ബ്ലോഗെഴുത്തുകാര്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും നയങ്ങളും
>> 28.1.09
ഡിസ്ക്ലെയിമര്‍ : ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍, ബ്ലോഗര്‍ പ്രസിദ്ധീകരണങ്ങളെ സംബന്ധിക്കുന്ന പ്രസക്തമായ നയങ്ങളെയും കീഴ്വഴക്കങ്ങളെയും പാലിക്കേണ്ട മര്യാദകളേയും മറ്റു നിയമ വശങ്ങളേയും പരിചയപ്പെടുത്തുവാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ബ്ലോഗര്‍ സര്‍വ്വീസ് ഉപയോക്താക്കള്‍ ആ സര്‍വ്വിസിനു രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് പൂര്‍ണ്ണമായും വായിക്കുകയും, മനസ്സിലാക്കുകയും, അംഗീകരിക്കുകയും ചെയ്യുവാനായി ഗൂഗിള്‍ നിശ്ചയിച്ചിരിക്കുന്ന ബ്ലോഗര്‍ നയങ്ങള്‍, നിബന്ധനകള്‍, ഉപാധികള്‍ എന്നിവ വിവരിക്കുന്ന ഒറിജിനല്‍ പേജുകള്‍ക്കും അവയോടു ബന്ധമുള്ള മറ്റു ഡോക്കുമെന്റുകള്‍ക്കും പകരമായി ഈ പോസ്റ്റിലെ വിവരങ്ങളെ യാതൊരുസാഹചര്യങ്ങളിലും കാണുവാന്‍ പാടുള്ളതല്ല. എല്ലാ ബ്ലോഗര്‍ ഉപയോക്താക്കളും മേല്‍പ്പറഞ്ഞ ഡോക്കുമെന്റുകളുടെ ഏറ്റവും പുതിയ ഒറിജിനല്‍ പേജുകള്‍ വായിച്ച്, മനസ്സിലാക്കി, അംഗീകരിക്കുവാന്‍ ബാദ്ധ്യസ്ഥരാണ് എന്ന് അറിയിക്കുന്നു. അവയില്‍ സംശയനിവാരണം ആവശ്യമുള്ള ഭാഗങ്ങളുണ്ടെങ്കില്‍ ബ്ലോഗര്‍ ഹെല്പില്‍ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
നാം ഒരു ബ്ലോഗ് തുടങ്ങുമ്പോള്‍ രജിസ്ട്രേഷനിടയില്‍, “ഗൂഗിളിന്റെ നയങ്ങളും നിബന്ധനകളും (Terms & conditions) ഞാന്‍ അംഗീകരിക്കുന്നു“ എന്നൊരു കാര്യം പ്രസ്താവിച്ചതിനു ശേഷമാണ് ഒരു ബ്ലോഗ് ഉണ്ടാക്കുവാനായി ഗൂഗിള്‍ നമ്മെ അനുവദിക്കുന്നത്. ഈ നയങ്ങള്‍ എന്തൊക്കെയാണെന്ന് വായിച്ചു നോക്കുവാന്‍ അധികംപേരും മെനക്കെടാറില്ല. എങ്കിലും, അവയെപ്പറ്റിയുള്ള ഒരു ഏകദേശ രൂപം മനസ്സിലുണ്ടാവുന്നത് ആരോഗ്യകരമായ ബ്ലോഗെഴുത്തിന് നിങ്ങളെ സഹായിച്ചേക്കും. അറിഞ്ഞിരിക്കേണ്ട അത്തരം നിയമങ്ങളും നിബന്ധനകളും ആദ്യാക്ഷരിയുടെ വായനക്കാര്‍ക്കായി ചുരുക്കമായി വിവരിക്കുകയാണ് ഇവിടെ.
താഴെപ്പറയുന്ന മൂന്നു ഡോക്കുമെന്റുകളും ഒരുമിച്ച്, ഗൂഗിളും (ബ്ലോഗര്‍ സര്‍വ്വീസ്) ഉപയോക്താവും തമ്മിലുള്ള "കരാറിന്റെ" ഭാഗമാണ്. ബ്ലോഗര്‍ സര്‍വ്വീസ് ഉപയോഗിക്കുന്ന ഒരോരുത്തരും ഇത് വായിക്കുകയും, ഇടയ്ക്കിടെ ഗൂഗില്‍ ഇതില്‍ കൊണ്ടുവരുന്ന പരിഷ്കരണങ്ങള്‍ പരിശോധിക്കുകയും ചെയ്യുവാന്‍ ബാധ്യസ്ഥരാണ്.
ഗൂഗിള്‍ സേവന നിബന്ധനകള്‍ ഗൂഗിളിന്റെ പൊതു നിബന്ധനകളും വ്യവസ്ഥകളും. പൂര്‍ണ്ണ രൂപം http://www.google.com/terms_of_service.html
ഗൂഗിള്‍ സ്വകാര്യതാ നയം - ബ്ലോഗറില്‍ നിങ്ങളുടെ വ്യക്തിപരമായ വിവരം ഗൂഗിള്‍ എങ്ങനെയാണ് പരിപാലിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതെന്ന് ഈ ഡോക്കുമെന്റില്‍ പറയുന്നു; പൂര്‍ണ്ണ രൂപം http://www.google.com/privacy.html
ബ്ലോഗര്‍ ഉള്ളടക്ക നയം - ബ്ല്ലോഗില്‍ എന്തൊക്കെയാവാം എന്തൊക്കെ പാടില്ല എന്ന കാര്യങ്ങള്‍; പൂര്‍ണ്ണ രൂപം http://www.blogger.com/content.g
മലയാളത്തില്‍ ഇവ വായിക്കുവാനായി, ആദ്യം നിങ്ങളുടെ ബ്ലോഗില്‍ ലോഗിന്‍ ചെയ്തതിനു ശേഷം ഡാഷ്‌ബോര്‍ഡില്‍ വലതുമുകളറ്റം ഉള്ള Language ലിസ്റ്റില്‍ നിന്നും മലയാളം തെരഞ്ഞെടുക്കുക. അതിനു ശേഷം ഡാഷ്‌ബോര്‍ഡ് പേജിന്റെ ഏറ്റവും താഴെ നോക്കൂ. അവിടെ ഈ ലിങ്കുകള്‍ കാണാം.
ഇപ്രകാരമുള്ള രജിസ്ട്രേഷനുകളില്‍ I Accept Terms & Conditions എന്ന ചെറിയ കള്ളിയില്‍ ടിക്ക് ചെയ്യുന്നതുവഴി, ഈ മൂന്നു ഡോക്കുമെന്റുകളിലും പറഞ്ഞിട്ടുള്ള എല്ലാ നയങ്ങളും, നിബന്ധനകളും ഉപയോക്താവ് വായിക്കുകയും, മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തിരിക്കുന്നു എന്നൊരു സമ്മതപത്രത്തില്‍ 'ഒപ്പിടുകയാണ്' ചെയ്യുന്നത്. ഇതുകൊണ്ടാണ് ഇതൊരു "കരാര്‍" എന്നുവിളിക്കപ്പെടുന്നത്.
ഇതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ചോദിച്ചാല്‍ ഉത്തരം നിങ്ങള്‍ എന്തു പ്രസിദ്ധീകരിക്കുവാന്‍ ആഗ്രഹിക്കുന്നു എന്നതനുസരിച്ചിരിക്കുന്നു.പൊതുവേ നോക്കുമ്പോള്‍ കഥയും കവിതയും ഗൃഹാതുരസ്മരണകളും മാത്രം എഴുതുന്നവര്‍ ഈ നയങ്ങള്‍ക്കനുസരിച്ചാണ് പോകുന്നത് എന്നു കാണാം. എന്നാല്‍ വിപ്ലവാത്മക ലേഖനങ്ങള്‍, സമകാലിക അവലോകനങ്ങള്‍, സ്വന്തന്ത്ര പത്രപ്രവര്‍ത്തനം, വിമര്‍ശനം, നിരൂപണം, മതപഠനം / മത സംബന്ധിയായ ചർച്ചകൾ, ഫോട്ടോഗ്രാഫി തുടങ്ങിയവയിലൊക്കെയാണ് നിങ്ങള്‍ക്ക് താല്പര്യമെങ്കില്‍ ഗൂഗിളിന്റെ ഉള്ളടക്കനയങ്ങളും, ഇന്റര്‍നെറ്റ് പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ടുള്ള പൊതുനിയമങ്ങളും, അതാതു രാജ്യങ്ങളിലെ ഇന്റർനെറ്റ് നിയമങ്ങളും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ ചില അനാവശ്യമായ തര്‍ക്കങ്ങളിലോ, നിയമക്കുരുക്കുകളിലോ നിങ്ങള്‍ ചെന്നുപെടുവാന്‍ സാധ്യതയുണ്ട്.
ഓര്‍ക്കുക, നിയമം അറിയില്ല എന്നുപറയുന്നത്, നിയമനടപടികളില്‍ നിന്ന് ഒഴിവാകുവാന്‍ സ്വീകാര്യമായ ഒരു വാദമല്ല.
ഗൂഗിളിന്റെ ബ്ലോഗര്‍ സേവന നയം, ഉള്ളടക്ക നയം എന്നിവയുടെ പ്രസക്തഭാഗങ്ങള്‍ മാത്രം ഇവിടെ പ്രസിദ്ധീകരിക്കുന്നു; പൂര്‍ണ്ണരൂപം ചുവടെയുള്ള ലിങ്കില്‍ ഉണ്ട്. ഇവ പാലിക്കുവാന്‍, ബ്ലോഗര്‍ എന്ന സേവനം ഉപയോഗിക്കുന്ന എല്ലാവരും ബാധ്യസ്ഥരാണ്. ഇല്ലെങ്കില്‍ നിങ്ങളുടെ ബ്ലോഗ് ഗൂഗിള്‍ നീക്കം ചെയ്യുകയോ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് വിമുഖതകാണിക്കുകയോ ചെയ്തേക്കാം.
1. ബ്ലോഗര്‍ ഉള്ളടക്ക നയം:
ആദ്യമായി ബ്ലോഗര്‍ ഉള്ളടക്കനയം ഒന്നു പരിശോധിക്കാം. ഒരു ബ്ലോഗിന്റെ ഉള്ളില്‍ എന്തൊക്കെ ആവാം, എന്തൊക്കെ പാടില്ല എന്നു ഗൂഗിള്‍ നിര്‍വചിക്കുകയാണ് ഇവിടെ.
Original page : http://www.blogger.com/content.g
ഇതിന്റെ പ്രസക്തഭാഗങ്ങള്‍ ഇവിടെ കൊടുക്കുന്നു. പൂര്‍ണ്ണരൂപം വായിക്കുവാനും, കലാകാലങ്ങളില്‍ ഗൂഗിള്‍ ഈ പേജില്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങള്‍ പരിശോധിക്കുവാനും മേല്‍പ്പറഞ്ഞ ഒറിജിനല്‍ പേജ് വായിച്ചുനോക്കേണ്ടതാണ്.
ആശയവിനിമയത്തിനും ആത്മപ്രകാശനത്തിനും സംസാര സ്വാതന്ത്ര്യത്തിനുമുള്ള ഒരു സൌജന്യസേവനമാണ് ബ്ലോഗര്‍ എന്നറിയാമല്ലോ. വിവരങ്ങളുടെ ലഭ്യത, ആരോഗ്യകരമായ സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, ആളുകള്‍ക്കിടയില്‍ പുതിയ ബന്ധങ്ങള്‍ സാധ്യമാക്കുക്ക എന്നിവ ബ്ലോഗര്‍ വര്‍ധിപ്പിക്കുമെന്ന് ഗൂഗിള്‍ വിശ്വസിക്കുന്നു.
ഉപയോക്താക്കള്‍ ബ്ലോഗില്‍ എഴുതുന്ന കാര്യങ്ങളെ ഗൂഗിള്‍ എങ്ങനെ കാണുന്നുവെന്ന് ഈ നയത്തിന്റെ തുടക്കത്തില്‍ പറയുന്നുണ്ട് "പങ്കുവെക്കാനായി ഞങ്ങളുടെ ഉപയോക്താക്കള്‍ തിരഞ്ഞെടുത്ത ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തത്തെ ഞങ്ങള്‍ മാനിക്കുന്നു കൂടാതെ അവരുടെ ഉടമസ്ഥാവകാശത്തെ ഞങ്ങള്‍ മാനിക്കുന്നു. ഈ ഉള്ളടക്കം സെന്‍സര്‍ ചെയ്യുന്നത്, ആവിഷ്കാര സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കിയുള്ള സേവനത്തിന് എതിരാകും എന്നാണ് ഞങ്ങളുടെ വിശ്വാസം".
എങ്കിലും ഈ സേവനങ്ങളും അത് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യവും നല്‍കുന്നതുമൂലം, ഗുഗിളിന്റെ താല്പര്യങ്ങള്‍ക്ക് അനുസൃതമല്ലാത്ത ദുരുപയോഗങ്ങള്‍ക്ക് എതിരായി ഗൂഗിള്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. തദ്ഫലമായി, ബ്ലോഗര്‍ കൊണ്ട് ഹോസ്റ്റ് ചെയ്യാവുന്ന ഉള്ളടക്കത്തിന് ചില അതിരുകള്‍ ഉണ്ട്. അവ ഇനി പറയുന്നു.
അശ്ലീലസാഹിത്യവും അസഭ്യതയും: ബാലരതി, അഗമ്യഗമനം, മൃഗരതി: ഉപയോക്താക്കള്‍ രേഖാ മൂലമോ ഇമേജോ വീഡിയയോ ആയി ബാലരതി,അഗമ്യഗമനം, മൃഗരതി എന്നിവ പ്രചരിപ്പിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കരുത്.
വാണിജ്യപരമായ അശ്ലീലസാഹിത്യം: അശ്ലീലമായ ഉള്ളടക്കത്തിലൂടെ പണം സമ്പാദിക്കുക, പണം സമ്പാദിക്കാന്‍ കഴിയുന്ന അശ്ലീലഉള്ളക്കം ഉള്ള സൈറ്റിലേക്ക് ആളുകളെ ആകര്‍ഷിക്കല്‍ എന്നീ പ്രാഥമിക ലക്‍ഷ്യത്തോടെ നിലനില്‍ക്കുന്ന ഉള്ളടക്കങ്ങള്‍ ബ്ലോഗര്‍ അനുവദിക്കുന്നതല്ല.
വെറുപ്പുണ്ടാക്കുന്ന ഉള്ളടക്കം: ഒരു വിഭാഗം ആളുകള്‍ക്കെതിരേ, അവരുടെ വര്‍ഗ്ഗം അല്ലെങ്കില്‍ നരവംശപരമായ ഉത്ഭവം, മതം, ജാതി, വൈകല്യം, ലിംഗഭേദം,പ്രായം, വെറ്ററന്‍ പദവി, ലൈംഗിക ക്രമം, ലിംഗഭേദം തിരിച്ചറിയല്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി, വിരോധമോ സ്പര്‍ദ്ധയോ പ്രോത്സാഹിപ്പിക്കുന്ന സംഗതികള്‍ പ്രസിദ്ധീകരിക്കരുത്.
ഹിംസാത്മക ഉള്ളടക്കം: ഏതെങ്കിലും വ്യക്തിക്കോ വ്യക്തികളുടെ സംഘത്തിനോ എതിരെ നേരിട്ടുള്ള ആക്രമണ ഭീഷണി നടത്തുന്നവ പ്രസിദ്ധീകരിക്കരുത്.
പകര്‍പ്പവകാശം: മറ്റുള്ളവരുടെ പകര്‍പ്പവ കാശങ്ങള്‍ ലഘിച്ചൂകൊണ്ടുള്ള പ്രസിധീകരണങ്ങള്‍ പാടില്ല.
വ്യക്തികളുടെ സ്വകാര്യവും അതീവ രഹസ്യവുമായ വിവരങ്ങള്‍: ആളുകളുടെ സ്വകാര്യവും അതീവ രഹസ്യവുമായ വിവരങ്ങള്‍ അവരുടെ അംഗീകാരമില്ലാതെ പ്രസിദ്ധീകരിക്കുന്നത് അനുവദനീയമല്ല്ല.
ആള്‍മാറാട്ടം: മറ്റുള്ളവരെ വഴിതെറ്റിക്കാനോ കുഴപ്പമുണ്ടാക്കാനോ ഉദ്ദേശിച്ചോ അല്ലെങ്കില്‍ അങ്ങനെയുള്ളതോ ആയ രീതിയില്‍ മറ്റുള്ളവരായി ആള്‍മാറാട്ടം നടത്തുന്നത് അനുവദനീയമല്ല.
സേവനങ്ങളുടെ നിയമവിരുദ്ധമായ ഉപയോഗം: ഗൂഗിള്‍ ഉല്പന്നങ്ങളോ സേവനങ്ങളോ നിയമവിരുദ്ധമായ ഉദ്ദേശ്യങ്ങള്‍ക്കോ അപകടകരവും നിയമവിരുദ്ധവുമായ പ്രവര്‍ത്തികള്‍ പ്രോത്സാഹിപ്പിക്കുന്നതിനോ ഉപയോഗിക്കരുത്. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ അക്കൌണ്ട് ബ്ലോഗര്‍ അവസാനിപ്പിക്കുകയും നിങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും എന്ന് ഉള്ളടക്കനയം മുന്നറിയിപ്പും തരുന്നുണ്ട്.
ഇത്രയുമാണ് ഒരു ബ്ലോഗ് ഉപയോക്താവ് പ്രധാനമായും ശ്രദ്ധിക്കേണ്ട സംഗതികള്‍.
2. ബ്ലോഗര്‍ സേവന നിബന്ധനകള്‍:
ഇനി ബ്ലോഗറിന്റെ സേവന നിബന്ധനകള്‍ (Terms of service) എന്തൊക്കെയാണെന്ന് ഒന്നുനോക്കാം. ഇതിന്റെയും പൂര്‍ണ്ണ രൂപം മലയാളഭാഷയില്‍ ലഭ്യമാണ്.
Original Page: http://www.google.com/terms_of_service.html
സേവന നിബന്ധനകളിലെ പ്രസക്തഭാഗങ്ങള്‍ മാത്രം ചുരുക്കി ഇവിടെ പറയുന്നു. പൂര്‍ണ്ണരൂപം മേല്‍ക്കൊടുത്തിരിക്കുന്ന ലിങ്കില്‍നിന്നും ലഭ്യമാണ്. ബ്ലോഗ് ഉപയോഗിക്കുന്നവരെല്ലാവരും അത് വായിച്ചിരിക്കേണ്ടതുമാണ്.
1. സേവനം: ബ്ലോഗര്‍ എന്നത് ഒരു വെബ് പ്രസിദ്ധീകരണ സേവനവും ഓപ്ഷണല്‍ ഹോസ്റ്റിങ്ങ് സേവനവുമാണ് ("സേവനം"). നിങ്ങളുടെ username നു കീഴില്‍ സംഭവിക്കുന്ന ഏത് പ്രവൃത്തിക്കും കൂടാതെ പാസ്‌വേഡ് സുരക്ഷിതമാക്കിവയ്ക്കുന്നതിനും നിങ്ങള്‍ ഉത്തരവാദി ആയിരിക്കും. നിങ്ങള്‍ക്ക് ഒരു ബാധ്യതയും വരുത്താതെ, അറിയിപ്പോടെയോ ഇല്ലാതെയോ ഏതു സമയത്തും ബ്ലോഗര്‍ സേവനം പരിഷ്കരിക്കുക്കാനോ, താത്കാലികമായി തടഞ്ഞുനിര്‍ത്താനോ, ഗൂഗിളിന് അവകാശമുണ്ട്.
ഈ സേവനം ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞത് പതിമ്മൂന്ന് (13) വയസ്സ് പ്രായം ഉണ്ടായിരിക്കണം.
2. ശരിയായ ഉപയോഗം: നിങ്ങള്‍ എഴുതുന്ന ഏതു പോസ്റ്റിനും അതെത്തുടര്‍ന്നുള്ള എന്ത് അനന്തരഫലങ്ങള്‍ക്കും നിങ്ങള്‍ മാത്രമാണ് ഉത്തരവാദി. നിങ്ങള്‍ താമസിക്കുന്ന രാജ്യത്തെ പ്രയോഗത്തിലുള്ള എല്ലാ പ്രാദേശിക, സംസ്ഥാന, ദേശീയ, അന്താരാഷ്‌ട്ര നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും ഐ.ടി ആക്റ്റുകൾക്കും വിധേയമായി (കയറ്റുമതിചെയ്യുന്ന സാങ്കേതിക ഡാറ്റാകളുടെ പ്രക്ഷേപണം സംബന്ധിച്ച നിയമങ്ങള്‍ ഉള്‍പ്പെടെ) ഈ സേവനം ഉപയോഗിക്കുമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
ബ്ലോഗര്‍ ഉള്ളടക്ക നയവും അതിലടങ്ങിയിട്ടുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കുമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
ബ്ലോഗര്‍ ഉള്ളടക്ക നയം ഉള്‍പ്പെടെ മേല്‍പ്പറഞ്ഞ ഏതിന്റെയെങ്കിലും ലംഘനം, ഗൂഗിളുമായുള്ള ഈ സേവന കരാര്‍ അവസാനിപ്പിക്കുന്നതില്‍ കലാശിക്കും, കൂടാതെ സ്റ്റേറ്റിന്റെയോ ഫെഡറല്‍ വ്യവസ്ഥയുടെയോ പിഴയ്ക്കോ നിയമപരമായ മറ്റ് നടപടികളിലേക്കോ നിങ്ങളെ നയിച്ചേക്കാം.
ബ്ലോഗര്‍ ഡോട് കോം, ബ്ലോഗര്‍ എന്നിവയിലെ ഉള്ളടക്കം ഗൂഗിള്‍ നിരീക്ഷിക്കില്ല കൂടാതെ അത്തരം ഉള്ളടക്കങ്ങള്‍ക്ക് ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കുകയുമില്ല. കുറ്റകരമായ, മാരകമായ, കൃത്യതയില്ലാത്ത അല്ലെങ്കില്‍ മറ്റുതരത്തില്‍ അനുചിതമായ സംഗതികള്‍, അല്ലെങ്കില്‍ മറ്റുതരത്തില്‍ വഴിതെറ്റിക്കുന്നതോ ആയ പോസ്റ്റിങ്ങുകള്‍ ബ്ലോഗറില്‍ കണ്ടേക്കാം. ഉപയോക്താക്കള്‍ ജാഗ്രത പാലിക്കുമെന്നും സാമാന്യബോധം ഉപയോഗിക്കുമെന്നും കൂടാതെ ഉചിതമായ വിവേചനം നടത്തുമെന്നും ഗൂഗിള്‍ പ്രതീക്ഷിക്കുന്നു.
3. സ്വകാര്യത: നിങ്ങള്‍ Google സ്വകാര്യതാ നയം അംഗീകരിക്കുന്നു എന്നത് ഈ നിബന്ധനയുടെ ഒരു ഭാഗമാണ്. എങ്കിലും സാധുവായ ഏതെങ്കിലും നിയമ നടപടികള്‍ക്കോ സര്‍ക്കാരില്‍ നിന്നുള്ള അഭ്യര്‍ത്ഥനക്കോ (അന്വേഷണ വാറണ്ട്, സാക്ഷിപറയാനുള്ള കോടതി കല്‍പ്പന, ചട്ടം, അല്ലെങ്കില്‍ കോടതി ഉത്തരവ് എന്നിവ പോലുള്ളവ) നിങ്ങളുടെ ആശയവിനിമയത്തിന്റെ ഉള്ളടക്കം ഉള്‍പ്പെടെയുള്ള നിങ്ങളുടെ വ്യക്തിപരമായ വിവരം, ഗൂഗിളിനോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടുന്ന പക്ഷം ഗൂഗിള്‍ പരിശോധിച്ചേക്കാമെന്നും വെളിപ്പെടുത്തിയേക്കാമെന്നും അറിഞ്ഞിരിക്കണം. (എന്നുവച്ചാല്‍, പോസ്റ്റുകളെപ്പറ്റിയുള്ള വിവരങ്ങള്‍, അവ ഏതുകമ്പ്യൂട്ടറില്‍ നിന്നു വന്നു എന്ന വിവരങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു എന്ന ന്യായമായും ചിന്തിക്കാം)
ഇത്രയും പറഞ്ഞതുകൂടാതെ, 4. ഉപയോഗവും സംഭരണവും സംബന്ധിച്ച പൊതു നടപടികള്‍, 5. സേവനത്തിന്റെ ഉള്ളടക്കം, 6. ബൌദ്ധിക സ്വത്തവകാശ നിയമം, 7. സേവനം വീണ്ടും വില്‍ക്കരുത്, 8. പ്രസിദ്ധപ്പെടുത്തല്‍, 9. പ്രസ്താവനകളും വാറന്റികളും, 10. അവസാനിപ്പിക്കല്‍; താല്‍ക്കാലികമായി മാറ്റിനിര്‍ത്തല്‍, 11. നഷ്ടപരിഹാരം ഈടാക്കല്‍, 12. സമഗ്രമായ കരാര്‍, 13. നിബന്ധനകള്‍ ഉപേക്ഷിക്കലും വേര്‍പെടുത്തലും, 14. പരിമിതികളുടെ വ്യവസ്ഥ, 15. നിയമത്തിന്റെ തിരഞ്ഞെടുപ്പ്; അധികാരപരിധി; കോടതി, 16. പകര്‍പ്പവകാശ വിവരം എന്നിവയെപ്പറ്റിയുള്ള നയങ്ങളും ഈ സേവനനയങ്ങളുടെ ഭാഗമായി വായിക്കാം.
3. ഗുഗിള്‍ സ്വകാര്യതാ നയം:
നിങ്ങള്‍ ഗൂഗിളിന്റെ ഉല്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുവാന്‍, നിങ്ങള്‍ ബ്ലോഗര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കുന്ന വിവരം ഉള്‍പ്പെടെ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഗൂഗിള്‍ എപ്രകാരം കൈകാര്യം ചെയ്യുന്നുവെന്ന് വിശദമാക്കുകയാണ് ഈ പേജില്‍. ഇതും പൂര്‍ണ്ണമായും മലയാളത്തില്‍ ലഭ്യമാണ്.
പൂര്‍ണ്ണ രൂപം http://www.google.com/privacy.html
ചുരുക്കത്തില്‍:
ഗൂഗിള്‍ ഇവിടെ മൂന്നു ഡോക്കുമെന്റുകളിലായി പരത്തിപ്പറഞ്ഞിരിക്കുന്ന കാര്യങ്ങളെ ഒരു പാരഗ്രാഫില്‍ സംഗ്രഹിച്ചാല്‍ :
നിങ്ങളുടെ ആശയ ആവിഷ്കാര സ്വാതന്ത്ര്യത്തെയും പ്രൈവസിയേയും ഗൂഗിള്‍ അങ്ങേയറ്റം മാനിക്കുന്നു, അതിനാല്‍ നിങ്ങള്‍ ബ്ലോഗില്‍ എഴുതുന്ന കാര്യങ്ങള്‍ അവര്‍ സെന്‍സര്‍ ചെയ്യുകയില്ല.എന്നാല്‍ ബോഗില്‍ എന്തൊക്കെ ഉള്‍പ്പെടുത്താന്‍ പാടില്ല എന്ന കാര്യം വ്യക്തമായി അവര്‍ നിങ്ങളെ ഉള്ളടക്കനയത്തിലൂടെ മനസ്സിലാക്കിതരുന്നു. ഈ കാര്യങ്ങള്‍ നിങ്ങള്‍ ലംഘിച്ചാല്‍, നിങ്ങളും ഗൂഗിളുമായുള്ള കരാര്‍ ലംഘനമാണത്. നിങ്ങള്‍ ബ്ലോഗില്‍ എഴുതിവയ്ക്കുന്ന കാര്യങ്ങള്‍ക്ക് നിങ്ങള്‍ മാത്രമാണ് ഉത്തരവാദി, ഗൂഗിള്‍ അതില്‍ യാതൊരുവിധ ഉത്തരവാദിത്തവും ഏല്‍ക്കുന്നില്ല. അത്യന്തം നിയമവിരുദ്ധവും രാജ്യ താല്പര്യങ്ങള്‍ക്കെതിരായതുമായ ഏതെങ്കിലും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ ബ്ലോഗര്‍ സര്‍വ്വീസ് ഉപയോഗിച്ച് ഏര്‍പ്പെടുകയും, ഗര്‍വര്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളില്‍നിന്ന് നിങ്ങള്‍ക്കെതിരെ കേസ് ഉണ്ടാവുകയും ചെയ്താല്‍ ഗൂഗിളിനോട് ബന്ധപ്പെട്ട അധികാരികള്‍ ആവശ്യപ്പെടുന്നപക്ഷം, ആദ്യമേതന്നെ നിങ്ങളോടു പറഞ്ഞിട്ടുള്ള നിബന്ധനകള്‍ക്കനുസരിച്ച് നീങ്ങും. അതിനാല്‍ വിവേകപൂര്‍വ്വം ഈ സര്‍വ്വീസ് ഉപയോഗിക്കുക.ലളിതം! ഇത്രയെ ഉള്ളൂ.
ഗൂഗിളിന്റെ ഈ നയങ്ങളുടെയെല്ലാം രത്നച്ചുരുക്കം അവര്‍ ബ്ലോഗ് ഉപയോക്താക്കളുടെമേല്‍ കുറേ നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തുന്നു എന്നല്ല; മറിച്ച് ഈ സര്‍വ്വീസ് ഉപയോഗിക്കുന്നവരില്‍ നിന്നോ, അവര്‍ ചെയ്ത പോസ്റ്റുകള്‍ മൂലമോ വന്നുഭവിച്ചേക്കാവുന്ന നിയമ നടപടികളില്‍ നിന്ന് അവര്‍ സ്വയം പ്രതിരോധിക്കുകയും ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുവാനാഗ്രഹിക്കുന്നതിനാല്‍ കുറച്ചു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നാണ്. അതേസമയം തന്നെ വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അവര്‍ അങ്ങേയറ്റം മാനിക്കുകയും ചെയ്യുന്നു. മറ്റൊരു സുപ്രധാനകാര്യം നാം ഓര്‍ത്തിരിക്കേണ്ടത്, ഗൂഗിളിന്റെ നയങ്ങളുടെ / വ്യവസ്ഥകളുടെ അടിസ്ഥാനം അമേരിക്കയില്‍ നിലവിലുള്ള ജനാധിപത്യ വ്യവസ്ഥ, വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യം, സാമൂഹിക നിയമങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് എന്നുള്ളതാണ്.
3. ഇന്ത്യയില്‍ ബാധകമായ സൈബര്‍ നിയമങ്ങള്‍:
ഇതുവരെ പറഞ്ഞത് ഗൂഗിളിന്റെ സ്വന്തം നയങ്ങള്‍. ഇനി, നാം മലയാളം ബ്ലോഗെഴുത്തുകാര്‍, ഇന്ത്യയില്‍ നിന്നോ മറ്റൊരു രാജ്യത്തുനിന്നോ ബ്ലോഗ് ചെയ്യുന്നവര്‍ എന്നിവരൊക്കെ അറിഞ്ഞിരിക്കേണ്ട മറ്റു നിയമങ്ങള്‍ ഒന്നുനോക്കാം. ഈ വിഷയത്തില്‍ ഇഞ്ചിപ്പെണ്ണ് എന്ന ബ്ലോഗര്‍, നാലുകെട്ടും തോണിയും എന്ന ബ്ലോഗില്‍ എഴുതിയ ഒരു പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍ അവരുടെ സമ്മതത്തോടെ പുനഃപ്രസിദ്ധീകരിക്കുന്നു.
1. ബ്ലോഗെന്ന് പറയുന്നത് ഒരു മാധ്യമത്തിനപ്പുറം ഒന്നുമല്ല. അതാത് രാജ്യങ്ങളിലെ നിയമങ്ങൾ ബ്ലോഗെഴുതുന്നയാൾക്ക് ബാധകമാണ്. ഇന്ത്യയിൽ ഇരുന്ന് അമേരിക്കയിൽ ഹോസ്റ്റ് ചെയ്യുന്ന സെർവറിൽ എഴുതിയാലും, ഇന്ത്യയിലെ നിയമങ്ങളും നിങ്ങൾ എവിടെയിരുന്നു എന്തു ഗ്രൂപ്പിനെ ഉദ്ദേശിച്ച് എഴുതിയെന്നതു ബാധകമാണ്. അതു കൂടാതെ മറ്റൊരു രാജ്യത്തിനെതിരെ എഴുതിയാലും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള കരാറുകൾ പ്രകാരം നിയമസാധുതയുണ്ട്.
2. അനോണിമിറ്റി എന്നു പറയുന്നത് മിഥ്യാധാരണയാണ്. ഇന്റെര്‍നെറ്റില്‍ ഒരാളും അനോണിമസ് അല്ല. എന്നാല്‍ എഴുതുന്ന ആളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താതെ അയാളുടെ പ്രൈവസി സൂക്ഷിക്കുവാന്‍ വേണ്ടി മാത്രമാണ് അനോണിമസ് നാമം അനുവദിച്ചിരിക്കുന്നത്.
3.ചുരുക്കി പറഞ്ഞാൽ ബ്ലോഗിൽ പാലിക്കേണ്ട നിയമങ്ങൾ സമൂഹത്തിൽ പാലിക്കേണ്ട നിയമങ്ങളിൽ നിന്നു ഒട്ടും വ്യത്യസ്തമല്ല. പ്രസാധകനോ എഡിറ്ററോ ഇല്ലാതെ സ്വയം പബ്ലിഷ് ചെയ്യാമെന്നതും അത് ലോകത്തിലെവിടെയിരുന്നും വായിക്കാമെന്നതും അല്ലാതെ ബ്ലോഗിനു പറയത്തക്ക മറ്റു സ്വാതന്ത്ര്യങ്ങളൊന്നുമില്ല.
4. നിങ്ങളുടെ ബ്ലോഗിൽ വരുന്ന പോസ്റ്റുകള്‍ക്ക് മാത്രമല്ല, കമന്റുകൾക്കും നിങ്ങൾ ഉത്തരവാദികളാണ്. അതായത് മറ്റൊരാൾക്കെതിരെ ഹേറ്റ് സ്പീച്ചോ അബ്യൂസോ തെറി വിളിയോ നിങ്ങളുടെ പോസ്റ്റിന്റെ കമന്റിൽ നിങ്ങൾ അറിയുന്നയാളോ അറിയാത്തയാളോ രേഖപ്പെടുത്തിയാലും നിങ്ങൾ അതിനു ഉത്തരം പറയുവാന്‍ ബാദ്ധ്യസ്ഥനാണ്. അതിനാല്‍, നിങ്ങൾ ആ കമന്റ് കണ്ട ഉടനേ നീക്കം ചെയ്യേണ്ടതായുണ്ട്. നിങ്ങളതു കണ്ടില്ലെന്ന് ശഠിച്ചാലും മറ്റൊരാൾ അത് ചൂണ്ടിക്കാട്ടുകയോ ഒരു നിശ്ചിത സമയത്തിനുള്ളിൽ അത് നീക്കം ചെയ്യാതിരിക്കുകയോ ചെയ്യുന്ന പക്ഷം നിങ്ങളും നിയമത്തിന്റെ നൂലാമാലകളിൽ പെടുന്നു. ഈ നിയമം അറിഞ്ഞതിനു ശേഷമാണ് എന്റെ ബ്ലോഗിന്റെ കമന്റ് ബോക്സിൽ ഇങ്ങിനെയൊരു ഡിസ്‌ക്ലെയിമർ എഴുതിപ്പിടിപ്പിച്ചത്,
I am not responsible for any comments on this blog other than the comments I put. Please do not indulge in hate speech. Anonymous option is open for freedom of speech, use it wisely.
ഇതിന്റെയർത്ഥം പിന്നീട് ആരു എന്തെഴുതിയാലും ഞാൻ ബാദ്ധ്യസ്ഥ അല്ലായെന്നല്ല, മറിച്ച് ഞാൻ ഹേറ്റ് സ്പീച്ച് പ്രോത്സാഹിപ്പിക്കുന്നില്ല എന്നു മാത്രമാണ്. ഇതെഴുതിയതിനു ശേഷവും ഒരാൾക്കെതിരേയോ ഒരു സമൂഹത്തിനെതിരേയോയുള്ള കമന്റുകൾ ഞാൻ നീക്കം ചെയ്തില്ലെങ്കിൽ എനിക്കെതിരെ നിയമസാധുതയുണ്ട്.
5. ഇഞ്ചിപ്പെണ്ണ് എന്ന അപരനാമത്തിൽ എഴുതിയതുകൊണ്ട് എനിക്കെതിരെ കേസ് എടുക്കാനോ എനിക്ക് ഒരാൾക്കെതിരെ കേസ് കൊടുക്കാതിരിക്കാനോ നിയമ തടസ്സമില്ല. ഇഞ്ചിപ്പെണ്ണ് എന്ന അപരനാമത്തിൽ എഴുതുന്നത് ഞാൻ തന്നെയെന്നു രണ്ട് ഫോട്ടോ ഐഡിന്റിഫിക്കേഷൻ ഡോക്യുമെന്റ്സിന്റെ അഫിഡാവിറ്റ് മതിയാവും. എനിക്കെതിരെയുള്ള നിയമനടപടിക്കും ഇതു തന്നെ മതിയാവും.
അതു കൂടാതെ ഇഞ്ചിപ്പെണ്ണ് എന്നൊരാളെ തെറിവിളിക്കുവാൻ ലഞ്ചിപ്പെണ്ണ്, രഞ്ചിപ്പെണ്ണ് എന്നീ നാമങ്ങൾ ഉപയോഗിക്കുന്നതും കുറ്റകരമാവാം. ഒരു വ്യക്തിയുടെ പേരിനെതിരെയല്ല, ഒരു വ്യക്തിക്കെതിരെയുള്ള 'intent to harm a person' എന്നതാണ് നിയമസാധുതയിൽ പെടുന്നത്. അതു കൂടാതെ ഒരാൾക്കെതിരെ ഇന്റർനെറ്റിൽ തെറ്റായ വിവരങ്ങൾ എഴുതിപ്പിടിപ്പിച്ചാലും നിയമത്തിന്റെ പരിധിയിൽ വരുത്താം. നിങ്ങള്‍ പരാതിപ്പെടുമ്പോള്‍ 'intent to harm a person' എന്നത് പോലീസിനു തോന്നിയെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് നിയമപരമായി നീങ്ങാം.
6. നിയമലംഘനം നടത്തിയാൽ നിങ്ങൾക്കെതിരെ മാത്രമല്ല നിങ്ങൾ നിയമലംഘനത്തിനു വേണ്ടി ഉപയോഗിച്ച കമ്പ്യൂട്ടർ, നിങ്ങളുടെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റേതാണെങ്കിലോ ഏതെങ്കിലും കഫേയിലിരുന്നാണെങ്കിലോ അവർക്കെതിരേയും നിയമനടപടിക്ക് വകുപ്പുണ്ട്. ഇത് നിങ്ങളുടെ സ്ഥാപനത്തിനെതിരെയുള്ള കേസ് കോടതിയിൽ എത്തിയില്ലെങ്കിൽ പോലും നിങ്ങളുടെ ജോലിയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടാണ് കേസ് കൊടുക്കുന്നവര്‍ മാക്സിമം ലൂപ്പ് ഹോൾസ് അടക്കാൻ വേണ്ടി ഇതും ഫയൽ ചെയ്യുന്നത് എന്ന് അറിയുന്നു.
7. കമന്റ് അല്ലെങ്കിൽ ബ്ലോഗ് അഗ്രിഗേറ്ററുകളിൽ തുടർച്ചയായി ഹേറ്റ് സ്പീച്ചുകൾ വന്നാൽ അത് അതാത് ബ്ലോഗ് /കമന്റ് അഗ്രിഗേറ്റർ അഡ്മിനുകൾക്കെതിരേയും കേസിനു വകുപ്പുണ്ട്. പോയിന്റ് രണ്ടിൽ പറഞ്ഞപ്രകാരം ഒരു ഡിസ്‌ക്ലെയിമർ എഴുതിവെച്ചാൽ മാത്രം കേസിന്റെ പരിധിയിൽ വരാതെയിരിക്കില്ല. ആരെങ്കിലും പ്രസ്തുത ഹേറ്റ് സ്പീച്ചുകൾ അതാത് അഡ്മിനുകളെ നോട്ടിഫൈ ചെയ്ത ശേഷവും അത് തുടരുന്നെങ്കിൽ തീർച്ചയായും പ്രോത്സാഹിപ്പിച്ചു എന്ന പേരിൽ കേസിന്റെ പരിധിയിൽ വരുത്താം.
ഗൂഗിൾ പോലെയുള്ള കമ്പനികളിൽ ടേംസ് ഓഫ് സെർവീസുകളും മറ്റും അതാത് കമ്പനികളെ സംരക്ഷിക്കുവാൻ മാത്രമാണ്. അവരുടെ സേവനം ഉപയോഗിക്കുന്നതുകൊണ്ട് അതേ നിയമ സംരക്ഷണം ഒന്നോ രണ്ടോ പേർ ചേർന്നു നടത്തുന്ന ഒരു ബ്ലോഗ് അഗ്രിഗേറ്ററിനോ അല്ലെങ്കിൽ കമന്റ് അഗ്രിഗേറ്ററിനോ കിട്ടില്ല എന്ന് അറിയുന്നു. (കേസൊന്നും വന്നില്ലെങ്കിലും മനുഷ്യനുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇപ്രകാരം ആ അഗ്രിഗേറ്ററുകളുടെ നടത്തിപ്പുകാരല്ലാത്ത പങ്കാളികള്‍ക്കും ഇതേ നിയമം ബാധകമാണോ എന്നറിവില്ല.)
8. ഇന്ത്യന്‍ സുപ്രീം കോടതി വിധി അനുസരിച്ച് സ്ത്രീകൾക്കെതിരെയുള്ള പരാമർശങ്ങളുടെ അശ്ലീലത സ്ത്രീകൾക്ക് തന്നെ തീരുമാനിക്കാം എന്നാണ്. അതുകൊണ്ട് ഒരു സ്ത്രീയെ വേശ്യ എന്ന് വിളിക്കുന്നത് അവർക്ക് കുഴപ്പമില്ലെങ്കിലും മറ്റൊരു സ്ത്രീയെ വേശ്യ എന്ന് വിളിക്കുന്നത് കുറ്റകരമായിത്തീരാം. അബ്യൂസ് ചെയ്യുന്നു എന്ന് ഒരു സ്ത്രീ പറഞ്ഞതിനു ശേഷവും അത് തുടർന്നാൽ അത് തീർച്ചയായും കൂടുതൽ കുറ്റകരമായിത്തീരും.
9. (ഒരു ബ്ലോഗ് പോസ്റ്റില്‍), ഇന്ത്യയിലെ ഒരു സമുദായത്തെ/വിശ്വാസത്തെ (പ്രത്യേകിച്ച് മൈനോരിറ്റി) താറടിച്ചു കാണിക്കുന്നു എന്ന് (ഒരു കുറ്റം എഴുത്തുകാരനെതിരേ) ആരോപിക്കപ്പെടാം എന്നു കരുതുന്നു. അത് എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനു വിലങ്ങു തടിയാണെന്ന് ഞാന്‍ വ്യക്തിപരമായി വിശ്വസിക്കുന്നു. നിയമങ്ങൾ മാറ്റിയെഴുതപ്പെടേണ്ടിയിരിക്കുന്നു. എങ്കിലും ഇന്ത്യയിൽ സാമുദായിക സംഘർഷങ്ങൾ നിലവിലുള്ളത് ചൂണ്ടിക്കാട്ടി പ്രസ്തുത പോസ്റ്റ് പബ്ലിഷ് ചെയ്യുന്നതിനെതിരെ വെണമെങ്കില്‍ കോടതി വിധി നേടിയെടുക്കാം, പക്ഷെ എഴുത്തുകാരനെതിരെ എന്തെങ്കിലും വിധി നേടിയെടുക്കാൻ സാധിക്കുമോ എന്ന് അറിവില്ല.
അതേ സമയം, ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകൾ വേശ്യകളാണേന്നോ അല്ലെങ്കിൽ ഇന്ന വംശജര്‍ മോശമാണെന്നോ മറ്റോ തുടര്‍ച്ചയായി എഴുതിയാൽ തീർച്ചയായും ഒരാൾക്ക് 'instigating hate against a community', 'instigating hate against a race', 'instigating hate against a woman' എന്നീ ആരോപണങ്ങൾ ഉന്നയിക്കുകയും പോലീസിൽ പരാതിപ്പെടുകയും അവർക്ക് സ്വമധേയാ തന്നെ എഴുത്തുകാരനെതിരെ തന്നെ കേസെടുക്കുവാനും സാധിച്ചേക്കും.
10. ഇതിന്റെയെല്ലാമര്‍ത്ഥം ബ്ലോഗ് എഴുതുന്നത് കൂടുതല്‍ ഗൌരവതരമാവുന്നു അല്ലെങ്കില്‍ വെര്‍ച്ചുവല്‍ ലോകവും സമൂഹവും തമ്മിലുള്ള അന്തരം കുറയുന്നു എന്നു തന്നെയാണ്. അത് ഒരു വശത്ത് നല്ലതാണെങ്കിലും തീര്‍ച്ചയായും വെര്‍ച്ചുവല്‍ ലോകത്ത് അനുഭവിക്കുന്ന ഒരു പ്രത്യേക 'സ്വാതന്ത്ര്യത്തിനു' വിലങ്ങ് തടിയാവുന്നു എന്നു വേണം മനസ്സിലാക്കുവാന്‍. എഴുതാന്‍ ധൈര്യമുള്ളവര്‍ എന്തും എഴുതുക, പക്ഷെ ഭവിഷ്യത്തുകളും അറിഞ്ഞിരിക്കുന്നത് പെട്ടെന്നൊരു സര്‍പ്രൈസില്‍ നിന്ന് നിങ്ങള്‍ക്ക് കരുതല്‍ തരും എന്നതുകൊണ്ടാണ് ഇതെല്ലാം എഴുതിയത്.
ഇഞ്ചിപ്പെണ്ണിന്റെ മേല്‍പ്പറഞ്ഞ പോസ്റ്റില്‍, ബ്ലോഗര്‍ അനോനി ആന്റണി എഴുതിയ ചില ശ്രദ്ധേയമായ കമന്റുകളും ഈ വിഷയത്തിലേക്ക് വെളിച്ചം വീശുന്നവയാണ്.
1. ബ്ലോഗ് എഴുത്ത് "ആത്മസാക്ഷാല്‍ക്കാരത്തിന്റെ ഹര്‍ഷോന്മാദ"മൊക്കെ ആകാം; പക്ഷേ ബ്ലോഗ് അല്ലെങ്കില്‍ ഇന്റെര്‍നെറ്റില്‍ എഴുത്ത് ഒരു പബ്ലിക്കേഷന്‍ ആണ്. ഇഷ്ടമുള്ളവര്‍ മാത്രമേ ബ്ലോഗ് വായിക്കുന്നുള്ളൂ അതിനാല്‍ അത് പൊതുമാദ്ധ്യമമല്ല എന്ന വാദം തെറ്റാണ്. സ്റ്റണ്ട് മാസിക ആവശ്യപ്പെട്ട് പണം കൊടുത്ത് വാങ്ങുന്നവനേ ലഭിക്കൂ, ആരും നിങ്ങളുടെ വീട്ടില്‍ കൊണ്ടൊട്ടിച്ചു വയ്ക്കില്ല, എന്നുകരുതി അത് അശ്ലീല പ്രസിദ്ധീകരണം അല്ലെന്ന് വരുന്നില്ല എന്നുപറഞ്ഞതുപോലെയാണിത്.
2. അനോണിത്തം ഇന്ത്യയില്‍ പബ്ലിഷര്‍ക്ക് പ്രത്യേകിച്ച് ഒരു മെച്ചവും തരില്ല- ഇരുട്ടടിയില്‍ നിന്നല്ലാതെ. എന്റെ ബ്ലോഗിന്റെ പേരില്‍ ഒരു കേസുണ്ടായാല്‍ യഥാര്‍ത്ഥ ഞാന്‍ വേര്‍സസ് ആരോപകന്‍ ആണ് കോടതിയില്‍ വാദിക്കപ്പെടുന്നത്.
3. ബ്ലോഗില്‍ വരുന്ന കമന്റുകള്‍ക്കുമേല്‍ പബ്ലിഷറെന്ന നിലയ്ക്ക് ബ്ലോഗുടമയ്ക്ക് പരമാധികാരം ഉണ്ട്. ന്യായമായ ഒരു സമയത്തിനപ്പുറം അദ്ദേഹം അത് കണ്ടില്ലെന്നു നടിക്കുകയാണെങ്കില്‍ (തെളിയിക്കേണ്ടിവരും) എസ്റ്റോപ്പല്‍ നിയമം (A rule of evidence whereby a person is barred from denying the truth of a fact that has already been settled) അനുസരിച്ച് ഒരു കമന്റ് തന്റെ അധീനതയിലുള്ള സ്ഥലത്ത് പബ്ലിഷ് ചെയ്യാന്‍ ബ്ലോഗ് ഉടമ അനുവാദം നല്‍കിയെന്ന് കണക്കാക്കേണ്ടിവരും (ഇത് ഒരു പ്രസ്ഥാവന വഴി നൂറുശതമാനം ഡിസോണ്‍ ചെയ്യാമോ എന്നത് കോടതിയിലിട്ട് മുടിനാരു കീറേണ്ടിവരും. പക്ഷേ ഇന്ന് ഞാന്‍ ഓഫീസിലായിരുന്ന സമയം വന്ന ഒരു കമന്റിന്റെ പേരില്‍ ഇന്ന് ഞാന്‍ ജയിലില്‍ പോകേണ്ടിവരില്ല, എസ്റ്റോപ്പല്‍ ഇല്ലായിരുന്നു). എന്നാല്‍ കഴിഞ്ഞാഴ്ച ഇട്ട പോസ്റ്റിന്റെ കമന്റ് അവിടെ കിടക്കുകയും ഞാന്‍ ശേഷം അതിനു മൂട്ടില്‍ എട്ടു കമന്റ് ഇടുകയും ചെയ്തിട്ടുണ്ടെങ്കില്‍ എന്റെ നിഷ്ക്രിയത്വം ആ കമന്റ് അവിടെ പ്രസിദ്ധീകരിക്കാനുള്ള സമ്മതമാണെന്നു വരും)
4. ഞാന്‍ പത്രത്തിലെഴുതുന്ന തെറിയും ടിവിയില്‍ പറയുന്ന തെറിയും ബ്ലോഗില്‍ എഴുതുന്ന തെറിയും തമ്മില്‍ വളരെയൊന്നും വത്യാസമില്ല. ഞാന്‍ പത്രത്തില്‍ തൂലികാനാമത്തില്‍ എഴുതുന്നതുപോലെയേ അനോണിയായി ബ്ലോഗ് പ്രസിദ്ധീകരിച്ചാല്‍ ഫലമുള്ളു.
5. ബ്ലോഗ് അഗ്രിഗേഷന്‍ ഇന്ത്യന്‍ നിയമമനുസരിച്ച് "causing publication" ആകണമെങ്കില്‍ അത് യാന്ത്രിക പ്രവൃത്തി ആയിരിക്കരുത് (റോഹാസ് നാഗ്പാലിന്റെ പുസ്തകം കാണുക)
ശ്രദ്ധേയമായ ഒരു നിയമം: ഒരുത്തന്റെ കുടുംബസ്വകാര്യ വിവരങ്ങളില്‍ മോശമായതെന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഇനി സത്യമാണെങ്കില്‍ക്കൂടി ഇന്റര്‍നെറ്റില്‍ ഇടുന്നത് ശിക്ഷാര്‍ഹമാണ് എന്നതാണ്. (സൈബര്‍ നിയമം ബ്ലോഗര്‍മാരെ ഇവിടെ ജേര്‍ണലിസ്റ്റുകള്‍ ആയിട്ട് കാണുന്നു. നോ മോര്‍ നോ ലെസ്).
UAE ബ്ലോഗര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്:
(പൊതുവില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലെയും ബ്ലോഗര്‍മാര്‍ക്ക് ബാധകം)
മതപരമായ വിമര്‍ശനം സൈബര്‍ നിയമം അനുസരിച്ച് UAE യിൽ ശിക്ഷാര്‍ഹമാണ്. ഇസ്ലാമിനെയോ മറ്റ് ഏതെങ്കിലും മതത്തിനെയോ പ്രാര്‍ത്ഥനാകേന്ദ്രങ്ങളെയോ മതചടങ്ങുകളെയോ ചോദ്യം ചെയ്യുകയോ വിമര്‍ശിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നത് തടവ് അടക്കം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവിടെ. വ്യത്യാസം ശരിക്ക് മനസ്സിലാക്കുക. സര്‍ദാര്‍ജിമാര്‍ തലപ്പാവ് ധരിക്കുന്നത് മതാചാരമാണ്, UAE ബ്ലോഗര്‍ അതിനെ പരിഹസിക്കാന്‍ പാടില്ല. ഗംഗയില്‍ കുളിച്ചാല്‍ പാപം പോകമെന്നത് ഹിന്ദു ആചാരമാണ്, അത് ശാസ്ത്രീയമോ എന്ന് ചോദിക്കുന്ന പോസ്റ്റ് ശിക്ഷാര്‍ഹമാണ്. റോഡുവക്കിലെ പള്ളി ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കുന്നെന്ന് പറയുന്നതും ശിക്ഷാര്‍ഹമാണ്. പ്രധാനപ്പെട്ട മറ്റൊരു കാര്യം ഇസ്ലാമിതര മതപ്രചാരണവും ശിക്ഷാര്‍ഹമാണ് എന്നതാണ്.
ഇന്റര്‍നെറ്റ് നിയമം ഇന്ത്യയില്‍ എങ്ങനെ എന്ന് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ റൊഹാസ് നാഗ്‌പാലിന്റെ Seven Years of Indian Cyberlaw എന്ന പുസ്തകം വായിച്ചിരിക്കുന്നത് നന്നായിരിക്കും. അധികം സൈബര്‍ കേസുകളൊന്നും ഇന്ത്യയിലെ കോടതികള്‍ വഴി കയറീയിറങ്ങിയിട്ടില്ലെങ്കിലും ഈ പുസ്തകം ഇതുവരെ നടന്നിട്ടുള്ള അത്തരം കേസുകളുടെ വിവരങ്ങങ്ങളും വിധികളും പറഞ്ഞുതരുന്നുണ്ട്. ഒട്ടേറെ അവ്യക്തത അത് തീര്‍ത്തു തരേണ്ടതാണ്.
ബ്ലോഗിലെ എഴുത്തും മറ്റേതൊരു പബ്ലിക്കേഷനേയും പോലെ സാമൂഹികമര്യാദകള്‍ പാലിച്ചുകൊണ്ടായിരിക്കേണ്ട ഒന്നാണ്. അനോനിമസ് നാമം കുറച്ചുകൂടി തുറന്നുസംസാരിക്കുവാന്‍ ബ്ലോഗെഴുത്തുകാരനെ അനുവദിക്കുന്നുണ്ടെങ്കിലും ആ സ്വാതന്ത്ര്യം അതിരുകളില്ലാത്തതാണെന്ന് കരുതേണ്ടതില്ല. എങ്കിലും, അഭിപ്രായസ്വാതന്ത്ര്യം ആവോളം ഇന്ത്യയില്‍ നമുക്ക് ലഭിക്കുന്നുണ്ട്, കേരളത്തില്‍ പ്രത്യേകിച്ച് ഉണ്ട്. മീഡിയകളിലൂടെ നാമതു കാണുന്നതുമാണ്. മറ്റു രാജ്യങ്ങളില്‍ അത് ഇതിനേക്കാള്‍ കൂടുതലോ, കുറവോ ആകാം.
മലയാളം ബ്ലോഗില്‍ ഇതുവരെവന്നിട്ടുള്ള തര്‍ക്കവിഷയമായ ഏറെ പോസ്റ്റുകളിലും കണ്ടിട്ടുള്ള ഒരു വസ്തുത, പറയുന്ന വിഷയങ്ങളേക്കാള്‍ ഒരു വായനക്കാരനെ സ്വാധീനിക്കുന്നത് പോസ്റ്റില്‍ ഉപയോഗിച്ചിരീക്കുന്ന ഭാഷയുടെരീതിയാണ് എന്നതാണ്. ഒരേ കാര്യം തന്നെ തെറിപ്പാട്ടുരീതിയിലും, സഭ്യമായ രീതിയിലും അവതരിപ്പിക്കാം എന്നറിയാമല്ലോ. ഭൂരിഭാഗം സാധാരണ മലയാളികളും മതം, ആത്മീയം, ജാതി, വര്‍ണ്ണം, സംസ്കാരം, സാമൂഹ്യമര്യാദകള്‍, പരമ്പരാഗത ചിട്ടവട്ടങ്ങള്‍ എന്നിവയ്ക്കെല്ലാം പ്രാധാന്യം നല്‍കുന്നുണ്ട്, മൂല്യങ്ങള്‍ കല്പിക്കുന്നുണ്ട്. വളരെ സെന്‍സിറ്റീവ് ആയ വായനക്കാരും ഉണ്ടാവാം. ഇങ്ങനെ വിവിധ വീക്ഷണങ്ങളുള്ള വായനക്കാരുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി ഒരു പോസ്റ്റുകാണുമ്പോള്‍ തര്‍ക്കങ്ങളുണ്ടാവുക സ്വാഭാവികം.
മേല്‍വിവരിച്ച നയങ്ങളും നിയമങ്ങളും നിങ്ങളുടെ അറിവിലേക്കായിമാത്രം പ്രസിദ്ധീകരിക്കുന്നതാണ്. എന്തെഴുതണം എന്നും എങ്ങനെ എഴുതണം എന്നും നിങ്ങള്‍ക്ക് തീരുമാനിക്കാം. നിങ്ങള്‍ എഴുതിയ കാര്യങ്ങള്‍ എതിര്‍പ്പുകള്‍ ഉണ്ടാക്കുന്നതാണോ എന്നറിയുവാന്‍ ഒരു ഉദാഹരണം കൂടി പറഞ്ഞുകൊണ്ട് ഈ പോസ്റ്റ് അവസാനിപ്പിക്കാം.
ഒരു പോസ്റ്റ് എഴുതിക്കഴിഞ്ഞ്, നിങ്ങള്‍ ആ പോസ്റ്റിലെ വിവരങ്ങള്‍ പബ്ലിക്കായി മലയാളികളുടെ ഒരു സദസിനു മുമ്പില്‍ ഒരു സ്റ്റേജില്‍ നിന്നുകൊണ്ട് വായിക്കുകയാണെന്നു കരുതുക. അനോനിമസ് നാമം ഉള്ളവര്‍ക്ക്, സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ മുഖം മൂടാവുന്നതാണ്. സദസ്യരിലും മുഖം മൂടിയവരും മൂടാത്തവരും കൈയ്യടിക്കാന്‍ മാത്രം അറിയാവുന്നവരും ചീമുട്ട കൈയ്യിലുള്ളവരും, വിശാലമനസ്കന്മാരും, സങ്കുചിതന്മാരും, വികാരം കൊള്ളുന്നവരും, നിയമപാലകരും ഒക്കെ ഉണ്ട് എന്നോര്‍ക്കണം. ഇനി പ്രസംഗം തുടങ്ങിക്കോളൂ. അപ്പോള്‍, വളരെ സ്വാഭാവികമായി നിങ്ങള്‍ക്ക് മനസ്സിലാകും എവിടൊക്കെയാണ് നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതെന്ന്!
ആശംസകള്‍! ഹാപ്പിബ്ലോഗിംഗ് !
31 അഭിപ്രായങ്ങള്‍:
ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് കടന്നുവരുന്ന മലയാളികള്‍ക്കായി ഇത്രക്കും സേവന സന്നദ്ധതയോടെ,ആത്മാര്‍ത്ഥതയോടെ,
നിസ്വാര്‍ത്ഥതയോടെ ആധികാരികമായി
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന
ആദ്യാക്ഷരികാരന്‍ അപ്പുവിനെ
നമിക്കുന്നു എന്നേ
ചിത്രകാരനു പറയാനാകു.
തുടരുക... ഈ സ്നേഹയാത്ര.
കറകളഞ്ഞ മനുഷ്യസ്നേഹത്തോളം
ആത്മസംതൃപ്തിനല്‍കുന്ന
മറ്റു വഴികളില്ല.
ജീവിതം ധന്യം!
മംഗളാശംസകള്‍ !!!!
സൈബര്‍ നിയമത്തെക്കുറിച്ചുള്ള ഒരു നല്ല പഠനം. നന്ദിയുണ്ട്. നെറ്റ്കഫെയിലൂടെ തെറ്റായ IDയില്‍ രജിസ്റ്റെര്‍ ചെയത bloggerലെ പൊസ്റ്റില്‍ നിയമത്തിനു എന്തങ്കിലും ചെയ്യാന്‍ സാധിക്കുമോ. Multyuser computerല്‍ ഒരു ഉപയോഗ രജിസ്റ്റെര്‍ന്റെ/പാസ് വേര്‍ഡിന്റെ അഭാവത്തില്‍ ആരാണു പോസ്റ്റിയത് എന്നു നിയമത്തിനു കണ്ടുപിടിക്കുവാന്‍ സാധിക്കില്ലല്ലോ. അത്തരം അവസരത്തില്‍ ചാര്‍ജ്ജുകാരനല്ലേ കുടുങ്ങുക. അത് പ്രതി സംശയത്തിന്റെ നിഴലില്‍ രക്ഷപെടുവാന്‍ ഇടയാക്കും. ഒരു ഭീകരവിരുദ്ധ/രാജ്യരക്ഷയെ സംബന്ധിക്കുന്ന ക്രിമിനല്‍ കേസിലോഴികെ ഡിഫൊമേഷന്‍ പോലുള്ള ഒരു കേസില്‍ പോലീസിനല്ലാതെ ഗൂഗ്ഗിള്‍ കൈയ്യിലുള്ള രേഖകള്‍ വെളിപ്പെടുത്തുമോ? അത് വെളിപ്പെടുത്തുവാന്‍ ഗൂഗ്ഗിളിനെ എങനെ നിര്‍ബന്ധിക്കുവാന്‍ നിയമ വ്യവസ്ഥക്കു സാധിക്കും? സംശയങ്ങള്‍ ഇനിയും ബാക്കിയാണു
വിജഞാനപ്രദം,ബൂലോകത്ത് ഇതിനെക്കുറിച്ചെല്ലാം വലിയ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് തന്നെ ഈ പോസ്റ്റിട്ടതിന് അഭിനന്ദനങ്ങള്‍ :)
@ കാണാക്കുയില്‍,
നെറ്റ് കഫേയിലെ ഓരോ സിസ്റ്റവും ഇന്ന ഇന്ന സമയത്ത് ആര്‍ ഉപയോഗിച്ചു എന്ന് രേഖപ്പെടുത്തി വെക്കാന്‍ കഫേ ഉടമകള്‍ ബാദ്ധ്യസ്ഥരാണ്. ( ഫോട്ടോ ഐഡി പ്രൂഫ് കൊണ്ടു വരുന്നവര്‍ക്ക് മാത്രം പ്രവേശനം). ഇല്ലെങ്കില്‍ കഫേ ഉടമ കുടുങ്ങും.
ഇനി രേഖകള്‍ ഇല്ലെങ്കിലും ഒരു അന്വേഷണത്തിലൂടെ പോലീസ് കണ്ടു പിടിച്ചോളൂം.
സ്വന്തമായി ബ്ലോഗുകള്‍ ഉണ്ടെങ്കിലും കാശു ചെലവു ഇല്ലാത പരിപാടിയാണെങ്കിലും ഇതേ വരെ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല... വളരെ നന്നായി എഴുതിയിരിക്കുന്നു... ആശംസകള്‍...
അപ്പുവേട്ടന്റെ നിസ്വാർത്ഥമായ ഈ സേവനത്തിന് വളരെ നന്ദി. വളരെ വിജ്ഞാനപ്രദമായ ഒരു ലേഖനം. ബൂലോകരെ സാക്ഷരരാക്കുന്ന ഈ സേവനങ്ങൾ തുടരാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
കാണാക്കുയിലിന്റെ ചോദ്യത്തിനുള്ള ഉത്തരം ശ്രീഹരി പറഞ്ഞുകഴിഞ്ഞു. എനിക്ക് ഇതിനെപ്പറ്റി വലിയ അറിവുകളില്ല, എങ്കിലും ഒരു കാര്യം പറയാം. ഇന്റര്‍നെറ്റ്, വിന്റോസ് ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങീയ കാര്യങ്ങള്‍ക്കുള്ളില്‍ നമ്മള്‍ സാധാരണ ഉപയോക്താക്കള്‍ക്ക് അറിയാന്‍ പാടില്ലാത്ത ഒരുപാട് സുരക്ഷാസംവിധാനങ്ങള്‍ നിര്‍മ്മിച്ചുവച്ചിട്ടുണ്ട്. വായില്‍ നിന്നുപോയ വാക്കിന്റെയും, കാറ്റില്‍ പറത്തിയ പഞ്ഞിയുടെയും ഒക്കെ അവസ്ഥയാണ് ഇന്റര്‍നെറ്റില്‍ ചെയ്ത ഒരു പ്രവര്‍ത്തിക്കും ഉള്ളത്, അത് ഒരു മൌസ് ക്ലിക്ക് ആയാല്‍ പോലും. പോയതുപോയി, തിരിച്ചെടുക്കാനുമാവില്ല, എവിടെയെങ്കിലും അതിന്റെ ഒരു അവശിഷ്ടം കിടക്കുന്നുമുണ്ടാവും! അതുകൊണ്ട് വീട്ടിലിരുന്നായാലും, കഫേയിലിരുന്നായാലും ഇന്റര്‍നെറ്റ് വഴി ചെയ്യുന്ന കാര്യങ്ങള്‍ സൂക്ഷിച്ചും കണ്ടും ചെയ്യുക! അല്ലെങ്കില്‍ കുഴപ്പങ്ങള്‍ തനിയെ ഇങ്ങുവന്നോളും.
this posting is highly informative. thank you. .
this posting is highly informative. thank you. .
ഇങ്ങനെ വിശദമായ ഒരു പോസ്റ്റ് വളരെ നന്നായി, അപ്പുവേട്ടാ...
പ്രത്യേകിച്ചും ഒട്ടേറെപ്പേര്‍ ശ്രദ്ധിയ്ക്കുന്ന ഒരു ബ്ലോഗ് എന്ന നിലയിലേയ്ക്ക് ആദ്യാക്ഷരി വളര്‍ന്നു കഴിഞ്ഞതിനാല്‍ ഈ പോസ്റ്റ് വളരെ നന്നായി.
എല്ലാം കൂൂടി സംഗ്രഹിച്ച് ഇവിടെ എടുത്തിട്ടതിന് നന്ദി അപ്പൂ..
nice work .thanks a lot
അപ്പൂ.
ഇത്രയും ലളിതമായി കാര്യങ്ങൾ വിവരിച്ച് തന്നതിനു പ്രത്യേക അഭിനന്ദനങ്ങൾ
ഇതു വളരെ നന്നായി,അപ്പൂ...ക്രോഡീകരിച്ച് ഒരു പോസ്റ്റിട്ടാലോ എന്ന് ഞാനും ആലോചിച്ചതാ.ഇനി അതുവേണ്ട.ഏറ്റവും ഉചിതമായ സ്ഥലത്ത് അതുവന്നുകഴിഞ്ഞു:)
അഭിനന്ദനങ്ങൾ.
വളരെ നല്ലകാര്യം നാളിതുവരെ സോണിയാഗാന്ധി, സിന്ധുജോയ് എന്നിവര്‍ക്ക് തുടങ്ങി ഇന്‍ഡ്യയില്‍ത്തന്നെ വ്യാജ പ്രോഫൈല്‍ വ്യക്തിഹത്യ അശ്ലീലം എന്നിവയ്ക്കെതിരെ പല കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. വിധികള്‍ എന്തായി എന്ന് അറിവില്ല താനും. ഇന്നല്ലെങ്കില്‍ നാളെ രാജ്യ നിയമങ്ങള്‍ക്കനുസരിച്ച് ഗൂഗിളിന്റെ പക്കലുള്ള തെളിവുകള്‍ അതത് രാജ്യങ്ങള്‍ക്ക് അനായാസം കൈമാറി എന്നു വരും. കൂടാതെ ചില ഉദാഹരണങ്ങള്‍ പത്രവാര്‍ത്തകളിലൂടെ ലഭിച്ചത് ഇവിടെ കാണാം. അപ്പോള്‍ അപ്പു ഈ പ്രസിദ്ധീകരിച്ച പോസ്റ്റെങ്കിലും വായിച്ചിരുന്നാല്‍ തീര്‍ച്ചയായും തെറ്റ് ചെയ്യുവാന്‍ മനസ്സനുവദിക്കില്ല.
അഭിനന്ദനങ്ങള്‍.
വളരെ നന്നയി അപ്പു,
എല്ലാവരും അറിനിരിക്കേണ്ടത്
ആശംസകള്‍
Very good. Thanks
ഇന്‍ഡ്യയില്‍ സൈബര്‍ കുറ്റങ്ങള്‍ക്ക് കേസെടുക്കുന്നത് IT Act 2000 പ്രകാരമാണ് . അതിലെ ACT 67 പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. എന്നാല്‍ ആ ആക്ട് 67 നു സമ്പൂര്‍ണ്ണ് മാറ്റം IT Amendment ACT 2008 വഴി നടത്തിയിട്ടുണ്ട്. അതിനു വേണ്ടി കൊണ്ടുവന്ന ഒരു ബില്ല് ഇവിടെ കാണാം. http://www.prsindia.org/docs/bills/1192012012/1192012012_96_2006.pdf
ഈ ബില്ലിന്‍ പ്രകാരം ACT 2000 ലെ 66, 67 എന്നി വകുപ്പുകള്‍ക്ക് വരുത്തിയ മാറ്റം പ്രത്യേകം ശ്രദ്ധിക്കുക. എന്തൊക്കെമാറ്റം വരുത്തിയെന്നറിയണമെങ്കില്‍ ഇവിടെയും നോക്കാം. http://www.naavi.org/
അപ്പുമാഷെ,
ബ്ലോഗുമായി ബന്ധപ്പെടുന്നവരെല്ലാം അറിഞ്ഞിരിക്കേണ്ട ഒരുപാടു കാര്യങ്ങൾ ,
വളരെ ലളിതമായ ഭാഷയിൽ പറഞ്ഞു തന്നതിനു ഒത്തിരി നന്ദിയുണ്ട്.
എന്റെ സ് നേഹാശംസകൾ....
അപ്പു,
ഇപ്രകാരം ഐ.റ്റി ആക്ടും ഭേദഗതികളും കൂടി ഒരു പോസ്റ്റാക്കുന്നത് എന്നെപ്പോലുള്ളവര്‍ക്ക് പ്രയോജനപ്രദമായിരിക്കും.
വെറുപ്പുണ്ടാക്കുന്ന ഉള്ളടക്കം: ഒരു വിഭാഗം ആളുകള്‍ക്കെതിരേ, അവരുടെ വര്‍ഗ്ഗം അല്ലെങ്കില്‍ നരവംശപരമായ ഉത്ഭവം, മതം, വൈകല്യം, ലിംഗഭേദം,പ്രായം, വെറ്ററന്‍ പദവി, ലൈംഗിക ക്രമം, ലിംഗഭേദം തിരിച്ചറിയല്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി, വിരോധമോ സ്പര്‍ദ്ധയോ പ്രോത്സാഹിപ്പിക്കുന്ന സംഗതികള്‍ പ്രസിദ്ധീകരിക്കരുത്.
അപ്പോള്‍ ഇതൊരു പ്രശ്നം തന്നെ ആണല്ലെ?
ഇനി ബാക്കി “കൊണ്ടറിയാം”
പരിഭാഷപ്പെടുത്തുവാനുള്ള കഴിവില്ലാത്തതിനാല്‍ ഐ.റ്റി ആക്ട് 2008 ലെ 66 ഉം 67 ഉം ചിത്രരൂപത്തില്‍ ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വളരെ നന്നയി
മംഗളാശംസകള്‍ !!!!
ഞാൻ ഒരു തുടക്കക്കാരൻ ആണ് ബ്ലൊഗിൽ.
താംകളൂടേതായ ഈപരിശീലന കളരി എനിക്കു ഇഷ്ടമായി എന്റെ ബ്ലൊഗ് മറ്റൂള്ളവർ കാണാൻ ഞാൻ എന്തു ചെയ്യണം
ശ്രീകുമാര്‍ മാഷേ, താങ്കളുടെ ബ്ലോഗുകളില്‍ രണ്ടിലും ഇതുവരെയുള്ള പോസ്റ്റുകളും മറ്റെഴുത്തുകളും ഇംഗ്ലീഷിലാണ്. മലയാളം ടെക്സ്റ്റ് അതിലുണ്ടെങ്കിലെ മലയാളം ബ്ലൊഗ് ആഗ്രിഗേറ്ററുകളീല്‍ ആ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയുള്ളൂ. ഈ ബ്ലോഗിലെ ഒരദ്ധ്യായം താങ്കള്‍ വായിച്ചില്ലെന്നു തോന്നുന്നു... ‘സഹായം വേണമോ‘ എന്ന സെക്ഷനിലെ ‘കൂടുതല്‍ വായനക്കാരെ ലഭിക്കുവാന്‍’ എന്ന ചാപ്റ്റര്‍ ഒന്നു വായിച്ചു നോക്കൂ.
ഇവിടെ എത്തിയത് ഇന്നാണ്....ഈ വിവരങള്‍ക്ക് നന്ദി
very useful post.. thanks..
thank you for your effort..
may god bless you
thank you for your effort..
may god bless you
ഒരു സിനിമയില്‍ ദിലീപിന്നു സ്വരക്ഷക്കായി പോലീസ് ഓഫീസര്‍ തോക്ക് നല്ക്കുന്നുണ്ട് ..അപ്പോള്‍ പോലീസ് ഓഫീസര്‍ ഒരു ഡയലോഗ് പറയുന്നുട് "തോക്ക് തരാം പക്ഷെ അത് ഉപയോഗിക്കരുത് "
ഈ നിമാന്ധനകള്‍ വയിച്ചപ്പോള്‍ എനിക്ക് തോന്നിയട്നു അതാണ് ....
പിന്നെ ഒരു കാര്യം ഇസ്ലാമിക പ്രചരണം UAE വിലക്കിയിരിക്കുന്നു എന്ന് പറയുന്നത് ശെരിയല്ല . ..നേരെമറിച്ച് ഇസ്ലാമിന്റെ പേരില്‍ തെറ്റിധാരണകള്‍ പ്രച്ചരിപ്പികുന്നത് തെറ്റാണു ...അത് മറ്റേതു മതമായാലും തെറ്റാണു ..
---ചുരുക്കിപരഞ്ഞാല്‍ നിങ്ങളുടെ ബ്ലോഗും നിയമ വിരുദ്ധമാണ്
Jomex, ഇസ്ലാമിക മത പ്രചരണം വിലക്കി യിരിക്കുന്നു എന്നല്ലല്ലോ എഴുതിയിരിക്കുന്നത്, ഇസ്ലാമിതര മതങ്ങളുടെ പ്രചരണം എന്നല്ലേ.. ?
Post a Comment