പിക്കാസ വെബ് ആല്‍ബം

>> 3.12.10

.

ഗുഗിളിന്റെ ഓണ്‍ ലൈന്‍ സേവനങ്ങളില്‍ പെട്ടതും ഏറെനാളായി നിലവിലുള്ളതുമായ  മറ്റൊരു സൌജന്യ സേവനമാണ് പിക്കാസ വെബ് ആല്‍ബം.  നിങ്ങളുടെ കൈവശമുള്ള ഡിജിറ്റല്‍ ചിത്രങ്ങളെ ഗൂഗിളിന്റെ സെര്‍വറില്‍ ഡിജിറ്റൽ ആൽബങ്ങളായി സംഭരിച്ചു വയ്ക്കുവാനും, അവയെ ആവശ്യാനുസരണം, ഇന്റര്‍നെറ്റ് വഴി നിങ്ങൾ അനുവദിക്കുന്ന ആളുകൾക്ക് കാണുവാനുമുള്ള സൌകര്യമാണ് പിക്കാസ വെബ് ആല്‍ബം ഒരുക്കുന്നത്. അതായത്, ഇ മെയിലിൽ ചിത്രങ്ങൾ അറ്റാച്ച്മെന്റായി അയക്കുന്നതിനുപകരം,  നിങ്ങൾ നിങ്ങളുടെ ജി-മെയിൽ അക്കൌണ്ടിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന പിക്കാസ വെബ് ആൽബത്തിന്റെ ലിങ്ക് മാത്രം നിങ്ങളുടെ സുഹ്രുത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്താൽ മതിയാവും. അവർക്ക് ചിത്രങ്ങൾ കാണുവാനും, ആവശ്യമെങ്കിൽ അതിനു താഴെ കമന്റുകൾ രേഖപ്പെടുത്തുവാനും, ഡൌൺലോഡ് ചെയ്ത് എടുക്കുവാനും ഒക്കെ സാധിക്കും. കൂടാതെ ആൽബത്തിലെ ചിത്രങ്ങൾക്ക് അടിക്കുറിപ്പുകൾ (Captions) നൽകാനുള്ള സൌകര്യം, ആൽബത്തിലെ ചിത്രങ്ങളിൽ വരുന്ന  മുഖങ്ങൾക്കുനേരെ മൌസ് വച്ചാൽ അവരുടെ പേരുകൾ പ്രദർശിപ്പിക്കുവാനുള്ള സൌകര്യം എന്നിവയും ലഭ്യമാണ്.

ഒരു പിക്കാസ വെബ് ആൽബത്തെ ബ്ലോഗ് പ്രസിദ്ധീകരണങ്ങളില്‍ നമുക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് ഈ അദ്ധ്യായത്തിൽ പറയുന്ന മറ്റൊരു വിഷയം. ഒരിക്കൽ പിക്കാസ വെബ് ആല്‍ബങ്ങളിൽ സേവ് ചെയ്ത ചിത്രങ്ങളെ ഒറ്റയ്ക്കോ, കൂട്ടമായോ നമുക്ക് നമ്മുടെ ബ്ലോഗ് പോസ്റ്റുകളിൽ പ്രദര്‍ശിപ്പിക്കാം (വീണ്ടും അപ്‌ലോഡ് ചെയ്യാതെ തന്നെ), അവയെ ഒന്നിന് പിറകെ ഒന്നായി ഒരു സ്ലൈഡ് ഷോ ആയി കാണിക്കാം ഇങ്ങനെ പല സൌകര്യങ്ങളും ഉണ്ട്.

പിക്കാസ വെബ് ആൽബം ബ്ലോഗ് പോസ്റ്റുകളുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാവുന്ന ഒരു സന്ദർഭം പറയാം. ഒരു ബ്ലോഗ് പോസ്റ്റിൽ ഒരേസമയം അപ്‌ലോഡ് ചെയ്യാവുന്ന ചിത്രങ്ങള്‍ക്ക് പരിധിയൊന്നും ഇല്ലെങ്കിലും അനവധി ചിത്രങ്ങള്‍ ഒരു പോസ്റ്റിൽ കാണിക്കുന്നത് അസൌകര്യമാണല്ലോ. ഉദാഹരണം, ഒരു യാത്രാവിവരണത്തെ ആധാരമാക്കി നിങ്ങള്‍ എടുത്ത അനേക ചിത്രങ്ങള്‍ കൈവശമുണ്ട് എന്നിരിക്കട്ടെ. അവയൊക്കെ ബ്ലോഗ് പോസ്റ്റിൽ കാണിക്കുവാനും നിങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ ഒട്ടനവധി ചിത്രങ്ങൾ ഒരു ബ്ലോഗ് പോസ്റ്റിൽ നിറയുമ്പോൾ പോസ്റ്റിന്റെ നീളം കൂടുന്നു, പേജ് ലോഡ് ചെയ്യുവാൻ സമയമെടുക്കുന്നു. ഈ രീതിയിലുള്ള അസൌകര്യങ്ങൾ ഒഴിവാക്കുവാൻ ആ ചിത്രങ്ങളെ ഒരു ആല്‍ബമായി പിക്കാസയില്‍ ചേര്‍ത്തിട്ടു അതിലേക്കുള്ള ലിങ്ക് ബ്ലോഗില്‍ നല്‍കുന്നതാണ് കു‌ടുതല്‍ സൗകര്യം. അല്ലെങ്കിൽ താഴെക്കാണുന്ന ഉദാഹരണത്തിലേതുപോലെ ഒരു സ്ലൈഡ് ഷോ ആയി പോസ്റ്റിൽ തന്നെ നൽകാവുന്നതാണ്.



ഒരു പിക്കാസ വെബ് ആൽബത്തിൽ നൽകിയിരിക്കുന്ന ഒരു കൂട്ടം ചിത്രങ്ങളുടെ സ്ലൈഡ് ഷോ ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണിവിടെ. എംബഡ് ചെയ്യുക എന്നാണ് ഈ രീതിയിൽ ഒരു ചിത്രമോ സ്ലൈഡ് ഷോയോ പോസ്റ്റുകളിൽ ഉൾപ്പെടുത്തുന്നതിനു പറയുന്ന സാങ്കേതിക പദം. പിക്കാസയിൽ നിന്ന് ലഭിക്കുന്ന ഒരു എച്.ടി.എം.എൽ കോഡ് നമ്മുടെ ബ്ലോഗ് പോസ്റ്റിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുകയേ വേണ്ടൂ ഈരീതിയിൽ ചിത്രങ്ങളെ പോസ്റ്റുകളിൽ ഉൾപ്പെടുത്തുവാൻ. ബ്ലോഗര്‍ ഈയിടെ കൊണ്ടുവന്ന പുതിയ ബ്ലോഗ്‌ എഡിറ്ററില്‍ പിക്കാസ ആല്‍ബങ്ങളില്‍ നിന്നും ചിത്രങ്ങളെ നേരിട്ട് പോസ്റ്റുകളിലേക്ക് ചേര്‍ക്കുകയും ചെയ്യാം. മുകളിൽ കാണിച്ച വിധം അല്ലാതെ ഒരു ലിങ്ക് ആയി ഒരു പിക്കാസ വെബ് ആൽബം പോസ്റ്റിൽ  നൽകാവുന്നതുമാണ്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായനക്കാർക്ക് ആൽബത്തിലേക്ക് പ്രവേശിക്കുകയുമാവാം. 

പിക്കാസ വെബ് ആൽബം എന്ന ഓൺ‌ലൈൻ സേവനത്തോടൊപ്പം, PICASA 3 എന്ന ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയറും ഗൂഗിളിൽ നിന്ന് സൌജന്യമായി ലഭിക്കും. ഈ സോഫ്റ്റ്വെയർ ഡൌൺ‌ലോഡ് ചെയ്ത് നമ്മുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ വളരെ സൌകര്യപ്രദമായും അനായസമായും നിങ്ങളെടുക്കുന്ന ഡിജിറ്റൽ ചിത്രങ്ങളെ അത്യാവശ്യം എഡിറ്റിങ്ങിനു വിധേയമാക്കുവാനും (Brightness, colour correction, croping, ഡിജിറ്റല്‍ എഫെക്ട്സ് etc ചെയ്യുവാൻ) ഒറ്റയടിക്ക് ഒരു ഫോള്‍ഡറിലെ ചിത്രങ്ങളെ മുഴുവന്‍ റീസൈസ് ചെയ്ത് ഒരു പിക്കാസ വെബ് ആൽബമായി അപ്‌ലോഡ് ചെയ്യുവാനും  സാധിക്കും. ഇന്നത്തെ ഡിജിറ്റൽ ക്യാമറകൾ എടുക്കുന്ന ഓരോ ഫോട്ടോയും രണ്ടോ  അതിലധികമോ മെഗാബൈറ്റ് സൈസ് വരുന്ന ചിത്രങ്ങളാണ്. അവയെ സൈസ് കുറച്ച് അനായാസേന വെബിലേക്ക് അപ്‌ലോഡ് ചെയ്യുവാൻ ഈ സോഫ്റ്റ്വെയർ സഹായിക്കുന്നു. പിക്കാസ 3 സോഫ്റ്റ്വെയറിനെപ്പറ്റി ഈ അദ്ധ്യായത്തിൽ ചർച്ച ചെയ്യുന്നില്ല. അതിനെപ്പറ്റി കൂടുതൽ കാര്യങ്ങൾ പിക്കാസ 3 എന്ന അദ്ധ്യായത്തിൽ വായിച്ചു മനസ്സിലാക്കുക.  


പിക്കാസ സേവനം രജിസ്റ്റർ ചെയ്യുവാൻ:

പിക്കാസ വെബ് ആല്‍ബം രജിസ്റ്റര്‍ ചെയ്യുവാനായി നിങ്ങള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. നിങ്ങളുടെ ഗൂഗിള്‍ അക്കൌണ്ടിനോടൊപ്പം (ജി-മെയില്‍ അക്കൌണ്ട്) ഇതും നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ ജി.മെയില്‍ തുറക്കൂ അതില്‍ ഏറ്റവും മുകള്‍ ഭാഗത്തായി താഴെ കാണിച്ചിരിക്കുന്ന ചിത്രത്തിലേതുപോലെ Calender, documents, reader എന്നിങ്ങനെ പല options കാണാം. അവയില്‍ ഫോട്ടോസ് എന്ന ലിങ്ക് ശ്രദ്ധിക്കൂ. ഇതാണ് പിക്കാസയിലേക്കുള്ള വഴി. ഫോട്ടോസ് എന്ന ലിങ്ക് മുകളിലെ ഓപ്ഷനുകളോടൊപ്പം കാണുന്നില്ലെങ്കിൽ, വലത്തേയറ്റത്തുള്ള More എന്ന ലിങ്കിനോടോപ്പമുള്ള ആരോയുടെ നേരെ ക്ലിക്ക് ചെയ്യുക. അപ്പോൾ ഒരു ലിസ്റ്റ് ലഭിക്കും. ഫോട്ടോസ് എന്ന ലിങ്ക് തീർച്ചയായും അവിടെയുണ്ടാവും.



അതിൽ ക്ലിക്ക് ചെയ്താൽ നേരെ നിങ്ങളുടെ പിക്കാസ വെബ് പേജിലേക്ക് പോകാം. സാധാരണഗതിയിൽ ഒരു ജിമെയിൽ അക്കൌണ്ടിനോടൊപ്പം 1 ഗിഗാബൈറ്റ് സ്ഥലമാണ് ഗൂഗിൾ നമുക്ക് സൌജന്യമായി തരുന്നത്. ചെറിയ വാർഷിക ഫീസുകളോടെ കൂടുതൽ സ്ഥലം ആവശ്യക്കാർക്ക് വാങ്ങാനുള്ള സൌകര്യവും ഗൂഗിൾ തരുന്നുണ്ട്. ഒരുകാര്യം ഓർക്കുക, ഒരു ജിമെയിൽ അക്കൌണ്ട് ഉപയോഗിച്ച് നിങ്ങൾ ഉണ്ടാക്കുന്ന ബ്ലോഗുകളിൽ ലോഡ് ചെയ്യപ്പെടുന്ന എല്ലാ ചിത്രങ്ങളും അതേ അക്കൌണ്ടിലെ പിക്കാസ വെബ് ആൽബത്തിൽ ആവും ചേർക്കപ്പെടുന്നത്. ഉദാഹരണത്തിന്, ആദ്യാക്ഷരി ബ്ലോഗിൽ ചേർത്തിരിക്കുന്ന സകല സ്ക്രീൻ ഷോട്ടുകളും (ചിത്രങ്ങളും) ഈ ബ്ലോഗ് രജിസ്റ്റർ ചെയ്തിരിക്കുന്ന ജി-മെയിലിനോടോപ്പമുള്ള പിക്കാസ വെബ് ആൽബത്തിനായുള്ള ഒരു ജി.ബി. സ്പെയ്സിലാണു സ്റ്റോർചെയ്യപ്പെടുന്നത്.

നിങ്ങളുടെ ജി-മെയിലിനോടൊപ്പമുള്ള പിക്കാസ വെബ് ആൽബം ഒന്നു തുറന്നു നോക്കൂ. നിങ്ങൾ ഇതുവരെ നിങ്ങളുടെ ബ്ലോഗിലേക്ക് ഏതെങ്കിലും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അതൊക്കെ അവിടെ ഉണ്ടാവും. (ഒന്നും അബദ്ധവശാൽ ഡിലിറ്റ് ചെയ്യരുത്. അതാതു പോസ്റ്റുകളിൽ  നിന്നും അതൊക്കെ പോയിക്കിട്ടും!).

ഇതാണ് പിക്കാസയുടെ user interface. നിലവില്‍ ഇതിലേക്ക് upload ചെയ്യപ്പെട്ടിട്ടുള്ള ചിത്രങ്ങള്‍ ഓരോ ആല്‍ബങ്ങള്‍ ആയി അവിടെ കാണാം. ഓരോ ആല്‍ബത്തിലും എത്ര ചിത്രങ്ങള്‍ ഉണ്ടെന്നും ഇതു തീയതിയിലാണ് ആല്‍ബം ഉണ്ടാക്കിയതെന്നും, ആ ആല്‍ബത്തിന്റെ പബ്ലിക് visibility settings എങ്ങനെ എന്നും ഇവിടെ കാണാം (ആൽബം പ്രൈവറ്റ് വ്യൂവിംഗിനു ഉള്ളതാ‍ണോ അതോ പബ്ലിക് വ്യൂവിംഗിനു ഉള്ളതാണോ എന്ന സെറ്റിംഗ്).




ആല്‍ബങ്ങള്‍ക്ക് മുകളിലായി ഒരു മെനു ബാര്‍ കാണാം. അവിടെ നാല് ലിങ്കുകള്‍ ആണുള്ളത്; My Photos, People, Explore, Upload. ഇവയില്‍ ആദ്യത്തെ ലിങ്ക് നിങ്ങളുടെ സ്വന്തം പിക്കാസ വെബ് ആല്‍ബം കൈകാര്യം ചെയ്യാനുള്ള ലിങ്ക് ആണ്. Explore എന്ന ലിങ്ക് ഉപയോഗിച്ച് പിക്കാസയുടെ ലക്ഷക്കണക്കിന് വരുന്ന ഉപയോക്താക്കള്‍ പബ്ലിക് ആയി ഷെയര്‍ ചെയ്തിരിക്കുന്ന ഫോട്ടോകള്‍ കാണാം. ഫോട്ടോബ്ലോഗുകൾ ചെയ്യുന്നവർ ശ്രദ്ധിക്കുക - അനേകം നല്ല നല്ല ചിത്രങ്ങൾ നിങ്ങൾക്ക് പിക്കാസ വെബ് ആൽബം പബ്ലിക്ക് ആയി ഷെയർ ചെയ്തിട്ടുള്ളവരുടെ അക്കൌണ്ടുകളിൽ പോയി കാണാം. (നിങ്ങളുടെ ആല്‍ബങ്ങളെ പബ്ലിക് ആയോ, പ്രൈവറ്റ്‌ ആയോ അപ്‌ലോഡ്‌ ചെയ്യാവുന്നതാണ്. ഇതെപ്പറ്റി പിന്നീട് പറയാം).

ഒരു പുതിയ ആൽബം ഉണ്ടാക്കാം:

നിങ്ങളുടെ പിക്കാസ പേജിലേക്ക് ഒരു പുതിയ ആല്‍ബം ഉണ്ടാക്കി ചേര്‍ക്കുന്നത് എങ്ങനെയാണെന്ന് ഇനി പറയാം. ഇതിനു പല മേതെഡുകള്‍ ഉണ്ടെങ്കിലും ഏറ്റവും എളുപ്പം ചെയ്യാവുന്ന രീതിയാണ് ആദ്യം പറയുന്നത്. നിങ്ങളുടെ പിക്കാസ അക്കൌണ്ടിലെ upload എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. 

Upload photos : Create or select album എന്നൊരു ഓപ്ഷനും അതോടൊപ്പം നിലവില്‍ നിങ്ങളുടെ അക്കൌണ്ടില്‍ ഉള്ള ആല്‍ബങ്ങളുടെ ലിസ്റ്റും കിട്ടും. create a new album എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. (നിലവിലുള്ള ഒരു ആല്‍ബത്തിലേക്ക് ആണ് ചിത്രം ചേര്‍ക്കേണ്ടതെങ്കില്‍ അതിന്റെ ഐക്കണില്‍ ക്ലിക്‌ ചെയ്യുക) 


അപ്പോൾ താഴെക്കാണുന്നതുപോലെ ഒരു സ്ക്രീ‍ൻ ലഭിക്കും. അതിൽ പുതിയതായി നിങ്ങൾ നിർമ്മിക്കാൻ പോകുന്ന ആൽബത്തെപ്പറ്റിയുള്ള വിവരങ്ങളാണ് കൊടുക്കേണ്ടത്. 



ആൽബത്തിന്റെ പേര് (title), ആൽബം പ്രസിദ്ധീകരിക്കുന്ന തീയതി, ആൽബത്തെപ്പറ്റിയുള്ള ഒരു ചെറുവിവരണം, സ്ഥലം (ഇതു രണ്ടും ഓപ്ഷനൽ ആണ്, വേണമെങ്കിൽ മാത്രം എഴുതുക) ഇത്രയും കാര്യങ്ങളാണ് ആദ്യഭാഗത്തുള്ളത്. അതിനു താഴെയായി ഉള്ള സെറ്റിംഗുകളിൽ വളരെ പ്രധാനമായ ഒന്നാണ് visibility.  ഇവിടെയാണ് നിങ്ങൾ പ്രസിദ്ധീകരിക്കുന്ന ആൽബം ആർക്കൊക്കെകാണാം എന്ന് പെർമിഷൻ സെറ്റ് ചെയ്യേണ്ടത്. മൂന്നുവിധത്തിലുള്ള ഓപ്ഷനുകൾ ഇവിടെ കാണാം. 

Public on the web: ആദ്യത്തെ ഓപ്ഷൻ ഇതാണ്. ഇങ്ങനെയാണ് പിക്കാസ വെബ് ആൽബത്തിന്റെ വിസിബിലിറ്റി സെറ്റിംഗ് എങ്കിൽ, ഇന്റർനെറ്റിലുള്ള ആർക്കും നിങ്ങളുടെ ഈ ആൽബം കാണുവാൻ സാധിക്കും.

People with link:  നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ആൽബത്തിന്റെ വിസിബിലിറ്റി സെറ്റിംഗ് ഇതാണെങ്കിൽ, നിങ്ങൾ ഈ ആൽബത്തിലേക്കുള്ള ലിങ്ക് ആർക്കൊക്കെ ഷെയർ ചെയ്തിട്ടുണ്ടോ അവർക്കു മാത്രമേ ഈ ആൽബം കാണുവാൻ സാധിക്കുകയുള്ളൂ.

Private:  ഈ സെറ്റിംഗ് ആണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾക്കു മാത്രം കാണുവാൻ സാധിക്കുന്ന രീതിയിലാവും ആൽബത്തിന്റെ സെറ്റിംഗ്. ഇതുകൂടാതെ ഈ ആൽബം മറ്റു ചിലർക്ക് ഷെയർ ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കും. അങ്ങനെ ഷെയർ ചെയ്തിട്ടുള്ള ആളുകൾക്ക് അവരുടെ ജി.മെയിൽ അക്കൌണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഈ ആൽബം കാണുവാൻ സാധിക്കും.

ഒരു ഉദാഹരണത്തിൽ കൂടി പറഞ്ഞാൽ നിങ്ങൾക്ക് ബ്ലോഗിലും മറ്റും പബ്ലിക്കായി പ്രദർശിപ്പിക്കുവാൻ ആഗ്രഹമുള്ള ആൽബങ്ങൾക്ക് ആദ്യത്തെ സെറ്റിംഗും, ഫാമിലി ഫോട്ടോകൾ തുടങ്ങിയവ ഏറ്റവും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മറ്റും മാത്രം ഷെയർ ചെയ്യേണ്ടവ് പ്രൈവറ്റ് ആയും വിസിബിലിറ്റി സെറ്റ് ചെയുന്നതാണ് നല്ലത്. ഈ സെറ്റിംഗ് ചെയ്തുകഴിഞ്ഞാൽ Continue എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യാം. ഇപ്പോൾ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുവാനുള്ള സ്ക്രീനിൽ എത്തും.

ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വിധം:

ചിത്രത്തിൽ മാർക്ക് ചെയ്തിർക്കുന്നതുപോലെ ഈ സ്ക്രീനിനു രണ്ട് ഭാഗങ്ങളുണ്ട്. ഇടതുവശത്ത് അഞ്ച് ഫയലുകൾ ഒരേ സമയം അപ്‌ലോഡ് ചെയ്യുവാനുള്ള സംവിധാനമാണുള്ളത്. (അഞ്ചിൽക്കൂടുതൽ ചിത്രങ്ങൾ ഉണ്ടെങ്കിൽ വീണ്ടും ഇതേ ആൽബത്തിലേക്ക് ചിത്രങ്ങൾ ആഡ് ചെയ്യാവുന്നതാണ്. ഓരോ തവണയും അയ്യഞ്ചു ചിത്രങ്ങൾ വീതമേ അപ്‌ലോഡ് ചെയ്യുവാനാകൂ എന്നേയുള്ളൂ). സ്ക്രീനിന്റെ വലതുവശത്ത് നിങ്ങളുടെ പിക്കാസ വെബ് ആൽബത്തിനായി അനുവദിച്ചിരിക്കുന്ന സ്റ്റോറേജ് സൈസിൽ എത്ര ഇതുവരെ ഉപയോഗിച്ചു എന്നും ഇനി എത്ര സ്പേസ് ഫ്രീആയി ഉണ്ടെന്നും കാണാം. കൂടാതെ ഇങ്ങനെ അയ്യഞ്ചു വീതമായിട്ടല്ലാതെ ഒറ്റയടിക്ക് ഒരു ഫോൾഡറിലെ ചിത്രങ്ങളെ മുഴുവൻ പിക്കാസ വെബ് ആൽബത്തിലേക്ക് അപ്‌ലോഡ് ചെയ്യുവാൻ സഹായിക്കുന്ന പിക്കാസ എന്ന സോഫ്റ്റ്വെയർ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഇൻസ്റ്റാൾ ചെയ്യുവാനുള്ള സംവിധാനത്തിന്റെ ബട്ടണും കാണാം. ഇതേപ്പറ്റി “പിക്കാസ” എന്ന അദ്ധ്യായത്തിൽ കൂടുതലായി പറയാം. ഇപ്പോൾ ചിത്രങ്ങളെ അപ്‌ലോഡ് ചെയ്യുന്നതെങ്ങനെ എന്നു നോക്കാം. 

Select photos to upload എന്ന ഫീൽഡിലുള്ള ഒന്നാമത്തെ Choose file  എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നും പിക്കാസയിലേക്ക് അപ്‌ലോഡ് ചെയ്യേണ്ട ഫയലിനെ സെലക്റ്റ് ചെയ്യാനുള്ള വിന്റോ തുറക്കും. അതിൽ ബ്രൌസ് ചെയ്ത് ഏതു ഫോൾഡറിലാണോ ഈ ചിത്രം സേവ് ചെയ്തിരിക്കുന്നത് അവിടെനിന്ന് ചിത്രം സെലക്റ്റ് ചെയ്യുക, ഡബിൾ ക്ലിക്ക് ചെയ്യുകയോ, ഓപൺ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുകയോ ചെയ്താൽ, ഫയൽ അപ്‌ലോഡ് ചെയ്യാനായി മാർക്ക് ചെയ്യപ്പെടും. ഇതേ രീതിയിൽ ബാക്കിയുള്ള ഫയലുകളും സെലക്റ്റ് ചെയ്യുക. 


അഞ്ചു ഫയലുകളും സെലക്റ്റ് ചെയ്തുകഴിഞ്ഞാൽ, start upload എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യാം. ഇപ്പോൾ ചിത്രങ്ങൾ പിക്കാസ വെബ് ആൽബത്തിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടാൻ ആരംഭിക്കും. നിങ്ങൾ ഉപയോഗിക്കുന്ന ഇന്റർനെറ്റ് കണക്ഷന്റെ സ്പീഡ് അനുസരിച്ച് ഈ അപ്‌ലോഡിംഗ് സമയത്തിൽ വ്യത്യാസങ്ങൾ കണ്ടേക്കാം. അതുപോലെ മറ്റൊരു കാര്യം ശ്രദ്ധിക്കുവാനുള്ളത് ക്യാമറകളിൽ നിന്നും എടുക്കുന്ന അതേപടി അപ്‌ലോഡ് ചെയ്യാൻ ഒരുങ്ങരുത് എന്നതാണ്. കാരണം ഇപ്പോഴത്തെ ഡിജിറ്റൽ ചിത്രങ്ങളോരോന്നും മൂന്നോ നാലോ മെഗാബൈറ്റ് സൈസിൽ ഉള്ളവ ആയിരിക്കും. അവയെ ഒരു ഗ്രാഫിക്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് റീസൈസ് ചെയ്ത് (800 - 1200 വരെ പിക്സൽ വീതിയും അതിനനുസരിച്ച ഹൈറ്റും മാത്രം മതി ഇന്റർനെറ്റ് വഴി ചിത്രങ്ങൾ കാണുന്നതിനായി പ്രസിദ്ധീകരിക്കുന്നതിന്) വേണം  പിക്കാസയിലേക്ക് അപ്‌ലോഡ് ചെയ്യുവാനായി തയ്യാറാക്കാൻ.   ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ അവയുടെ Thumbnail view ലഭിക്കും. 
ഇതാണു നമ്മൾ ഇപ്പോൾ അപ്‌ലോഡ് ചെയ്ത ആൽബം. അതിന്റെ മുകളിൽ കാണുന്ന ലിങ്കുകൾ എല്ലാം ഒന്നു ശ്രദ്ധിക്കൂ. ആദ്യത്തെ ലിങ്ക് ആയ “സ്ലൈഡ് ഷോ”  അമർത്തിയാൽ ഈ ചിത്രങ്ങളെ ഒന്നിനു പിന്നാലെ ഒന്നായി ഒരു സ്ലൈഡ് ഷോ ആയി കാണാം. രണ്ടാമത്തെ ലിങ്ക് “ഷെയർ” ആണ്. ഈ ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള ആളുകൾക്ക് ഈ ആൽബം ഷെയർ ചെയ്തുകൊടുക്കാം. മൂന്നാമത്തെ ലിങ്ക് ആയ Add photos ഉപയോഗിച്ച് ഈ ആൽബത്തിലേക്ക് ഇനിയും കൂടുതൽ ചിത്രങ്ങൾ ചേർക്കാം. നാലാമത്തെ ലിങ്ക് ആയ ഡൌൺ‌ലോഡ് ഉപയോഗിച്ച് ആർക്കും ഈ ചിത്രങ്ങൾ ഡൌൺലോഡ് ചെയ്ത് എടുക്കാം. 

അവസാനത്തെ ലിങ്ക് “എഡിറ്റ്” ഉപയോഗിച്ച് ആൽബത്തിൽ പല മാറ്റങ്ങളും വരുത്താം. ചിത്രങ്ങൾ അപ്‌ലോഡ് ചെയുന്നതിനു മുമ്പ് സെറ്റ് ചെയ്ത കാര്യങ്ങൾ വീണ്ടും എഡിറ്റ് ചെയ്യാനുള്ള സംവിധാനം, ചിത്രങ്ങൾക്ക് അടിക്കുറിപ്പ് (caption) നൽകുവാനുള്ള സംവിധാനം, ആൽബത്തിലെ ചിത്രങ്ങളുടെ ക്രമം മാറ്റുവാനുള്ള സംവിധാനം, ആൽബത്തെ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം എല്ലാം ഈ ലിങ്കിൽ ഉണ്ട്. ഓരോന്നായി പരീക്ഷിച്ചു നോക്കൂ. 

ഒരു ചിത്രത്തെ സംബന്ധിക്കുന്ന വിവരങ്ങൾ:

ഈ ആൽബത്തിലെ ഏതെങ്കിലും ഒരു ചിത്രത്തിന്റെ Thumbnail ൽ ഒന്നു ക്ലിക്ക് ചെയ്യൂ. ആ ചിത്രം വലുതായി കാണാം. ഉദാഹരണമായി ആദ്യ ചിത്രം Birthday party  ഇവിടെ ക്ലിക്ക് ചെയ്യുന്നു. ചിത്രത്തിന്റെ അടിയിലായി കാണുന്ന Add a caption എന്ന ലിങ്കിൽ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്താൽ അവിടെ ചിത്രത്തിനൊരു അടിക്കുറിപ്പ് എഴുതി ചേർക്കാനുള്ള ഫീൽഡ് ലഭിക്കും. അവിടെ “മനുക്കുട്ടന്റെ ആറാം പിറന്നാൾ” എന്നെഴുതി. ഇനി Save caption എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ അടിക്കുറിപ്പ് സേവ് ചെയ്യപ്പെട്ടു. 

ഇനി ഈ ചിത്രത്തിലെ കുട്ടികളുടെ മുഖങ്ങൾക്ക് നേരെ അവരുടെ പേര് എഴുതിച്ചേർക്കാം. അതിനായി ഓരോ മുഖത്തിനു നേരെയും മൌസ് കൊണ്ടുപോകൂ. അവിടെ Add name എന്നൊരു ഫീൽഡ് കിട്ടും. അതിൽ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്താൽ ഈ മുഖങ്ങൾ ആരുടേതൊക്കെ എന്ന് എഴുതി ചേർക്കാം. 

ഇനി ചിത്രത്തിന്റെ വലതുവശത്ത് ഒന്നുനോക്കൂ. ചിത്രത്തെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഇവിടെ ഉള്ളത്. ഒരു ഫോട്ടോയുടെ എക്സിഫ് ഡേറ്റ എന്നാൽ എന്തെന്ന് ഇതുവായിക്കുന്ന ഫോട്ടോഗ്രാഫർമാർക്കെല്ലാം അറിയാമായിരിക്കുമല്ലോ. ഒരു ഡിജിറ്റൽ ചിത്രം എടുക്കുവാൻ വേണ്ടി ക്യാമറ ഉപയോഗിച്ച സെറ്റിംഗുകളാണ് എക്സിഫ് ഡേറ്റാ. പൂർണ്ണമായും എഡിറ്റ് ചെയ്ത് മാറ്റാത്ത ചിത്രങ്ങളിൽ എല്ലാം എക്സ്ഫ് ഡേറ്റ ലഭ്യമായിരിക്കും. 

വലതുവശത്തു തന്നെ കാണുന്ന link to this photo എന്ന ലിങ്കിൽ ഒന്നു ക്ലിക്ക് ചെയ്തു നോക്കൂ. ഇപ്പോൾ രണ്ട് ലിങ്കുകൾ ലഭിക്കും. ആദ്യത്തേത് ഈ ചിത്രത്തിലേക്ക് ഒരു ലിങ്ക് മെയിലിലോ ബ്ലോഗിലോ ഒക്കെ നൽകുവാനാണ്.  ഇതുപോലെ . 

രണ്ടാമതു കാണുന്ന എംബഡ് ഇമേജ് ലിങ്ക് ഈ ചിത്രത്തെ മറ്റൊരു വെബ് പേജിൽ പ്രസിധീകരിക്കാൻ ഉപയോഗിക്കാം. ഉദാഹരണത്തിന് ഈ പോസ്റ്റിൽ താഴെ ഈ ചിത്രത്തെ ബ്ലോഗറിൽ ചിത്രം പ്രസിദ്ധീകരിക്കുന്ന വിധത്തിൽ (പോസ്റ്റിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതെങ്ങനെ)  ഇവിടെ പുനപ്രസിധീകരിച്ചിരിക്കുന്നു.  
പിക്കാസയിൽ നിന്നു ലബിച്ച എംബഡ് കോഡ് അതുപോലെ കോപ്പി ചെയ്ത് ഈ പോസ്റ്റിൽ   edit html മോഡിൽ താഴെ  പേസ്റ്റ് ചെയ്തിരിക്കുകമാത്രമാണ് ചെയ്തിരിക്കുന്നത്. കോഡിൽ സെലക്റ്റ് ചെയ്തിരിക്കുന്ന മാറ്റങ്ങൾ ഒന്നു ശ്രദ്ധിക്കൂ.

From Picasa Demo


ഒരു ആൽബം ബ്ലോഗ് പോസ്റ്റിൽ ഉൾപ്പെടുത്തുന്ന വിധം:

ഈ ആൽബത്തെ പൂർണ്ണമായും ഒരു സ്ലൈഡ് ഷോ ആയി ഈ പോസ്റ്റിൽ ഉൾപ്പെടുത്തുന്നതെങ്ങനെ എന്നു നോക്കാം. ഏതു ആൽബമാണോ ബ്ലോഗ് പോസ്റ്റിൽ ഉൾപ്പെടുത്തേണ്ടത്, അതിന്റെ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. ആൽബത്തിലെ ചിത്രങ്ങളുടെ എല്ലാം Thumbnails കാണാം. അതല്ല  നിലവിൽ ആൽബത്തിനുള്ളിലെ ഒരു ചിത്രം മാത്രമാണ് കാണുന്നതെങ്കിൽ  ആൽബത്തിനു മുകളിൽ കാണുന്ന View all എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ആൽബത്തിന്റെ വലതുവശത്ത് ഒന്നു നോക്കൂ. Link to this album എന്നെഴുതിയിരിക്കുന്ന വരിയിൽ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്യൂ. ഇപ്പോൾ കൂടുതൽ ഓപ്ഷനുകൾ താഴേക്ക് തുറക്കും


അക്കൂട്ടത്തിൽ “എംബഡ് സ്ലൈഡ് ഷോ” എന്നൊരു ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യൂ. താഴെക്കാണുന്നതുപോലെ മറ്റൊരു വിന്റോ തുറക്കും


ഇവിടെ ഈ ആൽബത്തെ നിങ്ങളുടെ ബ്ലോഗ് പോസ്റ്റിൽ ഉൾപ്പെടുത്തുവാനുള്ള കോഡ് ലഭിക്കും. കോഡ് സെലക്റ്റ് ചെയ്യുന്നതിനു മുമ്പ് നിങ്ങളുടെ ബ്ലോഗ് പോസ്റ്റിനു ചേരുന്ന വീതി എത്രയാണെന്നുവച്ചാൽ അതിനനുസരിച്ച് ഒരു സൈസ് സ്ലൈഡ് ഷോയ്ക്ക് സെലക്റ്റ് ചെയ്യുക. ഇവിടെ 400 എന്ന വീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇനി മഞ്ഞനിറത്തിലെ ബാക്ക്ഗ്രൌണ്ടിൽ കാണുന്ന കോഡ് അതേപടീ കോപ്പി ചെയ്യുക.  നിങ്ങൾ എഡിറ്റ് ചെയ്യുന്ന  പേജിലെ കമ്പോസ് മോഡിനു പകരം edit html വ്യൂവിൽ പോയി ഈ കോഡ് അവിടെ പേസ്റ്റ് ചെയ്യുക.
(സ്ലൈഡ് ഷോ ഇപ്പോൾ നിശ്ചലമാണെങ്കിൽ മൌസ്, സ്ലൈഡ് ഷോയുടെ ഏറ്റവും താഴേക്ക് കൊണ്ടുപോയി ഒരു പ്രാവശ്യം ക്ലിക്ക് ചെയ്യുക. അപ്പോൾ ബായ്ക്ക്, പ്ലേ, ഫോർവേഡ് ബട്ടണുകൾ കാണാം. അതിൽ പ്ലേ ബട്ടൺ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്യുക. സ്ലൈഡ് ഷോയുടെ ഉള്ളിൽ കാണുന്ന പ്ലേ ബട്ടൺ അമർത്തിയാൽ നേരെ ആൽബത്തിന്റെ ഒറീജിനൽ ലൊക്കേഷനിലേക്കാവും പോകുന്നത്)



ഇത്രയും ചെയ്തിട്ട് പോസ്റ്റ് പബ്ലിഷ് ചെയ്യാം. സ്ലൈഡ് ഷോ റെഡി.ഇതുപോലെ എത്ര സ്ലൈഡ് ഷോ വേണമെങ്കിലും ഒരു ബ്ലോഗ് പോസ്റ്റിൽ ഉൾപ്പെടുത്താം. അതുപോലെ ഇതേ കോഡിനെ ഒരു എച്.ടി.എം.എൽ / ജാവാ സ്ക്രിപ്റ്റ് ഗാഡ്ജറ്റ് ആയി ബ്ലോഗിന്റെ സൈഡ് ബാറിൽ ചേർക്കാം. അപ്പോൾ നിങ്ങളുടെ ചിത്രങ്ങളുടെ ഒരു സ്ലൈഡ് ഷോ അവിടെ എപ്പോഴും കാണാവുന്നതാണ്. പിക്കാസ വെബ് ആൽബത്തിന്റെ പ്രത്യേകതകൾ ഇനിയും അനവധിയാണ്. അതൊക്കെ ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയാൽ ഇനിയും ഇതൊരു നീളൻ പോസ്റ്റായി പോകും എന്നതിനാൽ നിർത്തട്ടെ !


16 അഭിപ്രായങ്ങള്‍:

  1. faisu madeena 3 December 2010 at 23:45  

    താങ്ക്സ് അപ്പു ...

  2. കാഡ് ഉപയോക്താവ് 4 December 2010 at 13:50  

    Thanks!

  3. ഭായി 5 December 2010 at 12:38  

    വളരെ ഉപയോഗപ്രദമായ പോസ്റ്റ്.
    വിവരങൾ പങ്കുവെച്ചതിന് നന്ദി.

  4. ഇ.എ.സജിം തട്ടത്തുമല 8 December 2010 at 23:57  

    അപ്പോൾ നമ്മൾ ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ എല്ലാം പികാസയിലാണോ ചെന്ന് സേവ് ചെയ്യപ്പെടുന്നത്? അവിടെയാകട്ടെ ഒരു ജി.ബി വരെ മാത്രം സ്പെയിസേ നമുക്ക് സൌജന്യമയി നൽകുന്നുമുള്ളൂ. അപ്പോൾ നമ്മൾ പല ബ്ലോഗ് പോസ്റ്റുകളിലായി അപ് ലോഡ് ചെയ്ത് പബ്ലിഷ് ചെയ്യുന്ന ഫോട്ടോകൾ എല്ലാം ചേർന്ന് ഒരു. ജി.ബി യ്ക്ക് മുകളിലായാൽ പിന്നീടുള്ള ബ്ലോഗ് പോസ്റ്റുകളിൽ ഫോട്ടോകൾ അപ്ലോഡ് ചെയ്യാനോ പബ്ലിഷ് ചെയ്യാനോ കഴിയാതെ വരുമോ? എങ്കിൽ ചിത്രങ്ങൾ ഇനി മേൽ കരുതി വേണമല്ലോ ഇടാൻ? ഈ സംശയത്തിൽ കഴമ്പുണ്ടോ ഷിബുമാഷ്?

  5. Ashly 15 December 2010 at 12:45  

    പതിവ് പോലെ വളരെ നല്ല പോസ്റ്റ്‌ അപ്പുവേട്ടാ.

  6. UMESH KUMAR 2 January 2011 at 21:04  

    മലയാളം ബ്ലോഗ്‌ ചരിത്രത്തില്‍ താങ്കള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്‌ അപ്പു.
    താങ്ക്സ് .

  7. Ismail Chemmad 22 January 2011 at 23:35  

    ഞാന്‍ ജോയിന്‍ ചെയ്യുന്ന ബ്ലോഗുകളില്‍ ഇപ്പോളെന്റെ ഫോട്ടോ കാണുന്നില്ല .
    രണ്ടു ദിവസമായീതു തുടങ്ങിയിട്ട് . മുന്‍പ് പ്രശ്നമില്ലായിരുന്നു .
    ഇതെങ്ങിനെ പരിഹരിക്കാം ?

  8. Appu Adyakshari 23 January 2011 at 06:22  

    ഇസ്മയിലിന്റെ പ്രൊഫൈൽ ചിത്രം ആണു കാണാതായിരിക്കുന്നതെനാണ് വിവരണത്തിൽ നിന്ന് മനസ്സിലാകുന്നത്. ഇതൊരു താൽകാലിക പ്രശ്നമാവാനേ വഴിയുള്ളൂ. ഇതിന്റെ പരിഹാരമൊന്നും അറീയില്ല.

  9. Ismail Chemmad 23 January 2011 at 10:12  

    marupadikku nandi appuvettaa

  10. കുറ്റൂരി 17 March 2011 at 11:50  

    PICASA-3 എന്ന അദ്ധ്യായം എവിടെ?

  11. Appu Adyakshari 17 March 2011 at 12:04  

    കുറ്റൂരി, ഓർമ്മപ്പെടുത്തിയതിനു നന്ദി.. :-) ഇതുവരെ ആദ്ധ്യായം എഴുതാൻ സമയം കിട്ടിയില്ല. എഴുതാം കേട്ടോ.

  12. ssf 2 June 2011 at 11:22  

    edit html ലിൽ എവിടെയാണു പേസ്റ്റ് ചെയ്യേണ്ടത്....?

  13. Appu Adyakshari 2 June 2011 at 18:27  

    എവിടെയാണോ ചിത്രം പോസ്റ്റ് ചെയ്യേണ്ടത് ആ ഭാഗത്ത്.

  14. പെരുമ്പളം ഗ്രാമപഞ്ചായത്ത് 18 July 2011 at 12:56  

    You are genious in blogging. Broadminded in doing speciality attempt to others

  15. ഉമ്മു അമ്മാര്‍ 20 September 2011 at 23:58  

    സര്‍ എന്റെ ബ്ലോഗിന്റെ ഹെഡ്ഡ്ര്‍ കാണാനില്ല അതെന്താണ് സംഭവിച്ചത്‌ അതെങ്ങിനെ തിരിച്ചു കൊണ്ട് വരാം????//

  16. സ്നേഹിതന്‍ 12 September 2014 at 15:04  

    microsoft power pointil cheytha oru file engane bloggil post cheyyaam?

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP