ബ്ലോഗ് ഫ്ലാഗിംഗ്

>> 26.1.09

എന്താണ് ഫ്ലാഗ് ബട്ടണ്‍ എന്നറിയാമോ?

ഒരു ബ്ലോഗില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ 'objectionable' അഥവാ എതിര്‍ക്കത്തക്കതാണെന്ന് ബ്ലോഗര്‍ സമൂഹത്തിന് (ബ്ലോഗ് ഉപയോക്താക്കളും ബ്ലോഗ് വായനക്കാരും) തോന്നുന്നുണ്ടെങ്കില്‍ ആ ബ്ലോഗിനെ ഫ്ലാഗ് ചെയ്യാം. അതായത് ഈ വിവരം ഗൂഗിളിനെ നിങ്ങള്‍ക്ക് അറിയിക്കാം. ആവശ്യമെന്നുതോന്നിയാല്‍ ഗൂഗിള്‍ അതിന്റെ ഉള്ളടക്കം പരിശോധിക്കും.

ഒരു ബ്ലോഗിന്റെ മുകളറ്റത്തുള്ള നാവ് ബാറില്‍ നിങ്ങള്‍ക്ക് ഈ ബട്ടണ്‍ കാണാം FLAG BLOG എന്നപേരില്‍.


പക്ഷേ ബ്ലോഗര്‍ ടെമ്പ്ലേറ്റ് അല്ലാത്ത മറ്റു പല ടെമ്പ്ലേറ്റുകള്‍ ഉപയോഗിച്ചിരിക്കുന്ന ബ്ലോഗുകളില്‍ നാവിഗേഷന്‍ ബാര്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നതായി കാണാം. അത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് ബ്ലോഗറില്‍ നേരിട്ട് പരാതിപ്പെടാം.

എന്താണ് ഫ്ലാഗിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്?

'ദശലക്ഷക്കണക്കിനാളുകള്‍ക്ക് ആശയപ്രകാശനവേദി ഒരുക്കിക്കൊടുത്തിരിക്കുന്ന വേദി' യെന്ന് ഗൂഗിള്‍ തന്നെ വിശേഷിപ്പിക്കുന്ന ബ്ലോഗറില്‍ എന്തിനാണ് ഇങ്ങനെയൊരു സംവിധാനം എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നുന്നുണ്ടാവാം. ഫ്ലാഗിംഗ് എന്നത് സെന്‍സര്‍ഷിപ്പോ, വ്യക്തികളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഒരു വാളോ അല്ല. ഇതിനെപ്പറ്റി ബ്ലോഗര്‍ ഹെല്പ് പേജില്‍ വിശദമായി പറയുന്നുണ്ട്.

ഒറിജിനല്‍ പേജ് ഇവിടെ.

ബ്ലോഗര്‍ ഹെല്പ് പേജ് ഇങ്ങനെ പറയുന്നു. "പൊതുതാല്പര്യങ്ങളെക്കെതിരായ കാര്യങ്ങള്‍ ഒരു ബ്ലോഗില്‍ കാണുന്നുവെങ്കില്‍ അത് ഞങ്ങളെ അറിയിക്കുവാനുള്ള ഒരു എളുപ്പവഴി എന്ന നിലയിലാണ് ഫ്ലാഗ് ബട്ടണ്‍ ഞങ്ങള്‍ നാവ് ബാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിങ്ങള്‍, ഉപയോക്താക്കള്‍ ഇന്റര്‍നെറ്റിലെ ഞങ്ങളുടെ കണ്ണുകളാണ്; എതിര്‍ക്കപ്പെടേണ്ടതെന്ന് നിങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ കണ്ടെത്തിയാല്‍ ദയവായി ഞങ്ങളെ അറിയിക്കുക".

എതിര്‍ക്കപ്പെടേണ്ട ഉള്ളടക്കം എന്നതിനെ ഗൂഗിള്‍ അല്പം വിശാലമായ അര്‍ത്ഥത്തിലും, എന്നാല്‍ ഗൌരവപൂര്‍വ്വവുമായാണ് കാണുന്നതെന്ന് ഹെല്പ് പേജ് വായിച്ചാല്‍ മനസ്സിലാകും. ഒരു ബ്ലോഗ് പോസ്റ്റ് ഇഷ്ടമാവാത്ത കുറേ ആളുകള്‍ ഫ്ലാഗ് ചെയ്തതുകൊണ്ടുമാത്രം ഒരു പേജ് എതിര്‍ക്കപ്പെടേണ്ടതാണെന്നോ പ്രശ്നാധിഷ്ഠിതമാണെന്നോ ഗൂഗിള്‍ കരുതുകയില്ല.

"ഒരാളുടെ കലാസൃഷ്ടി മറ്റൊരാള്‍ക്ക് അശ്ലീലമായി തോന്നിയേക്കാം എന്ന വസ്തുത ഞങ്ങള്‍ വിസ്മരിക്കുന്നില്ല" എന്ന് ബ്ലോഗര്‍ ഹെല്പ് പേജ് തന്നെ പറയുന്നുണ്ട്. ഉദാഹരണത്തിന് കേരളീയ സാഹചര്യങ്ങളിലെ അശ്ലീലം ഒരു പക്ഷേ മറ്റൊരു രാജ്യത്ത് അശ്ലീലമാണെന്ന് കണക്കാക്കണമെന്നില്ല. അങ്ങനെയുള്ള ഒരു വസ്തുത, ഗൂഗിള്‍ അശ്ലീലം എന്നു കരുതണമെന്നുമില്ല്ല. അതേസമയം എതിര്‍ക്കപ്പെടേണ്ട കണ്ടന്റ് എന്നതില്‍ എന്തൊക്കെ പെടും എന്നത് വളരെയധികം സാഹചര്യങ്ങളെ അനുസരിച്ചിരിക്കുകയും ചെയ്യുന്നു. ഒരു ബ്ലോഗ് പോസ്റ്റിനെ സംബന്ധിച്ച് ലഭിക്കുന്ന എല്ലാ ഫ്ലാഗ് റിക്വസ്റ്റുകളും ബ്ലോഗര്‍ സൂക്ഷിക്കുകയും "ആവശ്യം വന്നാല്‍ യുക്തമായ നടപടി എടുക്കുവാന്‍ ഉപയോഗിക്കുകയും ചെയ്യും" എന്നാണ് ബ്ലോഗര്‍ ഹെല്പ് പേജ് പറയുന്നത്.

എന്താണീ നടപടി?

സാധാരണഗതിയിലുള്ള "ഒബ്ജക്ഷനബിള്‍" കണ്ടന്റ് ആണെങ്കില്‍ ഗുഗിള്‍, ആ ബ്ലോഗ് അവരുടെ സേര്‍ച്ച് ലിസ്റ്റിംഗില്‍ നിന്ന് ഒഴിവാക്കും. എന്നുവച്ചാല്‍ ബ്ലോഗര്‍ ആ ബ്ലോഗിനെ ബ്ലോഗര്‍ ഡോട്ട് കോമില്‍ വായിക്കാനായി പ്രോമോട്ട് ചെയ്യില്ല. (ഉദാഹരണത്തിന്, എല്ലാ ബ്ലോഗിന്റെയും നാവ് ബാറില്‍ തന്നെ next blog എന്നൊരു ബട്ടണുണ്ട്. അതില്‍ ഞെക്കിയാല്‍ ബ്ലോഗര്‍ പ്രൊമോട്ടുചെയ്യുന്ന മറ്റൊരു ബ്ലോഗ് നിങ്ങള്‍ക്ക് വായിക്കാം. ഇപ്രകാരം വരുന്ന ലിസ്റ്റില്‍ ഫ്ലാഗ് ചെയ്തവ ഉണ്ടാവില്ല) ആ ബ്ലോഗിന്റെ അഡ്രസ്സ് സേര്‍ച്ച് എഞ്ചിന്‍ ലിസ്റ്റിംഗില്‍ ഉള്‍പ്പെടുത്തില്ല. എന്നാല്‍ ഇന്റര്‍നെറ്റില്‍ നിന്ന് ആ ബ്ലോഗ് മാ‍റ്റുകയുമില്ല. അഡ്രസ് അറിയാവുന്നവര്‍ക്ക് നേരെ അങ്ങോട്ട് പോകാം എന്നു സാരം.

ഹേറ്റ് സ്പീച്ച് :

ഒരു ബ്ലോഗ് പോസ്റ്റ് ഹേറ്റ് സ്പീച്ച്, അഥവാ സ്പര്‍ദ്ധയുണ്ടാക്കുന്ന / അസ്വാസ്ഥ്യ സംവാദം പ്രചരിപ്പിക്കുന്നു എന്ന് വലിയൊരു വിഭാഗം ആളുകള്‍ ഫ്ലാഗ് ചെയ്തു പറഞ്ഞാല്‍, ആ ബ്ലോഗ് പോസ്റ്റ് തുറക്കുന്നതിനു മുമ്പ് “ഈ പേജിന് ഇങ്ങനൊരു പ്രശ്നമുണ്ട്“ എന്നു പറയുന്ന ഒരു സന്ദേശം ബ്ലോഗര്‍ കാണിച്ചുതരും. വാണിംഗ് അവഗണിച്ചുകൊണ്ട് അത് തുറക്കുന്നവര്‍ക്ക് വായിക്കാം. കൂടാതെ ഗൂഗിളിന്റെ സേര്‍ച്ച് ലിസ്റ്റിംഗില്‍ നിന്ന് ആ ബ്ലോഗിന്റെ അഡ്രസ് ഒഴിവാക്കുകയും ചെയ്യും. ഇനി മറ്റൊരു വിധത്തിലെ ഹേറ്റ് സ്പീച്ച് ഉണ്ട്. അത് താഴെപ്പറയുന്നു.

നിയമവിരുദ്ധമായ കാര്യങ്ങള്‍:

മേല്‍പ്പറഞ്ഞകാര്യങ്ങളില്‍ നിന്ന് അല്പം വ്യത്യസ്ഥമായാണ് ഇനി പറയുന്ന രീതിയിലുള്ള ബ്ലോഗ് പോസ്റ്റുകള്‍ ഫ്ലാഗ് ചെയ്യപ്പെട്ടാല്‍ ഗൂഗിള്‍ പ്രതികരിക്കുക. ബ്ലോഗറിന്റെ ഉള്ളടക്ക നയങ്ങളില്‍ ചില കാര്യങ്ങള്‍ പബ്ലിഷ് ചെയ്യുന്നതു പാടില്ല എന്നുകാണിച്ചിട്ടുണ്ട്. അവയില്‍ സുപ്രധാനമായവയാണ് വിധ്വംസക പ്രവര്‍ത്തനങ്ങള്‍, ഒരു വിഭാഗം ആളുകള്‍‍ക്കെതിരേ സ്പര്‍ദ്ധയോ വിരോധമോ ഉണ്ടാക്കുന്ന രീതിയിലുള്ള പോസ്റ്റുകള്‍, ഗൂഗിള്‍ ഉള്ളടക്കനയങ്ങള്‍ക്ക് അനുസൃതമല്ലാത്ത പോസ്റ്റുകള്‍ എന്നിവ. ഇത്തരം പോസ്റ്റുകള്‍ ഫ്ലാഗ് ചെയ്യപ്പെടുകയും ബ്ലോഗറിന്റെ നിരിക്ഷണത്തിനു വിധേയമാവുകയും ചെയ്താല്‍, അവയെ ഗൂഗിള്‍ തന്നെ നീക്കം ചെയ്യുന്നതാണ്.

ഒരു ബ്ലോഗ് നിങ്ങള്‍ ഫ്ലാഗ് ചെയ്തുകഴിഞ്ഞ്, വീണ്ടും ആ ഫ്ലാഗ് നീക്കം ചെയ്യണമെന്നുണ്ടെങ്കില്‍ അതിനുള്ള സംവിധാനവും ഉണ്ട്. ഫ്ലാഗ് ബട്ടണില്‍ ഒരിക്കല്‍ കൂടി ക്ലിക്ക് ചെയ്താല്‍ മതി.

മേല്പറഞ്ഞ കാര്യങ്ങളുടെ പൂര്‍ണ്ണരൂപം മനസ്സിലാക്കുവാന്‍, ബ്ലോഗര്‍ ഹെല്പ് പേജ് സന്ദര്‍ശിക്കുക.

How can I report abuse?

http://help.blogger.com/bin/answer.py?answer=76315&topic=12468

4 അഭിപ്രായങ്ങള്‍:

 1. ജയതി 29 January 2009 at 20:51  

  എന്തായാലും അറിഞ്ഞതു നന്നയി.ഇതുവരെ ഇതു ശ്രദ്ധിച്ചിരുന്നില്ല.
  മെയിൽ എഴുതുമ്പോൾ ഫ്ലാഗ് ചെയ്യുന്നതിന്റെ നേരെ വിപരീതമാണല്ലേ ഫലം?

 2. ഇ.എ.സജിം തട്ടത്തുമല 29 January 2009 at 23:18  

  പോസ്റ്റു വായിച്ചു. നന്ദി!

 3. ധനേഷ് മാങ്കുളം/Dhanesh.Mankulam 5 April 2009 at 21:34  

  vivarathinu thanks...

 4. sankar edakurussi 1 March 2011 at 11:18  

  THANKS FOR YOUR POST
  (HOW TO INVITE BLOG READERS)

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP