വിക്കിപീഡിയയുടെ ചരിത്രം

>> 27.9.08
വിക്കിപീഡിയയുടെ ചരിത്രം
ഷിജു അലക്സ്

മലയാളം വിക്കിപീഡിയയുടെ സജീവപ്രവര്‍ത്തകരില്‍ ഒരാളായ ഷിജു പാലക്കാട് ജില്ലയിലെ കരിമ്പ സ്വദേശിയാണ്. ആസ്ട്രോഫിസിക്സില്‍ ബിരുദാനന്തരബിരുദവും, അതിനുശേഷം സോഫ്റ്റ്വെയര്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ ഷിജു ഇപ്പോള്‍ പൂനെയില്‍ ഐ.ടി. പ്രൊഫഷനലായി ജോലിചെയ്യുന്നു.


വിജ്ഞാനം മുഴുവന്‍ ഒരിടത്ത്‌ സ്വരുക്കൂട്ടാനുള്ള മനുഷ്യന്റെ ഉദ്യമങ്ങള്‍ക്ക്‌, ഈജിപ്തിലെ അലക്സാന്‍‌ട്രിയയില്‍ ബി.സി. മൂന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന ലൈബ്രറിയോളം പഴക്കമുണ്ട്. അച്ചടിയുടെ ലോകത്തിനു പുറത്ത്, ഒരു വിജ്ഞാനശേഖരമൊരുക്കുന്ന കഥ എച്. ജി. വെല്‍‌സ് തന്റെ വേള്‍ഡ് ബ്രെയിന്‍ (1937) എന്ന നോവലില്‍ പറയുന്നു. ഇന്റര്‍നെറ്റിന്റെ കണ്ടുപിടുത്തത്തോടും പ്രചാരത്തോടും കൂടി ഇന്റര്‍നെറ്റ് വിജ്ഞാനകോശങ്ങള്‍ ഒരുക്കാനുള്ള ഉദ്യമങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്‌. അങ്ങനെയുള്ളവയില്‍ എറ്റവും വലിയതും, ജനകീയവും, സ്വതന്ത്രവും ആയ ഒരു ഓണ്‍ ലൈന്‍ വിജ്ഞാനകോശ സംരഭം ആണ് വിക്കിപീഡിയ. വിക്കിപീഡിയയുടെ ജനനത്തിലേക്കു നയിച്ച സംഭവവികാസങ്ങളും അതിനെ തുടര്‍ന്നു സ്ഥാപിക്കപ്പെട്ട വിവിധ വിക്കിമീഡിയവിക്കികളുടെ ചരിത്രവും, ഈ സംരംഭങ്ങളില്‍ മലയാളഭാഷയില്‍ എത്രത്തോളം സംഭാവനകള്‍ നടന്നിട്ടുണ്ട് എന്നും ചുരുക്കമായി പ്രസ്ഥാവിക്കുകയാണു ഈ ലേഖനത്തിന്റെ ലക്ഷ്യം.

2001 ജനുവരി 15-നാണ് വിക്കിപീഡിയ പ്രൊജക്റ്റിനു തുടക്കംകുറിച്ചത്. ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ തന്നെയാണ് ലാഭേച്ഛയില്ലാതെ വിക്കിപീഡിയയിലെ ലേഖനങ്ങള്‍ എഴുതുന്നത്. വിക്കിപീഡിയ വെബ് പേജില് ലേഖനങ്ങളെഴുതാനും അവ തിരുത്തുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൗകര്യവും നല്കുന്ന വിക്കിസോഫ്റ്റ്വെയര്‍ ആണ് ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം.229 ഭാഷകളില്‍ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. ഇരുപത്തഞ്ചു ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ പതിപ്പാണ്‌ ഈ സംരംഭത്തിന്റെ പതാകവാഹക. മലയാളമടക്കം 14 ഇന്ത്യന്‍ഭാഷകളിലും വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നു.


എന്താണ് വിക്കി?

സാധാരണ ഗതിയില്‍ ഇന്റര്‍നെറ്റിലെ ഏതെങ്കിലുമൊരു താളില്‍ എന്തെങ്കിലും എഴുതിച്ചേര്‍ക്കണമെങ്കില്‍ സാങ്കേതിക പരിജ്ഞാ‍നവും മറ്റു പലരുടേയും സമ്മതവും വേണം. പക്ഷെ ഇതേ പോലുള്ള നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ ആര്‍ക്കും (സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത വായനക്കാരനും) വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും, നീക്കം ചെയ്യാനും, മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നല്കുന്ന വെബ് സൈറ്റുകളെയാണ് വിക്കി എന്നു വിളിക്കുന്നത്. വളരെ എളുപ്പത്തില് വിവരങ്ങള്‍ ചേര്‍ക്കാം എന്നതിനാല്‍ കൂട്ടായ്മയിലൂടെ രചനകള്‍ നടത്താനുള്ള മികച്ച ഉപാധിയാണ് വിക്കി. കൂട്ടായ്മയിലൂടെ കുറിപ്പുകളും ലേഖനങ്ങളും മറ്റുള്ള രചനകളും നടത്തുന്നതിനുള്ള സൗകര്യം നല്‍കുന്ന സോഫ്ടുവെയറുകളെകുറിക്കാനും വിക്കി എന്ന വാക്കു ഉപയോഗിക്കാറുണ്ട്. സോഫ്റ്റ്വെയര്‍ രംഗത്ത്‌ കൂട്ടായ്മയുടെ പുതിയ മാനങ്ങള്‍ നല്‍കുകയാണ് വിക്കി എന്ന ആശയം. ഒരു കൂട്ടം ഉപയോക്താക്കളാണ്‌ ഇത്തരം ലേഖന സമുച്ചയം സാധാരണയായി രചിക്കുന്നത്‌.

വിക്കിപീഡിയയും ഇതുപോലെ ഒരു വിക്കിയാണ്. നിലവിലുള്ള ഏറ്റവും വലിയ വിക്കിയാണ് വിക്കിപീഡിയ എന്ന വിജ്ഞാനകോശം.


വിക്കിയുടെ ചരിത്രം

വാര്‍‌ഡ് കനിംഹാം എന്ന പോര്‍‌ട്ട്‌ലാന്‍‌ഡുകാരനാണ് വിക്കി എന്ന ആശയത്തിനും, സോഫ്റ്റ്‌വെയറിനും അടിത്തറയിട്ടത്. 1994 -ല്‍ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്വെയറാണ് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. 1995 മാര്ച്ച് 25 ന് അദ്ദേഹം ഇത് www.c2.com എന്ന ഇന്റര്‍നെറ്റ് സൈറ്റില് സ്ഥാപിച്ചു.


കനിംഹാം തന്നെയാണ് വിക്കി എന്ന പേര് നിര്ദ്ദേശിച്ചത്. ഹോണോലുലു ദ്വീപിലെ വിമാനത്താവളത്തിലെ ടെര്‍മിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാന്‍സ് ആര്‍.ടി 52 എന്ന ബസ്സ് സര്‍‌വീസിനെകുറിച്ച് അവിടുത്തെയൊരു തൊഴിലാളി പറഞ്ഞതിനെ ഓര്‍ത്തായിരുന്നു ഈ പേരിടല്‍. ഹവായിയന് ഭാഷയില്‍ വിക്കി എന്നാല്‍ വേഗത്തില്‍ എന്നാണ് അര്‍ത്ഥം. "What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ ഇപ്പോള്‍ വികസിപ്പിച്ചു പറയാറുണ്ട്.


വിക്കിയുടെ സ്വഭാവങ്ങള്‍:

ലളിതമായ കമ്പ്യൂട്ടര്‍ ഭാഷ (മാര്‍ക്കപ്പ്) ഉപയോഗിച്ചാണ് വിക്കിയിലെ താളുകള്‍ രചിക്കപ്പെടുന്നത് എന്നതിനാല്‍ എല്ലാവര്‍ക്കും ഇതില്‍ പങ്കാളിയാകാന്‍ കഴിയുന്നു. ഇന്റര്‍നെറ്റിലെ മാര്‍ക്കപ്പ് ഭാഷയായ എച്ച്.ടി.എം.എല്‍-നെ സാധാരണ വിക്കികള്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കാറുണ്ട്. എങ്കിലും വിക്കിയില്‍ ഉപയോഗിക്കപ്പെടുന്ന മാര്‍ക്കപ്പകള്‍ അതിലും ലളിതമാണ്. വിക്കി പേജുകള്‍ രചിക്കാനോ, മാറ്റങ്ങള്‍ വരുത്താനോ, വെബ് ബ്രൌസര്‍ ഒഴികെ മറ്റൊരു സോഫ്റ്റ്വെയറും വേണ്ട എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. വിക്കിപേജുകള്‍ തമ്മില്‍ ലിങ്കുകളിലൂടെ ബന്ധിപ്പിക്കാവുന്നതാണ്. വിക്കി താളുകളില്‍ വരുത്തുന്ന മാറ്റങ്ങളൊക്കെ അപ്പപ്പോള്‍ തന്നെ പ്രാബല്യത്തില്‍ വരും.


സാധാരണയായി ഏതു വായനക്കാരനും വിവരങ്ങളില്‍ മാറ്റംവരുത്താനുള്ള സൗകര്യം വിക്കി താളുകള്‍ നല്കാറുണ്ട്. എങ്കിലും ചില വിക്കിപേജുകളില്‍ ഇത് റജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്കു മാത്രമായി ചുരുക്കാറുണ്ട്.


സ്വന്തന്ത്രവിജ്ഞാനകോശം വിക്കിരൂപത്തില്‍:

ആര്‍ക്കും എഴുതാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രണേതാവായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 1999-ല്‍ മുന്നോട്ടു വച്ചിരുന്നു. ആ ആശയത്തിനെ പ്രാവര്‍ത്തികമാക്കാനുള്ള ആദ്യശ്രമം റിക്ക് ഗേറ്റ്സിന്റെ ഇന്റര്‍പീഡിയ ആയിരുന്നു. എങ്കിലും അത്‌ പ്ലാനിങ് ഘട്ടം കഴിഞ്ഞ് അധികം മുന്നോട്ടുപോയില്ല.


അതാത് വിഷയങ്ങളിലെ പ്രമുഖരുടെ ലേഖനങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ന്യൂപീഡിയ ആയിരുന്നു അടുത്തത്‌. ജിമ്മി വെയില്‍‌സും സഹായി ലാരി സാങറും ആയിരുന്നു അതിന്റെ ശില്‍പ്പികള്‍ ലേഖനങ്ങളുടെ ഗുണമേന്മയ്ക്കു കൊടുത്തിരുന്ന അമിതപ്രാധാന്യമാവാം, അതിന്റെ വളര്‍ച്ച മെല്ലെയായിരുന്നു. അതുകൊണ്ട്‌, ന്യൂപീഡിയയെ സഹായിക്കാനായി പൊതുജനങ്ങള്‍ക്കെല്ലാം ഒരു പോലെ എഡിറ്റ് ചെയ്യാനാവുന്ന വിക്കിപീഡിയ എന്ന സംരംഭം ജിമ്മി വെയില്‍‌സും സഹായി ലാരി സാങറും ചേര്‍ന്ന് ആരംഭിച്ചു. അതിശയമെന്നു പറയട്ടെ, ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെയും കടത്തി വെട്ടിയ വിക്കിപീഡിയ, കാലാന്തരത്തില്‍ തനതുവ്യക്തിത്തമുള്ള സ്വതന്ത്രവിജ്ഞാനകോശമായിമാറി. വിക്കിമീഡിയ ഫൌണ്ടേഷന്‍ എന്ന ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ ഇപ്പോള്‍ വിക്കിപീഡിയയെ നിയന്ത്രിക്കുന്നത്‌.

വളരെയധികം ഉപയോക്താക്കള്‍ തുടര്‍ച്ചയായി വിക്കിപീഡിയ മെച്ചപ്പെടുത്തുന്നുണ്ട്. ആയിരക്കണക്കിനു മാറ്റങ്ങള്‍ ഒരോ മണിക്കൂറിലും അവര്‍‍ നടത്തുന്നുമുണ്ട്. ഈ മാറ്റങ്ങള്‍ എല്ലാംതന്നെ വിക്കിപീഡിയ സൂക്ഷിച്ച് വെക്കുന്നുണ്ട്. അനാവശ്യ മാറ്റങ്ങള്‍ വളരെ പെട്ടെന്നു തന്നെ സാധാരണയായി ഒഴിവാക്കാറുണ്ട്. അതുപോലെ തുടര്‍ച്ചയായി ശല്യപ്പെടുത്തുന്ന നിയമവിരുദ്ധരെ മാറ്റങ്ങള്‍ വരുത്തുന്നതില്‍ നിന്നും തടയാറുണ്ട്.

നിലവില്‍ 229 ഭാഷകളില്‍ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട് എന്നുപറഞ്ഞല്ലോ. മൃതമായി കൊണ്ടിരുന്ന പല ഭാഷകളും ലിപികളും വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങളിലൂടെ പുനര്‍ജീവിച്ചു കൊണ്ടിരിക്കുന്നു. ഇരുപത്തഞ്ചുലക്ഷത്തിലധികം ലേഖനങ്ങളുള്ള വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പാണ് ഈ സംരംഭത്തിന്റെ പതാകവാഹക‍. തുടങ്ങിയ ആദ്യവര്‍ഷത്തില്‍ തന്നെ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. ഒരു ദിവസം 6 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ഇംഗ്ലീഷ് വിക്കിപീഡിയ റഫര്‍ ചെയ്യുന്നു.


വിവരങ്ങളുടെ ആധികാരികത:

വിക്കിപീഡിയ തുടങ്ങിയ കാലത്ത്‌ അതൊരു മഹാപ്രസ്ഥാനമായി മാറുമെന്ന്‌ വിചാരിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. എന്നാലിന്ന്‌, ബ്രിട്ടാണിക്ക എന്‍സൈക്ലോപീഡിയയോടൊപ്പം തന്നെ നില്‍ക്കുന്ന ഒരു സ്വതന്ത്ര, സൌജന്യ വിജ്ഞാനകോശമായി മാറിക്കഴിഞ്ഞു വിക്കിപീഡിയ എന്ന് ശാസ്ത്രലോകത്തെ ഏറ്റവും പേരുകേട്ട മാഗസിനായ നേച്ചര്‍ അത്‌ ശാസ്ത്രീയമായ രീതികളുപയോഗിച്ച്‌ സ്ഥിരീകരിച്ചു. അതിങ്ങനെയാണ്: ബ്രിട്ടാണിക്കയിലേയും വിക്കിപീഡിയയിലേയും ലേഖനങ്ങള്‍ എവിടെ നിന്നെടുത്തതാണെന്നറിയിക്കാതെ അതാത്‌ വിഷയങ്ങളിലെ പ്രമുഖരെ കാണിച്ചു. അവയിലെ തെറ്റുകളും കുറവുകളും രേഖപ്പെടുത്തി. അവസാനം കൂട്ടിനോക്കിയപ്പോള്‍ രണ്ടിന്റേയും വിവിധ വിഷയങ്ങളിലെ ശരാശരി സ്കോര്‍ ഒപ്പത്തിനൊപ്പം!

മലയാളം വിക്കീപീഡിയയുടെ സഹോദര സംരംഭങ്ങള്‍:

വിക്കിപീഡിയ എന്ന ഓണ്‍‌ലൈന്‍ വിജ്ഞാനകോശത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയെത്തുടര്‍ന്ന് വിക്കിമീഡിയ ഫൌണ്ടേഷന്‍ ഇതര വിവരശേഖരണ മേഖലകളിലേക്കും ശ്രദ്ധതിരിച്ചു. സ്വതന്ത്ര ബഹുഭാഷാ നിഘണ്ടുവായ വിക്‍ഷ്ണറി, പഠനസഹായികളും മറ്റും ചേര്‍ക്കുന്ന വിക്കിബുക്ക്സ്, സിറ്റിസണ്‍ ജേണലിസത്തെ പ്രോത്സാഹിപ്പിക്കുന്ന വിക്കിന്യൂസ്, പകര്‍പ്പവകാശകാലാവധി കഴിഞ്ഞ പുസ്തകങ്ങള്‍ ശേഖരിച്ചുവയ്ക്കുന്ന വിക്കിസോഴ്സ്, ഓണ്‍‌‌ലൈന്‍ പരിശീലനം നല്‍കുന്നു വിക്കിവാഴ്സിറ്റി, ചൊല്ലുകള്‍ ശേഖരിച്ചുവയ്ക്കുന്ന വിക്കിക്വോട്ട്സ് എന്നിങ്ങനെ ഒട്ടേറെ സഹോദര സംരംഭങ്ങള്‍ വിക്കിപീഡിയയ്ക്കുണ്ട്.


ഇതില്‍ വിക്കിസോഴ്സ് മലയാളത്തില്‍ വിക്കിഗ്രന്ഥശാല എന്ന പേരിലും, വിക്ക്ഷ്ണറി വിക്കിനിഘണ്ടു എന്ന പേരിലും, വിക്കിബുക്സ് വിക്കിപാഠശാല എന്ന പേരിലും വിക്കിക്വോട്സ് വിക്കിചൊല്ലുകള്‍ എന്ന പേരിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പദ്ധതികളെല്ലാം തന്നെ മലയാളത്തില്‍ ശൈശവദശയിലാണെന്നു പറയാം. മേല്‍പ്പറഞ്ഞവയില്‍ മിക്കവയ്ക്കും മലയാളത്തില്‍ ഏറെ പ്രസക്തിയുണ്ട്. ഇവയോരോന്നിനെപ്പറ്റിയും അല്പം വിശദമാക്കാം.

വിക്കിഗ്രന്ഥശാല (http://ml.wikisource.org)

കഴിഞ്ഞകാലത്തിലെ അമൂല്യഗ്രന്ഥങ്ങള്‍ ശേഖരിക്കുന്ന വിക്കിയാണ് വിക്കിഗ്രന്ഥശാല (http://ml.wikisource.org). പകര്‍പ്പവകാശ പരിധിയില്‍ വരാത്ത പ്രാചീന കൃതികള്‍ (ഉദാ: ബൈബിള്‍, ഖുറാന്‍, വേദങ്ങള്‍), പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ കൃതികള്‍ (ഉദാ: കേരളപാണിനീയം, ആശാന്‍ കവിതകള്‍, ഐതിഹ്യമാല), പകര്‍പ്പവകാശത്തിന്റെ അവകാശി പൊതുസഞ്ചയത്തിലാക്കിയ കൃതികള്‍ എന്നിങ്ങനെ മൂന്നു തരം കൃതികളാണു വിക്കി ഗ്രന്ഥശാലയില്‍ ചേര്‍ക്കാവുന്നത്.


പ്രവാസി മലയാളിയായ ശ്രീ. നിഷാദ് കൈപ്പള്ളി യൂണിക്കോഡില്‍ എന്‍‌കോഡ് ചെയ്തതും മലയാളത്തിലെ ആദ്യത്തെ യൂണിക്കോഡ് ഗ്രന്ഥവുമായ സത്യവേദപുസ്തകം ആണു മലയാളം വിക്കിഗ്രന്ഥശാലയില്‍ ആദ്യമായി ചേര്‍ക്കപ്പെട്ട ഗ്രന്ഥം. അതിനു ശേഷം അദ്ധ്യാത്മരാമായണം, ശ്രീമദ് ഭാഗവതം, സൗന്ദര്യലഹരി എന്നിവയുടെ മൂല സംസ്കൃത കൃതി മലയാളലിപിയില്‍ വിക്കിഗ്രന്ഥശാലയിലെത്തി. അതിനെത്തുടര്‍ന്നു ഖുറാന്റെ മലയാളപരിഭാഷയും വിക്കിഗ്രന്ഥശാലയിലെത്തി. കുമാരനാശാന്റെ സമ്പൂര്‍ണ്ണ കവിതകള്‍, കേരളപാണിനീയം, ഐതിഹ്യമാല എന്നിവയാണു ഇപ്പോള്‍ വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കാന്‍ ഉള്ള ശ്രമം നടക്കുന്നത്. പകര്‍പ്പവകാശകാലവധി കഴിഞ്ഞ പ്രശസ്തമായ നിരവധി കൃതികള്‍ വിക്കിഗ്രന്ഥശാലയില്‍ ആക്കാനുള്ള പദ്ധതി ഉണ്ട്. പക്ഷെ അതിനു കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വിക്കിഗ്രന്ഥശാലയുടെ ഭാഗമായെങ്കിലേ സാധിക്കുകയുള്ളൂ.

വിക്കിനിഘണ്ടു‌ (http://ml.wiktionary.org/)

നിര്‍വചനങ്ങള്‍, ശബ്‌ദോത്‌പത്തികള്‍, ഉച്ചാരണങ്ങള്‍‍, മാതൃകാ ഉദ്ധരണികള്‍, പര്യായങ്ങള്‍‍, വിപരീത‍പദങ്ങള്‍, തര്‍ജ്ജമകള്‍ എന്നിവയടങ്ങുന്ന ഒരു സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു സൃഷ്ടിക്കുവാനുള്ള ഒരു സഹകരണ പദ്ധതിയാണ് മലയാളം വിക്കിനിഘണ്ടു‌.മലയാളം വാക്കുകള്‍ക്ക് തത്തുല്യമായ ഇതരമലയാള പദങ്ങളും അതേ പോലെ അന്യഭാഷാ പദങ്ങളുടെ മലയാളത്തിലുള്ള അര്‍ത്ഥവും മറ്റും ചേര്‍ത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ ഈ സംരംഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. നിലവില്‍ ഏതാണ്ടു 3000-ത്തോളം പദങ്ങളുടെ നിര്‍വചനമാണു വിക്കിനിഘണ്ടുവില്‍ ഉള്ളത്. ഇതില്‍ 2250ഓളം നിര്‍വചനങ്ങള്‍ മലയാള വാക്കുകലുടേതാണ്. ഇതിനു പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, കൊറിയന്‍, ഹിന്ദി, തമിഴ്, ചൈനീസ് എന്നീ ഭാഷകളിലെ വാക്കുകളും അവയുടെ മലയാളത്തിലുള്ള നിര്‍വചനവും ഈ വിക്കിയിലുണ്ട്.

വിക്കിപാഠശാല, വിക്കിചൊല്ലുകള്‍:
(http://ml.wikibooks.org/, http://ml.wikiquote.org/)

വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ആവശ്യമായ പഠനസഹായികളും മറ്റും പുതുതായി രചിച്ചു ചേര്‍ക്കുന്ന വിക്കിപാഠശാലയും പ്രയോജനപ്രദമായ ഒരു വിക്കിയാണ്. മത്സരപ്പരീക്ഷാ സഹായികള്‍, വിനോദയാത്രാ സഹായികള്‍, പഠനസഹായികള്‍ എന്നിവ ആര്‍ക്കും രചിച്ചുചേര്‍ക്കാവുന്ന ഈ പദ്ധതി വരും കാലങ്ങളില്‍ ഏറെപ്രയോജനപ്പെട്ടേക്കും.

പഴഞ്ചൊല്ലുകള്‍, പ്രസിദ്ധരായ വ്യക്തികളുടെ മൊഴികള്‍, പ്രസിദ്ധമായ പുസ്തകങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയിലുള്ള ഉദ്ധരിണികള്‍ എന്നിവ ശേഖരിക്കുന്ന വിക്കിയാണ് വിക്കി ചൊല്ലുകള്‍ നിലവില്‍ ഈ രണ്ടു വിക്കി സംരംഭത്തില്‍ വലിയ പ്രവര്‍ത്തനങ്ങളില്ല. വിജ്ഞാനം പങ്കു വെക്കുവാന്‍ തയ്യാറുള്ള ധാരാളം പ്രവര്‍ത്തകര്‍ വന്നാലേ ഈ സംരഭങ്ങള്‍ സജീവമാകൂ.


മലയാളം വിക്കിപീഡിയ - ലഘു ചരിത്രം:

2002 ഡിസംബര്‍ 21-നു അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശിയായ വിനോദ് മേനോന്‍ എം. പി യാണ് മലയാളം വിക്കിപീഡിയക്കു (http://ml.wikipedia.org/) തുടക്കം ഇട്ടതു. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ രണ്ട് വര്‍ഷത്തോളം മലയാളം വിക്കിയെ സജീവമായി വിലനിര്‍ത്താന്‍ പ്രയത്നിച്ചതും. കുറേ കാലത്തോളം അദ്ദേഹം ഒറ്റക്കായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. മലയാളം വിക്കിപീഡിയയുടെ ആരംഭകാലങ്ങളില്‍ ഉണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു.

ബാലാരിഷ്ടതകള്‍:

മലയാളം പോലുള്ള ഭാഷകള്‍ക്ക് കമ്പ്യൂട്ടറില്‍ എഴുതാനും വായിക്കാനുമുപയോഗിക്കുന്ന ലിപിവ്യവസ്ഥകളില്‍ ആദ്യമൊന്നും പൊതുവായ മാനദണ്ഡമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഇത്തരം ഭാഷയില്‍ എഴുതുന്ന ലേഖനങ്ങള്‍ വായിക്കാന്‍ പ്രസ്തുത ലേഖനം എഴുതിയ ആള്‍ ഉപയോഗിച്ച ഫോണ്ടും കമ്പ്യൂട്ടര്‍ വ്യവസ്ഥയും തന്നെ ഉപയോഗിക്കണം എന്ന സ്ഥിതി ആയിരുന്നു. യുണികോഡ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടര്‍ ലിപിവ്യവസ്ഥ വന്നതോടുകൂടി മലയാളം കമ്പ്യൂട്ടറിനു വഴങ്ങുന്ന ഒന്നായി. എല്ലാഭാഷയ്ക്കും തനതായ ലിപിസ്ഥാനങ്ങല്‍ നിശ്ചയിച്ചുകൊണ്ട് അന്താരാഷ്ട്രതലത്തില്‍ നിലവില്‍ വന്നിട്ടുള്ള സംവിധാനമാണ് യുണികോഡ്. മലയാളം യൂണിക്കോഡ് സാര്‍‌വത്രികമായി ഉപയോഗിക്കുവാന്‍ തുടങ്ങിയതോടെയാണ്‌ മലയാളം വിക്കിപീഡിയ സജീവമായത്.


പക്ഷെ ഒന്നോ രണ്ടോ പേര്‍ ചേര്‍ന്ന് ഇത്രയും ബൃഹത്തായ ഒരു പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നത് അസാദ്ധ്യമായതിനാല്‍ മലയാളം വിക്കിപീഡിയയുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. 2002-ല്‍ തുടങ്ങിയിട്ടും 2004 വരെ മലയാളം വിക്കിയില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. 2004 മധ്യത്തോടെ മലയാളം യുണിക്കോഡ് എഴുത്തു സാമഗ്രികള്‍ സജീവമായിത്തുടങ്ങിയിരുന്നു. ബ്ലോഗുകളിലും മറ്റും പ്രചരിച്ച ഇത്തരം ടൈപ്പിങ്ങ് ഉപകരണങ്ങളുടെ സഹായത്തോടെ ഏതാനും പേര്‍ വിക്കിപീഡിയയിലും സ്ഥിരമായി എത്തിത്തുടങ്ങി.


മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും ഇക്കാലത്ത് ചെറിയ ലേഖനങ്ങളായിരുന്നു അധികവും. അവ മൊത്തത്തില് നൂറെണ്ണം പോലും തികഞ്ഞിരുന്നുമില്ല. 2004 ഡിസംബറിലാണ് മലയാളം വിക്കിയില്‍ നൂറു ലേഖനങ്ങള്‍ തികയുന്നത്. 2005 മധ്യത്തോടെ പിന്നെയും പുതിയ അംഗങ്ങള്‍ എത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാള്‍ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങള്‍ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറില്‍ മലയാളം വിക്കിപീഡിയയ്ക്കു ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഒരു മാസത്തിനുശേഷം ഇതേയാള്‍ ആദ്യത്തെ ബ്യൂറോക്രാറ്റുമായി. ഇതോടെ സാങ്കേതിക കാര്യങ്ങളില്‍ മെറ്റാ വിക്കിയിലെ പ്രവര്‍ത്തകരെ ആശ്രയിക്കാതെ മലയാളം വിക്കിപീഡിയക്കു നിലനില്‍ക്കാം എന്ന സ്ഥിതിയായി.


2006-ലെ കുതിപ്പ് :

മലയാളികള്‍ക്ക് മലയാളം ടൈപ്പ് ചെയ്യായനുള്ള അജ്ഞത മൂലം മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. 2006ലാണ് ഇതിനുമാറ്റം കണ്ടുതുടങ്ങിയത്. യൂണീക്കോഡ് മലയാളം ഉപയോഗിച്ച് കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലും അമേരിക്കന്‍ ഐക്യനാടുകളിലും ഉള്ള അനേകര്‍ മലയാളത്തില്‍ ബ്ലോഗു ചെയ്യുവാന്‍ തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ്ങ് അനായസം പഠിച്ചെടുത്ത ഇവരില്‍ പലരുടേയും ശ്രദ്ധ ‍ക്രമേണ വിജ്ഞാന സംഭരണ സംരംഭമായ വിക്കിപീഡിയയിലേക്ക് തിരിഞ്ഞു.


അങ്ങനെ കുറച്ച് സജീവ പ്രവര്‍ത്തകര്‍ വിക്കിപീഡിയയിലെത്തിയതോടെ ലേഖനങ്ങളുടെ എണ്ണവും ഉള്ളടക്കത്തിന്റെ വൈവിധ്യവും മെച്ചപ്പെട്ടു. 2006 ഏപ്രില്‍ 10ന് മലയാളം വിക്കിയില്‍ അഞ്ഞൂറാമത്തെ ലേഖനം പിറന്നു. ലേഖനങ്ങളുടെ എണ്ണം അതേവര്‍ഷം സെപ്റ്റംബറില്‍ 1000-വും, നവംബറില്‍ 1500ഉം ആയി ഉയര്‍ന്നു. ഈ കുതിപ്പ് ഇപ്പോഴും തുടരുകയാണ്. 2007 ഡിസംബര്‍ 12-നു ലേഖനങ്ങളുടെ എണ്ണം 5000 പിന്നിട്ടു. നിലവില്‍ (2008 സെപ്റ്റംബര്‍ മാസത്തില്‍) മലയാളം വിക്കിപീഡിയയില്‍ 7700 നു മേല്‍ ലേഖനങ്ങള്‍ ഉണ്ട്.

തിരഞ്ഞെടുത്ത ലേഖനങ്ങള്‍:

വിക്കിപീഡിയയുടെ വെബ് വിലാസത്തിന്റെ പ്രധാനതാളില്‍ വരാനുള്ള ലേഖനങ്ങളാണ് തിരഞ്ഞെടുത്ത ലേഖനങ്ങള്‍. വായനക്കാരന്റെ ശ്രദ്ധയില്‍ ആദ്യം പെടുന്ന ലേഖനമായതുകൊണ്ട് ഈ ലേഖനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ വിക്കിപീഡിയയിലെ ലേഖകര്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തുന്നു.


എല്ലാ മാസവും തിരഞ്ഞെടുത്ത ലേഖനം ആകുവാന്‍ സമര്‍പ്പിക്കപ്പെടുന്ന പല ലേഖനങ്ങള്‍ ഉണ്ടാവാം. ഇതില്‍ നിന്ന് ജനാധിപത്യ പ്രക്രിയയിലൂടെ വിക്കിപീഡിയര്‍ എല്ലാ മാസവും ഓരോ ലേഖനങ്ങളെ തിരഞ്ഞെടുക്കുന്നു. ഇംഗ്ലീഷ് പോലുള്ള വിക്കിപീഡിയകളില്‍ എല്ലാ ദിവസവും പുതിയ ലേഖനങ്ങളെ തിരഞ്ഞെടുത്ത് പ്രധാന താള്‍ പുതുക്കാരുണ്ട്. സാമാന്യം പൂര്‍ണ്ണമായ ഉള്ളടക്കവും കൃത്യതയും ഉള്ള ലേഖനങ്ങളെയാണ് തിരഞ്ഞെടുത്ത ലേഖനങ്ങളാവാന്‍ സമര്‍പ്പിക്കുക. ഒരു ലേഖനം തിരഞ്ഞെടുത്ത ലേഖനം ആവുന്നതിനു മുന്‍പ് വിക്കിപീഡിയര്‍ ഈ ലേഖനത്തില്‍ ധാരാളം തിരുത്തലുകള്‍ വരുത്തുന്നു. ലേഖനത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ചേര്‍ത്ത് ലേഖനം സമ്പൂര്‍ണ്ണമാക്കുന്നതിനും, ചെറുതും വലുതുമായ തെറ്റുകള്‍ തിരുത്തുന്നതിനും വിക്കിപീഡിയര്‍ ശ്രദ്ധിക്കുന്നു. ലേഖനത്തിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഗ്രന്ഥങ്ങളെയും മറ്റ് വിജ്ഞാന ശ്രോതസ്സുകളെയും കുറിച്ചുള്ള വിവരങ്ങളും വിക്കിപീഡിയര്‍ ലേഖനത്തിനു അവലംബമായി ചേര്‍ക്കുന്നു. ലേഖനത്തിനു ആവശ്യമായ ചിത്രങ്ങളും ചേര്‍ക്കുമ്പോള്‍ വിജ്ഞാനപ്രദമായ ഒരു സമ്പൂര്‍ണ്ണലേഖനം പിറക്കുകയായി.


ലേഖനങ്ങളുടെ ഭാഷാപരമായ ഗുണങ്ങളും കോട്ടങ്ങളും

വലിയൊരു സംഘം വിക്കിപീഡിയര്‍ ആണ് വിക്കിപീഡിയയിലെ ലേഖനങ്ങള്‍ തയ്യാറാക്കുന്നത്. ചിലര്‍ക്ക് അനേകം വിജ്ഞാനശകലങ്ങള്‍ കൈമുതലായുണ്ടാവും, ചിലര്‍ക്ക് അസാമാന്യമായ ഭാഷാസ്വാധീനമുണ്ടാവും. വിജ്ഞാനശകലങ്ങള്‍ ചേര്‍ക്കുന്നവര്‍ക്കുണ്ടായേക്കാവുന്ന ഭാഷാപരമായ തെറ്റുകള്‍ ഭാഷയില്‍ സ്വാധീനമുള്ള ലേഖകര്‍ ശരിയാക്കുന്നു. അങ്ങിനെ നിരവധിപേരുടെ നിരന്തരമായ തിരുത്തലുകള്‍ക്കൊടുവില്‍ നല്ല ലേഖനങ്ങള്‍ ഉണ്ടാകുന്നു.

ഇംഗ്ലീഷ് വിക്കിപീഡിയയില്‍ പലപ്പോഴും ഭൂരിപക്ഷം ആളുകളുടെ അഭിപ്രായം സത്യം എന്ന രൂപത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ സാദ്ധ്യതയുണ്ടാവാറുണ്ട്. ഉദാ‍ഹരണത്തിന് കശ്മീര്‍ പ്രശ്നം - ഇതില്‍ പാക്കിസ്ഥാന്‍ വംശജരെക്കാളും കൂടുതല്‍ വിക്കിപീഡിയ ഉപയോക്താക്കള്‍ ഇന്ത്യയില്‍ നിന്ന് ഉള്ളവരായതിനാല്‍ ലേഖനത്തിന് ഇന്ത്യാ അനുകൂല ചായ്‌വ് വരാന്‍ സാദ്ധ്യതയുണ്ട്. അതുപോലെ തന്നെ ബെല്‍ഗാം ജില്ലയെച്ചൊല്ലി മഹാരാഷ്ട്രയും കര്‍ണ്ണാടകയും തമ്മില്‍ ഉള്ള തര്‍ക്കം. വിവിധ രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ചുള്ള ലേഖനങ്ങള്‍, അന്താരാഷ്ട്ര തര്‍ക്കങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ചുള്ള ലേഖനങ്ങള്‍, എന്നിവയൊക്കെ തര്‍ക്ക വിഷയങ്ങള്‍ ആവാറുണ്ട്. അനേകം ഉപയോക്താക്കള്‍ തങ്ങളുടെ കാഴ്ച്ചപ്പാട് അനുസരിച്ച് ലേഖനം മാറ്റി എഴുതുമ്പോള്‍ പലപ്പൊഴും ഒരാള്‍ എഴുതിയ കാര്യങ്ങള്‍ പുതുതായി എഴുതുന്ന ആള്‍ മായ്ച്ചുകളയാറുമുണ്ട്. ഇങ്ങനെ വരുമ്പൊള്‍ വിക്കിപീഡിയയുടെ കാര്യ നിര്‍വ്വാഹകര്‍ ലേഖനത്തിന്റെ നിഷ്പക്ഷത സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ലേഖനത്തെ തിരുത്തല്‍ യുദ്ധത്തില്‍ നിന്നും സംരക്ഷിക്കേണ്ട ചുമതലയും പലപ്പോഴും ഇവര്‍ക്കാണ്.

പലഭാഷകളിലുള്ള വിക്കിപീഡിയകള്‍:

2001, ജനുവരി 15-നു ഇംഗ്ലീഷിലാണ് ആദ്യ വിക്കിപീഡിയ തുടങ്ങുന്നത്. 2001 മാര്‍ച്ച് 16നു ആരംഭിച്ച ജര്‍മ്മന്‍ ഭാഷയിലുള്ള വിക്കിപീഡിയയാണ് രണ്ടാമത്തെ വിക്കിപീഡിയ. തുടര്‍ന്നുള്ള മാസങ്ങളില്‍ ഫ്രഞ്ച്, ചൈനീസ്, ഡച്ച്, ഹീബ്രു, ഇറ്റാലിയന്‍, റഷ്യന്‍ തുടങ്ങിയ ഭാഷകളില്‍ വിക്കിപീഡിയ ആരംഭിച്ചു.
വര്‍ഷം ഒന്നു കഴിഞ്ഞ് 2002 പകുതി ആയിട്ടും ഒരു ഇന്ത്യന്‍ ഭാഷയില്‍ പോലും വിക്കി ആരംഭിക്കാനുള്ള ശ്രമങ്ങള്‍‍ ഉണ്ടായില്ല. ഈ വഴിക്കുള്ള ആദ്യത്തെ ശ്രമം ഉണ്ടായത് 2002 ജൂണ്‍ മാസത്തില്‍ പഞ്ചാബി, അസ്സാമീസ്, ഒറിയ ഭാഷകളില്‍ ഉള്ള വിക്കിപീഡിയ ആരംഭിച്ചപ്പോഴാണ്. പക്ഷെ നിര്‍ഭാഗ്യകരം എന്നു പറയട്ടെ ഇന്ത്യന്‍ ഭാ‍ഷകളിലെ ആദ്യത്തെ വിക്കിപീഡിയകളായ ഇവ മൂന്നും ഇപ്പോള്‍ നിര്‍ജീവം ആണ്. ഈ മൂന്നു ഭാഷകള്‍ കഴിഞ്ഞാല്‍ വേറൊരു ഇന്ത്യന്‍ ഭാഷയില്‍ വിക്കിപീഡിയ ആരംഭിക്കുന്നത് മലയാളത്തിലാണ്.


മലയാളത്തിനു ശേഷം 2003-ഫെബ്രുവരിയില്‍‍ ബീഹാറി, മെയ് 2003-നു മറാഠി, ജൂണ്‍ 2003-നു കന്നഡ, ജൂലൈ 2003-നു ഹിന്ദി, സെപ്തംബര്‍ 2003-നു തമിഴ്, ഡിസംബര്‍ 2003-നു തെലുഗ്, ഗുജറാത്തി, ജനുവരി 2004-നു ബംഗാളി എന്നിങ്ങനെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഉള്ള വിക്കിപീഡിയകള്‍ ആരംഭിച്ചു.


അഭിമാനകരമായ നേട്ടം:

മലയാളികള്‍ എന്നനിലയില്‍ നമുക്കഭിമാനിക്കാവുന്ന പലപ്രത്യേകതകള്‍ മലയാളം വിക്കിപീഡിയയ്ക്കുണ്ട്.

പ്രസിദ്ധീകൃത ലേഖനങ്ങളുടെ മൂല്യത്തിന്റെ കാര്യത്തില് ലോകത്തുള്ള എല്ലാ സജിവ വിക്കിപ്പീഡിയകളുടേയും വിവിധ ഭാഷാപതിപ്പുകളില്‍ മലയാളം വിക്കിപീഡിയയുടെ സ്ഥാനം മൂന്നാമതാണു‌. ഉള്ളടക്കത്തിലെ ആഴത്തിന്റെ കാര്യത്തില്‍ ഇംഗ്ലീഷിനും ഹീബ്രുവിനും മാത്രം പിന്നാലെ 117 പോയിന്റോടെയാണ്‌ മലയാളം മൂന്നാംസ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ഇംഗ്ലീഷിന്‌ 375-ഉം ഹീബ്രുവിന്‌ 163-ഉം പോയിന്റാണുള്ളത്‌.

മലയാളത്തേക്കാള്‍ ലേഖനങ്ങളുള്ള തെലുങ്കിന്‌ 3-ഉം ഹിന്ദിക്ക്‌ 5-ഉം ബംഗാളിക്ക്‌ 44-ഉം തമിഴിന്‌ 20-ഉം പോയിന്റുകള്‍ മാത്രമേയുള്ളൂ എന്നുകൂടി അറിയുക. ഓരോ ഭാഷയിലേയും ലേഖനങ്ങളുടെ ആഴം തീരുമാനിക്കുന്നത്‌ വിക്കിയുടെ ഗുണമേന്മാ മാനകം അടിസ്ഥാനമാക്കിയാണ്‌. ​‍Depth=[(Edits/Articles) × (Non-Articles/Articles) × (Stub-ratio)] എന്ന സമവാക്യം ഉപയോഗിച്ചാണ്‌ ഇത്‌ കണക്കാക്കുക. അതായത്‌ ലേഖനങ്ങൾക്കുമേല്‍ നടന്ന തിരുത്തലുകളുടെ എണ്ണത്തെയും അംഗങ്ങളുടെ താള്‍, സംവാദ താള്‍, പ്രോജക്ട്‌ താള്‍, ചിത്രങ്ങള്‍, വിഭാഗങ്ങള്‍, ടെംപ്ലേടുകള്‍ തുടങ്ങിയ ലേഖനങ്ങളല്ലാത്ത വിക്കി താളുകളുടെ എണ്ണത്തെയും, ലേഖനങ്ങളുടെ എണ്ണമുപയോഗിച്ച്‌ വെവ്വേറെ ഹരിച്ചുകിട്ടുന്ന സംഖ്യകളെ സ്റ്റബ്‌ അനുപാതവുമായി ഗുണിച്ച്‌ ലഭിക്കുന്ന സംഖ്യയാണ്‌ ആഴം. ഇത്‌ അക്കാദമിക്‌ ഗുണമേന്മയായി പരിഗണിച്ചുകൊള്ളണമെന്നില്ല. എന്നാല്‍ വിക്കി മാനകമനുസരിച്ചുള്ള നിലവാരം അവയ്ക്കുണ്ടാവും.

മറ്റു ഇന്ത്യന്‍ ഭാഷകളിലുള്ള വിക്കിപീഡിയകളുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളം വിക്കിപീഡിയയുടെ പ്രത്യേകതകള്‍ താഴെ പറയുന്നവയാണ്.


· ഏറ്റവും അധികം ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ വിക്കിപീഡിയ
· നൂറ്‌ ബൈറ്റ്സിനുമേല്‍ വലിപ്പമുള്ള 50നു മേല്‍ ലേഖനങ്ങളുള്ള ഏക ഇന്ത്യന്‍ വിക്കിപ്പീഡിയ
· ഏറ്റവും അധികം സജീവ ഉപയോക്താക്കള്‍ ഉള്ള ഇന്ത്യന്‍ വിക്കിപീഡിയ
· ഏറ്റവും കൂടുതല്‍ രെജിസ്റ്റേര്‍ഡ് യൂസേര്‍സ് ഉള്ള ഇന്ത്യന്‍ വിക്കിപീഡിയ.

പക്ഷെ ഇതു ഒരു നേട്ടം എന്നതിലുപരി കോട്ടമായി കാണാനാണു ഞാന്‍ ഇഷ്ടപ്പെടുന്നത്. 5000 ത്തോളം മലയാളികള്‍ വിക്കിപീഡിയ എന്താണെന്നു മനസ്സിലാക്കി മലയാളം വിക്കിപീഡിയയില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷെ അതില്‍ വെറും 50തില്‍ താഴെ പേര്‍ മാത്രമാണു വിക്കിപീഡിയയില്‍ സജീവമായി എഡിറ്റ് നടത്തുന്നത്. അതായതു രെജിസ്റ്റേര്‍ഡ് അംഗങ്ങളുടെ 1% ത്തില്‍ താഴെ പേര്‍ മാത്രം. ഇതു വളരെ ഖേദകരമാണു. രെജിസ്റ്റേര്‍ഡ് അംഗങ്ങളുടെ 5% പേരെങ്കിലും വിക്കിപീഡിയയില്‍ സജീവരായി തിരുത്തലുകള്‍ നടത്തണം എന്നാണു എന്റെ സ്വകാര്യ ആഗ്രഹം. എങ്കില്‍ മാത്രമേ നമ്മുടെ വിക്കിപീഡിയയുടെ നിലവാരം ഉയരൂ. കൂടുതല്‍ ആളുകള്‍ കാണുകയും തിരുത്തുകയും ചെയ്യുമ്പോള്‍ ലേഖനങ്ങളുടെ നിലവാരം ഉയരും എന്നതാണു വിക്കിപീഡിയയുടെ അടിസ്ഥാന നയം തന്നെ.

ഒരു ലേഖനത്തില്‍ ഏറ്റവും അധികം തിരുത്തലുകള്‍ നടക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിക്കിപീഡിയയും മലയാളം വിക്കിപീഡിയതന്നെ. ഇവിടെ തമിഴ് വിക്കിപീഡിയ നമ്മളേക്കാള്‍ ഒരു പോയിന്റ് മുന്നിലാണു. നമ്മുടെ പുതിയ ഉപയോക്താക്കള്‍ ലേഖനങ്ങള്‍ തുടങ്ങുന്നതിനു മാത്രം ശ്രദ്ധിക്കുന്നതു കൊണ്ടാണു ഇത്. പുതുതായി വിക്കിയിലെത്തുന്നവര്‍ ലേഖനം തുടങ്ങുന്നതിനൊപ്പം നിലവിലുള്ള ലേഖനങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടി ശ്രമിച്ചാല്‍ ഇതിലും നമുക്കു ഒന്നാമതെത്താം.

മലയാളികളെപ്പോലെ ഇത്രയധികം വിദ്യാസമ്പന്നരായ ഒരു ജനവിഭാഗം, അതും പലരാജ്യങ്ങളില്‍ പലമേഖലകളില്‍ ജോലിചെയ്യുന്നവര്‍, അവരില്‍ ഒരു ചെറിയ ശതമാനം മാത്രം ഇതില്‍ സജീവമാ‍യാല്‍ പോലും മലയാളം വിക്കീപീഡിയ പ്രോജക്റ്റിനെ നമുക്ക് ഒരു വന്‍ വിജയമാക്കിമാറ്റാന്‍ സാധിക്കും.

7 അഭിപ്രായങ്ങള്‍:

 1. Appu Adyakshari 28 September 2008 at 10:57  

  വിക്കിപീഡിയയുടെ തുടക്കം മുതലുള്ള ചരിത്രം ഷിജു അലക്സ് എഴുതുന്നു ഈ പോസ്റ്റില്‍

 2. ബോബനും മോളിയും 28 September 2008 at 21:28  

  ഷിജൂ, വളരെ വിജ്ഞാനപ്രദമായ ഒരു ലേഖനം. വിക്കിപീഡിയയുടെ വളര്‍ച്ച അത്ഭുതകരം തന്നെ.

 3. സാജന്‍| SAJAN 29 September 2008 at 15:15  

  ഷിജു, വായിച്ചു പലപ്പോഴും കരുതും അല്പ സമയം വിക്കിക്ക് വേണ്ടി മാറ്റിവെയ്ക്കണമെന്ന് അണ്ണാറക്കണ്ണനും തന്നാലയത് പോലെ, പക്ഷേ ഒരിക്കലും കഴിയാറില്ല.
  ഷിജുവിനോട് സംസാരിക്കുമ്പോള്‍ ആ ഒരു ചമ്മല്‍ ഉണ്ട്. പക്ഷേ ഒപ്പം നിങ്ങളെ പോലെ സുഹൃത്തുക്കളെ ഓര്‍ത്ത് സന്തോഷവും:)
  ആശംസകള്‍സ് സുഹൃത്തുക്കളെ!

 4. krish | കൃഷ് 29 September 2008 at 18:56  

  വിക്കിയെക്കുറിച്ച് പ്രസക്തമായ ലേഖനം.
  വിക്കിയിലേക്ക് വേണ്ടി ഷിജുവിന്റെ പ്രയത്നങ്ങള്‍ അഭിനന്ദനാര്‍ഹം തന്നെ.

 5. യൂസുഫ് അഹ് മദ് 28 September 2010 at 16:49  

  വളരെ കാലിക പ്രസക്തമായ ഒരു ലേഖനം ലേഖകന് എല്ലാ വിധ ആശസകളും അര്‍പ്പിക്കുന്നു.

 6. യൂസുഫ് അഹ് മദ് 28 September 2010 at 16:49  

  വളരെ കാലിക പ്രസക്തമായ ഒരു ലേഖനം ലേഖകന് എല്ലാ വിധ ആശസകളും അര്‍പ്പിക്കുന്നു.

 7. siraj padipura 21 June 2011 at 16:29  

  വിജ്ഞാനപ്രദമായലേഖനം നന്ദി

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP