീതിയിലാണ് കാണുന്നത്. ഈ സൗകര്യം കിട്ടുവാനായി ഈ ഫീൽഡിൽ Yes എന്നു സെറ്റ് ചെയ്യുക.

കമന്റ് സെറ്റിംഗുകൾ:Who can comment: നിങ്ങളുടെ ബ്ലോഗില്‍ ആര്‍ക്കൊക്കെ കമന്റെഴുതാം എന്നതാണ് ഇവിടെ സെറ്റ് ചെയ്യുന്നത്. ആദ്യത്തെ ഓപ്‌ഷനായ Anyone ആണ് സെലക്ട് ചെയ്യുന്നതെങ്കില്‍ നിങ്ങളുടെ പോസ്റ്റില്‍ ആര്‍ക്കും കമന്റുചെയ്യാം, പേരോ ഐഡിയോ ഇല്ലെങ്കില്‍ കൂടി. ഇവിടെയാണ് ‘അനോനികള്‍‘ എത്തുന്നത്. ‘അനോനികളെ’ വെറുക്കുകയോ അകറ്റിനിര്‍ത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. മുഖം കാണിക്കാതെ നിങ്ങളോട് ഒരു അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യമാണ് അനോനി ഓപ്‌ഷനിലൂടെ ഗൂഗിള്‍ ഉദ്ദേശിക്കുന്നത്. പക്ഷേ ഇത് ആള്‍ക്കാരെ ചീത്തപറയാനുള്ള സൌകര്യമായി ഉപയോഗിക്കുന്നവര്‍ അതിന്റെ ഉദ്ദേശശുദ്ധിയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്.

രണ്ടാമത്തെ ഓപ്‌ഷനായ Registered users സെലക്ട് ചെയ്താല്‍ സ്വന്തമായി ഇ-മെയില്‍ ഐ.ഡിയുള്ള ആര്‍ക്കും കമന്റിടാം. പൊതുവേ ഈ ഓപ്‌ഷനാണ് ആളുകള്‍ സ്വീകരിച്ചിട്ടുള്ളത്.

മൂന്നാമത്തെ ഓപ്‌ഷന്‍ ഗൂഗിള്‍ അക്കൌണ്ടുള്ളവരെ മാത്രമേ അടുപ്പിക്കൂ.

നാലമത്തെ ഓപ്‌ഷന്‍, നിങ്ങളുടെ ബ്ലോഗില്‍ മറ്റാര്‍ക്കെങ്കിലും എഴുതുവാന്‍ നിങ്ങള്‍ പെര്‍മിഷന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ (ഗ്രൂപ്പ് ബ്ലോഗ് എന്ന അദ്ധ്യായം നോക്കുക) അവര്‍ മാത്രം കമന്റിടാനും ഉള്ള അവസരം നല്‍കുന്നു. ഉദാഹരണത്തിന് ഒരു ഗ്രാമത്തിലെ ബ്ലോഗര്‍മാര്‍ ചേര്‍ന്ന് ഒരു കമ്യൂ‍ണിറ്റി ബ്ലോഗ് ഉണ്ടാക്കിയെന്നിരിക്കട്ടെ. നാട്ടുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഈ ബ്ലോഗിലെ കമന്റുകളില്‍ കാര്യമില്ലെങ്കില്‍ ഈ ഓപ്ഷന്‍ സെറ്റ്ചെയ്യാം.


Comment location: ഇതില്‍ നാലു ഓപ്‌ഷനുകള്‍ ഉണ്ട്. Embedded below post എന്നതാണ് ആദ്യ ഓപ്‌ഷൻ. ചില ബ്ലോഗുകളില്‍ കമന്റെഴുതുവാനുള്ള ഓപ്‌ഷന്‍ ഒരു ചെറിയ ചതുരത്തിനുള്ളില്‍ പോസ്റ്റിനു നേരെ താഴെയായി കാണാം. ഇതിനെയാണ് Comment form embedded below post എന്നു വിളീക്കുന്നത്. ബ്ലോഗറിന്റെ പുതിയ ഇന്റർഫെയ്‌സിൽ  പുതിയതായി തുടങ്ങുന്ന എല്ലാ ബ്ലോഗുകൾക്കും ഈ ഓപ്‌ഷനാണ് ഡിഫോൾട്ട് സെറ്റിംഗ്.  ഇന്റര്‍‌നെറ്റ് എക്സ്‌പ്ലോറര്‍ വേര്‍ഷന്‍ 7 നു മുമ്പുള്ള വേര്‍ഷനുകളുള്ള ചില കമ്പ്യൂട്ടറുകള്, ഇപ്രകാരം കമന്റ് ഫോം എംബഡ് ചെയ്തിരിക്കുന്ന പോസ്റ്റുകള്‍ തുറക്കുമ്പോള്‍ ഒരു പ്രശ്നം കാണിച്ചിരുന്നു. ഇപ്പോൾ ഗൂഗിൾ ആ പ്രശ്നം പരിഹരിച്ചു എന്നു തോന്നുന്നു. 

സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന മറ്റൊരു രീതിയാണ് ആദ്യത്തേത് Full page. ഇവിടെ വായനക്കാരന്‍ പോസ്റ്റിന്റെ അടിയിലായുള്ള “ഒരു അഭിപ്രായം രേഖപ്പെടുത്തൂ” (Post a comment എന്ന് ഇംഗ്ലീഷില്‍) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിലവിലുള്ള കമന്റുകളും പുതിയതായി നിങ്ങള്‍ക്ക് പോസ്റ്റ് ചെയ്യാനുള്ള സ്ഥലവും എല്ലാം ഒരു പുതിയ പേജീല്‍ കാണാം. ആദ്യാക്ഷരിയിൽ ഈ രീതിയാണ് കമന്റു  ചെയ്യുവാൻ ഉപയോഗിച്ചിരിക്കുന്നത്. 

മൂന്നാമത്തെ ഓപ്‌ഷൻ Pop up window എന്നാണ്. കമന്റെഴുതാനുള്ള ഫോം പുതിയ ഒരു വിന്റോയിലേക്ക് തുറക്കുന്ന രീതിയാണിത്.  ഇതു സെറ്റ് ചെയ്യാതിരിക്കുക എന്നാണ് എന്റെ അഭിപ്രായം. വായനക്കാര്‍ക്ക് അലോരസമുണ്ടാക്കുന്ന ഒന്നാണ് ഈ പോപ് അപ് കമന്റ് ഓപ്‌ഷന്‍ എന്ന് അനുഭവം. കമന്റെഴുതാന്‍ വരുന്നവരെ ശല്യപ്പെടുത്തേണ്ട എന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇത് No എന്നു തന്നെ സെറ്റ് ചെയ്യണം. അല്ലെങ്കില്‍ ആളുകള്‍ കമന്റെഴുതാന്‍ തുടങ്ങുന്നതും, പുതിയതായി ഒരു വിന്റോ തുറക്കും. കമന്റെഴുതിക്കഴിഞ്ഞ് അവരത് അടയ്ക്കാനും ഒക്കെ പോകണം. എന്തിനാ വെറുതേ ! മാത്രവുമല്ല, മിക്ക വെബ് ബ്രൌസറുകളിലും പോപ്പ് അപ് വിന്റോകള്‍ ബ്ലോക്ക് ചെയ്തുവച്ചിരിക്കും (പല വെബ് പേജുകളില്‍ നിന്നും ആവശ്യമില്ലാതെ കയറിവരുന്ന പരസ്യങ്ങളുടെ ശല്യം ഒഴിവാക്കാന്‍). പോപ്പ് അപ് വിന്റോകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്ന ബ്രൌസറുകളില്‍, വായനക്കാരന്‍ ഇതോര്‍ക്കാതെ നിങ്ങള്‍ക്ക് കമന്റെഴുതുവാന്‍ ആഗ്രഹിച്ചാലും, എഴുതുവാനുള്ള പേജ് കിട്ടുകയില്ല!! (അല്ലെങ്കില്‍ Ctrl കീ അമര്‍ത്തിപ്പിടിച്ചുകൊണ്ട്, പോസ്റ്റ് എ കമന്റ് എന്ന ലിങ്കില്‍ മൌസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്യേണ്ടിവരും. അപ്പോള്‍ തല്‍ക്കാലത്തേക്ക് പോപ് അപ് ബ്ലൊക്ക് ഒഴിവാകും)


നാലാമത്തെ ഓപ്‌ഷൻ Hide എന്നതാണ്. കമന്റെഴുതാനുള്ള ഫോം ബ്ലോഗിൽ പ്രത്യക്ഷപ്പെടുകയേ ഇല്ല.  നിങ്ങളുടെ ബ്ലോഗിലെ  പോസ്റ്റുകൾക്ക് കമന്റുകളേ വേണ്ടാ എന്നുണ്ടെങ്കിൽ (!!)  ഈ ഓപ്‌ഷൻ സെറ്റ് ചെയ്യുക.  ഈ സെറ്റിംഗ് നിങ്ങളുടെ ബ്ലോഗിലെ എല്ലാ പോസ്റ്റുകൾക്കും ഒരുപോലെ ബാധകമായിരിക്കും എന്നത് ഓർക്കുക. 

ഇനി ഇതല്ല ഒരു പ്രത്യേക പോസ്റ്റിൽ മാത്രം കമന്റ്കൾ വേണ്ടാ എന്നുണ്ടെങ്കിൽ അതു മാത്രമായി ഒഴിവാക്കാൻ പറ്റും. അതിനുള്ള സംവിധാനം പോസ്റ്റ്  എഡിറ്റർ പേജിലാണുള്ളത്. ഒരു പോസ്റ്റ് എഡിറ്റ് ചെയ്യുമ്പോൾ വലതുവശത്തുകാണുന്ന Options എന്ന ലിങ്ക് നോക്കൂ. അത് തുറന്നാൽ ആദ്യം തന്നെ Reader Comments എന്നു കാണാം. അതിൽ മൂന്ന് ഓപ്‌ഷനുകൾ ഉണ്ട്. Allow,  Don't allow, show existing, Don't allow, hide existing. ആദ്യത്തേതാണ് ഡിഫോൾട്ട് സെറ്റിംഗ്. വായനക്കാർക്ക് കമന്റ് എഴുതാം. 

നിങ്ങൾ ഒരു വിവാദ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് അതിന്മേൽ ഒരു വാദപ്രതിവാദം വായനക്കാർ തമ്മിൽ നടക്കുന്നു എന്നിരിക്കട്ടെ. അപ്പോൾ ഇടയ്ക്ക് വച്ച്  ആ പോസ്റ്റിലെ കമന്റ് ഓപ്‌ഷൻ അടയ്ക്കുവാനാണ് രണ്ടും മൂന്നും സെറ്റിംഗുകൾ. Don't allow show existing, ആണ് സെറ്റ് ചെയ്തിരിക്കുന്നതെങ്കിൽ അതുവരെ വന്ന കമന്റുകൾ പോസ്റ്റിനോടൊപ്പം കാണിക്കും, ഇതിനുശേഷം ആർക്കും കമന്റുകൾ എഴുതാനാവില്ല. Don't allow, hide existing ആണ് സെറ്റ് ചെയ്യുന്നതെങ്കിൽ ഇനി ആർക്കും കമന്റെഴുതാനും സാധിക്കില്ല, ഇതുവരെ വന്ന കമന്റുകൾ വായനക്കാർക്ക് കാണാനും സാധിക്കില്ല. 

Comment moderation? വായനക്കാരന്‍ ഇടുന്ന കമന്റുകള്‍ നിങ്ങളുടെ പോസ്റ്റുകള്‍ക്കു താഴെ പബ്ലിക്കായി കാണുന്നതിനു മുമ്പ് നിങ്ങള്‍ക്ക് അവ പരിശോധിക്കണം എന്നുണ്ടോ? എങ്കില്‍ ഇവിടെ Yes സെറ്റു ചെയ്യുക. സാധാരണഗതിയില്‍ ഇങ്ങനെ ചെയ്യേണ്ട ആവശ്യം ഇല്ല. പക്ഷേ നിങ്ങള്‍ വല്ല വിവാദ പോസ്റ്റുകളും പബ്ലിഷ് ചെയ്യുകയാണെങ്കില്‍ കമന്റുകളെ നിയന്ത്രിക്കുവാന്‍ ഇത് ആവശ്യമായി വന്നേക്കാം. പക്ഷേ ഒരു വായനക്കാരന്‍ എഴുതിയ ഒരു കമന്റിനെ ‘മുക്കിക്കളയുക’ എന്നതില്‍ ഒരല്‍പ്പം അനൌചിത്യം ഇല്ലേ എന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇവിടെ മൂന്ന് ഓപ്ഷനുകള്‍ കാണാം. Always, only for posts older than -----days, Never എപ്പോഴും നിങ്ങള്‍ക്ക് കമന്റുകള്‍ പരിശോധിച്ചശേഷം മാത്രമേ പബ്ലിഷാക്കാന്‍ താല്പര്യമുള്ളു എങ്കില്‍ ആദ്യത്തേത്. പബ്ലിഷ് ചെയ്ത് ഇത്രദിവസങ്ങള്‍ കഴിഞ്ഞ പോസ്റ്റുകളുടെ മാത്രം കമന്റുകള്‍ പരിശോധിച്ചാല്‍ മതിയെങ്കില്‍ രണ്ടാമത്തെ ഓപ്ഷന്‍ ടിക്ക് ചെയ്ത്, എത്ര ദിവസം എന്നത് എഴുതാം. മോഡറേഷനേ ആവശ്യമില്ലെങ്കില്‍ മൂന്നാമതായുള്ള Never സെറ്റ് ചെയ്യാം. ആദ്യാക്ഷരിയില്‍ മൂന്നാമത്തെ ഓപ്ഷനായ Never ആണ് സെറ്റ് ചെയ്തിരിക്കുന്നത്. 

മറ്റൊരു കാര്യം പ്രത്യേകം ഓര്‍ത്തിരിക്കേണ്ടത്, ഒരു ബ്ലോഗിന്റെ ഉടമ എന്നു പറയുന്നത് നിയമപരമായി നിങ്ങളാണ്. നിങ്ങളുടെ അനോനിമസ് നാമധേയം നിയമത്തിന്റെ മുമ്പില്‍ യാതൊരു പ്രസക്തിയും ഇല്ലാത്ത ഒന്നാണ്. നിങ്ങളുടെ ബ്ലോഗില്‍ വരുന്ന ഒരു കമന്റ് മറ്റൊരാള്‍ പ്രസിദ്ധീകരിച്ചതാണെങ്കില്‍ കൂടി, നിയമപരമായി അതിന്റെ ഉത്തരവാദി നിങ്ങളാണ്. അതുകൊണ്ട്, സമൂഹത്തിനെതിരായോ, ഒരു രാജ്യത്തിന്റെ നിയമങ്ങള്‍ക്കെതിരായോ വരുന്നതും, എന്തെങ്കിലും നിയമനടപടികള്‍ വരുത്തിവയ്ക്കുന്നതുമായ എന്തു കമന്റുകളും നിങ്ങളുടെ ബ്ലോഗില്‍ നിന്ന് ഒരു നിശ്ചിതസമയത്തിനുള്ളില്‍ ഡിലീറ്റ് ചെയ്യുവാന്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്തം ഉണ്ട്.Show word verification? ചിലപ്പോഴൊക്കെ മനുഷ്യര്‍ അല്ലാതെ, ചില ചാരപ്പണി ചെയ്യുന്ന പ്രോഗ്രാമുകളും ബ്ലോഗുകളില്‍ കമന്റിടാന്‍ വരും. വൈറസുകള്‍, പരസ്യങ്ങള്‍ തുടങ്ങിയവയാണ് ഇവ കൊണ്ടുവരുക. ഇവറ്റകളുടെ ശല്യമുണ്ടായാല്‍ നിയന്ത്രിക്കാനാണ് ഈ വേഡ് വേരിഫിക്കേഷന്‍. രജിസ്ട്രേഷന്റെ സമയത്ത് നമ്മളും ഇതുപോലെ ചെയ്തിരുന്നു, ഓര്‍മ്മയുണ്ടാവുമല്ലോ? സാധാരണഗതിയില്‍ ഇത് No എന്നു സെറ്റ് ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കില്‍ കമന്റിടാന്‍ വരുന്നവരെല്ലാം, ഒരു ജോലി കൂടുതല്‍ ചെയ്യേണ്ടതായി വരും. അവരുടെ കമന്റ് പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് ഗൂഗിൾ കാണിക്കുന്ന ഒരു രഹസ്യകോഡ് അതുപോലെ ടൈപ്പ് ചെയ്യണം. ഇതൊരു ശല്യമാണ് പല വായനക്കാർക്കും അതുകൊണ്ട് കമന്റ് ഇടാതെ പോകുന്നവരും ഉണ്ട്.  ഈ 'വേഡ് വെരി' ഒന്നു മാറ്റാമോ എന്ന ആവശ്യവും പ്രതീക്ഷിക്കാം.

Show Back links : Show എന്നു സെറ്റ് ചെയ്യാം. നിങ്ങളുടെ പോസ്റ്റ് മറ്റേതെങ്കിലും ഇന്റര്‍നെറ്റ് വെബ് പേജുകളില്‍ റഫര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍, അതായത് നിങ്ങളുടെ പോസ്റ്റിന്റെ യു.ആര്‍.എല്‍ മറ്റൊരു പേജില്‍ ആരെങ്കിലും എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഓരോ പോസ്റ്റിനും അടിയിലായി ആ പേജിലേക്കുള്ള ലിങ്കുകള്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്. ഈ സൌകര്യം വേണ്ടെങ്കില്‍ Hide എന്നു സെറ്റു ചെയ്യുക.


അടുത്തത് Comment form message ആണ്. കമന്റെഴുതാന്‍ വരുന്നവരോട് നിങ്ങള്‍ പറയുന്ന ഒരു സന്ദേശമാണിത്. ഇവിടെ ഒന്നും എഴുതിയില്ലെങ്കിലും ഒന്നുമില്ല. ഉദാഹരണത്തിന് ഈ ബ്ലോഗില്‍ കമന്റ് ഫോം മെസേജ് നോക്കൂ “വായിച്ചിട്ട് എന്തെങ്കിലും സംശയമുണ്ടോ? ചോദിക്കൂ”.


0 അഭിപ്രായങ്ങള്‍:

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP