Archives അഥവാ പോസ്റ്റ് കലവറ
>> 27.11.10
നമ്മുടെ ബ്ലോഗിലെ പഴയപോസ്റ്റുകളുടെയെല്ലാം കലവറയാണ് ബ്ലോഗ് ആർക്കൈവ്സ് എന്നറിയപ്പെടുന്ന ഗാഡ്ജറ്റ്. സാധാരണഗതിയിൽ ഒരു ബ്ലോഗ് നമ്മൾ ഉണ്ടാക്കുമ്പോൾ തന്നെ അതിൽ ഉണ്ടാകുന്ന ഒരു ഗാഡ്ജറ്റ് ആണ് ആർക്കൈവ്സ്. ഈ ഗാഡ്ജറ്റ് ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ ബ്ലോഗിലെ പഴയ പോസ്റ്റുകൾ ഏതൊക്കെ എന്ന് വായനക്കാർക്ക് കാണുവാൻ സാധിക്കൂ. ഒരോ പുതിയ പോസ്റ്റ് നമ്മുടെ ബ്ലോഗിൽ പ്രസിധീകരിക്കുമ്പോഴും ആർക്കൈവ്സ് അപ്ഡേറ്റ് ചെയ്യപ്പെടുകയും പുതിയ പോസ്റ്റ് സ്വയമേവ അതിലേക്ക് ഏറ്റവും പുതിയതായി ചേർക്കപ്പെടുകയും ചെയ്തുകൊള്ളും. ആർക്കൈവ്സ് ഗാഡ്ജറ്റ് ബ്ലോഗിൽ ചേർക്കുന്നില്ലെങ്കിൽ ഇവിടെ ആദ്യാക്ഷരിയിൽ ചെയ്തിരിക്കുന്നതുപോലെ ലിങ്ക് ലിസ്റ്റ് എന്ന ഗാഡ്ജറ്റ് ഉപയോഗിച്ച് ഓരോ പോസ്റ്റുകളും വെവ്വേറെയായി നാം തന്നെ ചേർക്കേണ്ടിവരും.
ആർക്കൈവ്സ് ഗാഡ്ജറ്റിൽ വരുത്താൻ സാധിക്കുന്ന ചില സെറ്റിംഗുകളെപ്പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. നിങ്ങളുടെ ബ്ലോഗിൽ നിലവിൽ ആർക്കൈവ്സ് ഗാഡ്ജറ്റ് ഇല്ലെങ്കിൽ “പേജ് ലേ ഔട്ടും പേജ് എലമെന്റുകളും” എന്ന അദ്ധ്യായത്തിൽ പറഞ്ഞതുപോലെ ഈ ഗാഡ്ജറ്റ് ചേർക്കുക.
ചേർക്കുമ്പോൾ തന്നെ ആർക്കൈവ്സ് സെറ്റിംഗുകൾ ലഭിക്കും. ആദ്യഫീൽഡിൽ ടൈറ്റിൽ എന്ന സ്ഥലത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള വാക്ക് എഴുതിച്ചേർക്കാം. രണ്ടാമത്തെ ഫീൽഡ് ആയ Style മൂന്ന് ഓപ്ഷനുകൾ തരുന്നു.
Hierarchy എന്ന ആദ്യ ഓപ്ഷനാണ് ഡിഫോൾട്ട് ആയി ഉള്ളത്. ഒരു മാസത്തിന്റെ പേര്, ആ മാസത്തിൽ എത്ര പോസ്റ്റുകൾ പ്രസിദ്ധീകരിച്ചു എന്നീവിവരങ്ങൾ താഴെത്താഴെയായി കാണും ഈ സെറ്റിംഗിൽ. ഒന്നോ രണ്ടോ വർഷങ്ങളിലെ പോസ്റ്റുകൾ ഉണ്ടെങ്കിൽ അവയെ അടുക്കിവച്ച രീതിയിലാവും ഉണ്ടാവുക. ഓരോ വർഷത്തോടും ഒപ്പം കാണപ്പെടുന്ന ചെറിയ ആരോയിൽ ക്ലിക്ക് ചെയ്താൽ ലിസ്റ്റ് വലുതായി കിട്ടും.
Flat list എന്ന രണ്ടാമത്തെ ഓപ്ഷൻ സെറ്റ് ചെയ്താൽ മാസങ്ങളുടെ ലിസ്റ്റും അവയിൽ പ്രസിധീകരിച്ച പോസ്റ്റുകളുടെ എണ്ണവും മാത്രം കാണാം. മാസങ്ങളുടെ പേരിൽ ക്ലിക്ക് ചെയ്താൽ അതാതു മാസം പ്രസിദ്ധീകരിച്ച എല്ലാ പോസ്റ്റുകളും ഒന്നായി ബ്ലോഗിൽ കാണാൻ സാധിക്കും.
Drop down menu എന്ന മൂന്നാമത്തെ ഓപ്ഷനാണ് സെറ്റ് ചെയ്യുന്നതെങ്കിൽ, ഒരു ചെറിയ ഡ്രോപ്പ് ഡൌൺ മെനു മാത്രമേ ആർക്കൈവ്സ് ഗാഡ്ജറ്റിൽ ഉണ്ടാവൂ. അതിലെ ആരോയിൽ ക്ലിക്ക് ചെയ്താൽ ഒരു മെനു ലഭിക്കും. അവിടെ നിന്ന് പഴയ മാസങ്ങളിലേക്കും അവയിലെ പ്രസിദ്ധീകരണങ്ങളിലേക്കും പോകാം.
പഴയപോസ്റ്റുകൾ ലിസ്റ്റിൽ ആദ്യം കാണിക്കണമെങ്കിൽ Show older post first എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. ഖണ്ഡശ്ശയായി നോവലോ, കഥയോ, യാത്രാവിവരണമോ ഒക്കെ ബ്ലോഗിൽ പ്രസിധീകരിക്കുന്നവർക്ക് ആർക്കൈവ്സ് ചെയ്യാൻ നല്ല ഒരു സെറ്റിംഗ് ആണിത്. അല്ലെങ്കിൽ ഡിഫോൾട്ട് ആയി പുതിയ പോസ്റ്റുകൾ ആദ്യം വരുന്ന തലതിരിഞ്ഞ ഒരു ലിസ്റ്റാവും ലഭിക്കുക.
ഇനി ഒരു ഓപ്ഷൻ കൂടിയുണ്ട്. മാസങ്ങളുടെ പേരുകൾ ചുരുക്കിവേണമോ അതോ മുഴുവനായി വേണമോ എന്നതു ഇവിടെ തീരുമാനിക്കാം. ഇത്രയും മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞാൽ ഗാഡ്ജറ്റ് സേവ് ചെയ്യുവാൻ മറക്കരുത്.
2 അഭിപ്രായങ്ങള്‍:
thanks man ..
ഏതായാലും പരീക്ഷിക്കാം.
ഇവിടെ തിരക്കിലാണ്
Post a Comment