അദ്ധ്യായം 2 : യൂണിക്കോഡും ട്രാന്‍സ്‌ലിറ്ററേഷനും
>> 11.4.08
എന്താണ് യൂണിക്കോഡ്?
നമ്മള്‍ ഇംഗ്ലീഷില്‍ ഒരു ഇ-മെയില്‍ എഴുതി മറ്റൊരാള്‍ക്ക് അയയ്ക്കുന്നു എന്നിരിക്കട്ടെ. അദ്ദേഹം ആ കത്ത് അദ്ദേഹത്തിന്റെ കംപ്യൂട്ടറില്‍ തുറക്കുമ്പോഴും നമ്മള്‍ എഴുതിയ അതേ വാചകങ്ങളാണല്ലോ കാണുന്നത്. ഇതെങ്ങനെ സാധിക്കുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? ഇത് സാധ്യമാകുന്നത്, നമ്മുടെ കീബോര്‍ഡ് ഉപയോഗിച്ച് നമ്മള്‍ എഴുതിയുണ്ടാക്കിയിരിക്കുന്ന വരികളിലെ “കോഡ്” അദ്ദേഹത്തിന്റെ കമ്പ്യുട്ടറും അതേപടി മനസ്സിലാക്കുന്നതുകൊണ്ടാണ്. ഇതിനുപകരം നമ്മുടെ കമ്പ്യൂട്ടറിലെ എ എന്ന അക്ഷരത്തിന്റെ കോഡ് ആ കമ്പ്യൂട്ടര്‍ എം. എന്നാണ് മനസ്സിലാക്കുന്നതെന്നിരിക്കട്ടെ. അതുപോലെ ഓരോ കീയും വെവ്വേറേ രീതിയിലാണ് മറ്റൊരു കമ്പ്യൂട്ടര്‍ മനസ്സിലാക്കുന്നതെങ്കില്‍ നാം എഴുതിയ വാചകങ്ങള്‍ എങ്ങനെയിരിക്കും? ആകെ കുഴഞ്ഞുമറിഞ്ഞ് യാതൊരു അര്‍ത്ഥവുമില്ലാത്ത കുറേ അക്ഷരങ്ങളുടെ കൂട്ടമായി മാറിപ്പോയേനേ.
യൂണിക്കോഡ് രീതി നിലവില്‍ വരുന്നതിനു മുമ്പ് മറ്റുഭാഷകളിലെ ഫോണ്ടുകള്‍ ഡിസൈന്‍ ചെയ്തിരുന്നവര്‍, അന്ന ലഭ്യമായ ഇംഗ്ലീഷ് അക്ഷരങ്ങളുടെ കോഡുകള്‍ തന്നെയായിരുന്നു ആ ഭാഷകള്‍ക്കും ഉപയോഗിച്ചത്. സാധാരണ കണ്ടുവരാറുള്ള ഒരു രീതിയായിരുന്നു. A B C D E ..... ക്രമത്തില്‍ അ, ആ, ഇ, ഈ, ഉ എന്നിങ്ങനെ മലയാളം അക്ഷരങ്ങള്‍ ക്രമപ്പെടുത്തിയിരുന്ന രീതി. ഇതിന്റെ കുഴപ്പം, മലയാളത്തിലെ 53 അക്ഷരങ്ങളുടെയും കട്ടകള്‍ നമ്മള്‍ ഓര്‍ത്തിരിക്കണം എന്നതായിരുന്നു. വേറൊരു പിശക്, നാം എഴുതാനുപയോഗിച്ച ഫോണ്ട് കത്ത് കിട്ടുന്ന ആളുടെ കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ കത്തുമുഴുവന്‍ യാതൊരു അര്‍ത്ഥവും ഇല്ലാത്ത ഇംഗ്ലീഷ് ലിപികളിലാവും കാണുക. ഇനി അഥവാ ഈ ഫോണ്ട് അവിടെ ഉണ്ട് എന്നുതന്നെയിരിക്കട്ടെ. എങ്കില്‍ക്കൂടി, കത്തുതുറന്നതിനുശേഷം, കമ്പ്യൂട്ടറിനോട് പറയേണ്ടതുണ്ട്, ഈ ഫോണ്ടുകള്‍ ഇന്നതാണ് എന്ന്.
ഇങ്ങനെ വരാതിരിക്കുവാന്‍ വേണ്ടി പില്‍ക്കാലത്ത് നിലവില്‍ വന്ന സങ്കേതമാണ് യൂണിക്കോഡ് എന്നത്. ഇതനുസരിച്ച്, ലോകത്തെ എല്ലാ ഭാഷകളിലെയും അക്ഷരങ്ങള്‍ക്ക് വെവ്വേറെ കോഡുകള്‍ നിശ്ചയിച്ചു നല്‍കി. യൂണിക്കോഡ് സ്റ്റാന്‍ഡാര്‍ഡ് അനുസരിച്ച് ഒരു ഭാഷയിലെ അക്ഷരങ്ങളെ ക്രമീകരിച്ചുകൊണ്ട്, അതിനനുസരണമായി ഫോണ്ടുകള്‍ ഉണ്ടാക്കിയെടുത്താല്‍ മറ്റേതൊരു കമ്പ്യൂട്ടറും ആ ഭാഷയിലെഴുതിയ വരികള്‍, എഴുത്തുകാരന്‍ ഉദ്ദേശിച്ച അതേ രീതിയില്‍ കാണിക്കുമല്ലോ? ഇതാണ് മലയാളം യൂണിക്കോഡ് ഫോണ്ടുകളുടെ പിന്നിലും ഉള്ള തത്വം. മലയാളത്തിലെ ‘അ’ എന്ന അക്ഷരത്തിന്റെ കോഡ് 3333 ആണ്. അവിടെനിന്ന് മുമ്പോട്ട് എല്ലാ അക്ഷരങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും അതാതിന്റെ കോഡുകള്‍ നിശ്ച്ചയിച്ചിരിക്കുന്നു. ഈ കോഡുകള്‍ക്കനുസരിച്ച് ഡിസൈന്‍ ചെയ്യുന്ന എല്ലാ യൂണീക്കോഡ് മലയാളം ഫോണ്ടുകളും, ലിപികളെ ഒരേ രീതിയിലാവും കാണിക്കുക.
അധികവായനയ്ക്ക് താല്പര്യമുള്ളവര്‍ക്കായി:
യൂണിക്കോഡ് : മലയാളം വിക്കിപീഡിയ പേജ് ഇവിടെ
യൂണിക്കോഡ് വെബ് പേജ് ഇവിടെ.
ട്രാന്‍സ്‌ലിറ്ററേഷന്‍:
നമ്മള്‍ ഉപയോഗിക്കുന്ന കീബോര്‍ഡ്, ഇംഗ്ലീഷ് അക്ഷരമാലയ്ക്കനുസരിച്ച്‍ തയ്യാറാക്കിയിട്ടുള്ളതാണല്ലോ? ഇതുപയോഗിച്ച് മറ്റൊരു ഭാഷയിലെ അക്ഷരങ്ങള്‍ ടൈപ്പുചെയ്യുവാന്‍ സാധിക്കുമോ? അതും വളരെ എളുപ്പത്തില്‍? കമ്പ്യുട്ടറില്‍ മലയാളം ടൈപ്പുചെയ്യാനായി മലയാളത്തിലെ 53 അക്ഷരങ്ങളും ഏതൊക്കെ കീകള്‍ അമര്‍ത്തിയാലാവും തെളിയുക എന്ന് ഓര്‍ത്തുവയ്ക്കുക വളരെ ബുദ്ധിമുട്ടാവില്ലേ എന്നാവും നിങ്ങളില്‍ പലരും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവുക. അവിടെയാണ് ട്രാന്‍സ്‌ലിറ്ററേഷന്‍ (Transliteration) എന്ന നൂതന സങ്കേതം സഹായത്തിനെത്തുന്നത്.
ലളിതമായി പറഞ്ഞാല്‍, ഒരു ഭാഷയിലെ ലിപികള്‍ ഉപയോഗിച്ച് മറ്റൊരു ഭാഷയിലെ വാക്കുകളെ എഴുതുന്ന രീതിയാണത്; ഇവിടെ നമ്മുടെ കമ്പ്യൂട്ടര്‍ അപ്രകാരം എഴുതുന്ന ലിപികളെ, അതിന്റെ യഥാര്‍ത്ഥ ഭാഷയിലെ അക്ഷരങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. ട്രാന്‍സ്‌ലിറ്ററേഷനില്‍ സ്പെല്ലിംഗ് അല്ല, ആ വാക്ക് എങ്ങനെ ഉച്ചരിക്കാം എന്നാണ് നാം എഴുതുന്നത്. അതായത്, മലയാളം ട്രാന്‍സ്‌ലിറ്ററേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നാം ടൈപ്പുചെയ്യുമ്പോള്‍, ഇംഗ്ലീഷ് ലിപിയില്‍ മലയാളം എഴുതുകയാണ്. നമ്മുടെ കമ്പ്യൂട്ടര്‍ തത്സമയം തന്നെ ആ ലിപിയെ മലയാളം അക്ഷരങ്ങളാക്കി മാറ്റി സ്ക്രീനില്‍ കാണിക്കുന്നു. ഈ രീതിയില്‍ എഴുതിയ വരികളാണ് നിങ്ങള്‍ ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത്.
ഉദാഹരണത്തിന് “kaakka“ എന്നെഴുതിയാല്‍ “കാക്ക“ എന്നും "svaagatham" എന്നെഴുതിയാല്‍ “സ്വാഗതം” എന്നും കമ്പ്യൂട്ടര്‍ സ്വയം എഴുതിക്കൊള്ളും!മലയാളത്തില്‍ മാത്രമല്ല, മറ്റുഭാഷകളിലും ഇന്ന് ട്രാന്‍സ്‌ലിറ്ററേഷന്‍ ലഭ്യമാണ്. മലയാളം ഇന്റര്‍നെറ്റില്‍ എത്തിയിട്ട് വര്‍ഷങ്ങള്‍ പലതുപിന്നിട്ടെങ്കിലും നമ്മള്‍ മലയാളികളില്‍ പലര്‍ക്കും ട്രാന്‍സ്‌ലിറ്ററേഷന്‍ സോഫ്റ്റ്വെയറുകളെപ്പറ്റിയോ, യൂണിക്കോഡ് മലയാളത്തെപ്പറ്റിയോ വേണ്ടത്ര അറിവില്ലാത്തതിനാല്‍ ഇന്നും നാമത് വേണ്ടരീതിയില്‍ ഉപയോഗിക്കുവാന്‍ ആരംഭിച്ചിട്ടില്ല.
ട്രാന്‍സ്‌ലിറ്ററേഷന്‍ സോഫ്റ്റ്വെയറുകളുടെ ആവിര്‍ഭാവത്തോടുകൂടി, ഇന്ന് ഇമെയിലുകള്‍ അയയ്ക്കുന്നതിനും, ബ്ലോഗുകള്‍ എന്ന ജനകീയമാധ്യമത്തിലൂടെ സ്വന്തം ആശയങ്ങള്‍ എഴുതുന്നതിനും, അതു ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനും സാധിക്കുന്നു. മാത്രവുമല്ല, അനേകം വെബ് മാഗസിനുകള്‍, വെബ് പേജുകള്‍ മുതലായവ ഇന്ന് യൂണിക്കോഡ് മലയാളത്തില്‍ ലഭ്യമാണ്. വിക്കിപീഡിയ എന്ന ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയ്ക്കും മലയാളത്തില്‍ ഒരു എഡിഷന്‍ ഉണ്ട്. . അതില്‍ ഒട്ടനവധി ലേഖനങ്ങള്‍ നമ്മുടെ മാതൃഭാഷയില്‍ അനുദിനമെന്നോണം ചേര്‍ക്കപ്പെടുന്നു. 5000 അധികം ലേഖനങ്ങള്‍ ഇതിനോടകം ചേര്‍ക്കപ്പെട്ടുകഴിഞ്ഞു. നിങ്ങള്‍ക്ക് അറിവുള്ള വിഷയങ്ങളെപ്പറ്റി പുതിയ ലേഖനങ്ങള്‍ നിങ്ങള്‍ക്കും ചേര്‍ക്കാവുന്നതാണ്. ഓണ്‍ലൈന്‍ പുസ്തകങ്ങളുടെ ശേഖരമായ വിക്കിഗ്രന്ഥശാലയിലും മലയാളത്തിലെ പ്രമുഖ പുസ്തകങ്ങള്‍ ലഭ്യമാണ്. മലയാളദിനപ്പത്രങ്ങളില്‍ യൂണിക്കോഡ് മലയാളത്തിലേക്ക് ആദ്യമായി മാറിയ പത്രം മാതൃഭൂമിയാണ്.
ട്രാന്‍സ്‌ലിറ്ററേഷനെപ്പറ്റി കൂടുതല്‍ വായിക്കുവാന്‍ താല്പര്യമുള്ളവര്‍ ഈ ലിങ്കില്‍ ക്ലിക്കുചെയ്യുക.
മലയാളം ബ്ലോഗിംഗ് രംഗവും ഇന്ന് വളരെയധികം ജനപ്രീതിനേടിക്കൊണ്ടിരിക്കുന്ന ഒന്നാണ്. നമ്മുടെ കമ്പ്യൂട്ടറില്‍ നമ്മള്‍ തന്നെ എഴുതുന്ന കാര്യങ്ങള്‍ -അത് കഥയോ, കവിതയോ, ലേഖനമോ, ഓര്‍മ്മക്കുറിപ്പുകളോ, പ്രസംഗമോ, ഫോട്ടോകളോ എന്തുമാവട്ടെ - അടുത്തനിമിഷംതന്നെ ലോകം മുഴുവന്‍ പരന്നുകിടക്കുന്ന അത്ഭുതവലയായ ഇന്റര്‍നെറ്റിലൂടെ ലോകത്തെവിടെയുമിരുന്ന് ആര്‍ക്കും വായിക്കാം അല്ലെങ്കില്‍ കേള്‍ക്കാം എന്നത് നിസ്സാരസംഗതിയല്ല. മറ്റൊരു മാധ്യമത്തിനും ഈ വേഗതയും വായനക്കാരിലേക്ക് എത്താനുള്ള സൌകര്യവും ഇല്ല. ഈ സൌകര്യമാണ് ബ്ലോഗുകള്‍ നമുക്ക് നല്‍കുന്നത് - അതും തികച്ചും സൌജന്യമായി (നിങ്ങള്‍ വായിക്കുന്ന ഈ പേജും ഒരു ബ്ലോഗ് പേജ് തന്നെ).
ഇന്റര്‍നെറ്റ് സേര്‍ച്ച് എഞ്ചിനുകളിലും, റീഡറുകളിലും യൂണീക്കോഡ് മലയാളം ലിപികള്‍ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ സൌകര്യങ്ങളുടെ ഒരു വിശാലലോകം തന്നെയാണ് ട്രാന്‍സ്‌ലിറ്ററേഷന്‍ എന്ന ഈ സാങ്കേതികവിദ്യ നമ്മുടെ മുമ്പില്‍ തുറന്നിടുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് നമ്മുടെ മാതൃഭാഷയായ മലയാളം എഴുതുന്നതില്‍ പ്രാവീണ്യം നേടുവാന്‍ അല്പം പരിശീലനം മാത്രം മതി. ഇംഗ്ലീഷില്‍ ടൈപ്പുചെയ്യുവാന്‍ സ്പീഡുള്ളവര്‍ക്ക് അതേ സ്പീഡില്‍ മലയാളവും എഴുതുന്നതിന് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല.
മലയാളം വിക്കിപീഡിയയിലേക്കുള്ള ലിങ്ക്
വിക്കി ഗ്രന്ഥശാലയിലേക്കുള്ള ലിങ്ക്
മലയാളം ബ്ലോഗ് സേര്‍ച്ച് ലിങ്ക്
മലയാളം ബ്ലോഗ് അഗ്രിഗേറ്റര്‍ - ചിന്ത
1 അഭിപ്രായങ്ങള്‍:
ലേഖനം വളരെ നന്നായി നന്ദി
Post a Comment