മലയാളം ബ്ലോഗുകള്‍ FAQ - ഒരു പരിചയപ്പെടല്‍

>> 13.4.08

പൊതുവേ ഉന്നയിക്കപ്പെടാറുള്ള സംശയങ്ങള്‍:

1. ബ്ലോഗ് എന്നാല്‍ എന്താണ്?

നിങ്ങളുടെ മനസ്സിലുള്ള ആശയങ്ങളെയും, ഭാവനകളേയും, ചിന്തകളേയും, ലോകം മുഴുവന്‍ പരന്നുകിടക്കുന്ന ഇന്റര്‍നെറ്റ് എന്ന മാധ്യമത്തില്‍ക്കൂടി ആര്‍ക്കും വായിക്കാവുന്നരീതിയില്‍ ഒരു വെബ് പേജായി പ്രസിദ്ധീകരിക്കാനുള്ള സൌകര്യമാണ് ബ്ലൊഗ് ഒരുക്കുന്നത് - നിങ്ങളുടെ സ്വന്തമായ, എന്നാല്‍ എല്ലാവര്‍ക്കും വായിക്കാവുന്ന ഒരു ഡയറിപോലെ. ലിപികളിൽ കൂടിമാത്രമല്ല, “പോഡ്‌കാസ്റ്റ്” എന്ന സങ്കേതം വഴി നിങ്ങളുടെ ആശയങ്ങള്‍ ശബ്ദരൂപത്തില്‍ പ്രസിദ്ധീകരിക്കുവാനും ബ്ലോഗുവഴി സാധിക്കും. സ്വന്തം റേഡിയോസ്റ്റേഷനില്‍നിന്നുള്ള പ്രക്ഷേപണം പോലെ!

ഗൂഗിള്‍, വേഡ്‌പ്രസ് തുടങ്ങിയ കമ്പനികളൊക്കെ ബ്ലോഗിംഗ് ഈ സൌജന്യ സേവനം നല്‍കുന്നുണ്ട്. ഗൂഗിളിന്റെ "ബ്ലോഗർ" പ്ലാറ്റ് ഫോമിലുള്ള ബ്ലോഗുകൾ കൈകാര്യം ചെയ്യുന്നതെങ്ങനെയാണ് എന്നാണ് ആദ്യാക്ഷരി കൈകാര്യം ചെയ്യുന്ന വിഷയം. ഇവിടെ നിങ്ങള്‍തന്നെയാണ് നിങ്ങളുടെ ബ്ലോഗിന്റെ പ്രസാധകനും, എഴുത്തുകാരനും, എഡിറ്ററും. മറ്റാരുടെയും കൈകടത്തലുകളോ, നിയന്ത്രണങ്ങളോ നിങ്ങള്‍ ബ്ലോഗില്‍ എഴുതുന്ന കാര്യങ്ങളില്‍ ഉണ്ടാവില്ല.


2. ബ്ലോഗ് എന്ന മാധ്യമത്തിന്റെ സവിശേഷതകള്‍ അല്‍പ്പം കൂടി ഒന്നു വിശദീകരിക്കാമോ?

പരമ്പരാഗത മാധ്യമങ്ങളായ അച്ചടിമാധ്യമം, റേഡിയോ, ടെലിവിഷന്‍, തുടങ്ങിയവയ്കൊനും ഇല്ലാത്ത ചില പ്രത്യേകതകൾ ബ്ലോഗ് എന്ന മാധ്യമത്തിനുണ്ട്. ലോകം‌മുഴുവന്‍ പരന്നുകിടക്കുന്ന ഇന്റര്‍നെറ്റ് എന്ന ആധുനിക വിവരസാങ്കേതികവിദ്യയിലൂന്നിയ ഒരു ചാലകസംവിധാനമാണ് ബ്ലോഗിന്റെ നട്ടെല്ല്. നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ട ഒരു ബ്ലോഗ് പേജ്, ലോകത്തെവിടെയിരുന്നും അടുത്ത നിമിഷത്തില്‍ത്തന്നെ തുറന്നുനോക്കാം എന്നത് ബ്ലോഗിന്റെ മാത്രം പ്രത്യേകതയാണ്. പത്രങ്ങള്‍ക്കോ, ദൃശ്യശ്രാവ്യമാധ്യമങ്ങള്‍ക്കോ ഇത്ര വിശാലമായ, അതിവേഗത്തിലുള്ള സഞ്ചാരസ്വാതന്ത്ര്യം ഇല്ല. നിങ്ങളുടെ ആശയങ്ങള്‍ സ്വതന്ത്രമായി പറയുവാന്‍, ഒരു മാധ്യമത്തില്‍ക്കൂടി മറ്റുള്ളവരെ അറിയിക്കുവാന്‍ ഒരു കീബോര്‍ഡും മൌസും ഉപയോഗിച്ചുകൊണ്ടു മറ്റാരുടെയും നിയന്ത്രണങ്ങളില്ലാതെ സാധിക്കും എന്നതും നിസ്സാര സംഗതിയല്ലല്ലോ. ഇതര മാധ്യമങ്ങളെ അപേക്ഷിച്ച് ബ്ലോഗിന്റെ മറ്റൊരു പ്രത്യേകത, ഇവിടെ വായനക്കാരന്റെ / പ്രേക്ഷകന്റെ പ്രതികരണം അപ്പപ്പോള്‍ അതേ ബ്ലോഗില്‍ രേഖപ്പെടുത്താനുള്ള സംവിധാനം ഉണ്ടെന്നുള്ളതാണ്. അതിനാല്‍, എഴുത്തുകാരന് വായനക്കാരനുമായി സംവദിക്കാന്‍ കഴിയുന്നു, അതുപോലെ തിരിച്ചും. (ഒരു കാര്യം എഴുതുന്നയാള്‍ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വന്നേക്കാവുന്ന ഇത്തരം കമന്റുകള്‍ സ്വീകരിക്കാന്‍ സന്നദ്ധനായിരിക്കണം എന്നു സാരം).


3. ഇതുകൊള്ളാമല്ലോ!അങ്ങനെയാണെങ്കില്‍ മലയാളത്തില്‍ മാത്രവാവില്ലല്ലോ ബ്ലോഗുകള്‍ ഉള്ളത്? മറ്റുഭാഷകളിലും ഇതുപോലെ ബ്ലോഗുകള്‍ ഉണ്ടോ?

തീര്‍ച്ചയായും. മലയാളത്തില്‍മാത്രമല്ല, ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലും ബ്ലോഗ് എഴുത്തുകാര്‍ ഉണ്ട്.

4. ആട്ടെ, എനിക്കും ഒരു ബ്ലോഗ് തുടങ്ങണം. അതിനുള്ള മെംബര്‍ഷിപ്പിന് ആരെയാണ് സമീപിക്കേണ്ടത്? അതുപോലെ ബ്ലോഗില്‍ ഭാഗഭാക്കായിരിക്കുന്നവര്‍ ഏതെങ്കിലും സംഘടനയുടെയോ, ഗ്രൂപ്പിന്റെയോ, ക്ലബ്ബിന്റെയോ അംഗങ്ങളാണോ? ആണെങ്കില്‍ ഇതില്‍ ചേരുന്നതിന്റെ നിബന്ധനകള്‍ എന്തൊക്കെയാണ്?

ബ്ലോഗില്‍ എഴുതുന്നവര്‍ ഒരു ക്ലബിന്റെയോ സംഘടനയുടെയോ മെംബര്‍മാര്‍ അല്ല. അതില്‍ അംഗത്വത്തിന്റെ ആവശ്യവും ഇല്ല. എന്നാല്‍ നിങ്ങള്‍ക്ക് സ്വന്തമായി ഒരു ബ്ലോഗ് സൃഷിടിക്കുന്നതിന് ഗൂഗിള്‍, വേഡ്‌പ്രസ് തുടങ്ങിയ ഏതെങ്കിലും സേവനദാതാക്കളുടെ ബ്ലോഗര്‍ സര്‍വീസില്‍ നിങ്ങളുടെ ബ്ലോഗ് റെജിസ്റ്റര്‍ ചെയ്തതായിരിക്കണം - നമ്മള്‍ ഇമെയില്‍ അക്കൌണ്ടുകള്‍ ഉണ്ടാക്കാറില്ലേ, അതുപോലെ. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് അടുത്ത അധ്യായത്തില്‍ വിവരിക്കുന്നുണ്ട്.

5. “കേരള ബ്ലോഗ് അക്കാഡമി“ എന്ന് ഈയിടെ പത്രത്തില്‍ വായിച്ചിരുന്നു. കേരളത്തില്‍ എവിടെയൊക്കെയാണ് ഈ അക്കാഡമിക്ക് പഠനകേന്ദ്രങ്ങള്‍ ഉള്ളത്?

കേരള ബ്ലോഗ് അക്കാഡമി എന്നുപറയുന്നറ്റ് ഒരു പാഠശാലയോ, സ്കൂളോ അല്ല. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ബ്ലോഗുകളെപ്പറ്റിയും, പ്രത്യേകിച്ച് മലയാളം ബ്ലോഗ് എന്ന മാധ്യമത്തെപ്പറ്റി കൂടുതല്‍അവബോധം സൃഷിടിക്കാനും, കൂടുതല്‍ ആളുകളെ ഈ മാധ്യമത്തിലേക്ക് കൊണ്ടുവരുവാനും ഉദ്ദേശിച്ച്, നിലവില്‍ ബ്ലോഗെഴുത്തുകാരായ കുറേ സന്നദ്ധപ്രവര്‍ത്തകര്‍ ചേര്‍ന്ന് ജില്ലകള്‍തോറും സംഘടിപ്പിക്കുന്ന സെമിനാറുകളെയാണ് കേരള ബ്ലോഗ് അക്കാഡമി എന്നുപറയുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഒരു ബ്ലോഗും ഈ പേരില്‍ ഉണ്ട്. ലിങ്ക് ഇവിടെ.

6. ഈ ‘ബൂലോകം‘ എന്നു പറയുന്നത് എന്താണ്? ഭൂലോകം എന്നെഴുതിയപ്പോള്‍ ‍ അക്ഷരപ്പിശാച് കടന്നുകൂടിയതാണോ?

അല്ല. ബ്ലോഗ്, ലോകം എന്ന വാക്കുകള്‍ സമ്മേളിപ്പിച്ച് ഉണ്ടായ ഒരു വാക്കാണ് ‘ബുലോഗം‘ - ബൂലോകം അല്ല ഗം ആണു ശരി . ബ്ലോഗ് എന്ന വാക്കിനു തുല്യലായ ഒരു മലയാളവാക്ക് എന്ന രീതിയില്‍ ആദ്യകാലത്ത് ഉപയോഗിച്ചതാണെങ്കിലും, ഇപ്പോള്‍ ബ്ലോഗെഴുത്തുകാരുടെ ലോകം എന്നര്‍ത്ഥത്തിലാണ് ഇത് കൂടുതല്‍ ഉപയോഗിച്ചു കാണുന്നത്. അങ്ങനെയാണത് ‘ബൂലോകം‘ ആയി മാറിയത്.

7. എന്റെ കൈയ്യിലുള്ള കമ്പ്യൂട്ടറില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള കീബോര്‍ഡാണല്ലോ ഉള്ളത്. വിന്റോസും ഇഗ്ലീഷില്‍ത്തന്നെ. ഇതുപയോഗിച്ച് മലയാളം ടൈപ്പുചെയ്യാനൊക്കുമോ? ഈ കീബോര്‍ഡില്‍ മലയാളത്തിലെ 16 സ്വരാക്ഷരങ്ങളേയും 36 വ്യഞ്ജനാക്ഷരങ്ങളെയും എങ്ങനെ എഴുതിപ്പിടിപ്പിക്കും? ഇതെല്ലാം കൂടി ഓര്‍ത്തുവയ്ക്കുക ദുഷ്കരമല്ലേ?


ഏതുകമ്പ്യൂട്ടറിലും, അനുയോജ്യമായ ട്രാന്‍സ്‌ലിറ്ററേഷന്‍ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചുകൊണ്ട് യൂണീക്കോഡ് മലയാളം ടൈപ്പുചെയ്യാന്‍ പറ്റും. കീമാൻ, കീമാജിക്, വരമൊഴി, ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷന്‍ തുടങ്ങിയവ അവയില്‍ ചിലതുമാത്രം. മലയാളത്തിലെ 53 അക്ഷരങ്ങളേയും പ്രതിനിധീകരിക്കുന്ന കീകള്‍ ഏതൊക്കെയെന്ന് ഓര്‍ത്തുവയ്ക്കേണ്ട ആവശ്യം ഇല്ല. ഇംഗ്ലീഷിലെ 5 സ്വരങ്ങളും 21 വ്യഞ്ജനങ്ങളും ഉപയോഗിച്ചുകൊണ്ട് ഏതുമലയാളവാക്കും, കൂട്ടക്ഷരങ്ങള്‍ ഉള്‍പ്പടെ എഴുതാം. kaakka എന്നെഴുതിയാല്‍ "കാക്ക" എന്നും “pakshi" എന്നെഴുതിയാല്‍ “പക്ഷി” എന്നും ഈ സോഫ്റ്റ്വെയറുകള്‍ സ്വയം എഴുതിക്കൊള്ളും! കൂടുതല്‍ വിവരങ്ങള്‍ ഈ ബ്ലോഗിലെ മലയാളം എഴുതാൻ പഠിക്കാം എന്ന അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു.


8. ഒരു ബ്ലോഗിന്റെ അടിസ്ഥാന കാര്യങ്ങള്‍ എന്തൊക്കെയാണ്? പലവിധത്തിലും ഡിസൈനിലും ഒക്കെയുള്ള ബ്ലോഗുകള്‍ കാണാറുണ്ടല്ലോ?

നിങ്ങള്‍ വായിക്കുന്ന ഈ ബ്ലൊഗ് തന്നെ ഉദാഹരണമായി ഒന്നു നോക്കാം. ഇതിനൊരു തല‍ക്കെട്ടുണ്ട്. ടൈറ്റില്‍ ബാര്‍ എന്ന ഭാഗമാണിത്. ആദ്യാക്ഷരി എന്നാണ് ഈ ബ്ലോഗിന്റെ പേര്. അതിനു താഴെയായി ഈ ബ്ലോഗില്‍ കൈകാര്യം ചെയ്യുന്ന വിഷയമെന്താണെന്ന് എഴുതിയിട്ടുണ്ട്. നിങ്ങള്‍ വായിക്കുന്ന ഈ അധ്യായത്തെ ഒരു പോസ്റ്റ് എന്നാണ് വിളിക്കുന്നത്. (അതായത്, ബ്ലോഗിനെ ഒരു പുസ്തകമായി സങ്കല്‍പ്പിച്ചാല്‍, അതിലെ അദ്ധ്യായങ്ങളാണ് പോസ്റ്റുകള്‍). പോസ്റ്റിന്റെ തലക്കെട്ട് ഏറ്റവും മുകളിലുണ്ട് - “ബ്ലോഗ് ഒരു പരിചയപ്പെടല്‍”. അതു പബ്ലിഷ് ചെയ്ത തീയതിയും അതോടൊപ്പം ഉണ്ട്. ഈ പോസ്റ്റിന്റെ ഏറ്റവും താഴെയായി കമന്റുകള്‍ രേഖപ്പെടുത്താനുള്ള ലിങ്ക് കാണാം. Post a comment എന്ന പേരില്‍.

ഈ പോസ്റ്റിന്റെ വലതുഭാഗത്തുകാണുന്ന ഏരിയയെ സൈഡ് ബാര്‍ എന്നുവിളിക്കുന്നു. ഈ ബ്ലോഗിന് ഇടതുവശത്തും ഒരു സൈഡ് ബാർ ഉണ്ട്. എന്നെപ്പറ്റിയുള്ള വിവരങ്ങള്‍ (ബ്ലോഗ് എഴുത്തുകാരനെപ്പറ്റി) About me എന്ന പ്രൊഫൈലില്‍ ഉണ്ട്. വലതുവശത്തെ സൈഡ് ബാറിൽ ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകളിലേക്ക് പോകുവാനുള്ള ലിങ്കുകള്‍ കാണാം. ബ്ലോഗ് ആര്‍ക്കൈവ്സ് എന്നാണിവയെ വിളിക്കുക. ഇത്രയുമാണ് ഒരു ബ്ലോഗിന്റെ പ്രധാന ഭാഗങ്ങള്‍. ഇതുകൂടാതെ മറ്റനേകം “അലങ്കാരങ്ങളും“ സൈഡ് ബാറിലും ടൈറ്റില്‍ ബാറിലും ചേര്‍ക്കാം. അവയെപ്പറ്റി വഴിയേ പറയാം.

9. ബ്ലോഗില്‍ ഇന്നതേ എഴുതാവൂ എന്നു വല്ല നിബന്ധനയും ഉണ്ടോ? സാഹിത്യത്തിനാണോ മുന്‍‌ഗണന?

ഒരിക്കലും അല്ല. നിങ്ങളുടെ ബ്ലോഗില്‍ എന്തെഴുതണം എന്നു തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. അത് ഒരു കഥയാവാം, കവിതയാവാം, അനുഭവക്കുറിപ്പുകളാവാം, അവലോകനങ്ങളാവാം, ഏതെങ്കിലും ആനുകാലിക സംഭവങ്ങളെപ്പറ്റി നിങ്ങളുടെ അഭിപ്രായങ്ങളാവാം, അതുമല്ലെങ്കില്‍ ഒരു വിഷയത്തെപ്പറ്റിയുള്ള പഠനമോ ചര്‍ച്ചയ്യോ ആവാം. ആത്മീയം, നിരീശ്വരത്വം, ശാസ്ത്രം, സാമൂഹികം, സിനിമ, കല, പാചകം - വിഷയങ്ങള്‍ നിങ്ങള്‍ തന്നെ കണ്ടെത്തൂ. നിങ്ങള്‍ക്ക് സൃഷ്ടിച്ചെടുക്കാവുന്ന എന്തും ബ്ലോഗിന് വിഷയമാക്കാം. ഇതുകൂടാതെ ഫോട്ടോകളും, ചെറിയ വീഡിയോക്ലിപ്പുകളും, സൌണ്ട് ക്ലിപ്പുകളും പ്രസിദ്ധീകരിക്കുവാനുള്ള സൌകര്യവും ബ്ലോഗുകള്‍ തരുന്നുണ്ട്.

ഇതൊക്കെ ബ്ലോഗുകള്‍ക്ക് വിഷയം ആവാമെങ്കിലും ആനുകാലികപ്രാധാന്യമുള്ള വിഷയങ്ങള്‍ ജനങ്ങള്‍ ബ്ലോഗിലൂടെ ചര്‍ച്ചചെയ്യുമ്പോഴാണ് ബ്ലോഗിന്റെ ശരിക്കുമുള്ള ആശയവിനിമയ സ്വാന്തന്ത്ര്യവും ശേഷിയും ഉപയോഗിക്കപ്പെടുന്നത്. വിഷയം എന്തുതന്നെയായാലും എഴുത്തുകാരനും പ്രസാധകനും നിങ്ങള്‍തന്നെ.


10. ഇതിനെല്ലാം വായനക്കാര്‍ ഉണ്ടാവുമോ? ഇത്രയധികം പ്രസിദ്ധീകരണങ്ങള്‍ ലോകം മുഴുവനും പരന്നുകിടക്കുന്ന ഒരു മാധ്യമത്തില്‍ക്കൂടി പുറത്തുവന്നാല്‍ ആര്‍ക്കാണ് വായിക്കാന്‍ സമയം?

ശരിയാണ്. ബ്ലോഗുകളുടെയും പോസ്റ്റുകളുടെയും എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഏതു തിരഞ്ഞെടുക്കണം എന്നത് വായനക്കാരനു തീരുമാനിക്കേണ്ടിവരുന്നു. തമാശയ്ക്കായി ബ്ലോഗ് പോസ്റ്റുകള്‍ എഴുതുന്നവരും, കാര്യമാത്രപ്രസക്തമായി മാത്രം എഴുതുന്നവരും ഉണ്ട്. അതുപോലെ, വെറുതേ ഒരു നേരം പോക്കിനായി ചെറിയ ബ്ലോഗ് പോസ്റ്റുകള്‍ ഓടിച്ചുവായിച്ചുപോകുന്നവരും, അതല്ലാതെ കാര്യമായിത്തന്നെ ബ്ലോഗുകള്‍ വായിക്കുകയും, പ്രയോജനപ്രദങ്ങളായ കാര്യങ്ങള്‍ കമന്റിലൂടെ പറയുന്നവരും ഉണ്ട്. പലപ്പോഴും പോസ്റ്റുകളേക്കാള്‍ നല്ല കമന്റുകളും ഉണ്ടാവാറുണ്ട്. അങ്ങനെവരുമ്പോള്‍ അവരവര്‍ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകളുടെ ഗുണനിലവാരം അവരവര്‍തന്നെ തീരുമാനിക്കേണ്ടിവരുന്നു. ഇന്ന ബ്ലോഗര്‍ എഴുതുന്ന ഒരു പോസ്റ്റില്‍ മിനിമം ഇന്ന കാര്യങ്ങള്‍ പ്രതീക്ഷിക്കാം എന്നൊരു ബോദ്ധ്യം ഒരു വായനക്കാരന് ഉണ്ടാക്കിയെടുക്കുന്നതിലാണ് ബ്ലോഗ് പോസ്റ്റുകള്‍ ചെയ്യുന്നവരുടെ കഴിവ് (ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്). അതായത് ‘എന്തെങ്കിലും എഴുതി പോസ്റ്റ് ചെയ്യുക’ എന്ന രീതിയില്‍ പോസ്റ്റുകള്‍ എഴുതാതെയിരിക്കുക - കാര്യമാത്രപ്രസക്തമായി എഴുതുവാൻ ഉള്ളപ്പോൾ മാത്രം പോസ്റ്റുകൾ പ്രസിദ്ധീകരിക്കുക. അങ്ങനെവരുമ്പോള്‍ സ്വാഭാവികമായും വായനക്കാരെ പ്രതീക്ഷിക്കാം.


11. അങ്ങനെയാണെങ്കില്‍, ഒരു ബ്ലോഗില്‍ കമന്റുകള്‍ അധികം ഇല്ല എന്നു വയ്ക്കുക. അതിനര്‍ത്ഥം അവിടെ വായനക്കാര്‍ ഇല്ലെന്നാണോ?
അങ്ങനെ പറയാന്‍ പറ്റില്ല. ഒരു ബ്ലോഗ് പോസ്റ്റിന്റെ ഗുണനിലവാരം തീരുമാനിക്കുന്നത് കമന്റുകളുടെ എണ്ണമല്ല, അത് പ്രസിദ്ധീകരിക്കുന്ന ബ്ലോഗ് ഉടമതന്നെയാണ്. കമന്റുകള്‍ ഇല്ലാതാവുന്നതിനു കാരണങ്ങള്‍ പലതുണ്ട്. ഗഹനമായ വിഷയമാണെങ്കില്‍ ചിലപ്പോള്‍ വായനക്കാരന് കമന്റായി എന്തെഴുതണം എന്നറിയാന്‍ പാടില്ലായിരിക്കാം. അല്ലെങ്കില്‍ കമന്റിടാന്‍ തക്കവിധമുള്ള കാര്യങ്ങള്‍ അതില്‍ ഇല്ലായിരിക്കാം. പൊതുവേ നോക്കിയാല്‍ “ഗംഭീരം, കിടിലന്‍....” തുടങ്ങിയ ഒറ്റവാക്കു കമന്റുകള്‍ക്കൊന്നും പിന്നില്‍ പ്രത്യേക അര്‍ത്ഥമൊന്നും ഇല്ല എന്നു കാണാം. കമന്റിനായി എഴുതാതിരിക്കുക, അതുതന്നെയാണ് നല്ലവഴി. വെബ്‌പേജുകള്‍ എത്രപേര്‍ സന്ദര്‍ശിച്ചു എന്നറിയാനുള്ള എളുപ്പവഴി “ഹിറ്റ് കൌണ്ടറുകള്‍” അവയില്‍ ഉള്‍പ്പെടുത്തുക എന്നതാണ്. ഫ്രീയായി അനേകം ഹിറ്റ് കൌണ്ടറൂകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അവ നിങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയാല്‍ എത്രപേര്‍ അതുവഴിവന്നുപോയി എന്നു മനസ്സിലാക്കാം.


12. ഞാന്‍ ഒരു വിഷയത്തെപ്പറ്റി ഒരു ബ്ലോഗ് പോസ്റ്റ് പ്രസിദ്ധീകരിച്ചു എന്നിരിക്കട്ടെ. അതെങ്ങനെ വായനക്കാരറിയും? അതുപോലെ പുതിയ പോസ്റ്റുകള്‍ അന്വേഷിച്ച് ഏതു വെബ്‌സൈറ്റിലാണ് പോകേണ്ടത്?

ഇതിനായി പ്രത്യേകിച്ച് വെബ് സൈറ്റുകള്‍ ഒന്നും തന്നെയില്ല. എന്നാല്‍ ബ്ലോഗ് പോസ്റ്റ് ആഗ്രിഗേറ്ററുകള്‍ എന്ന ചില വെബ്‌സൈറ്റുകൾ (ഉദാഹരണം ജാലകം, ചിന്ത) ഓരോ പുതിയ ബോഗുകളും അവ വരുന്ന മുറയ്ക്ക് ലിസ്റ്റു ചെയ്യുന്നുണ്ട്. അവയില്‍ നോക്കിയാല്‍ പുതിയ പോസ്റ്റുകളെപ്പറ്റിയുള്ള വിവരങ്ങള്‍ കിട്ടും. പോസ്റ്റിലേക്കുള്ള ലിങ്കുകളാണ് ഈ പേജുകളില്‍ പ്രത്യക്ഷപ്പെടുക. അവയില്‍ ക്ലിക്കു ചെയ്താല്‍ ആ പോസ്റ്റിലേക്ക് പോകാം.

ഇവയെപ്പറ്റി ബ്ലോഗ് വായന തുടങ്ങാം എന്ന അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ട്.


13. ബ്ലോഗും പോസ്റ്റും തമ്മിലുള്ള വ്യത്യാസമെന്ത്? ഓരോ പ്രാവശ്യം നമ്മള്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കുമ്പോഴും പുതിയ ബ്ലോഗ് തുടങ്ങണമോ? പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തരാനുണ്ടോ?

ബ്ലോഗിനെ ഒരു പുസ്തകം അല്ലെങ്കില്‍ മാസിക പോലെ സങ്കല്‍പ്പിക്കൂ. എങ്കില്‍, അതിനുള്ളിലെ ഓരോ അദ്ധ്യായങ്ങളാണ് ഓരോ പോസ്റ്റും. അതായാത്, ഈ പുസ്തകത്തില്‍ നമുക്ക് ഇഷ്ടാനുസരണം പുതിയ പുതിയ അദ്ധ്യായങ്ങള്‍ (പോസ്റ്റുകള്‍) ചേര്‍ത്തുകൊണ്ടേയിരിക്കാം. അതിനായി പുതിയ ബ്ലോഗുകള്‍ തുടങ്ങേണ്ടതില്ല.

ഒരു ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്ന ഒരു അദ്ധ്യായത്തെയാണ് പോസ്റ്റ് എന്നു വിളീക്കുന്നത് എന്നു പറഞ്ഞല്ലോ. ഉദാഹരണത്തിന് ഇന്നു നിങ്ങള്‍ ഒരു ഓര്‍മ്മക്കുറിപ്പെഴുതി പബ്ലിഷ് ചെയ്തു എന്നുവയ്ക്കുക. അതൊരു പോസ്റ്റാണ്. ഇനി നാളെ നിങ്ങള്‍ക്ക് മറ്റൊരു കഥ പബ്ലിഷ് ചെയ്യണം എന്നിരിക്കട്ടെ. അത് പുതിയൊരു പോസ്റ്റാണ്. പോസ്റ്റുകള്‍തമ്മില്‍ എത്ര കാലത്തെ അകലം വേണം എന്നത് പ്രസാധകന്റെ ഇഷ്ടം. ഒരു ദിവസം തന്നെ ഒന്നിലധികം പോസ്റ്റും ആവാം. പുതിയ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യുമ്പോള്‍ പഴവയ “ആര്‍ക്കൈവ്സ്” ലേക്ക് പോകുന്നു. അവ അവിടെ എത്രകാലം വേണമെങ്കിലും സൂക്ഷിക്കപ്പെടും. ഓരോന്നും എപ്പോള്‍ വേണമെങ്കിലു എടുത്തുവായിക്കാനുള്ള സൌകര്യവും ബ്ലോഗില്‍ ഉണ്ട്.

14. ഒരാള്‍ക്ക് ഒന്നില്‍കൂടുതല്‍ ബ്ലോഗുകള്‍ ആകാമോ?

ആകാം. പൊതുവേ പറഞ്ഞാല്‍ വ്യത്യസ്തവിഷയങ്ങള്‍ നിങ്ങള്‍ പോസ്റ്റുകളില്‍ക്കൂടി കൈകാര്യചെയ്യുന്നുണ്ടെങ്കില്‍ ഓരോ വിഷയത്തിനും അനുസൃതമായി ഓരോ ബ്ലോഗുകകള്‍ ആവാം. കഥയെഴുതാന്‍ ഒരെണ്ണം, കവിതയ്ക്ക് വേറൊന്ന്, രാഷ്ട്രീയം പറയണമെങ്കില്‍ വേറൊന്ന് ഇങ്ങനെ. ഇനി അതല്ല, ഒരേ ബ്ലോഗില്‍ത്തന്നെ വ്യത്യസ്ത വിഷയങ്ങള്‍ പറയുന്നതിനും വിരോധമില്ല. സൈഡ് ബാറിൽ വിഷയം തിരിച്ച് ലിങ്കുകൾ കൊടുത്താൽ മതിയാവും. അല്ലെങ്കിൽ  ഓരോ ഇനം പോസ്റ്റുകൾക്കും അനുയോജ്യമായ ലേബലുകൾ കൊടൂക്കാം.


15. ബ്ലോഗില്‍ എഴുതുന്നതിന് യഥാര്‍ത്ഥപേരല്ലാതെ തൂലികാനാമങ്ങള്‍ വേണം എന്നുണ്ടോ? ഇങ്ങനെ ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടോ?

ബ്ലോഗില്‍ എന്തു പേര്‍ സ്വീകരിക്കണം എന്നത് അവരവരുടെ ഇഷ്ടമാണ്. സ്വന്തം പേരിലോ, തൂലികാ നാമത്തിലോ എഴുതാം. തൂലികാനാമം, സ്വന്തം ഐഡന്റിറ്റി മറച്ചുവയ്ക്കുവാന്‍ ഒരു പരിധിവരെ സഹായിക്കുന്നു. ഒരു പരിധിവരെ എന്നുപറയുവാന്‍ കാരണം, ബ്ലോഗുകളില്‍ എഴുതുന്നവര്‍ തമ്മില്‍ പരസ്പരം പരിചയം ക്രമേണ ഉണ്ടായിവരും. മനുഷ്യസഹജമാണല്ലോ ഇങ്ങനെ പരിചയപ്പെടാനുള്ള ആഗ്രഹം. എന്നാല്‍ ഇങ്ങനെ പരിചയപ്പെടാന്‍ ആഗ്രഹിക്കാത്ത ബ്ലോഗര്‍മാരും ഉണ്ട്. അവര്‍ എക്കാലത്തും അവരുടെ തൂലികാനാമത്തില്‍തന്നെ തുടരും.

നമ്മള്‍ സ്വന്തം പേരില്‍ പറയുവാന്‍ ഒരുപക്ഷേ ആഗ്രഹിക്കാത്ത കാര്യങ്ങളും, തുറന്നു പറയുവാനുള്ള സ്വാന്തന്ത്ര്യം ഒരു തൂലികാനാമം തരുന്നുണ്ട്. വ്യക്തിപരമായ കാരണങ്ങളാലോ, പ്രത്യേക സാഹചര്യങ്ങളിലോ, ഭീഷണികള്‍ ഭയന്നോ ഒക്കെ ഒരാള്‍ക്ക് സ്വന്തം പേരില്‍ പറയാന്‍ ആഗ്രഹിക്കാത്ത പല കാര്യങ്ങളും ഒരു തൂലികാ നാമത്തിന്റെ പിന്‍‌ബലത്തില്‍ പറയുവാനാവും. അതായത് തൂലികാ നാമം കൂടുതല്‍ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ തരുന്നു. പക്ഷേ ഇത് സൈബർ കുറ്റങ്ങൾ ചെയ്യുവാനുള്ള ഒരു മറയല്ല എന്നോർക്കുക. നിയമപരമായ നടപടികള്‍ നിങ്ങള്‍ക്കെതിരേ ഉണ്ടായാല്‍ നിങ്ങള്‍ ആരെന്നും ഏതുകമ്പ്യൂട്ടറില്‍നിന്നാണ് ബ്ലോഗ് എഴുതിയതെന്നും ഒക്കെ വളരെ എളുപ്പം നിയമപാലകര്‍ക്ക് കണ്ടെത്താവുന്നതേയുള്ളൂ എന്നും മനസ്സിലാക്കുക.

എന്നാല്‍, കൊട്ടാരക്കര പൂത്തേരില്‍ വീട്ടില്‍ രാജേഷ് കുമാര്‍ (ഉദാഹരണം ആണേ) എന്ന സ്വന്തം നാമധേയത്തിലാണ് ഒരാള്‍ എഴുതുന്നതെങ്കില്‍, ബ്ലോഗില്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ക്ക് കൂടുതല്‍ ആധികാരികതയും ഉത്തരവാദിത്തവും കൈവരുന്നു. ഇദ്ദേഹം അതിനു പകരം “പോത്തന്‍സ്” എന്നൊരു തൂലികാനാമത്തിലാണ് എഴുതുന്നതെന്നിരിക്കട്ടെ. കുഴപ്പമൊന്നുമില്ല. പതിയെപ്പതിയെ പുറത്തുവരുന്ന ബ്ലോഗുകളുടെ നിലവാരവും, അദ്ദേഹം ബ്ലോഗില്‍ എത്ര ആക്ടീവാണ് (വായനയ്ക്കും, പോസ്റ്റുകള്‍ ഇടുന്നതിലും) എന്നതനുസരിച്ച് അദ്ദേഹത്തിന് ബൂലോകത്ത് ആ പേര് വീണുകിട്ടുകയും ചെയ്യും. പക്ഷേ നാളെ അമേരിക്കയില്‍നിന്ന് ഒരാള്‍ വന്ന് “പോത്തന്‍സ്” എന്ന പേരില്‍ ബ്ലോഗിംഗ് തുടങ്ങിയാല്‍ എന്തുചെയ്യാനൊക്കും? പ്രത്യേകിച്ചൊന്നും ചെയ്യാനില്ല, വേണമെങ്കില്‍ ഒന്നു റിക്വസ്റ്റ് ചെയ്തുനോക്കാം, ഇതെന്റെ ബ്ലോഗ് പേരാണ്, താങ്കള്‍ ഒന്നു മാറ്റാമോ എന്ന്. സ്വീകരിക്കപ്പെട്ടാല്‍ ഒത്തു! അത്രതന്നെ.  

വളരെ വിചിത്രവും എന്നാല്‍ ഓര്‍ത്തിരിക്കാന്‍ എളുപ്പവുമായ തൂലികാനാമങ്ങളും പലര്‍ക്കും ഉണ്ട്. പക്ഷേ തുലികാ നാമങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഒന്നോർക്കുക, രജിസ്ട്രേഷന്റെ സമയത്ത് നാം തനിച്ചിരുന്നാവും രജിസ്ട്രേഷൻ ചെയ്യുന്നത്. അപ്പോൾ (ഉദാഹരണത്തിനു) “നട്ടപ്പിരാന്തൻ” എന്നൊരു തൂലികാ നാമം എഴുതിവയ്ക്കുന്നു എന്നുകരുതുക. കുറേ നാൾ കഴിഞ്ഞ് ബ്ലോഗ് വഴി പലരെ പരിചയപ്പെട്ടുകഴിയുമ്പോൾ എപ്പോഴെങ്കിലും പരസ്പരം കാണേണ്ട സാഹചര്യം ഉണ്ടായേക്കാം. പലപ്പോഴും ബ്ലോഗ് എന്തെന്നുപോലും അറിയാൻ വയ്യാത്ത ആളുകളോടൊപ്പം. അപ്പോൾ തൂലികാനാമത്തിൽ വരുന്ന സംബോധനകൾ എങ്ങനെയിരിക്കും? ഒരു ബസ്റ്റാന്റിൽ നിന്നുകൊണ്ട് മൊബൈൽഫോണിൽകൂടി “ഹലോ അപ്പൂ, ഞാൻ നട്ടപ്പിരാന്തനാ” എന്നു അദ്ദേഹത്തിനു പറയേണ്ടിവന്നാൽ ചുറ്റുപാടും നിൽക്കുന്ന പൊതുജനം എന്തുധരിക്കും! മറ്റുചില തൂലികാ നാമങ്ങളെ ഇതേ സാഹചര്യത്തിൽ സങ്കൽ‌പ്പിച്ചു നോക്കൂ (ഉദാ. അഹങ്കാരി, തെമ്മാടി, ഗുണ്ടാ) അതുകൊണ്ട് തൂലികാ നാമങ്ങൾ സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കുക !

ഈ വിഷയത്തെപ്പറ്റി ബ്ലോഗില്‍ നടന്നിട്ടുള്ള ഈ ചര്‍ച്ചകള്‍ (പോസ്റ്റുകള്‍ മാത്രമല്ല, കമന്റുകളും) വായിച്ചിട്ട് നിങ്ങള്‍ തന്നെ തീരുമാനിക്കൂ എന്തു വേണം എന്ന്!

സ്യൂഡോ നെയിമുകളെക്കുറിച്ച് : പേര് പേരയ്ക്ക (ദസ്തക്കിര്‍)


16. അനോനിമസ് എന്നൊരു ഓപ്‌ഷന്‍ കമന്റുകളിലും, അനോനി എന്നൊരു പ്രയോഗം ബൂലോകത്തിലും കാണാറുണ്ടല്ലോ - എന്തിനാണ് ഇത്തരത്തില്‍ ഒരു ഓപ്‌ഷന്‍?

കമന്റെഴുതുവാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു ഓപ്ഷന്‍ ഉള്ളത്. കമന്റ് ആരെഴുതി എന്നത് അജ്ഞാതമായിരിക്കും. തന്റെ ബ്ലോഗില്‍ അനോനിമസ് ആയി കമന്റുകള്‍ അനുവദിക്കണമോ എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. ഇതിനുള്ള സെറ്റിംഗ്സ് ബ്ലോഗറില്‍ ഉണ്ട്. ഇതിന്റെ ഉദ്ദേശം എന്താണെന്നുവച്ചാല്‍, ആരുടെയും മുഖം നോക്കാതെ (പ്രത്യേകിച്ച് എഴുതിയ ആളുടെ) സത്യസന്ധമായി പോസ്റ്റിനെപ്പറ്റിയുള്ള അഭിപ്രായം തുറന്നുപറയുക എന്നതാണ്. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ ചിലരൊക്കെ ഈ ഓപ്ഷന്‍ ദുരുപയോഗം ചെയ്ത്, ചില പോസ്റ്റുകളേയും അതെഴുതിയവരേയും വാക്കുകളാല്‍ ആക്രമിക്കാനുള്ള ഒരു മറയായി ഉപയോഗിച്ചുകാണുന്നു. തൂലികാനാമങ്ങളും ഒരു വിധത്തില്‍ നോക്കിയാല്‍ അനോനിമസ് പേരുകള്‍ തന്നെയാണ്, ആ നാമത്തിന്റെ പിന്നിലുള്ള വ്യക്തിയെ നമുക്ക് നേരില്‍ അറിയാത്തിടത്തോളം കാലം.
ഇനിയും സംശയങ്ങള്‍ ഉണ്ടോ? താഴെ കമന്റ് ഓപ്‌ഷന്‍ ഉണ്ട്. അതില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സംശയങ്ങള്‍ അവിടെ ചേര്‍ക്കൂ.

88 അഭിപ്രായങ്ങള്‍:

 1. അങ്കിള്‍ 3 June 2008 at 19:10  

  ബ്ലോഗ്ഗ്‌:എന്താണത്‌? ആരാണ് ബ്ലോഗര്‍.

  ഒരു ആധുനിക പ്രസിദ്ധീകരണ ശാലയാണ് ബ്ലോഗ്‌. ബ്ലോഗര്‍ അതിന്റെ പ്രസാധകനും. അവിടെ നിങ്ങള്‍ക്ക്‌:-

  *അക്ഷരകൂട്ടങ്ങള്‍ കൊണ്ടുണ്ടാക്കാവുന്നതെല്ലാം പ്രസിദ്ധീകരിക്കാം, ഒരു പ്രിന്റിങ് പ്രസ്സ് ചെയ്യുന്നതു പോലെ.
  *കൈകൊണ്ട് വരച്ചുള്ളതോ, ഒരു ആധുനിക ഫോട്ടോസ്റ്റുഡിയോയില്‍ ഉണ്ടാക്കിയെടുക്കുന്ന തരത്തിലുള്ള എന്തു ചിത്രങ്ങളേയും പ്രസിദ്ധീകരിക്കാം.
  *ഒരു ആധുനിക ശബ്ദസ്റ്റുഡിയോയില്‍ ഉണ്ടാക്കിയെടുക്കുന്ന തരത്തിലുള്ള എന്തു ശബ്ദങ്ങളേയും പ്രസിദ്ധീകരിക്കാം.
  *ഒരു ആധുനിക ചലചിത്ര സ്റ്റുഡിയോയില്‍ ഉണ്ടാക്കിയെടുക്കുന്ന തരത്തിലുള്ള എന്തു ചലിക്കുന്ന ചിത്രങ്ങളേയും പ്രസിദ്ധീകരിക്കാം.
  *അവിടെ പ്രസാധനം മാത്രമല്ല, നിരുപണവും സാധ്യമാണ് എന്നുള്ളത്‌ ബ്ലോഗിന്റെ പ്രത്യേകതയും ശക്തിയുമാണ്.

  അതായത് ഒരു പ്രിന്റിംഗ് പ്രസ്സ്, ഫോട്ടോ സ്റ്റുഡിയോ, സിനിമാ സ്റ്റുഡിയോ, സൌണ്ട് സ്റ്റുഡിയോ ഇവയുടെ സമന്വയമാണ് ബ്ലോഗ്ഗ്.

  വേറൊരു വിധത്തില്‍ പറഞ്ഞാല്‍ പ്രസാധകന്‍ , പ്രേക്ഷകന്‍‌ , ശ്രോതാവ്‌ , നിരൂപകന്‍ ഇവയെല്ലാം ചേര്‍ന്നൊരാളെ ബ്ലോഗ്ഗര്‍ എന്നു വിളിക്കാം.

  മേല്‍പ്പറഞ്ഞതെ എന്റെ കാഴ്ചപ്പാട്.

 2. അപ്പു | Appu 3 June 2008 at 20:03  

  ഈ കൂട്ടിച്ചേര്‍ക്കലിനു നന്ദി അങ്കിള്‍!

 3. ബഷീര്‍ 6 December 2008 at 17:41  

  ഞാന്‍ ആദ്യമായാണു ബ്ലോഗിനെ കുറിച്ചു അറിയുന്നത് . ഇതൊരു പരീക്ഷണം ആണ് .അവിവേകമാണെങ്കില്‍ ക്ഷമിക്കുക നന്ദി

 4. ഇഷ്ടിക ‍ 23 June 2009 at 08:59  

  very useful blogs for beginner thanx a lot.

 5. Rashid Naha 8 July 2009 at 14:17  

  verry use full
  thnks

 6. അഭിമന്യു 15 August 2009 at 22:29  

  Dear Shibu
  മലയാളം ഇംഗ്ലീഷ് ട്രാന്‍സലേഷന്‍ സോഫ്റ്റ്വെയര്‍ എവിടെ എങ്കിലും ലഭ്യമാണൊ ...ഞാന്‍ നെറ്റില്‍ മുഴുവന്‍ പരതിയിട്ട്
  ഒരു വിവരവും ഇല്ല. മലയാളികള്‍ ആരും ഇതുവരെ ഇത്തരത്തിലൊരു സോഫ്റ്റ്വെയര്‍ തയാറാക്കിയിട്ടില്ലെ....
  മറുപടി പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തുന്നു.

 7. അഭിമന്യു 15 August 2009 at 22:30  
  This comment has been removed by the author.
 8. Cibu C J (സിബു) 18 August 2009 at 06:48  

  എന്റെ അറിവിലില്ല, അഭിമന്യൂ.

 9. Unknown 23 August 2009 at 11:30  

  thanks

 10. ഭായി 16 September 2009 at 13:59  

  വലരെ ഉപയൊഗപ്രദമായ ഒരു ബ്ലൊഗ്

  നന്ദി നന്ദി ഒരായിരം നന്ദി

 11. Unknown 29 October 2009 at 20:59  

  yengineyanu blog nirmikendathu?
  onnu vivarikkamo?

 12. Appu Adyakshari 29 October 2009 at 21:01  

  nisu

  ഇതു നല്ല ചോദ്യമാണല്ലോ സുഹൃത്തേ. ഈ ബ്ലോഗ് മുഴുവനും ഇതുതന്നെയല്ലേ പറഞ്ഞിരിക്കുന്നത്, എങ്ങനെയാണു ബ്ലോഗ് നിര്‍മ്മിക്കുന്നതെന്ന്. മുഴുവന്‍ വായിച്ചു നോക്കൂ.

 13. Ashly 25 November 2009 at 08:44  
  This comment has been removed by the author.
 14. സുമേഷ് | Sumesh Menon 26 November 2009 at 14:52  

  എന്‍റെ സംശയം എന്താണെന്നു വച്ചാല്‍, പല ബ്ലോഗുകളും അല്ലെങ്കില്‍ ഈ ബ്ലോഗ്‌ തന്നെയും വളരെ മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്നു. എനിക്കെങ്ങിനെ ഒരു ബ്ലോഗ്‌ ഡിസൈന്‍ ചെയ്യാന്‍ കഴിയും??

 15. Appu Adyakshari 26 November 2009 at 15:06  

  സുമേഷ് കണ്ടിട്ടുള്ള മനോഹരമായ ബ്ലോഗുകളില്‍ ഭൂരിഭാഗവും അതിന്റെ ഉടമ ഡിസൈന്‍ ചെയ്തതല്ല. നല്ല നല്ല എച്.ടി.എം.എല്‍ വിദഗ്ധര്‍ ചെയ്യുന്നതാണതൊക്കെ. എന്നിട്ട് അവര്‍ ഫ്രീയായി നമുക്ക് ലഭ്യമാക്കുന്ന ടെമ്പ്ലേറ്റുകള്‍ ആ ബ്ലോഗുകളില്‍ ഉപയോഗിക്കുന്നു എന്നേയുള്ളൂ. ഈ ബ്ലോഗിലെ “മറ്റൊരു ടെമ്പ്ലേറ്റ്” എന്ന അദ്ധ്യായം വായിച്ചു നൊക്കൂ

 16. സുമേഷ് | Sumesh Menon 28 November 2009 at 17:35  

  നന്ദി അപ്പു..

 17. Unknown 3 December 2009 at 06:05  

  swanthamayi oru blog undakkan orungumpozhanu ningalude blog helpline kandathu. valare valare upakarapettu.nandi oraayiram nandhi. hakeemakod@yahoo.com

 18. Abey E Mathews 17 December 2009 at 17:11  

  http://ml.cresignsys.com/
  Categorised Malayalam Blogroll Aggregator

 19. Abey E Mathews 17 December 2009 at 17:11  

  http://ml.cresignsys.in/
  ML Blog Box_ml.cresignsys.com_ Malayalam Blog Aggregator_Malayalam Blogroll.htm

 20. Unknown 13 February 2010 at 22:20  

  നന്ദി നന്ദി ഒരായിരം നന്ദി

 21. Unknown 22 May 2010 at 20:09  

  പ്രിയ അപ്പൂ,

  പലരും ബ്ലോഗിനെ ഒരു showbiz ഉം ജാടയും ആയി കൊണ്ടുനടക്കുമ്പോള്‍, ബ്ലോഗിലൂടെയും നല്ല അധ്യാപനങ്ങള്‍ ആകാം എന്ന് അപ്പു തെളിയിക്കുന്നു. ശരിക്കും ഒരു ക്ലാസ്സ്‌ റൂമില്‍ പോയ പോലെ...!! എത്ര ലളിതമായിട്ടാണ് കാര്യങ്ങള്‍ വിശദീകരിചിക്കുനത്! തുടക്കക്കാര്‍കും തുടങ്ങിയവര്കും എന്തിനു ബഹുദൂരം മുന്നിട്ടവര്ക്കും ഒത്തിരി പഠിക്കാനുണ്ട്. മുന്നേറട്ടെ, എല്ലാ ഭാവുകങ്ങളും...!!

  Unais.

 22. 666 23 May 2010 at 13:59  

  .....GOOD ATTEMPT.....

 23. SUMESH KUMAR .K.S 16 June 2010 at 17:41  

  കൂടും കൂട്ടുമില്ലാത്ത പ്രവാസികളുടെയും നാട്ടുകാരുടെയും ബൂ ലോകം.... സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങണമെന്ന ആഗ്രഹവുമായി പലയിടത്തും അലഞ്ഞു.... ഒടുവില്‍ ചെന്ന് പെട്ടത് ആദ്യാക്ഷരിയുടെ മുന്‍പില്‍....ആഗ്രഹം അറിയച്ചപ്പോ മുഴുവന്‍ വായിച്ചു പഠിക്കാന്‍ പറഞ്ഞു.... ഓടി നടക്കുന്നവന്റെ സമയക്കീശയില്‍ എന്ത് മിച്ചം സമയമുണ്ടാവാന്‍.... ഒടുവില്‍ ആദ്യാക്ഷരം പഠിപ്പിച്ചു തന്ന മോളി ടീച്ചറിനെ മനസ്സില്‍ ധ്യാനിച്ച് കുത്തിയിരുന്ന് ഒരു ബ്ലോഗ്‌ വായന അങ്ങ് നടത്തി.... വായിച്ചു മുഴുമിപ്പിച്ചില്ല.... വിറയാര്‍ന്ന വിരലുകളാല്‍ കീ ബോര്‍ഡില്‍ കുത്തി കുത്തി പലതും പരീക്ഷിച്ചു.... ഒടുവില്‍ ബൂ ലോകം എന്ന വലിയ ലോകത്തിന്റെ പടിക്കല്‍ എത്താന്‍ സാധിച്ചു.... ഒന്നും പഠിച്ചു തീര്‍ന്നിട്ടില്ല....എങ്കിലും ഈ മഹാ സാഗരത്തില്‍ ആഗ്രഹം കൊണ്ട് നീന്തി തുടിക്കുന്നു .... സഫരോം കെ സിന്ദഗി എന്നൊന്നും ഞാന്‍ പറയുന്നില്ല.... എങ്കിലും ഈ ബൂ ലോകത്തില്‍ എന്നെ കൈ പിടിച്ചു നടത്തിയ എന്റെ ഗുരോ.....ശ്രീ ഷിബു.... താങ്കള്‍ക്ക് ഒരായിരം നന്ദി ഒപ്പം ആശംസകളും....

 24. Appu Adyakshari 17 June 2010 at 07:14  

  റോക്കിംഗ് സ്റ്റാര്‍ സുമേഷ്, രസികരാജയില്‍ കണ്ടു പരിചയമുള്ള ഈ മുഖം ബ്ലോഗില്‍ കാണാന്‍ ഇടയായതിലും താങ്കള്‍ക്ക് ബ്ലോഗ്‌ തുടങ്ങാന്‍ ആദ്യാക്ഷരി സഹായമായി എന്നതിലും സന്തോഷം :-) Bike accident സംഭവം അല്പം ഭയത്തോടെ ആണ് വായിച്ചത്. തുടര്‍ന്നും എഴുതൂ. ആശംസകള്‍.

 25. Unknown 15 September 2010 at 21:49  

  hello ,oru bloginiyakanulla sramathil antham vittirikkumpozanu appoone kandath.thanks.ini oru ky nokam.

 26. jayajayanadam 17 December 2010 at 12:15  

  ende blogil latest publish cheyuthathe kanunnilla preview nokkumbol undu blog eduthal karndu page click cheythal mathrame kannunnullu athu enthukondanu settings eviayanu correct cheyandathu dayavayi ariyukka

 27. Apoorvacharutha 24 February 2011 at 10:11  

  I have already created a blog. now I want to change the name of blog. how can I do that?

 28. Appu Adyakshari 24 February 2011 at 10:18  

  I guess you want to change the title of the blog (not URL). Changing blog title is simple. From dashboard select settings, then go to basic setting tab. Scroll down to TITLE: field. Delete the existing name and write down the new name. Scroll down to bottom of the page and SAVE.. that is all.

 29. Rasheed Pengattiri 17 March 2011 at 21:00  

  വിശദീകരണം നന്നായി. ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍

 30. sonusk 1 May 2011 at 18:11  

  hi shibu its too all this descriptions are too useful. i just start to know about blog. thank you very much.

 31. threecoins 3 August 2011 at 18:34  

  മലയാളം ഉള്‍പ്പെടെ ഇന്ത്യന്‍ ഭാഷകള്‍ എഴുതാന്‍ വിന്‍ഡോസിന് സ്വന്തം രീതി(native support) ഉണ്ട്..
  കൂടുതല്‍ വിവരങ്ങള്‍ മൈക്രോസാഫ്ട് വെബ്സൈറ്റില്‍ പറയുന്നുണ്ട്.
  http://specials.msn.co.in/ilit/GettingStarted.aspx?languageName=Malayalam&redir=true&postInstall=true
  ഇതിന്റെ ഗുണം എന്താണെന്ന് വെച്ചാല്‍ ഒരു ക്ലികില്‍ നമ്മള്‍ ടൈപ്പ് ചെയ്യുന്ന ലാംഗ്വേജ് മാറ്റാം എന്നതാണു.... കീമാന്‍ പോലുള്ള സോഫ്റ്റ്വര്‍ ഉപയോഗിച്ച് കറ്റ് ആന്ഡ് പേസ്റ്റ് ചെയ്യേണ്ട ആവശ്യവും ഇല്ല... പുതിയതായി മലയാളം എഴുതി തുടങ്ങുന്നവര്‍ക്ക് ഉപകാരപ്പെടും..!

 32. threecoins 3 August 2011 at 18:35  
  This comment has been removed by the author.
 33. threecoins 3 August 2011 at 18:35  
  This comment has been removed by the author.
 34. Appu Adyakshari 5 August 2011 at 17:26  

  @threecoins: ഈ വിവരത്തിനു നന്ദി. പക്ഷേ താങ്കൾ ഉദ്ദേശിക്കുന്നതുപോലെ കീമാനും കീമാജിക്കും മറ്റൊരിടത്ത് മലയാളം എഴുതി കോപ്പി പേസ്റ്റ് ചെയ്യാൻ ഉള്ള ഇൻപുട്ട് രീതികളല്ല. ഏതു ഫീൽഡിലും നേരിട്ട് മലയാളമെഴുതാനുള്ള രീതികളാണ് ഇവ.

 35. Mohiyudheen MP 20 October 2011 at 23:50  

  വലരെ ഉപയൊഗപ്രദമായ ഒരു ബ്ലൊഗ്

 36. Mohiyudheen MP 20 October 2011 at 23:50  

  വലരെ ഉപയൊഗപ്രദമായ ഒരു ബ്ലൊഗ്

 37. Unknown 5 January 2012 at 20:00  

  ഫോട്ടോബ്ലോഗുകളെ കുറിച്ചരിഞ്ഞതില്‍ സന്തോഷമുണ്ട്

 38. ഇ.എ.സജിം തട്ടത്തുമല 1 February 2012 at 21:00  

  blogspt.com ബ്ലോഗുകൾ എല്ലാം bogspot.in ബ്ലോഗുകൾ ആയി മാറിയിരിക്കുന്നല്ലോ, അപ്പുമാഷേ. ഇതെപ്പോൾ എങ്ങനെ സംഭവിച്ചു? ഡോട്ട് കോം എല്ലാം ഡോട്ട് ഇൻ ആയി കാണുന്നു. ഞാൻ കരുതി എന്റേതിൽ മാത്രം വന്ന മാറ്റമാണെന്ന്. നോക്കുമ്പോൾ എല്ലാവരുടെ ബ്ലോഗിലും ഈ മാറ്റം ഉണ്ട്.

 39. Appu Adyakshari 2 February 2012 at 07:19  

  സജീം മാഷേ, ഇതു ഗൂഗിൾ വരുത്തിയ എന്തെങ്കിലും മാറ്റം ആവാതെ വഴിയില്ലല്ലോ. മാത്രവുമല്ല, ഇന്ത്യയിലുള്ളവരുടെ (ഇന്ത്യയിലെ ഡീറ്റയിൽസ് ജി.മെയിൽ അക്കൗണ്ടിൽ നൽകിയിട്ടുള്ളവരുടെ) ബ്ലോഗുകളിൽ മാത്രമാണ് ഈ മാറ്റം എന്നതും ശ്രദ്ധിക്കുമല്ലോ.

 40. mubasali 11 February 2012 at 20:04  

  mr.. appu i really apreciates ur this attemt.. coz me also thinking about a new blog.... thanks a llot

 41. mubasali 11 February 2012 at 20:05  

  mr.. appu i really apreciates ur this attemt.. coz me also thinking about a new blog.... thanks a llot

 42. mubasali 11 February 2012 at 20:05  

  mr.. appu i really apreciates ur this attemt.. coz me also thinking about a new blog.... thanks a llot

 43. JOSEPH GEORGE 19 February 2012 at 14:39  

  sir, mattu website il ninnulla vivarangal, coppy -paste cheythu blogil post cheythal enthengilum prasnamundakumo?

 44. JOSEPH GEORGE 19 February 2012 at 14:41  

  sir, mattu website il ninnulla vivarangal, coppy -paste cheythu blogil post cheythal enthengilum prasnamundakumo?
  plz answer this coment sir,very urgent

 45. Appu Adyakshari 19 February 2012 at 14:42  

  Joseph George, ഏതു സൈറ്റിൽ നിന്നാണോ കോപ്പി പേസ്റ്റ് ചെയ്യുന്നത്, ആ സൈറ്റിലെ കണ്ടന്റ് കോപ്പി റൈറ്റ് ഉള്ളതാണെങ്കിൽ അങ്ങനെ ചെയ്യാതിരിക്കുന്നതാണ് സാമാന്യ മര്യാദ. അല്ലെങ്കിൽ കുറഞ്ഞപക്ഷം ആ സൈറ്റിനു ഒരു ക്രെഡിറ്റ് എങ്കിലും എഴുതിച്ചേർക്കുക.

 46. Appu Adyakshari 19 February 2012 at 14:47  

  വിക്കിപീഡിയ കോപ്പിറൈറ്റ് ഉള്ള സൈറ്റ് അല്ല.. അത് ക്രിയേറ്റീവ് കോമൺ ലൈസൻസ് ആണ്. ആർക്കും എഴുതാം, എഡിറ്റ് ചെയ്യാം, കോപ്പി ചെയ്യാം.

 47. JOSEPH GEORGE 19 February 2012 at 14:53  

  blog nirmikkunnathil googleinte 'blogger' ano worpress softwair upyogikkunnthano abhikamyam?

 48. united 17 April 2012 at 11:35  

  ബ്ലോഗില്‍ നിന്നും എങ്ങനെ ആണ് നമുക്ക് വരുമാനം ലഭിക്കുന്നത് ഒന്ന് വിഷധീകരിക്കാമോ

 49. Appu Adyakshari 17 April 2012 at 11:51  

  സുഹൃത്തേ,

  ബ്ലോഗിൽ നിന്നു വരുമാനമുണ്ടാക്കാനുള്ള ഒരു വഴി ബ്ലോഗിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുക എന്നതാണ്. ഗൂഗിൾ തന്നെ അതിനുള്ള സൗകര്യം തരുന്നുണ്ട്. പക്ഷേ ഗൂഗിൾ ആഡ്‌സെൻസ് പരസ്യങ്ങൾ ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമേ ലഭ്യമാകയുള്ളൂ . അതുകൊണ്ടുതന്നെ നമ്മുടെ മലയാളം ബ്ലോഗിന്റെ അഡ്രസിൽ ഒരു ആഡ്‌സെൻസ് പരസ്യത്തിനു അപേക്ഷ കൊടുത്താലും രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ ഗൂഗിൾ പറയും നിങ്ങളുടെ ബ്ലോഗിന്റെ ഭാഷയിൽ നിലവിൽ ആഡ്‌സെൻസ് ഇല്ല. അതുകൊണ്ട് ഇപ്പോൾ ഇത് അനുവദിക്കാൻ പറ്റില്ല എന്ന്. അതുകൊണ്ട് ഒരു വളഞ്ഞവഴി പ്രയോഗിച്ചാൽ മാത്രമേ ഇപ്പോൾ ആഡ്‌സെൻസ് രജിസ്റ്റർ ചെയ്യാനാവൂ.. ആദ്യം മറ്റൊരു ജി.മെയിൽ അക്കൗണ്ട് തുടങ്ങുക. ഓർക്കുക ഈ അക്കൗണ്ടിൽ താങ്കളെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ തന്നെ നൽകണം (അഡ്രസ്, രാജ്യം, പേരു, തുടങ്ങിയ കാര്യങ്ങൾ). അതിനുശേഷം ആ അക്കൗണ്ട് ഉപയോഗിച്ച് ഇംഗീഷിൽ ഒരു ബ്ലോഗ് തുടങ്ങുക. ആ ഇംഗ്ലീഷ് ബ്ലോഗിൽ ഇംഗ്ലീഷിൽ തന്നെ കുറച്ച് പോസ്റ്റുകളും പബ്ലിഷ് ചെയ്യണം അതുകഴിഞ്ഞ് ഈ ബ്ലോഗിലേക്ക് ആഡ് സെൻസ് വേണം എന്നു കാണിച്ച് അപേക്ഷിക്കുക. ബ്ലോഗിന്റെ ഡാഷ്‌ബോർഡിലുണ്ടല്ലോ ആഡ്‌സെൻസ് ആഡ് ചെയ്യാനുള്ള ലിങ്ക്. അവിടെ പരസ്യത്തിന്റെ വരുമാനം അയച്ചു തരേണ്ട പോസ്റ്റ് അഡ്രസ്, താങ്കളുടെ ബാങ്കിന്റെ പേരു ഒക്കെ ചോദിക്കും അതൊക്കെ കൃത്യമായി കൊടുക്കുക. രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ ആഡ്‌സെൻസിനു അപ്രൂവൽ കിട്ടും.

  ഇനി രണ്ടാം ഭാഗം


  മേൽപ്പറഞ്ഞ ആഡ്‌സെൻസ് അഡ്രസ് ഉപയോഗിച്ച് നമുക്ക് പരസ്യം ഏതു ബ്ലോഗിലും വെബ്‌സെറ്റിലും കൊടൂക്കാം. അതു പയോഗിച്ച് താങ്കളുടെ മലയാളം ബ്ലോഗിലും പരസ്യം കൊടുക്കുക. അത്രയേ ഉള്ളൂ.

  ഇതല്ലാതെ മറ്റു സ്ഥാപനങ്ങളുടെ പരസ്യങ്ങൾ അവരുടെ അനുവാദത്തോടെ താങ്കളുടെ ബ്ലോഗിൽ കൊടുത്ത് അവർ തരുന്ന പ്രതിഫലം വാങ്ങുകയുമാവാം.

 50. jose 24 April 2012 at 16:59  
  This comment has been removed by the author.
 51. jose 24 April 2012 at 17:00  
  This comment has been removed by the author.
 52. jose 24 April 2012 at 17:01  
  This comment has been removed by the author.
 53. Unknown 7 July 2012 at 00:04  

  valare valare nandi

 54. Unknown 7 July 2012 at 00:05  

  thak u very much

 55. തുമ്പി 9 August 2012 at 07:08  

  GIST ISM ല്‍ ചെയ്ത ഒരു ഫയല്‍ എങ്ങനെ യൂണികോഡ് ഫോണ്ടിലേക്ക് കണ്‍ വേര്‍ട്ട് ചെയ്യാം?

 56. Appu Adyakshari 9 August 2012 at 07:25  

  തുമ്പി, ഈ ബ്ലോഗിന്റെ വലതുവശത്തെ അദ്ധ്യായങ്ങളുടെ ലിസ്റ്റിൽ മലയാളത്തിൽ എഴുതാം എന്ന ലിസ്റ്റിലെ എല്ലാ ഐറ്റങ്ങളും ഒന്നു നോക്കൂ. ഉത്തരം അവിടെ കാണാം.

 57. തുമ്പി 10 August 2012 at 16:56  

  വളരെ നന്ദി.ഞാന്‍ കണ്‍ വേര്‍ട്ട് ചെയ്തു. പാര തിരിക്കുന്നത് എങ്ങനെയാണ്?...

 58. Appu Adyakshari 10 August 2012 at 19:07  

  പാരഗ്രാഫ് തിരിക്കാൻ ബ്ലോഗറിന്റെ എഡിറ്റർ പേജിൽ "എന്റർ" കീ അടിച്ചാൽ മതിയല്ലോ.

 59. തുമ്പി 10 August 2012 at 19:43  

  ഡയറക്ട് ആയി എഴുതുമ്പോള്‍ എന്റര്‍ അടിച്ചാല്‍ ശരിയാകുന്നുണ്ട്.പക്ഷെ കണ വേര്‍ട്ട് ചെയ്ത പോസ്റ്റില്‍ ആകുന്നില്ല.nazeemanazeer.blogspot.in

 60. തുമ്പി 10 August 2012 at 19:49  

  oh its ok.anyway ur attempt is great.vry gt.

 61. തുമ്പി 10 August 2012 at 20:04  

  ഒരു വലിയ പാര സ്പ്ലിറ്റ് ചെയ്യാന്‍ പറ്റുന്നില്ല. ഹെഡിങില്‍ എന്റര്‍ അടിച്ചപ്പോഴാണ് ശരിയായത്

 62. അപരിചിതന്‍ 12 August 2012 at 14:24  

  Nandi...

 63. sanjay 13 August 2012 at 12:55  

  your effort is good.try to post new things

  visit www.keralawindow.net

  i found its informative

  sanjeev

 64. Jain 4 September 2012 at 12:12  

  Dear Mr Appu,

  താങ്കളുടെ ഈ പോസ്റ്റ്‌ ഒരു തുടക്കകാരന് തികച്ചും ഉപകാരപ്രദമാണ്.ഒരു സംശയം. ഒരേ ബ്ലോഗില്‍ തന്നെ ഇംഗ്ലീഷിലും മലയാളത്തിലും പോസ്റ്റ്‌ ചെയ്തു കൂടെ?

  ആശംസകള്‍.

  Jacob

 65. Jain 4 September 2012 at 12:13  

  Dear Mr Appu,

  താങ്കളുടെ ഈ പോസ്റ്റ്‌ ഒരു തുടക്കകാരന് തികച്ചും ഉപകാരപ്രദമാണ്.ഒരു സംശയം. ഒരേ ബ്ലോഗില്‍ തന്നെ ഇംഗ്ലീഷിലും മലയാളത്തിലും പോസ്റ്റ്‌ ചെയ്തു കൂടെ?

  ആശംസകള്‍.

  Jacob

 66. Appu Adyakshari 4 September 2012 at 12:38  

  Jain, തീർച്ചയായും. ഒരേ ബ്ലോഗിൽ തന്നെ ഏതു ഭാഷയിലും എഴുതാം.

 67. Aranmula News 2012... 14 October 2012 at 20:41  

  ചേട്ടാ
  എനിക്ക് ഒരു ബ്ലോഗ്‌ ഉണ്ട്. ഞാന്‍ അതില ഞങ്ങളുടെ നാട്ടിലെ വാര്‍ത്തകള്‍ ആണ് കൊടുക്കുന്നത്( ആറന്മുള എയര്‍പോര്‍ട്ട്, മറ്റും ) വാര്‍ത്തകള്‍ ഞാന്‍ മറ്റുള്ള ന്യൂസ്‌ സൈറ്റ് ല്‍ നിന്നും കോപ്പി എടുത്ത്‌ ആണ് പോസ്റ്റ്‌ ചെയ്യുന്നത്.. ഇങ്ങനെ ചെയ്യാമോ????
  പിന്നെ ഞാന്‍ ബ്ലോഗിന്റെ ഡാഷ്ബോര്‍ഡ് നോക്കിയപ്പോള്‍ അതില്‍ ഗൂഗിള്‍ ആഡ്‌സെന്‍സ്‌ തുടങ്ങാനുള്ള ലിങ്ക ഒന്നും കാണുന്നില്ല എങ്ങനെയാ ads കൊടുക്കുന്നത് എന്ന് പറയാമോ???

 68. തുമ്പി 27 October 2012 at 10:30  

  മലയാളം ഫോണ്ടില്‍ നിന്നു എന്റര്‍ അടിച്ചാല്‍ ,ആകുന്നില്ല. എക്സിറ്റ് ചെയ്താല്‍ മാത്രമേ ശരിയാകുന്നുള്ളു. പ്രതിവിധി എന്താണ്?കീമാന്‍ കണ്‍ഫിഗറേഷന്‍ ഓപ്ഷനില്‍ എന്തൊക്കെയാണ് ആക്ടീവ് ആയി ഇടേണ്ടത്?

 69. Appu Adyakshari 29 October 2012 at 07:41  

  തുമ്പി, കിമാൻ ഉപയോഗിച്ച് എവിടെ എഴുതുമ്പോഴാണ് എന്റർ വർക്ക് ചെയ്യാത്തത്? ജി.മെയിലിൽ ആണോ? ഇങ്ങനെ ഒരു പ്രശ്നം ചിലപ്പോൾ കണ്ടിട്ടുണ്ട്. ഒന്നുകൂടി ഇൻസ്റ്റാൾ ചെയ്താൽ ചിലപ്പോൾ പരിഹരിക്കപ്പെട്ടേക്കാം. അല്ലെങ്കിൽ കീമാജിക് ഇൻസ്റ്റാൾ ചെയ്യൂ. ടൈപ്പ് ചെയ്യുന്ന രീതിയെല്ലാം കീമാന്റേതുതന്നെ.

 70. തുമ്പി 30 October 2012 at 09:32  

  ബ്ലോഗിലും,കമന്റ് ബോക്സിലും.പിന്നെ ഒരു ലെങ്തി പോസ്റ്റ് എങ്ങനെയാണ് 3 പോസ്റ്റ് ആക്കുന്നതു?.എനി ഷോര്‍ട്ട് കട്ട്?

 71. Appu Adyakshari 30 October 2012 at 09:35  

  ഒരു നെടുങ്കൻ പോസ്റ്റിനെ മൂന്നു പോസ്റ്റാക്കാൻ ഷോർട്ട് കട്ട് ഒന്നുമില്ല. ടെക്സ്റ്റിനെ മൂന്നായി മുറിച്ച് മൂന്നു വെവ്വേറെ പോസ്റ്റുകളിലേക്ക് പേസ്റ്റ് ചെയ്ത് പബ്ലിഷ് ചെയ്യാം. ഓരോന്നിലും പാർട്ട്1, പാർട്ട്2, പാർട്ട്3 എന്നീ പോസ്റ്റുകളിലേക്കുള്ള ലിങ്കുകളും നല്കാവുന്നതാണ്.

 72. തുമ്പി 6 November 2012 at 16:48  

  എന്റെ ഫോളോവേഴ്സ് ഗാഡ്ജറ്റ് ഒരു മാസമായി കാണുന്നില്ല. ലേ ഔട്ടില്‍ ഉണ്ട്. തിരികെ ലഭിക്കുമോ?.

 73. Unknown 12 December 2012 at 12:44  

  ഗുണകരമായി

 74. Rajkiran Adoor 13 May 2013 at 22:46  

  ആട്സെന്‍സ് ലഭിക്കുവാന്‍ എത്ര ലൈക്‌ വേണം നമുക്ക്, ഞാന്‍ ഒരു തുടക്കക്കാരന്‍ ആണ് അപ്പുസേ

 75. Unknown 3 August 2013 at 15:55  

  സര്‍ ,
  ഞാന്‍ മലയാളം ടൈപ്പിഗ് പഠിച്ചു....നന്ദി..
  കുറേ ബ്ളോഗുകളുടെ വിലാസം തരാമോ.?
  രാജേഷ് ആലക്കോട്

 76. Anonymous 11 August 2013 at 20:42  

  blogil ninn engane kashuntakam ?

 77. Unknown 31 January 2014 at 15:09  

  ബ്ലോഗിനെക്കുറിച്ചുള്ള മിക സംശയങ്ങളുംദൂരീകരിക്കപ്പെട്ടു.പക്ഷേ,ഞാന്‍ ആദ്യമായി കൊടുത്ത ഒരു പോസ്റ്റ്
  സ്ഥലപരിമിതി മൂലം പരാജയപ്പെട്ടു.അതെന്തുകൊണ്ടാണ്‍? ബ്ലോഗെഴുത്തിനു പരിധിയുണ്ടോ?ആദ്യ പോസ്റ്റിംഗ്
  ആയതാണോ കാരണം?

 78. Shamil Rag 24 May 2014 at 00:53  

  ചേട്ടാ ഈ html വിദഗ്ദന്മാര്‍ ബ്ലോഗ്‌ ടെമ്പ്ലേറ്റ് ഡിസൈന്‍ ചെയ്യുമ്പോള്‍ ഡിഫോള്‍ട്ട് റെമ്പ്ലടുകളെ എഡിറ്റ്‌ ചെയ്യുകയാണോ അതോ സ്വന്തമായി ഒന്ന് മുതല്‍ തുടങ്ങുകയാണോ ചെയ്യുക പറയൂ പ്ലീസ്...

 79. sunil shaji 25 August 2014 at 17:16  

  google malayalam input download ചെയ്ത് install ചെയ്താല്‍ മലയാളം ടൈപ്പ് ചെയ്യാം ഇതു പോലെ

 80. റോബര്‍ട്ട് ലാങ്ഡന്‍ 5 September 2015 at 03:06  

  ചോദ്യം...സാംസങ് ഹാന്‍ഡ്സെറ്റില്‍ നിന്ന് ബ്ലോൊഗ് തുടങ്ങാന്‍ സാധിക്കുമോ

 81. jpkinassery 21 February 2016 at 12:57  

  എന്താണ് url?

 82. Appu Adyakshari 21 February 2016 at 15:53  

  URL is the web address.

 83. Viswaprabha 21 February 2016 at 16:57  

  സ്വല്പം കൂടി വിശദമായി പറയാമെന്നു തോന്നുന്നു.
  ഇന്റർനെറ്റിലെ വേൾഡ് വൈഡ് വെബ്ബിനെ (www) വലിയൊരു ഒറ്റക്കമ്പ്യൂട്ടർ പോലെ കണക്കാക്കാം. അതിലെ ഓരോ സർവർ കമ്പ്യൂട്ടറുകളും ഓരോ ഡിസ്ക് പോലെയും അതിനുള്ളിലെ ഓരോ ഡിസ്കുകളേയും ഓരോ ഫോൾഡർ പോലെയും അവയ്ക്കുള്ളിൽ തന്നെ ഓരോന്നും ഓരോ സബ് ഫോൾഡർ പോലെയും.
  നാം ബ്രൗസർ സ്ക്രീനിൽ കാണുന്ന ഒരു പേജു് ഇത്തരം ഏതെങ്കിലും ഒരു കമ്പ്യൂട്ടറിലെ ഒരു ഫോൾഡറിലെ ഒരു ഉപഫോൾഡറിലെ ഒരു ഫയൽ ആണെന്നു സങ്കൽപ്പിക്കാം.
  അങ്ങനെയെങ്കിൽ, ആ ഒരു പ്രത്യേക ഫയലിന്റെ(റിസോഴ്സിന്റെ) മേൽ‌വിലാസമാണു് അതിന്റെ unique address. മൊത്തം ഇന്റർനെറ്റിൽ കൃത്യമായി ആ ഒരു അഡ്ഡ്രസ്സ് ഉള്ള ഒരൊറ്റ ഫയലേ ഉണ്ടാവൂ. (ഏതു രാജ്യത്തെ ഏതു് മൊബൈൽ നെറ്റ്‌വവർക്കിലെ എക്സ്ചേഞ്ചിലേയും ഒരു പ്രത്യേക ടെലഫോണിനു് സ്വന്തമായി ഒരു ഫോൺ നമ്പർ ഉള്ളതുപോലെ).

  ഈ ഫയലിന്റെ അഡ്ഡ്രസ്സിനെയാണു് അതിന്റെ യുണീൿ റിസോഴ്സ് ലൊക്കേറ്റർ (URL) എന്നു വിളിക്കുന്നതു്.
  അതിന്റെ മറ്റൊരു പേരാണു് web address.

  ഉദാഹരണത്തിനു് ഇപ്പോൾ വായിക്കുന്ന ഈ പേജിന്റെ URL മിക്കവാറും ഇങ്ങനെയായിരിക്കും: http://bloghelpline.cyberjalakam.com/2008/04/4.html

  ഇതിനർത്ഥം
  http എന്ന രീതി വെച്ചു വായിക്കേണ്ട ഒരു റിസോഴ്സ് ആണു് ഈ പേജു്.
  .COM എന്ന നെറ്റ്‌വർക്കിലെ cyberjalakam എന്ന സർവ്വർ കമ്പ്യൂട്ടറിലാണു് ഈ പേജ് ഉള്ളതു്.
  cyberjalakam എന്ന കമ്പ്യൂട്ടറിലെ bloghelpline എന്ന ഡിസ്കിലാണു് ഈ ഫയൽ ഇരിക്കുന്നതു്.
  bloghelpline എന്ന ഫോൾഡറിൽ തന്നെ 2008 എന്നും അതിനു കീഴിൽ 04 എന്നും പേരിലുള്ള ഉപഫോൾഡറുകളുണ്ടു്.
  അതിൽ, 04 എന്ന ഉപഫോൾഡറിൽ 4.html എന്ന പേരിൽ ഒരു ടെക്സ്റ്റ് ഫയൽ ഇരിപ്പുണ്ടു്.
  ആ ഫയലാണു് നിങ്ങൾ ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന ഈ പേജു്!

  അതിന്റെ തനതായ ഇന്റർനെറ്റ് വെബ് അഡ്ഡ്രസ്സാണു്
  http://bloghelpline.cyberjalakam.com/2008/04/4.html
  (ഇനി ഒരിക്കൽ കൂടി ഈ URLലെ വാക്കുകൾ മുകളിലെ ക്രമത്തിൽ വായിച്ചുനോക്കൂ. നമ്മുടെ ബ്രൗസറിൽ മുകളിലായി നാം സൈറ്റ് അഡ്ഡ്രസ്സ് (ലിങ്ക്) അടിക്കുന്നിടത്തു വരുന്നതെല്ലാം ഇത്തരം ഒരു URL ആയിരിക്കണം).

  ബ്രൗസർ ഉപയോഗിക്കുമ്പോഴെല്ലാം URLനെക്കുറിച്ചുള്ള ഈ അറിവു വേണം. അതുണ്ടെങ്കിൽ ഒരു പാട് സൈബർ അപകടങ്ങളിൽ നിന്നു് ഒഴിവാകാം.
  URLലെ ഏറ്റവും ആദ്യത്തെ ഒറ്റസ്ലാഷ് ചിഹ്നത്തിനും (/) അതിനു തൊട്ടുമുമ്പുള്ള ഫുൾ സ്റ്റോപ്പിനും ഇടയിൽ കാണുന്ന വാക്കിനെ ടോപ് ഡൊമയ്ൻ എന്നു വിളിക്കും. (സാധാരണ, COM, ORG,IN, GOV,EDU, INFO എന്നെല്ലാമായിരിക്കും ഈ വാക്കു്.
  ഇനി ഇതിനുമുമ്പുള്ള വാക്കുനോക്കാം. അതാണു് ഡൊമെയ്ൻ. ഉദാഹരണത്തിനു് ഇവിടെ cyberjalakam. ചിലപ്പോൾ ഇതു് google എന്നോ facebook എന്നോ microsoft എന്നോ blogspot എന്നോ മറ്റോ ആവാം. ഈയൊരു വാക്കാണു് എപ്പോഴും ശ്രദ്ധിക്കേണ്ടതു്. വ്യാജസൈറ്റുകളും തെമ്മാടിസൈറ്റുകളും നമ്മെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി സാധാരണയിൽനിന്നു ചെറിയ വ്യത്യാസം മാത്രമുള്ള ഒരു ഡൊമെയ്നിന്റെ URL അയച്ചുതന്നെന്നു വരാം. (ഉദാ: blogspot.com എന്നതിനുപകരം blogpost.com). ഇതു ശ്രദ്ധിക്കാതെയാണു നാം പലപ്പോഴും സൈബർ ചതികളിൽ ചെന്നു ചാടുന്നതു്.


 84. Appu Adyakshari 23 February 2016 at 07:30  

  Vishwetta, thanks for explaining in detail !!

 85. Unknown 2 March 2016 at 12:08  

  വയനാടിന്റെ ചരിത്രത്തെ കുറിച്ചും അവിടുത്തെ സാംസ്കാരിക പരിണാമങ്ങളെ കുറിച്ചും പഠിക്കുവാൻ ഒരുങ്ങുന്ന ഒരു വിദ്യാർഥിയാണ് ഞാൻ.
  1970 - 80 കാലഘട്ടങ്ങളിലെ അവിടുത്തെ ജീവിത സാഹചര്യങ്ങളെ പറ്റിയും ഭാഷയെ പറ്റിയും കൂടുതൽ അറിയുവാൻ സഹായിക്കുന്ന പുസ്തകങ്ങൾ തേടുകയാണ് ഞാൻ.
  അക്കാലത്ത് വയനാട്ടിലെ ഒരു സാധാരണക്കാരന്റെ ജീവിതവും ജീവിത സാഹചര്യങ്ങളും, അവിടുത്തെ ഭാഷാ പ്രയോഗങ്ങളും, നക്സൽ വിഷയവും, പോലീസ് ഇടപെടലുകളും, രാഷ്ട്രീയ ഇടപെടലുകളും മറ്റും പ്രതിപാദിക്കുന്ന നോവലുകൾ, കഥകൾ, ലേഘനങ്ങൾ, മറ്റു കൃതികൾ/ പുസ്തകങ്ങൾ എന്നിവയെ പറ്റി നിങ്ങളുടെ അറിവുകൾ ഒന്നു പങ്കു വെക്കാമോ?
  അറിവ് പങ്കു വെക്കുവാനുള്ള നിങ്ങളുടെ നല്ല മനസ്സിന് ആദ്യമേ നന്ദി പറയട്ടെ :)

 86. jissyboban 14 June 2016 at 09:20  

  It is very useful to me.

 87. kjannewidgod 12 August 2016 at 14:11  

  very useful....
  kjanne

 88. annewidgod 13 August 2016 at 20:21  

  enganeyaanu qstenion mark, exclamatory mark..etc blog il type cheyyuka?

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP