ആദ്യാക്ഷരിക്ക് ഒരു വയസ്സ്
>> 1.6.09
ദുബായ്
ജൂൺ 1, 2009
ജൂൺ 1, 2009
പ്രിയപ്പെട്ടവരേ,
‘ആദ്യാക്ഷരി’ എന്ന ഈ ബ്ലോഗ് പിറവിയെടുത്തിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാകുന്നു. അതിന് ഏകദേശം ഒരുമാസത്തോളം മുമ്പ് തന്നെ ഡ്രാഫ്റ്റുകളായി ഇതിന്റെ പോസ്റ്റുകൾ തയ്യാറാക്കുവാൻ തുടങ്ങിയെങ്കിലും, 2008 ജൂൺ ഒന്നാം തീയതിയാണ് ആദ്യാക്ഷരിയെ ബൂലോകസമക്ഷം അവതരിപ്പിച്ചത്. അന്നേദിവസം തന്നെ തിരുവനന്തപുരത്തുവച്ച് നടന്ന ‘കേരള ബ്ലോഗ് അക്കാഡമിയുടെ‘ ശില്പശാലയിൽ വച്ച് അങ്കിൾ ഈ ബ്ലോഗിനെ നവാഗത ബ്ലോഗർമാർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. അതിനുശേഷം ഒട്ടനവധിപേർക്ക് ഇതിലെ വിവരങ്ങൾ മാർഗ്ഗദർശകമായി എന്ന് നാളിതുവരെയുള്ള സൈറ്റ് ട്രാഫിക് ഡേറ്റ സാക്ഷ്യപ്പെടുത്തുന്നു. ഒരു വർഷംകൊണ്ട് അനേകം വായനക്കാർ ഈ ബ്ലോഗിലേക്ക് എത്തുകയും അവർക്ക് ബ്ലോഗ് സംബന്ധമായ സംശയങ്ങൾ തീർത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.
ബ്ലോഗറിൽ ഗൂഗിൾ കൊണ്ടുവരുന്ന പരിഷ്കാരങ്ങൾക്കനുസൃതമായി ഈ ബ്ലോഗിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുവാൻ ശ്രമിച്ചിട്ടുണ്ട്. ഇനിയും കുറച്ചൊക്കെ വിവരങ്ങൾ ഇതിൽ വരാതെയുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എങ്കിലും ബ്ലോഗ് എഴുതുന്നവർക്ക് ഏറ്റവും അത്യാവശ്യമായ വിവരങ്ങളെല്ലാംതന്നെ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. ബ്ലോഗിന്റെ വലിപ്പക്കൂടുതൽ കാരണം പലർക്കും ഒരു സംശയം എവിടെ നോക്കണം എന്നറിയില്ല എന്ന് എനിക്ക് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. അങ്ങനെയുള്ളവർക്ക് സഹായകമായാണ് ഈ ബ്ലോഗിന്റെ വലതു സൈഡ് ബാറിൽ ഒരു സേർച്ച് ബോക്സ് കൊടുത്തിരിക്കുന്നത്. നിങ്ങൾ അന്വേഷിക്കുന്ന വാക്ക് മലയാളത്തിൽ അവിടെ ടൈപ്പ് ചെയ്യൂ. ആ വാക്ക് ഉൾപ്പെടുന്ന അദ്ധ്യായങ്ങൾ സേർച്ച് റിസൽട്ടായി നിങ്ങൾക്ക് ലഭിക്കും.
ഈ ബ്ലോഗിന് ഇത്രയധികം പ്രചാരമുണ്ടാക്കാൻ സഹായിച്ചത് വായനക്കാരായ നിങ്ങളോരോരുത്തരുമാണ്. ഈ ബ്ലോഗിലേക്ക് ഒരു ലിങ്ക് ആദ്യമായി കൊടുത്തത് അനിൽശ്രീ എന്ന ബ്ലോഗറാണ്. അതിനുശേഷം ഒരുപാട് കൂട്ടുകാർ ആ രീതി പിന്തുടരുകയും, അവരവരുടെ ബ്ലോഗുകളിൽ ഇതിലേക്കുള്ള ലിങ്ക് നൽകുകയും ചെയ്തതുവഴിയാണ് ഇത്രയധികം ആളുകൾക്ക് ഇത് പ്രയോജനകരമായി തീർന്നത്. അതിന് നിങ്ങളോരോരുത്തരോടുമുള്ള നന്ദി ഈ അവസരത്തിൽ ഞാൻ രേഖപ്പെടുത്തുന്നു. മറ്റൊരുബ്ലോഗിൽ നിന്ന് ആദ്യാക്ഷരിയിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണം നോക്കിയാൽ, ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് ‘കൊടകരപുരാണം’ ബ്ലോഗിൽ നിന്നാണെന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. മലയാളത്തിൽ നല്ലൊരു ശതമാനം പുതിയതായിഉണ്ടാകുന്ന ബ്ലോഗെഴുത്തുകാർക്ക് ഒരു പ്രചോദനമായി കൊടകരപുരാണം തീർന്നിരിക്കുന്നു എന്നതിൽ ശ്രീ. സജീവ് എടത്താടന് (വിശാലമനസ്കൻ) തീർച്ചയായും അഭിമാനിക്കാം.
കേരള ബ്ലോഗ് അക്കാഡമി, തങ്ങളുടെ എല്ലാ പുതിയ ശില്പശാലകളിലും ആദ്യാക്ഷരിയെ പരിചയപ്പെടുത്തുന്നുണ്ട്. നവാഗതർക്ക് ഒരു ഓൺലൈൻ സഹായഹസ്തമായി ഇതിനെ എടുത്തുകാട്ടുന്നുമുണ്ട്. നന്ദി! മലയാള ബ്ലോഗിംഗ് രംഗത്ത് ലഭ്യമായ സഹായബ്ലോഗുകളിൽ പ്രധാനപ്പെട്ട ഒന്ന് എന്ന നിലയിൽ ഈ ബ്ലോഗിനെ, ബ്ലോഗ് സംബന്ധിയായ പരിപാടികളും കോളങ്ങളും കൈകാര്യംചെയ്യുന്ന പ്രിന്റ് / ദൃശ്യമാധ്യമങ്ങൾ ഒന്നിലേറെത്തവണ ഞാൻ ആവശ്യപ്പെടാതെതന്നെ ഇതുവരെ പരിചയപ്പെടുത്തിക്കഴിഞ്ഞു. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഈ അവസരത്തിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു. അതുപോലെ ഈ ബ്ലോഗിൽ വായനക്കാർ ചോദിക്കുന്ന സംശയങ്ങളിൽ എനിക്കറിയാത്തവയ്ക്ക് (പ്രത്യേകിച്ചും ടെക്നിക്കൽ കാര്യങ്ങളിൽ), അപ്പപ്പോൾ മറുപടി തന്ന് സഹായിക്കുന്ന സിബുവിനും, വിശ്വേട്ടനും (വിശ്വപ്രഭ) ഹൃദയപൂർവ്വമായ നന്ദി ഈ അവസരത്തിൽ ഞാൻ രേഖപ്പെടുത്തട്ടെ. രണ്ടുവ്യക്തികൾക്കുകൂടി ഇവിടെ നന്ദി പറയേണ്ടത് അത്യാവശ്യമാണ്. ഒന്ന്, ഈ ബ്ലോഗിന് ആദ്യാക്ഷരി എന്ന പേരു നിർദ്ദേശിച്ച ‘ചന്ദ്രകാന്തം’ ബ്ലോഗിന്റെ ഉടമ ചാന്ദ്നിക്ക്. രണ്ട്, ഈ ബ്ലോഗിന് മനോഹരമായ ലിങ്ക് ബാനർ നിർമ്മിച്ചുതന്ന ‘സിയ’ യ്ക്ക്.
നിങ്ങളുടെയെല്ലാവരുടേയും സഹായസഹകരണങ്ങൾക്ക് ഒരിക്കൽകൂടി നന്ദി പ്രകാശിപ്പിച്ചുകൊണ്ട്
സ്നേഹപൂർവ്വം
അപ്പു
ആദ്യാക്ഷരി ആദ്യ അദ്ധ്യായത്തിലേക്ക്
51 അഭിപ്രായങ്ങള്‍:
ആദ്യാക്ഷരിയുടെ ഒന്നാം പിറന്നാളിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...
മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയില്‍ ആദ്യാക്ഷരിയ്ക്കുള്ള പങ്ക് എക്കാലവും സ്മരിയ്ക്കപ്പെടും എന്നത് തീര്‍ച്ചയാണ്...
ആദ്യാക്ഷരിയുടെ ഒന്നാം പിറന്നാളിനു ആശംസകൾ.ബ്ലോഗ്ഗർമാരാരും ആദ്യാക്ഷരിയെ മറക്കും എന്നു തോന്നുന്നില്ല.സത്യത്തിൽ എല്ലാവരും കൂടെ ആർഭാടമായി ഈ പിറന്നാൾ ആഘോഷിക്കേണ്ടതായിരുന്നു
ആദ്യാക്ഷരിക്ക് ആശംസകള്‍, ഭാവുകങ്ങള്‍!
എന്റെ അമ്മ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍, ചുള്ളത്തിക്ക് അപ്പുവിനെ പരിചയപ്പെടുത്തിയിരുന്നെങ്കില്‍.... സത്യത്തില്‍ എനിക്ക് പിന്നെ ത്വയിരം കിട്ടില്ല്യാര്‍ന്നു!
“അപ്പൂനെ കണ്ട് പഠിക്കടാ.. അപ്പൂനെ കണ്ട് പഠിക്കടാ...“ എന്ന് പറഞ്ഞിട്ട്.
അതുകൊണ്ട്, പൊതുവേ മടിയന്മാരോടും അലമ്പുകളോടും മാത്രേ പണ്ടേ കമ്പനി കൂടാറുള്ളൂ. ;)
ആക്ച്വലി, വിശാലമനസ്കന്‍ എന്ന് ഞാന്‍ എന്നെ കളിയാക്കി വിളിക്കുന്നതാണ്. പക്ഷെ, ഈ ബൂലോഗത്ത് കുറെ വിശാലമനസ്കന്മാരും മനസ്കികളും കറങ്ങി നടപ്പുണ്ട്, ഒറിജിനലുകള്‍.
അപ്പു അതിലൊരാളാണ്.
എന്നും നന്മകള്‍.
ലവ്വോടെ,
വിശാലം
(ഐശ്വര്യാ റായിടെ പ്രായം, ഇരു നിറം, ദുശീലങ്ങളില്ല)
ആശംസകൾ. മലയാളബ്ലോഗേഴ്സിനു് ഏറ്റവും ഉപകാരപ്രദമായ ബ്ലോഗാണു് ആദ്യാക്ഷരി എന്നതിനു സംശയമില്ല.
ഹൃദയം നിറഞ്ഞ ആശംസകൾ അപ്പൂ...
ശ്രീ പറഞ്ഞത് തന്നെ എടുത്തെഴുതട്ടെ...
“മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയില്‍ ആദ്യാക്ഷരിയ്ക്കുള്ള പങ്ക് എക്കാലവും സ്മരിയ്ക്കപ്പെടും എന്നത് തീര്‍ച്ചയാണ്...”
ഈ പരിശ്രമത്തിന്, ആത്മാർത്ഥതയ്ക്ക് ഒരു നെടുങ്കൻ സല്യൂട്ട്...
ആശംസകള്‍.പല ഘട്ടങ്ങളിലും ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് ആദ്യാക്ഷരി.
ആദ്യാക്ഷരി ഇത്രത്തോളം വളര്‍ന്നതില്‍ ആത്മാര്‍ത്ഥമായും അഭിനന്ദനം അറിയിക്കട്ടെ. അപ്പു, ഞാന്‍ അന്ന് ആ ലിങ്ക് കൊടുക്കുമ്പോള്‍ അപ്പുവിന്റെ പ്രയത്നത്തിന് കൂടുതല്‍ ഫലം കിട്ടണം എന്ന് ആഗ്രഹമായിരുന്നു മനസ്സില്‍, ഒപ്പം മലയാളം ബ്ലോഗിങിന് ആദ്യാക്ഷരി സംഭാവന ചെയ്ത അപ്പുവിനുള്ള നന്ദിയും....
ഗൂഗ്ഗിളില്‍ മലയാളം ബ്ലോഗിങ് ഉള്ളിടത്തോളം കാലം "ആദ്യാക്ഷരി"ക്ക് പ്രസക്തിയുണ്ട് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു... കാരണം ബ്ലോഗ് തുടങ്ങണം എന്ന് ആഗ്രഹമുള്ള ആര്‍ക്കും പ്രത്യേകം ഗുരുനാഥന്‍ ഇല്ലാതെ തന്നെ ബ്ലോഗ് തുടങ്ങാനുള്ള എല്ലാം ആദ്യാക്ഷരിയില്‍ ഉണ്ട്. അതായത്, സ്വയം അറിയാതെ തന്നെ പലരുടേയും ഗുരുവാണ് അപ്പു. ഏകലവ്യന് ദ്രോണര്‍ എന്ന പോലെ......
ചുരുങ്ങിയത് 10 പേറ്ക്കെങ്കിലും ഞാന്‍ അയച്ചു കൊടുത്തിട്ടുണ്ട് ആദ്യക്ഷരിയുടെ ലിങ്ക്. പണ്ട് ആരെയെങ്കിലും നമ്മള്‍ ബ്ലോഗ്സ്നാനം നടത്താന്‍ ശ്രമിച്ചാല്‍ ചുരുങ്ങിയത് 100 പ്രാവശ്യം സംശയം തീര്‍ക്കേണ്ടിയിരുന്നു അപ്പോഴാണു ആദ്യാക്ഷരിയുടെ വരവ്.
ഇതിന്റെ ലിങ്ക്, ഞാന്‍ ഇതുവരെ കൊടുത്തില്ല. (അതിനു എന്റെ ബ്ലോഗ്, കരുണാകരന്റെ വീടു പോലെയാണിപ്പോള്‍.) എന്നാലും ദിപ്പോ കൊടുക്കും.
ഓടോ: അനില്‍ ശ്രീ, ക്രൂരമായിപ്പോയി, ദ്രോണരോടു ഉപമിച്ചു അപ്പുവിനെ? അങ്ങേരു ചെയ്തതെന്തണെനറിയാമല്ലോ ഏകലവ്യനോട്?
;) :) :) :)
ഈ നല്ല ആശയത്തിനും അത് ഇത്ര വരെ എത്തിച്ച ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങള്‍
ആശംസകള്‍...അഭിവാദ്യങ്ങള്‍...
ബ്ലോഗെന്നാല്‍ ബ്ലോഗര്‍ മാത്രമാണെന്ന ധാരണ പരത്തുന്നതില്‍ ആദ്യാക്ഷരിക്കും പങ്കുണ്ടെന്നുള്ളതിലുള്ള പരിഭവം മറച്ചു വെക്കുന്നില്ല.
വേഡ്‌പ്രെസ്സ് പോലെ ബ്ലോഗറേക്കാള്‍ മികച്ച ബ്ലോഗ് പ്രൊവൈഡര്‍മാര്‍ ഉണ്ടെന്ന് തന്നെ പല മലയാളി ബ്ലോഗര്‍മാര്‍ക്കും അറിയില്ല.
നാടോടുമ്പോള്‍ നടുവേ!
അങ്ങനെയാണ് ഞാനും ബ്ലോഗറിലേക്ക് മാറിയത് :)
ഒരിക്കല്‍ കൂടി എല്ലാഭാവുകങ്ങളും നന്ദിയും...
സങ്കുചിതാ................. :(
അപ്പു ഒരു ദ്രോണര്‍ ആകില്ലാ എന്ന് ആര്‍ക്കാണറിയാത്തത്... അപ്പു ചോദിച്ചാല്‍ കീ ബോര്‍ഡിന്റെ "കീ" ഊരി കൊടുക്കാന്‍ എത്ര പേര്‍ തയ്യാറാകും എന്നറിയാമോ? :) :)
എന്തൊക്കെയായാലും ഏകലവ്യന് ദ്രോണര്‍ എന്നും ഗുരു തന്നെയായിരുന്നു..
അപ്പു മാഷെ
ആദ്യാക്ഷരിക്ക് ആശംസകള്‍ നേരുന്നു..ബൂലോഗ വളര്‍ച്ചക്ക് ആദ്യാക്ഷരിയുടെ സേവനം വളരെ വിലപ്പെട്ടതാണ്. ആദ്യാക്ഷരിയുടെ സൃഷ്ടാവിനും ആശംസകള്‍ നേരുന്നു. ഈയൊരു സംരംഭമില്ലായിരുന്നെങ്കില്‍, സത്യം പറഞ്ഞാല്‍ പുതു ബ്ലോഗിങിന് വരുന്നവരെ പ്രാകേണ്ടി വന്നേനെ കാരണം നൂറുനൂറ് സംശയങ്ങളുമായി വരും അതെന്താ ഇങ്ങനെ ഇതെന്താ അങ്ങനെ എന്നൊക്കെ ചോദിച്ചുകൊണ്ട്.(ആദ്യകാലത്ത് ഞാനും ഇങ്ങനെ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിച്ചവരോട്.. ഈയവസരത്തില്‍ നിങ്ങളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു ഒപ്പം നന്ദിയും ഒരിക്കല്‍ക്കൂടി രേഖപ്പെടുത്തുന്നു) ഇപ്പൊ എന്തെങ്കിലും ചോദിച്ചാല്‍ നേരെ ആദ്യാക്ഷരിയിലേക്ക് വഴികാട്ടും.
ജയ് അപ്പു ജയ് ആദ്യാക്ഷരി..!
ഇതുപോലേ ഒരു പാട് വർഷങ്ങൾ ഇനിയും പിന്നിടട്ടേ..
ആശംസകൾ
OT..
വിശാല്‍ജിയുടെ അമ്മ അപ്പുവിനെ മാത്രം കണ്ടുപഠിക്ക് എന്നു പറയാനെ ഇടയുണ്ടായിരുന്നെള്ളൂ..എന്നാല്‍ എന്റെ അമ്മ ഇപ്പോഴും പറയുന്നത്, അയല്‍വക്കത്തുള്ള സകല പിള്ളേരെയും ഉദാഹരണ സഹിതം ചൂണ്ടിക്കാണിച്ചുകൊണ്ടു എന്നോട് പറയാറുണ്ട് നീ അവരെ കണ്ടു പഠിക്കടാന്ന്..ഇനിയിപ്പൊ ഈ അപ്പുന്റെ വിശേഷം കൂടി അറിഞ്ഞാല്‍ മതി..
qw_er_ty
ആദ്യാക്ഷരിയുടെ ഒന്നാം പിറന്നാള്‍ ആശംസകള്‍.
ഉസ്താതല്ലെ- എന്റെയടക്കം പലരുടെയും - നമിക്കാതെ വയ്യല്ലോ- സന്തോഷം-
ആശംസകള്‍. ഇനിയും ഇതുപോലെയുള്ള ഒരുപാട് നല്ല സംരംഭങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു...!
സത്യം പറഞ്ഞാൽ ഞാൻ ബ്ലോഗ് തുടങ്ങിയത് തന്നെ അപ്പൂന്റെ പ്രേരണ കൊണ്ടാണ്..ഇതിലെത്തിപ്പെട്ടതുകൊണ്ട് മാത്രം കുറച്ച് നല്ല സുഹൃത്തുക്കളെ സമ്പാദിക്കാൻ സാധിച്ചു എന്നതുതന്നെ ബ്ലോഗിങ്ങിന്റെ മഹത്വമായി ഞാൻ കാണുന്നു..ഇനിയും നല്ല സംഭരമങ്ങളുമായി ഭൂലോകം നിറങ്ങുനിൽക്കെട്ടെ എന്ന് ആശംസിക്കുന്നു..:)
ആദ്യാക്ഷരിയുടെ ഒന്നാം പിറന്നാളിനു എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.....
ആദ്യാക്ഷരി എപ്പോഴും ബ്ലോഗിങ്ങിന്റെ അവസാന വാക്കുകൂടെയാണ്.
എല്ലാ ഭാവുകങ്ങളും....!
ആശംസകള്‍....
ബ്ലോഗ് കാട്ടിലകപ്പെട്ട് തെക്ക് വടക്ക് നടന്ന ദിനങ്ങളില്‍ 'ആദ്യാക്ഷരി'എന്ന ചൂണ്ടു പലകയ്ക്ക് കീഴില്‍ കിടന്ന് കൂര്‍ക്കം വലിച്ച് സമാധാനത്തോടെ ഉറങ്ങിയിട്ടുണ്ട്. ഇന്നും....
ഇപ്പോഴും കമന്‍റില്‍ ലിങ്ക് ഇടണമെങ്കില്‍ ഇവിടെ വന്ന് തപ്പിയെടുത്ത്...അത്ര കേമമോന്നുമല്ലെങ്കിലും ഇയുള്ളവന്‍റെ ബ്ലോഗിലും ആദ്യാക്ഷരി ലിങ്കുകയും ചെയ്തു...വളരെ ഇഷ്ടമുള്ള "ബ്ലോഗര്‍നാമം അപ്പു" എന്നത് ഒരിക്കലും മറക്കില്ല..
ആദ്യാക്ഷരിക്കും ആദ്യാക്ഷരീകാരനും മറ്റ് പൂര്‍വ സൂരികള്‍ക്കും ആശംസകളും നന്മകളും നേരുന്നു
ഒരു വര്‍ഷം...!!!!
ആദ്യാക്ഷരി, നവാഗതരുടെ കൈപിടിച്ച് ഹരിശ്രീ എഴുതിയ്ക്കാന്‍ തുടങ്ങീട്ട് ഒരു വര്‍ഷം ആയെന്ന് വിശ്വാസം വന്നില്ല; ഇതൊക്കെ വായിച്ചിട്ടുപോലും..!!
ഈ സഹായഹസ്തവും, അതിനുടമയുടെ നല്ലമനസ്സും എന്നും നന്മയോടെ നിലനില്‍ക്കട്ടെ.
സ്നേഹാശംസകള്‍.
ആശംസകള്‍
മലയാളം ബ്ലോഗ്ഗിങ്ങിനു ഇത്രയേറെ സഹായകമായ ഒരു സംരംഭം തുടങ്ങുകയും അത് നല്ല രീതിയില്‍ മുന്നോട്ടു കൊണ്ട് പോവുകയും ചെയ്ത അപ്പു മാഷിനു എല്ലാ വിധ ആശംസകളും :)
ഹാപ്പി ബര്‍ത്ത്ഡേ ആദ്യാക്ഷരി :)
ആദ്യാക്ഷരിയുടെ ആദ്യ പിറന്നാളിന് മനസകം നിറഞ്ഞ ആശംസകൾ..
ആദ്യാക്ഷരി = അറിവ് +സഹിഷ്ണുത/ക്ഷമ
ശാസ്ത്രീയമറിയാവുന്നവൻ എല്ലാറ്റിനും കേറി സംഗതിയിട്ടുകളയും എന്നു പറയുന്നത് പോലെ ഒരു ഹാർഡ്കോർ ടെക്കിയല്ല ഇതിന്റെ പിന്നിലെന്നുള്ളതാണീ ബ്ലോഗിന്റെ ഐശ്വര്യം :)
ആദ്യാക്ഷരിക്കും,അപ്പുവിനും ആശംസകള്‍.
ലളിതമായും സമഗ്രമായും ക്ഷമയോടെയും അതിലെല്ലാമുപരി
മാനുഷികമായ ആത്മാര്‍ത്ഥതയോടെ മലയാളം ബ്ലോഗിങ്ങിന്റെ ആദ്യാക്ഷരങ്ങള്‍ മലയാളികള്‍ക്ക്
പാഞ്ഞുകൊടുക്കാന്‍ വളരെയേറെ പ്രയത്നിച്ചിട്ടുള്ള
അപ്പുവിന് ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള്‍...!!!
അപ്പൂ,
ആദ്യാക്ഷരിക്കും അപ്പുവിനും ആശംസകള്‍
ഞാനടക്കം എത്ര മലയാളികള്‍ക്ക് ആശാനാണങ്ങ്..
പുതിയ പാഠങ്ങള്‍ പഠിപ്പിക്കാനുള്ള എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ..
സ്നേഹപൂര്‍വ്വം,
-ശിഹാബ്മൊഗ്രാല്‍-
സമചിതതയൊടെ ബ്ലോഗിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുകയും അത് മറ്റുള്ളവരിലേക്ക് വളരെ ലളിതമായി എത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അപ്പു മാഷിന് ...ആശംസകള്‍.....
അപ്പുവിന്റെ persistance ആണ് എനിക്കേറ്റവും ഇഷ്ടമായത്. ആദ്യാക്ഷരി ഒരു കുഞ്ഞുപുസ്തകമായി ബസ്റ്റാന്റുകളിൽ വിറ്റഴിക്കാനായെങ്കിൽ, ഇനിയും അനേകം പേർ ഇന്റർനെറ്റ് മലയാളത്തിലേയ്ക്കും ബ്ലോഗിംഗിലേയ്ക്കും വരും.
ഞാനും ആദ്യാക്ഷരിയുടെ ഒന്നാം പിറന്നാളിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...
അപ്പു,
ആശംസകള്‍.....
പരാതി ഒന്നുണ്ട്, നേരത്തേ അറിയാന്‍ കഴിഞ്ഞില്ലല്ലോ. ഈ പിറന്നാള്‍ ആഘോഷം ഒന്നുഷാറാക്കാമായിരുന്നു. ബൂലോകത്തുള്ള ആര്‍ക്കാ ആദ്യാക്ഷരിയെ വിസ്മരിക്കാന്‍ കഴിയുക ?
അപ്പു നിറഞ്ഞ മനസ്സോടെ ആസംസകള്‍ .
എന്‍റെ ഭാര്യയുടെ ആത്മഗതം .ഇങ്ങേരു ബ്ലോഗ് എഴുതാന്‍ തുടങ്ങിയതില്‍ പിന്നെ സമയത്തിന് വീട്ടിലേക്കു വിളിക്കുകയുമില്ല അഥവാ വിളിച്ചാല്‍ പിന്നെ വിളിക്കാം ബ്ലോഗ് എഴുതാനുണ്ട് എന്ന് പറഞ്ഞു കട്ട് ചെയ്യുകയും ചെയ്യും ,എന്നിട്ട് അതും നേരാ വണ്ണം എഴുതുന്നുണ്ടോ .മനുഷ്യാ ....ആ അപ്പുവിന്റെ ബ്ലോഗ് കണ്ടു പഠിക്ക് ,അതാണ് ബ്ലോഗ് ,ദിവസോം എത്ര പേരാ അവിടെ വരുന്നേ എത്രയാ ഹിറ്റുകള്‍ .ഇങ്ങേരു ബ്ലോഗ് പൂട്ടി കെട്ടി ആഗസ്റ്റില്‍ ഇങ്ങു പോരെ .......
അപ്പൂ,
ഒറിജിനൽ വിശാലമനസ്കൻ. (മറ്റേത് വെറും ഡ്യൂപ് എന്ന് അങ്ങോർ തന്നെ സമ്മതിച്ചു.
ഈ നിശ്ചയദാർഢ്യത്തിനും സന്മനസ്സിനും ഉദാരതയ്ക്കും നമോവാകം.
പിറന്നാള്‍ ആശംസകള്‍ ...
ബ്ലോഗിന്റെ ആദ്യാക്ഷരങ്ങള്‍ പടിപിച്ച്ചു തന്ന ആദ്യക്ഷരിക്ക് ജന്മ ദിനാശംസകള്‍ നേരുന്നു...
unusjourney.blogspot.com
പടർന്നു പന്തലിച്ച ഈ ബ്ലോഗിന് ഒരു വയസ്സേ ആയുള്ളൂ എന്നു വിശ്വസിക്കാൻ പ്രയാസം!!
എല്ലാ വിധ ആശംസകളും
എന്നെ കൈപിടിച്ചെഴുതിച്ച ഗുരുവിനൊരു ലാര്‍ജ്.
മനസ്സില്‍ തോന്നിയ എല്ലാ ബ്ലൊഗ് സംശയങ്ങള്‍ക്കും ഉടനടി ഉത്തരം നല്‍കുന്ന ഈ ആദ്യാക്ഷരിക്ക് ആശംസകള്‍. നിറഞ്ഞ നന്ദിയോടെ...
ബ്ലോഗ്ഗിംഗ് തുടങ്ങുന്നവര്‍ക്കും, ബ്ലോഗ്ഗ് ചെയ്യുന്നവര്‍ക്കും ഒക്കെ ഒരുപോലെ ആദ്യാക്ഷരി ഉപയോഗപ്രദമാണ് എന്നതില്‍ സംശയമേ ഇല്ല.
ആദ്യാക്ഷരിയ്ക്കു വലിയൊരു പിറന്നാള്‍ ആശംസകള്‍... ഒപ്പം കുറേകാലം ഇതുപോലെ തന്നെ തുടരുവാനുള്ള എല്ലാ ആശംസകള്‍ അപ്പൂനും.
...ആദ്യാക്ഷരിക്ക് പിറന്നാള്‍ ആശംസകള്‍...
ആശംസകള്‍...
ബ്ലോഗ് എന്ന ഈ മാധ്യമത്തെക്കുറിച്ച് നൽകിയ അറിവുകളക്കും പൊടിക്കൈകൾക്കും നന്ദി. തുടർന്നും സഹായങ്ങൾ പ്രതീക്ഷിക്കുന്നു.
ആശംസകള്‍.
അപ്പൂ,
ബ്ലോഗു തുടങ്ങാനും പിന്നെ സംശയങ്ങൾ ദൂരികരിക്കാനും സഹായിച്ച ആദ്യക്ഷരിയുടെ
ജന്മദിനം അറിയില്ലായിരുന്നു.
ഓരോ വർഷവും കേരളത്തിലെ കുഞ്ഞുങ്ങൾ ആദ്യമയി അക്ഷരം പഠിക്കാൻ സ്കൂളിലേക്ക് പോകുന്ന ദിവസ്സം.
വളർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന അദ്യാക്ഷരിക്ക് എല്ല വിധ മംഗളങ്ങളും ആശംസിക്കുന്നു.
ആദ്യാക്ഷരിയുടെ ഒന്നാം പിറന്നാളിന്
അപ്പുവിന് എല്ലാഭാവുകങ്ങളും നേരുന്നു...
വ്രജേഷാണിതു (http://vrajeshkumar.blogspot.com/) പരിചയപ്പെടുത്തിത്തന്നത്. വളരെ ഉപകാരപ്രദമായ സംഗതി. ആശംസകള്‍ , ഒപ്പം അഭിനന്ദനങ്ങളും!
ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി!!
വൻ നഗരത്തിൽ ആദ്യമായി വരുന്ന ഒരു ഗ്രാമീണനെപ്പോലെയാണു് ഓരോ പുതിയ ബ്ലോഗ്ഗറും. ഈ നഗരത്തിന്റെ മധ്യത്തിൽ നിന്ന് മഴയും വെയിലുമേറ്റ് വഴി കാട്ടുന്ന താങ്കൾക്ക് നന്ദി.........നന്ദി.......നന്ദി
വൈകിയാണെങ്കിലും എല്ലാ വിധ ആശംസകളും നേരുന്നു
മറ്റെല്ലാവരെയും പോലെ, എനിക്കും ആദ്യാക്ഷരി ഒരുപാട് ഉപകാരപ്പെട്ടു..
വളരെ വൈകിയാണ് വഴി കണ്ടത്.. ഏതൊ ബ്ലൊഗില്‍ നിന്ന്...
സത്യം പറയട്ടെ, എന്റെ ബ്ലോഗുകളുടെ സകല മൊഞ്ചുകള്‍ക്കും എല്ലാ ക്രെഡിക്റ്റും ആദ്യാക്ഷരിക്കാണ്...
കമ്പ്യൂട്ടറില്‍ പ്രാഥമിക അറിവു പോലുമില്ലാത്ത ഞാനിപ്പോള്‍...
എച്ച് ടി എമ്മില്‍ കേറി വരെ കളി തുടങ്ങി....
സ്നേഹത്തിന്റെ,
ഒരായിരം പിറന്നാള്‍ ആശംസകള്‍...
അപ്പുവിന് നന്ദി!
Post a Comment